ഇന്ത്യൻ അമേരിക്കൻ ഡോക്ടറെ പരാജയപ്പെടുത്തി റിപ്പബ്ലിക്കൻ പാർട്ടി സീറ്റ് നിലനിർത്തി
Friday, April 27, 2018 12:14 AM IST
അരിസോണ: അരിസോണ ഡിസ്ട്രിക്റ്റിൽ ഏപ്രിൽ 24 ന് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യനുമായ ഡോ. ഹിരാൽ ടിപിർനേനിയെ നേരിയ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡെബി ലെസ്ക്കൊ (Debble Lesco) വിജയിച്ചു.

അടുത്തയിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായ പരാജയം ഏറ്റുവാങ്ങിയ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഈ വിജയം തെല്ലൊരു ആശ്വാസമാണ്.

കഴിഞ്ഞ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി ഇവിടെ 21 പോയിന്‍റ് നേടി വിജയിച്ച സീറ്റിൽ വെറും അഞ്ചു പോയിന്‍റിന്‍റെ വ്യത്യാസത്തിലാണ് ഇന്ത്യൻ ഡോക്ടർ പരാജയം ഏറ്റുവാങ്ങിയത്. നിലവിലുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ട്രെന്‍റ് ഫ്രാങ്ക്സ് ലൈംഗിക അപവാദത്തിൽപ്പെട്ടു രാജിവച്ച ഒഴിവിലേണ് പുതിയ തെരഞ്ഞെടുപ്പു നടന്നത്.

ഡെബിക്ക് എണ്ണി കഴിഞ്ഞ 94 ശതമാനത്തിൽ 52 ശതമാനം വോട്ടുകൾ മാത്രം ലഭിച്ചപ്പോൾ ഹിരാലിന് 47 ശതമാനം വോട്ടുകൾ ലഭിച്ചു.

ഇതൊരു ആധികാരിക വിജയമല്ലെന്നാണ് റിപ്പബ്ലിക്കൻ ഓപ്പറേറ്റീവ് ബ്ലൻഡി പറഞ്ഞത്. ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്ന ഹിരാൽ മൂന്നു വയസിലാണ് മാതാപിതാക്കളോടൊപ്പം ഇന്ത്യയിൽ നിന്നും അമേരിക്കയിലെത്തിയത്. ട്രംപിന്‍റെ അതിർത്തി ഭിത്തി നിർമാണത്തെ നഖശിഖാന്തം എതിർത്ത ഇവർ, അതിനു ചെലവഴിക്കുന്ന തുക മറ്റു വിധത്തിൽ അതിർത്തി സംരക്ഷണത്തിന് ഉപയോഗിക്കണമെന്ന അഭിപ്രായക്കാരിയാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ