വൈസ് സര്‍വീസ് ക്ലബ്: ഡാന്‍ മോഹന്‍ പ്രസിഡന്റ്
Friday, May 18, 2018 12:20 PM IST
ന്യൂജഴ്‌സി: പുതുതായി രൂപംകൊണ്ട വൈസ് സര്‍വീസ് ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചാരിറ്റിക്കായി ഫണ്ട് സമാഹരിക്കാന്‍ തിരൂമാനിക്കുകയും ചെയ്തു. വൈസ് സര്‍വീസ് ഇന്റര്‍നാഷണലിന്റെ ഭാഗമായി പുതിയ സംഘടന രൂപീകരിക്കുന്നതിനു മുന്നിട്ടിറിങ്ങിയ ഡാന്‍ മോഹന്‍ പ്രസിഡന്റായും കരള്‍ പൊബാന്‍സ് സെക്രട്ടറിയായും എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. ഡോ. ഡ്രിസ് കോണ്‍ പ്രസിഡന്റ് ഇലക്ട്, ഫിലിപ്പ് തമ്പാന്‍ അസി. സെക്രട്ടറി, അബ്രഹാം തോമസ് ട്രഷറര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. വിമന്‍സ് ക്ലബ് ചെയറായി മിച്ചിക്കോ ടൊമിയോക്ക, യൂത്ത് ക്ലബ് ചെയറായി എസ്‌റ്റേല യസോ, പ്രൊജട്ക്‌സ് പ്രോഗ്രാംസ് ചെയറായി ഡോ. ജേക്കബ് ഡേവിഡ്, മീഡിയ പബ്ലിസിറ്റി ലിസ അര്‍സെല്ലാ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ജൂലൈയില്‍ നടത്തുന്ന ഫണ്ട് സമാഹരണം ഹെല്‍ത്ത് ബോണിനെ സഹായിക്കാനാണ്. വേദി പിന്നീട് തിരുമാനിക്കും. ഹാരിംഗ് ടണ്‍ പാര്‍ക്കില്‍ സെന്റ് ആന്‍ഡ്രൂസ് ഹാളില്‍ നടന്ന ജനറല്‍ ബോഡി ഏക ലോകത്തിനു വേണ്ടിയുള്ള ഗാഥ 'വീവ് അസ് ടുഗദര്‍' ആലപിച്ചുകൊണ്ട് ആരംഭിച്ചു.

എണ്‍പത്തെട്ട് രാജ്യങ്ങളിലായി 100ല്‍പ്പരം പ്രൊജക്ടുകള്‍ സംഘടിപ്പിച്ച റവ. ജോണ്‍ ഗെഹ്‌റിംഗിന്റെ പ്രസംഗം സദസിന് പ്രചോദനമായി. ജനസേവനത്തിനായി ലോകമെങ്ങും സഞ്ചരിച്ച വ്യക്തിയാണ് അദ്ദേഹം. മറ്റുള്ളവര്‍ക്ക് സേവനം എത്തിക്കാനുള്ള താത്പര്യം കൊണ്ട് ഇത്തരം ഒരു സംഘടന രൂപീകരിച്ചു പ്രവര്‍ത്തിക്കാന്‍ മുന്നിട്ടിറങ്ങിയ എല്ലാവരേയും അദ്ദേഹം അഭിനന്ദിച്ചു.

തനിക്കു വേണ്ട ഭക്ഷണം എങ്ങനെ ഉത്പാദിപ്പിക്കാമെന്നും ആരോഗ്യകരമായ തീരുമാനങ്ങള്‍ എങ്ങനെ എടുക്കാമെന്നും പഠിപ്പിക്കുകയാണ് ഹെല്‍ത്ത് ബാണിന്റെ ലക്ഷ്യം. ബര്‍ഗന്‍ കൗണ്ടിയിലെ ഹെല്‍ത്ത് ബാണ്‍ ചാപ്റ്റര്‍ റിഡ്ജ് വുഡിലാണ്. വിവിധ എത്‌നിക്ക് വിഭാഗങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് ഇത്തരമൊരു ക്ലബ് 'വൈ'സ് പ്രഖ്യാപിച്ചത് പുതുമയാണെന്ന് ഡാന്‍ മോഹന്‍ പറഞ്ഞു. എല്ലാവരേയും ഒന്നിച്ചണിനിരത്തുന്നത് അത്യാവശ്യമാണെന്നു കരുതിയാണ് ഇതിനു തയാറായത്. ഇതൊരു ചരിത്രംകുറിച്ച മാറ്റമാണെന്ന് സംഘടനയുടെ അന്താരാഷ്ട്ര നേതൃത്വവും അംഗീകരിച്ചു. അമേരിക്കക്കാരും ഇന്ത്യക്കാരും കൊറിയക്കാരും ഫിലിപ്പിനോകളും ആഫ്രിക്കന്‍ അമേരിക്കക്കാരും സംഘടനയിലുണ്ട്.