ടെക്സസ് സ്കൂൾ വെടിവയ്പ്: കൊല്ലപ്പെട്ടവരിൽ പാക് വിദ്യാർഥിനിയും
Saturday, May 19, 2018 6:12 PM IST
ഗാൽവസ്റ്റൻ (ടെക്സസ്): സാന്താഫേ സ്കൂളിൽ നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ട 10 പേരിൽ പാക് വംശജയായ ഒരു പെണ്‍കുട്ടിയും ഉൾപ്പെടുന്നു. സബിക ഷെയ്ക്ക് എന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. വാഷിംഗ്ടണിലെ പാക്കിസ്ഥാൻ എംബസിയും സബികയുടെ മരണം സ്ഥിരീകരിച്ചു.

ഇദ് അൽ ഫിത്തറിനു പാക്കിസ്ഥാനിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെയാണ് സബികയുടെ ആകസ്മിക മരണമെന്നു പാക്കിസ്ഥാൻ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍ ഭാരവാഹികൾ അറിയിച്ചു.

പത്തു പേരുടെ മരണത്തിനും പത്തു പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ കേസിൽ പോലീസ് പിടിയിലായ അതേ സ്കൂളിലെ വിദ്യാർഥി ഡിമിട്രിയസ് പൊഗോർട്ടിസിനെ വെള്ളിയാഴ്ച വൈകുന്നേരം വീഡിയോ കോണ്‍ഫറൻസിലൂടെ ഗാൽവസ്റ്റർ കൗണ്ടി മജിസ്ട്രേറ്റിനു മുന്പിൽ ഹാജരാക്കി. കാപ്പിറ്റൽ മർഡർ ചാർജ് ചെയ്ത പ്രതിക്ക് ജഡ്ജി മാക്ക് ഹെൻട്രി ജാമ്യം നിഷേധിച്ചു.

കോട്ടിനുള്ളിൽ ഒളിപ്പിച്ചുവച്ച ഷോട്ട് ഗണ്ണും 38 കാലിസർ ഹാന്‍റ് ഗണ്ണുമായി സ്കൂളിൽ പ്രവേശിച്ച പ്രതി വിദ്യാർഥികൾക്കുനേരെ യാതൊരു പ്രകോപനവും കൂടാതെ നിറയൊഴിക്കുകയായിരുന്നു. വെടിവയ്ക്കാൻ ഉപയോഗിച്ച രണ്ടു തോക്കും പിതാവിന്േ‍റതായിരുന്നുവെന്നു പോലീസ് പറഞ്ഞു. വെടിവയ്പിനുശേഷം ജീവനൊടുക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നുവെന്നു പ്രതി പോലീസിനോടു സമ്മതിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ