ഭാവ രാഗ താള ലയവുമായി സുനന്ദ ആർട്സിന്‍റെ "നർത്തകി' ക്കു ഗംഭീര തുടക്കം
Monday, May 21, 2018 11:13 PM IST
ഹൂസ്റ്റണ്‍: ഭാരതത്തിന്‍റെ തനതു ശാസ്ത്രീയനൃത്തരൂപങ്ങളെയും നർത്തകരെയും ആദരിക്കുന്നതിന്‍റെ ഭാഗമായി SPARC ഉപചാരപുരസരം സമർപ്പിച്ച നൃത്തനൃത്യശൃംഖലയാണ് നർത്തകി. ഭാരതത്തിന്‍റെ വിവിധ മനോഹരകലാരൂപങ്ങളെ , തന്‍റെ ചുറ്റുമുള്ള സമൂഹം ആസ്വദിക്കുവാനും മനസിലാക്കുവാനും വേണ്ടി, ഭാരതീയ ശാസ്ത്രീയ നൃത്തകലകളിൽ വിദഗ്ദ്ധയും SPARC സ്ഥാപകയുമായ ഡോ. സുനന്ദ നായർ, നാലു നർത്തകർക്കായി ഒരുക്കിയ അവസരം തീർച്ചയായും വിജയംവരിച്ചു.

നൃത്തത്തിൽ പ്രാവീണ്യം നേടിയ കുമാരി ജ്വാല പ്രിയദർശിനിയുടെ ഉൗർജസ്വലവും മനോഹരവുമായ നൃത്ത പ്രകടനത്തിലൂടെയായിരിന്നു നർത്തകിയുടെ തുടക്കം. വഴവൂർ ശൈലിയിലുള്ള ഭരതനാട്യം അഭ്യസിപ്പിക്കുന്ന മംഗള ആനന്ദിന്‍റെ കീഴിൽ, 2015 ൽ നൃത്യപ്രിയ ഫൈൻ ആർട്സിന്‍റെ യുവ നർത്തകി ജ്വാല പ്രിയദർശിനി റെജിമോൻ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചു. നർത്തകിയിൽ ജ്വാല കാണികൾക്കു സമർപ്പിച്ച പുഷ്പാഞ്ജലി, നൃത്തപാടവം കുറ്റമറ്റതാണെന്ന് തെളിയിക്കുന്നതായിരുന്നു. ചടുലവും ശുദ്ധവുമായ നൃത്തച്ചുവടുകൾ കാണികളുടെ മനം കവർന്നു. നർത്തകിക്ക് ഉൽകൃഷ്ടമായ ഒരു തുടക്കം നൽകാൻ ജ്വാലയ്ക്കു കഴിഞ്ഞു.

തുടർന്നു, തന്‍റെ ഗുരു മംഗള ആനന്ദ് പകർന്നു നൽകിയ മൈസൂർ ശൈലിയിലുള്ള ഒരു ജതിയാണ്, ജ്വാല അവതരിപ്പിച്ചത്. ഹംസധ്വനി രാഗത്തിൽ ആദി താളത്തിൽ ചിട്ടപ്പെടുത്തിയ ഗണേശസ്തുതി, ഭാവവും അടവുകളും ഇഴചേർത്തു മനോഹരമാക്കുന്പോൾ, സദസ്യരുടെ കണ്ണുകൾ മറ്റെവിടേയ്ക്കും പോയിരുന്നില്ല. ലക്ഷ്മീദേവിയെ സ്തുതിക്കുന്ന, ലക്ഷമിക്ഷീരസമുദ്രരാജതനയം എന്ന ശ്ലോകത്തിന്‍റെ ആവിഷ്കാരമാണ് ജ്വാല നർത്തകിയിൽ അവസാനമായി അവതരിപ്പിച്ചത്. ആകർഷകമായ ഭാവങ്ങളിലൂടെയും അനായാസമായ ചുവടുകളിലൂടെയും തന്‍റെ പ്രേക്ഷകരോട് നൂറു ശതമാനം നീതി പുലർത്തുവാൻ ജ്വാലയ്ക്കു കഴിഞ്ഞു. ശാസ്ത്രീയ നൃത്തത്തോടുള്ള പ്രതിജ്ഞാബദ്ധതയും നിശ്ചയദാർഢ്യവും ഈ യുവനർത്തകിയുടെ നൃത്താവതരണത്തിലുടനീളം കാണുവാൻ കഴിയുമായിരുന്നു. അടവുകളിലും അഭിനയത്തിലും ജ്വാല പ്രകടിപ്പിക്കുന്ന ഏകാഗ്രത പ്രശംസനീയമാണ്.

അടുത്തതായി നർത്തകിക്ക് മാറ്റുകൂട്ടുവാനായി എത്തിയതു ഡോ.അപരൂപാ ചാറ്റർജിയാണ്. ഓസ്റ്റിൻ ടെക്സാസ് അധിഷ്ഠിതമായി രൂപീകരിച്ച ഒഡിസി നൃത്തകന്പനിയുടെ അധികാരിയും ഒഡിസിയുടെ പിതാവ് എന്നറിയപ്പെടുന്ന പത്മവിഭൂഷണ്‍ ഗുരു കേളുചരണ്‍ മോഹപത്രയുടെ ലോകപ്രശസ്തസ്ഥാപനമായ ടൃഷമി ഒഡീസി ഇൻസ്റ്റിറ്റ്യൂഷന്‍റെ പ്രഥമ നർത്തകിയുമായ അപരൂപ ചാറ്റർജി, ഇന്ന് ഇന്ത്യയിലും അമേരിക്കയിലും മുൻനിരയിൽ നിൽക്കുന്ന ഒരു ഒഡീസി നർത്തകിയാണ്. ആചാര്യൻ കേളുചരണ്‍ മോഹപത്രയുടെ മകനും പിൻഗാമിയുമായ ഗുരു രതികാന്തിനെയും മരുമകൾ സുജാത മോഹപത്രയേയും ഒഡീസി അവതരണത്തിനായി അപരൂപ 2007ൽ ടെക്സസിൽ കൊണ്ടുവന്നിരുന്നു.

ശാന്താകാരം ഭുജഗശയനം എന്നു തുടങ്ങുന്ന വിഷ്ണുവന്ദനത്തിലൂടെയാണ് നർത്തകിയുടെ വേദിയിൽ അപരൂപ ഒഡിസിചുവടുകൾ ആരംഭിച്ചത്. നൃത്തത്തിൽ ഐശ്വര്യപൂർണമായ തുടക്കം ലഭ്യമാക്കുന്നതിന് ജഗന്നാഥനോടു അനുഗ്രഹം അഭ്യർഥിക്കുകയും ഒപ്പം ഭൂമിദേവിയെയും ഗുരുവിനെയും പ്രണമിക്കുക്കയും ചെയ്തതിനു ശേഷം അപരുപ അതിശ്രേഷ്ഠമായ വിഷ്ണുധ്യാനം ആരംഭിച്ചു.

“ശാന്താകാരം ഭുജഗ ശയനം പത്മനാഭം സുരേശം

വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം

ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം

വന്ദേ വിഷ്ണും ഭവഭയഹരം സർവ ലോകൈക നാഥം …”

അപരുപയുടെ ലാസ്യം നിറഞ്ഞ അവതരണത്തിൽ ഈ വരികൾ പ്രേക്ഷകർക്കു മുൻപിൽ ചിത്രങ്ങളാവുകയായിരുന്നു.വിഷ്ണുസ്തുതിക്കു തുടർച്ചയായി അപരൂപ ചുവടുകൾ വച്ചതു, ഗുരു കേളുചരൻ മോഹപത്രചിട്ടപ്പെടുത്തിയ വസന്തരാഗത്തിലുള്ള പല്ലവിയിലാണ്. സർഗാത്മകമായ സംഗീതവും വിപുലീകരിച്ച നൃത്തചുവടുകളും കൂട്ടിയിണക്കി പൂർണജാഗ്രതയോടെ മെനഞ്ഞെടുത്ത പവിത്രമായ ഒരു നൃത്ത ഇനമാണ് പല്ലവി. ഗഹനമായ താളക്രമങ്ങളുടെ വിശിഷ്ട സൗന്ദര്യം, ആകർഷകവും ഗാനാത്മകവുമായ നൃത്തചലനങ്ങളുടെ മാറ്റുകൂട്ടുന്നതായിരുന്നു. ആ വേദിയിൽ നൃത്തവും സംഗീതവും ഇഴചേർത്തു അപരുപ മെനഞ്ഞെടുത്തത് താളരാഗനൃത്തത്തിന്‍റെ നിറച്ചാർത്തണിഞ്ഞ പട്ടുചേലയാണ്.

പല്ലവിയുടെ ഉച്ചസ്ഥായിൽനിന്ന് അപരുപ പ്രേക്ഷകഹൃദയങ്ങളെ കൈപിടിച്ചുകൊണ്ടുപോകുന്നത് ഉണ്ണിക്കണ്ണന്‍റെ ഗോകുലത്തിലേക്കാണ്. ഗുരു കേളുചരൻ മൊഹപത്ര ക്രമപ്പെടുത്തിയ “ബരജാകുചോരഅസിചിഘേനിജിബോ”

നമുക്ക് മുന്പപിൽ ചിത്രീകരിക്കുന്നത് കുസൃതിയായ കണ്ണനെ വളരെ ക്ഷമയോടെ, വാത്സല്യത്തോടെ ഉറക്കാൻ ശ്രമിക്കുന്ന യശോദയുടെ അനന്തമായ ഉദ്യമങ്ങളെയാണ്. ഒറിയൻ അഭിനയ ചാരുതയിൽ, സ്നേഹം നിറഞ്ഞു തുളുന്പുന്ന യശോദയായി രൂപാന്തരം ഭവിച്ച അപരൂപയെയാണ്, പിന്നെ നാം കാണുന്നത്. ഉറങ്ങാതെ ഇരിക്കുന്ന കുഞ്ഞുങ്ങളെ, രാത്രിയാമങ്ങളിൽ വന്നു മോഷ്ടിച്ചു കൊണ്ടുപോകുന്ന ഒരു കള്ളന്‍റെ കഥപറഞ്ഞു, ഉണിക്കണ്ണനെ കബളിപ്പിക്കാൻ ശ്രമിക്കുന്ന യശോദയായി അപരുപ തിളങ്ങി. എന്നാൽ ഇതിലൊന്നും കീഴ്പ്പെടാതെ ഉറങ്ങാൻ വൈമനസ്യം കാണിക്കുന്ന കണ്ണനേയും അപരൂപ അനായാസം അവതരിപ്പിച്ചു.

മൂന്നാമതായി അശ്വതിനായർ അരങ്ങിൽ എത്തുന്പോഴും കാണികൾ അപരുപയുടെ യശോദയുടെയും കൃഷ്ണൻറെയും കൂടെ ഗോകുലത്തിലായിരുന്നു. എന്നാൽ തൻറെ സുന്ദരമായ നൃത്ത ചുവടുകൾ കൊണ്ട് കാണികളെ തന്നിലേക്ക് ചേർക്കുവാൻ അശ്വതിക്ക് അധികനേരം വേണ്ടി വന്നില്ല.

കേരളത്തിലെ പ്രശസ്ത മോഹിനിയാട്ടം നർത്തകി അശ്വതി നായർ, തന്‍റെ നാലാം വയസിയിൽ നൃത്തപാഠങ്ങൾ ഉൾകൊള്ളുന്നതു സ്വന്തം അമ്മയും പ്രശസ്ത മോഹിനിയാട്ടം നർത്തകിയുമായ കലാമണ്ഡലം സരസ്വതി യിൽ നിന്നുമാണ്. ഏഴാം വയസിൽ നൃത്തം അവതരിപ്പിച്ചു തുടങ്ങിയ അശ്വതി ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. അമ്മയുടെ കീഴിൽ പഠിച്ചു തുടങ്ങിയ മോഹിനിയാട്ടം, പിന്നീട് അതിപ്രശസ്ത മോഹിനിയാട്ടം നർത്തകി കലാമണ്ഡലം ലീലാമ്മയുടെ കീഴിൽ അശ്വതി തുടർന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം ഏവരും ഇഷ്ടപ്പെടുന്ന നൃത്ത സംവിധായിക കൂടിയാണ് അശ്വതി നായർ. വളരെപെട്ടെന്നു തന്നെ നൃത്തത്തിന്‍റെ മറ്റൊരു തലത്തിലേയ്ക്ക് കാണികളുടെ മനസിനെ ഉയർത്തുവാൻ അശ്വതിക്ക് കഴിഞ്ഞു.

വിവാഹത്തിന് തയാറായി നിൽക്കുന്ന അംബയായി അശ്വതി മാറുന്പോൾ നൃത്ത വേദി അംബയുടെ വിവാഹവേദിയായിമാറുകയായിരുന്നു. അംബയുടെ മനസ്സിൻറെ വികാരവിക്ഷോഭങ്ങളും അസഹിഷ്ണുതയും വളരെ മനോഹരമായി തന്നെ ചിത്രീകരിക്കാൻ അശ്വതിക്ക് കഴിഞ്ഞു. തുടർന്നു അംബയിൽ നിന്ന് ശിഖണ്ഡിയിലേക്കുള്ള രൂപാന്തരം ഏവരെയും കോരിത്തരിപ്പിക്കുന്നതായിരുന്നു. ശിഖണ്ഡിയുടെ വില്ലിൽ നിന്നും പുറപ്പെടുന്ന ഓരോ ശരവും വന്നുപതിച്ചതു കാണികളുടെ ഹൃദയങ്ങളിലേക്കായിരുന്നു.തുടർന്നുള്ള നിമിഷങ്ങളിൽ വികാരാധീനതയുടെ ഉയർച്ചതാഴ്ചകളിലേക്കാണ് അംബ ഏവരെയും കൊണ്ടെത്തിച്ചത്; സന്തോഷത്തിൽ നിന്ന് നിസഹായാവസ്ഥയിലേക്കു, അവിടെ നിന്ന് ഉറച്ച തീരുമാനങ്ങളിലേക്കു, പിന്നീട് പ്രതികാരത്തിലേക്കു ,അവസാനമായി ആത്മസംതൃപ്തിയിലേക്കും. കാണികളുടെ കണ്ണുകളെയും മനസിനെയും ഒരുപോലെ അന്പരിപ്പിക്കുവാൻ അശ്വതിയുടെ അംബയ്ക്കായി എന്നതിൽ ഒട്ടും സംശയമില്ല

നർത്തകി, അതിന്‍റെ പരകോടിയിൽ എത്തുന്നത്, വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയുടെ നടനപാടവത്തിലൂടെയാണ്; ശ്രീകാന്തിന്‍റെ. മേലത്തൂർ ഭാഗവത മേളയിലെ നൃത്തനാടകത്തിൽ അഭിനയിച്ചുകൊണ്ടു ആറാം വയസ്സിൽ കലാജീവിതം തുടങ്ങിയ ശ്രീകാന്ത് പിന്നീടങ്ങോട്ടു ഭരതനാട്യ നർത്തകനായി വേദികൾ കയ്യടക്കി. നൃത്തത്തിൽ ശ്രേഷ്ഠരായ ഷണ്മുഖസുന്ദരം പിള്ളൈ, ഡോ.സരസ്വതി, ഡോ.പത്മാസുബ്രമണ്യം തുടങ്ങിയ ഗുരുക്ക·ാരുടെ ശിക്ഷണത്തിൽ ഭരതമുനിയുടെ നാട്യ ശാസ്ത്രത്തിലുള്ള തന്‍റെ ജ്ഞാനം വിസ്തൃതമാക്കുവാൻ ശ്രീകാന്തിന് കഴിഞ്ഞു. പ്രശസ്ത നർത്തകരായ ധനഞ്ജയൻ , നരസിമചാരിസ്, ചിത്ര വിശ്വേശരൻ, ലക്ഷ്മി വിശ്വനാഥൻ, സുധാറാണിരഘുപതി, രാധ, അനിതാരത്നം, ശോഭന, മീനാക്ഷി ശേഷാദ്രി, വിനീത് തുടങ്ങിയവരോടൊപ്പം ശ്രീകാന്ത് നൃത്തം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നൃത്തത്തിലെ കൃത്യമായ അറിവിലൂടെയും പൂർണ ലയനത്തിലൂടെയും, തൻറെ കഥാപാത്രങ്ങളെ ജീവസുറ്റതായി കാണികൾക്കു മുൻപിൽ അവതരിപ്പിക്കുന്നതിൽ ശ്രീകാന്ത് വിജയിച്ചിട്ടുണ്ട്. പുരുഷ·ാരുടെ ഭാഗവതമേളയിൽ സ്ത്രീകഥാപാത്രങ്ങളായ സീതയെയും ദേവകിയെയും അവതരിപ്പിക്കുന്നതിൽ ഒരു പ്രത്യേക കഴിവ് ശ്രീകാന്തിനുണ്ട്. ആ നൈപുണതയ്ക്കു ഏറെ പ്രശംസ പ്രേക്ഷകരിൽ നിന്നും ശ്രീകാന്ത് ഏറ്റുവാങ്ങിയിട്ടുമുണ്ട്. നർത്തകൻ,അഭിനേതാവ്, നാട്ടുവനാർ, സംഗീതജ്ഞൻ, സാഹിത്യകാരൻ എന്നിവയിലൊക്കെ തന്‍റെ കലാവൈഭവം തെളിയിച്ച ഈ കലാകാരൻ നൃത്തത്തെ വ്യാഖ്യാനിക്കാൻ തികച്ചും ഉത്തമനാണു. ഈ പശ്ചാത്തലത്തിൽ പ്രേക്ഷർക്ക് ശ്രീകാന്തിലുള്ള പ്രതീക്ഷ വളരെ ഉയർന്നതായിരുന്നു.

ശ്രീകാന്ത് വേദിയിൽ എത്തുന്നത് ബ്രഹന്നള ആയാണ്. മഹാഭാരത കഥയിൽ ഉർവശിയുടെ ശാപവാക്കാൽ ശിഖണ്ഡിയായി മാറപ്പെടുന്ന അർജുനനാണ് ബ്രഹന്നള. സ്വയം സ്വീകാര്യമല്ലാത്തതും കുടുംബങ്ങളാൽ വെറുക്കപ്പെട്ടവളുമായി ജീവിക്കേണ്ടി വരുന്ന ബ്രഹന്നളയുടെ മാനസിക വ്യപാരങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിൽ ശ്രീകാന്ത് വിജയിച്ചു. ലാസ്യഭാവങ്ങളിലൂടെ ബ്രഹന്നളയുടെ സ്ത്രൈണത വരച്ചുകാട്ടുന്നതിൽ ശ്രീകാന്ത് പ്രകടിപ്പിക്കുന്ന ദൃഢത ഏവരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു.

റിപ്പോർട്ട്: ജീമോൻ റാന്നി