വെടിവയ്പ് സംഭവങ്ങൾ വർധിക്കുന്നതിൽ മയക്കുമരുന്നിനും സിനിമയ്ക്കും പങ്കെന്ന് എൻആർഎ പ്രസിഡന്‍റ്
Monday, May 21, 2018 11:20 PM IST
വാഷിംഗ്ടണ്‍: അമേരിക്കയിൽ വർധിച്ചു വരുന്ന സ്കൂൾ വെടിവയ്പുകൾക്ക് ഭരണഘടനയോ, തോക്കോ അല്ല പ്രധാന ഉത്തരവാദിയെന്നും മറിച്ച് വിദ്യാർഥികളെ അമിതമായി സ്വാധീനിച്ചിരിക്കുന്ന ത്രില്ലർ സിനിമകളും ആവശ്യാനുസരണം ലഭ്യമാകുന്ന മയക്കു മരുന്നുമാണെന്ന് നാഷണൽ റൈഫിൾ അസോസിയേഷന്‍റെ പുതുതായി ചുമതലയേറ്റ പ്രസിഡന്‍റ് ഒലിവർ നോർത്ത് അഭിപ്രായപ്പെട്ടു.

സ്കൂൾ വെടിവയ്പുകൾക്ക് നിയമത്തെ പഴിചാരുന്നവർ രോഗത്തിന്‍റെ യഥാർഥ കാരണം കണ്ടെത്താതെ ചികിത്സ നടത്തുന്നവരെ പോലെയാണെന്ന് ഒലിവർ കുറ്റപ്പെടുത്തി. യുവാക്കൾക്കിടയിൽ അമിത സ്വാധീനം ചെലുത്തുന്ന സിനിമകളും ടിവി ഷോകളും മയക്കുമരുന്നിന്‍റെ ലഭ്യതയും നിയന്ത്രിച്ചാൽ ഒരു പരിധിവരെ ഇത്തരം അനിഷ്ഠ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കഴിയുമെന്നും ഒലിവർ പറഞ്ഞു.

സ്കൂൾ വെടിവയ്പുകളിൽ പ്രതികളാകുന്നവർ ഭൂരിഭാഗവും യുവാക്കളാണ്. ഇതിൽ പലരും മയക്കുമരുന്നിനടിമകളോ മാനസിക രോഗികളോ ആണെന്ന് തെളിവുകൾ നിരത്തി ഒലിവർ വ്യക്തമാക്കി. എൻആർഎയുടെ സ്കൂൾ ഷീൽഡ് സേഫ്റ്റി പ്രോഗ്രാമിൽ പങ്കെടുക്കുന്ന സ്കൂളുകളിൽ ഒന്നും തന്നെ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണെന്നും ഒലിവർ ഓർമപ്പെടുത്തി.

റിപ്പോർട്ട്: പി.പി. ചെറിയാൻ