ഫാ. ജോസഫ് ജെ. പാലക്കലിന് അമേരിക്കന്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസിന്റെ അംഗീകാരം
Tuesday, May 22, 2018 2:53 PM IST
ന്യൂയേര്‍ക്ക്: ബെഞ്ചമിന്‍ എ. ബോട്ട്കിന്‍ പ്രഭാഷണ പരമ്പരയില്‍, ഭാരതത്തിലെ ക്രൈസ്തവ ദര്‍ശനത്തെയും സുറിയാനി കീര്‍ത്തനങ്ങളെയും, പരിചയപ്പെടുത്തുവാനും അവ അമേരിക്കയുടെ ഔദ്യോഗിക ലൈബ്രറി രേഖകളയുടെ ഭാഗമാക്കാനും ഫാ. ജോസഫ് ജെ. പാലക്കലിനെ ക്ഷണിച്ചു. മെയ് 31 ന് ഉച്ചയ്ക്ക് 12-നു വൈറ്റ്ഓള്‍ പവലിയോണ്‍ (ജെഫേഴ്‌സണ്‍ ബില്‍ഡിംഗ്, 101 ഇന്‍ഡിപെന്‍ഡന്‍സ് അവന്യൂ) വച്ചു നടത്തപ്പെടുന്ന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

തദവസരത്തില്‍ ഫാ.പാലക്കലിന്റെ ജീവിത വീക്ഷണങ്ങളെയും അറമായഭാഷാ പദ്ധതിയെപ്പറ്റിയും ഉള്ള വിവരങ്ങള്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ശേഖരങ്ങളുടെ ഭാഗമായിത്തീരും. ഇന്ത്യയിലെ ക്രൈസ്തവസഭാ സംഗീതശാസ്ത്ര സമിതിയുടെ ആരംഭകനും അധ്യക്ഷനുമായ ഫാ. പാലക്കലിന്റെ നീണ്ട വര്‍ഷങ്ങളുടെ സംഗീതചര്യയുടെ അവിസ്മരണീയമായ മുഹൂര്‍ത്തമാകുമിത്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സീറോ മലബാര്‍ സഭയുടെ സുറിയാനി കീര്‍ത്തന ശാഖയെപ്പറ്റി പ്രഭാഷണത്തിന് അച്ചനെ ക്ഷണിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറം സ്വദേശിയായ, സീറോ മലബാര്‍ സഭയില്‍പ്പെട്ട സിഎംഐ വൈദീകന്‍, സംഗീത ലോകത്ത് ആരും കടന്നു ചെല്ലാത്ത മേഖലയിലാണ് തപസു തുടങ്ങിയത്.

ന്യൂയോര്‍ക്കിലെ ഹണ്ടര്‍ കോളജില്‍ നിന്നുമാണ് സംഗീതത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയത്. അതി പ്രാചീനമായ കാല്‍ദിയന്‍ സംഗീത ശാഖയെക്കുറിച്ചുള്ള പഠനത്തിനാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. ഹിന്ദി, സംസ്‌കൃതം, മലയാളം, തുടങ്ങിയ വിവിധ ഭാഷകളില്‍ നാല്‍പ്പതിലേറെ ആല്‍ബങ്ങള്‍ അച്ചന്റേതായുണ്ട്.

റിപ്പോര്‍ട്ട്: കോരസണ്‍