കാ​ശി​നു കൊള്ളാവുന്ന കഴുത
ലോ​ക​ത്തി​ൽ മ​റ്റൊ​രു ജ​ന്തു​വി​നും ല​ഭി​ക്കാ​ത്ത മ​ഹാ​ഭാ​ഗ്യം ത​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ട്... ഇ​ല​ക​ളും പൂ​ക്ക​ളും വി​രി​ച്ച വീ​ഥി​യി​ലൂ​ടെ, ജ​ന​സ​ഞ്ച​യ​ത്തി​ന്‍റെ ആ​ർ​പ്പു​വി​ളി​ക​ൾ​ക്കു ന​ടു​വി​ലൂ​ടെ അ​ഭി​മാ​ന​ത്തോ​ടെ ന​ട​ന്നുപോ​യ നി​മി​ഷ​ങ്ങ​ൾ... ക​ഴു​ത​പ്പു​റ​ത്തേ​റി യേ​ശു​ദേ​വ​ൻ ന​ട​ത്തി​യ ജ​റു​സലേം യാ​ത്ര​യെക്കു​റി​ച്ചു ധ്യാ​നാ​ത്മ​ക​മാ​യി പ​റ​ഞ്ഞ്, ഒ​രു ത​ത്ത്വ​ജ്ഞാ​നി​ക്കു​ചേ​ർ​ന്ന ചി​രി​യോ​ടെ ന​ട​ക്കു​ന്ന ക​ഴു​ത. ഇം​ഗ്ലീ​ഷ് ക​വി ജി.​കെ. ചെ​സ്റ്റ​ർ​ട്ട​ന്‍റെ ചെ​റു​ക​വി​ത​യി​ലെ നാ​യ​ക​നാ​ണ് ക​ഴു​ത.

ക​ഴു​തേ എ​ന്നു വി​ളി​ച്ചു ക​ഴു​ത​യു​ടെ വി​ലക​ള​ഞ്ഞ​തു മ​ല​യാ​ളി​ക​ൾ മാ​ത്രം. ഇ​നി​യെ​ങ്കി​ലും ഈ ​പേ​ര് ന​മുക്ക് മാ​റ്റാം. ക​ഴു​ത​യ്ക്കു വി​ല​യു​ണ്ടെ​ന്നു പ​റ​ഞ്ഞുത​രിക​യാ​ണ് ഒരു മ​ല​യാ​ളി​ യു​വാ​വ്. അയാൾ ച​രി​ത്ര​ത്തി​ലൂ​ടെ ക​ട​ന്നു പോ​കുന്നു. ക​ഴു​ത​ക​ളെ സ്നേ​ഹി​ച്ച ആ യു​വാ​വ് ഒരു ക​ഴു​ത​ഫാം തു​റ​ന്നി​രി​ക്കു​ന്നു. ഇ​വ​നു ക​ഴു​ത​യു​ടെ പോ​ലും വി​വ​ര​മി​ല്ലേ എ​ന്നു മ​ന​സി​ൽ പ​ഴി​ച്ച​വ​ർ ധാ​രാ​ളം.

കു​റ്റ​പ്പെ​ടു​ത്തി​യ​വ​ർ​ക്കും പ​രി​ഹ​സി​ച്ച​വ​ർ​ക്കും ഇ​ട​യി​ലൂ​ടെ അ​യാൾ ന​ട​ന്നു. എ​ന്നി​ട്ടും ക​ഴു​ത​യ്ക്കുവേ​ണ്ടി മാ​ത്രം വാ​ദി​ക്കു​ന്ന ക​ഴു​ത​പ്രേ​മി​യാ​യി അ​യാൾ മാ​റി. ഇ​ത് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ രാ​മ​മം​ഗ​ലം വ​ലി​യ​മ​റ​വ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ബേ​ബി​യു​ടെ​യും അ​മ്മി​ണി​യു​ടെ​യും മ​ക​ൻ എ​ബി ബേ​ബി. അ​യാളുടെ മുഖത്തു ചിരിയുണ്ട്. ത​ന്‍റെ ഇരുപതോളം ക​ഴു​ത​ക​ളെ മേ​യ്ച്ച് പു​ൽ​മേ​ടു​ക​ളി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്പോ​ൾ അ​സൂ​യ​യോ​ടെ നോ​ക്കു​ന്ന, മുമ്പു കളിയാക്കിയവർക്കുള്ള മ​റു​പ​ടി.

ഇ​യ്യോ​ബി​നെ​ന്തി​നാ ക​ഴു​ത?

ഇ​യ്യോ​ബി​ന് ആ​യി​രം പെ​ണ്‍​ക​ഴു​ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന ബൈ​ബി​ളി​ലെ വാ​ച​ക​മാ​ണ് എ​ബി​ ബേ​ബി​യെ മാറി ചിന്തിപ്പിച്ചത്. അ​യാൾ ച​രി​ത്രം വാ​യി​ച്ചു പ​ഠി​ച്ചു. ആ അറിവ് അയാൾക്കു‌ന​ല്കി​യ​തു ജീ​വി​ത​മാ​ണ്. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ക​ഴു​ത​ഫാ​മും ക​ഴു​തപ്പാൽ ​ഉ​ല്പ​ന്ന​ങ്ങ​ളും വ​ള​രെ സാ​ധാ​ര​ണ​മാ​ണെ​ന്ന് എബി തി​രി​ച്ച​റി​ഞ്ഞു. ന​മ്മു​ടെ രാ​ജ്യ​ത്ത് ക​ഴു​ത​ക​ളെ ഭാ​രം ചു​മ​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ് വളർത്തുന്നത്. ഉ​റ​ക്കംതൂ​ങ്ങികളും മ​ടി​യ​ന്മാരുമാണ് നമുക്കു ക​ഴു​ത​ക​ൾ.

ജീ​വി​ത​ം പ്ര​തി​സ​ന്ധി​കളിലൂ​ടെ ക​ട​ന്നുപോ​യ​പ്പോ​ൾ രക്ഷപ്പെടണമെന്ന ആ​ഗ്ര​ഹ​ത്തി​ൽനി​ന്ന് ഉ​ട​ലെ​ടു​ത്ത​താ​ണ് ക​ഴു​ത​പ്രേ​മം. അ​തി​നു ബൈ​ബി​ളി​ന്‍റെ അ​ടി​സ്ഥാ​ന​മു​ണ്ട്. ഭാ​രം വ​ലി​ക്കാ​ൻ മ​തി ആ​ണ്‍ ക​ഴു​ത​ക​ളെ , പെ​ണ്‍​ക​ഴു​ത​ക​ളെ വ​ള​ർ​ത്ത​ണ​മെ​ങ്കി​ൽ അ​തു പാ​ലി​നുവേ​ണ്ടി മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് വി​ശ്വാ​സം. ഈ ​ചി​ന്ത എ​ബി മ​ന​സി​ൽ ഉ​രു​വി​ട്ടു.

സ്വ​പ്നം കാ​ണു​ന്ന​വ​നാ​ണ് എ​ബി. 20 ക​ഴു​ത​ക​ള​ല്ല. പ​തി​നാ​യി​രം ക​ഴു​ത​ക​ൾ നി​റ​ഞ്ഞ ഫാ​മാ​ണ് സ്വ​പ്നം. എ​ബി ക​ഴു​ത​യെ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ ചുറ്റുമുള്ളവർ ചി​രി​ച്ചു. ഒരിടത്തും കേ​ട്ടുകേ​ൾ​വി​യി​ല്ലാ​ത്ത പ​രി​പാ​ടി. ര​ണ്ടു ക​ഴു​ത​ക​ളെ വ​ള​ർ​ത്തു​ന്ന​തി​ലും എ​ളു​പ്പ​മാ​ണ് ആ​ന​യെ വ​ള​ർ​ത്തു​ന്ന​തെ​ന്ന് ഉ​പ​ദേ​ശി​ച്ച​വ​രു​ണ്ട്. അ​ത്ര​മാ​ത്രം പ്ര​ശ്ന​ക്കാ​രാ​ണ് ക​ഴു​ത​ക​ൾ. സ്വ​ന്തം ഇ​ഷ്ടം അ​നു​സ​രി​ച്ചു സ്വ​ത​ന്ത്രമാ​യി അ​ല​യു​ന്ന​വ​ർ. കെ​ട്ടി​യി​ട്ടു വ​ള​ർ​ത്താ​ൻ ക​ഴി​യി​ല്ല. വ​ള​ർ​ത്ത​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ വ​ർ​ഷ​ങ്ങ​ൾ ക​ഴു​ത​യെ തേ​ടി ന​ട​ന്നു. എ​ബി ക​ഴു​ത​യാ​ണെ​ന്നു ജ​നം മ​ന​സി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ കാ​ലം മാ​റി​യ​പ്പോ​ൾ, എ​ബി​യെ ചൂ​ണ്ടി പ​റ​യു​ന്നു, ആ​ളു ബു​ദ്ധി​യു​ള്ള​വ​നാ.

എ​ബി​യു​ടെ യാ​ത്ര​ക​ൾ

ല​ക്ഷ​ണ​മൊ​ത്ത ക​ഴു​ത​ക​ളെ തേ​ടി എ​ബി ന​ട​ത്തി​യ യാ​ത്ര​ക​ൾ​ക്ക് ക​ണ​ക്കി​ല്ല. ത​മി​ഴ്നാ​ട്ടി​ലെ​യും ക​ർ​ണാ​ട​ക​യി​ലെ​യും ആ​ന്ധ്ര​യി​ലെ​യു​മൊ​ക്കെ ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ എ​ബി അ​ല​ഞ്ഞു ന​ട​ന്നി​ട്ടു​ണ്ട്. ആ​ദ്യ​ത്തെ അ​നു​ഭ​വ​മാ​യ​തുകൊ​ണ്ട് ഒ​രു​പാ​ടു പൈസ ചെ​ല​വാ​യി.

ബംഗളൂരുവിലും മ​റ്റും ഒ​രു ക​ഴു​ത​യ്ക്ക് ഏതാണ്ട് അ​റു​പ​തി​നാ​യി​രമാ​ണ് വി​ല. രാ​ജ്യാ​ന്ത​ര മാ​ർ​ക്ക​റ്റി​ൽ, അ​താ​യ​ത് അ​മേ​രി​ക്ക​യി​ൽെ ഒ​രു ന​ല്ല ക​ഴു​ത​യു​ടെ വി​ല 1200 ഡോ​ള​റാ​ണ്. അവിടങ്ങ​ളി​ൽ പ​ണ​ക്കാ​രു​ടെ വീ​ട്ടി​ലെ മൃ​ഗ​മാ​ണ് ക​ഴു​ത. ഇ​ന്ത്യ​യി​ൽ ഇ​തു പ​ട്ടി​ണി​ക്കാ​രു​ടെ വീ​ട്ടി​ലെ ചു​മ​ട്ടു​കാ​ര​നാ​ണ്.

ന​ല്ല ഇ​ന്ത്യ​ൻ ക​ഴു​ത​യ്ക്ക് വലിയ ഡി​മാ​ൻഡ് ആ​ണ്. ഇ​ന്ത്യ​യി​ൽ അ​തി​ന്‍റെ വി​ല ന​ന്നാ​യി തി​രി​ച്ച​റി​യു​ന്ന​വ​ർ ത​മി​ഴ​ൻ​മാ​രും ക​ന്ന​ട​ക്കാ​രു​മാ​ണ്. ത​മി​ഴ​രാ​ണ് കഴുതകളെ ന​ന്നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഓ​രോ വീ​ടി​നു മു​ന്നി​ലും ക​ഴു​ത​യെ കൊ​ണ്ടുവ​ന്ന് പാൽ ക​റ​ന്നു കൊ​ടു​ത്തി​ട്ട് പ​ത്തു മി​ല്ലിക്ക് നൂ​റും നൂ​റ്റ​ന്പ​തും രൂ​പ​യൊ​ക്കെ​യാ​ണ് അ​വ​ർ വാ​ങ്ങു​ന്ന​ത്. ബംഗളൂരുവിലും മഹാരാഷ്‌ട്രയിലുമൊക്കെ അ​ങ്ങ​നെ ചെ​യ്യു​ന്നു​ണ്ട്. അ​തൊ​ക്കെ ദൈ​നം​ദി​ന വ​രു​മാ​നം എ​ന്ന രീ​തി​യി​ൽ മാ​ത്ര​മാ​ണ് അ​വ​ർ ചെ​യ്യു​ന്ന​ത്. ലി​റ്റ​റി​ന് 5,000 മു​ത​ൽ 6,000 രൂപവ​രെ​യാ​ണ് ക​ഴു​ത​പ്പാ​ലി​ന് ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ൽ വി​ല.

ക​ഴു​ത​ക​ൾ ത​മി​ഴ്നാ​ട്ടി​ൽനി​ന്ന്

ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​ണ് ഞാ​ൻ ക​ഴു​ത​ക​ളെ കൊ​ണ്ടുവ​ന്ന​ത്. അ​താ​യ​ത് തൂ​ത്തു​ക്കു​ടി, തി​രു​നെ​ൽ​വേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്.​ഒ​രെ​ണ്ണ​ത്തി​ന് 25,000 രൂ​പ വീതം കൊ​ടു​ത്താ​ണ് മു​പ്പ​ത്തി​ര​ണ്ട് ക​ഴു​ത​ക​ളെ ആ​ദ്യം വാ​ങ്ങി​യ​ത്. കൂ​ട്ട​ത്തി​ൽ ഒ​രേ​യൊ​രു ആ​ണ്‍ ക​ഴു​ത​യേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പി​ന്നീ​ട് അ​തു ര​ണ്ടാ​യി. ക​റ​വ​യു​ള്ള ക​ഴു​ത​ക​ളെ ത​ന്നെ​യാ​ണ് കൊ​ണ്ടുവ​ന്ന​ത്. ഇ​തി​നി​ടെ, അ​നാ​പ്ലാ​സ്മോ​സി​സ് രോ​ഗം ബാ​ധി​ച്ച് പ​തി​ന​ഞ്ചു ക​ഴു​ത​ക​ൾ ഒ​രു​മി​ച്ച് ച​ത്തു​പോ​യ​തി​നാ​ൽ പ​രി​പാ​ല​ന​ത്തി​ൽ നി​ഷ്ഠ​ക​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും ക​ർ​ശ​ന​മാ​ക്കി. ഇ​പ്പോ​ൾ 20 എ​ണ്ണ​മു​ണ്ട്.

ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്തി​നു ന​ടു​വി​ൽ ജി​ഐ പൈ​പ്പു​ക​ളി​ൽ ഷീ​റ്റ് മേ​ഞ്ഞു നി​ർ​മി​ച്ച ചു​വ​രു​ക​ളി​ല്ലാ​ത്ത അ​തി​ർ​വേ​ലി​ക​ൾ മാ​ത്ര​മു​ള്ള കൂ​ട്ടി​ൽ, ക​യ​റും മൂ​ക്കു​ക​യ​റു​മി​ല്ലാ​തെ ക​ഴു​ത​ക​ളു​ടെ സ്വ​ത​ന്ത്ര ജീ​വി​തം. ദി​വ​സ​വും പു​ൽ​മേ​ടു​ക​ളി​ൽ സ്വൈ​ര​വി​ഹാ​രം. എ​ന്തെ​ങ്കി​ലും പു​തു​മയു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണം എ​ന്നു നേരത്തേതന്നെ ആ​ഗ്ര​ഹമു​ണ്ടാ​യി​രു​ന്നു. ഞാ​ൻ ബം​ഗ​ളൂ​രുവിലെ ഒ​രു ഐടി ക​ന്പ​നി​യി​ൽ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​രാ​യി​രു​ന്നു. അ​തി​ന​ക​ത്തു​ള്ള കി​ടമ​ൽ​സ​ര​ങ്ങ​ൾ ദി​വ​സംചെല്ലുന്തോറും കൂടിക്കൂടി വന്നപ്പോൾ സ്വ​ന്ത​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണം എ​ന്ന ആഗ്രഹത്തിനു ശക്തി കൂടി. വെ​ല്ലു​വി​ളികളുള്ള മാ​ർ​ക്ക​റ്റി​ൽ വ്യ​ത്യ​സ്ത​മാ​യ ഒ​രു​ ഉത്പ​ന്നം കൊ​ണ്ടുവ​ന്നാ​ൽ ന​മ്മു​ടെ പി​റ​കെ ആ​ളു​ക​ൾ വ​രും. അ​ങ്ങ​നെ​യൊ​ക്കെ ആ​ലോ​ചി​ച്ചി​ട്ടാ​ണ് ഇ​ങ്ങ​നെ ഒ​രു സം​രം​ഭം തു​ട​ങ്ങു​ന്ന​ത്.

ബു​ദ്ധി​യി​ല്ലെ​ന്ന് ആ​രാ പ​റ​ഞ്ഞേ?

ക​ഴു​ത​യ്ക്ക് ബു​ദ്ധി​യി​ല്ലെ​ന്നു പ​റ​യു​ന്ന​തു വെ​റു​തെ​യാ​ണ്. അ​തി​നു വ​ള​ർ​ത്തു​ന്ന​വ​രെ തി​രി​ച്ച​റി​യാ​നൊ​ക്കെ ക​ഴി​യും. പ​ക്ഷേ, അ​തി​നെ ഇ​ണ​ക്കി​യെ​ടു​ക്ക​ണം. ഓ​രോ​ന്നി​ന്‍റെ​യും പ്ര​കൃ​തം അ​റി​യ​ണം. ക​ഴു​ത​ക​ളെ പ​ശു​ക്ക​ളെ വ​ള​ർ​ത്തു​ന്ന​തു​പോ​ലെ വ​ള​ർ​ത്താ​ൻ ക​ഴി​യി​ല്ല. തു​റ​ന്നുവി​ട്ടി​രി​ക്കു​ക​യാ​ണ്. ക​ഴു​ത ക​ടി​ക്കു​ക​യും തൊ​ഴി​ക്കു​ക​യും ചെ​യ്യും. ക​റ​ക്കാ​നി​രി​ക്കു​ന്പോ​ൾ ത​ല​തി​രി​ച്ച് ഒ​ര​ടി​വ​ച്ചു ത​ന്നാ​ൽ ചി​ല​പ്പോ​ൾ അ​സ്ഥി ഒ​ടി​ഞ്ഞെ​ന്നി​രി​ക്കും. ചു​രു​ക്ക​ത്തി​ൽ ഫാം ​ന​ട​ത്തി​പ്പ് അ​ത്ര എ​ളു​പ്പ​മ​ല്ലെ​ന്നാ​ണ് എ​ബി​യു​ടെ അ​ഭി​പ്രാ​യം.

പ​തി​മൂ​ന്നു മാ​സ​ം നീ​ളു​ന്ന​താ​ണ് ക​ഴു​ത​യു​ടെ ഗ​ർ​ഭ​കാ​ലം. ഒ​രു ക​ഴു​ത​യി​ൽനി​ന്ന് അ​ന്പ​തു മു​ത​ൽ നൂ​റു മി​ല്ലിവ​രെ​യൊ​ക്കെ പാ​ൽ കി​ട്ടും. കൂ​ടി​യാ​ൽ മു​ന്നൂ​റ് മു​ത​ൽ നാ​നൂ​റ് മി​ല്ലിവ​രെ പാ​ൽ കി​ട്ടു​ന്ന ക​ഴു​ത​കളുമുണ്ട്. പി​റ​ന്നുവീ​ഴു​ന്ന കു​ഞ്ഞു​ങ്ങ​ളെ ഒ​രു മാ​സ​മെ​ങ്കി​ലും കു​ടി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ അ​വ​യു​ടെ അ​തി​ജീ​വ​നസാ​ധ്യ​ത കു​റ​യും. ക​റ​ന്നെ​ടു​ക്കു​ന്ന അ​ത്ര​യും കു​ഞ്ഞി​നു കൊ​ടു​ക്കാ​ൻ വ​യ്ക്ക​ണം.

200 മു​ത​ൽ 400 മി​ല്ലി ലി​റ്റ​ർ പാ​ലാ​ണ് എ​ബി ക​റ​ന്നെ​ടു​ക്കു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ കു​ഞ്ഞി​ന് അ​പ​ക​ട​മാ​ണ്. അ​തുകൊ​ണ്ട് സാ​ഹ​ച​ര്യ​ങ്ങ​ൾ ന​ന്നാ​യി മ​ന​സി​ലാ​ക്കി​യ ശേ​ഷ​മാ​ണ് ക​റ​വ. വ​ള​രെ ശ്ര​ദ്ധ​യോ​ടെ​യാ​ണ് എ​ബി ക​ഴു​ത​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​ത്.​ക​ഴു​ത​യെ വ​ള​ർ​ത്തു​ന്ന​ത് പ​ശു​വി​നെ​യോ എ​രു​മ​യെ​യോ ആ​ടി​നെ​യോ വ​ള​ർ​ത്തു​ന്ന​തുപോ​ലെ അ​ത്ര എ​ളു​പ്പ​മ​ല്ലെ​ന്നും എ​ബി പ​റ​യു​ന്നു.
ന​മ്മ​ൾ കൊ​ടു​ക്കു​ന്ന​തെ​ല്ലാം ക​ഴി​ക്കണമെന്നു വാ​ശി​പിടി​ക്ക​രു​ത്. അ​വ​യ്ക്ക് ഇ​ഷ്ട​മു​ണ്ടെ​ങ്കി​ൽ ക​ഴി​ക്കും. കീ​ട​നാ​ശി​നി ഉ​പ​യോ​ഗി​ച്ച ഭ​ക്ഷ​ണം ഇ​വ താ​ങ്ങി​ല്ല. പ​ക​ൽ മു​ഴു​വ​ൻ മേ​ഞ്ഞു ന​ട​ന്നാ​ലും വി​ശ​പ്പു തീ​രാ​ത്ത മൃ​ഗ​മാ​ണ് ക​ഴു​ത. പ​ച്ച​പ്പു​ല്ലി​നു പു​റ​മേ ഗോ​ത​ന്പുത​വി​ട്, അ​രി​ത്ത​വി​ട്, ചോ​ള​ത്ത​വി​ട് എ​ന്നി​വ ചേ​ർ​ന്ന സ​മീ​കൃ​താ​ഹാ​ര​മാ​ണ് കൊ​ടു​ക്കു​ന്ന​ത്. ഇ​ന്നു കൊ​ടു​ക്കു​ന്ന ആ​ഹാ​രം എ​ന്നും കൊ​ടു​ക്കാ​മെ​ന്നു തോ​ന്നു​ന്നു​ണ്ടെ​ങ്കി​ൽ വേ​ണ്ട. ഇ​ന്നു ക​ഴി​ക്കു​ന്ന​തു നാ​ളെ ക​ഴി​ക്കി​ല്ല. മാ​റി മാ​റി കൊ​ടു​ത്താ​ണ് ക​ഴു​ത​യെ മെ​രു​ക്കു​ന്ന​ത്.

കു​തി​ര​യു​ടെ ഭ​ക്ഷ​ണ​ക്ര​മം മാ​തൃ​ക​യാ​യെ​ടു​ത്ത് അ​തി​ൽ വേ​ണ്ട മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് ക​ഴു​ത​യു​ടെ മെ​നു തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന് എ​ബി പ​റ​യു​ന്നു. കഴുതകൾക്കായി ഒ​രേ​ക്ക​റോ​ളം സ്ഥ​ല​ത്തു പു​ൽ​കൃ​ഷി​യും ചെ​യ്യു​ന്നു​ണ്ട് എ​ബി. കൂ​ട്ടി​ലാ​ണെ​ങ്കി​ലും തു​റ​ന്നു വി​ട്ടി​രി​ക്കു​ക​യാ​ണ്. പു​റ​ത്തേ​ക്ക് ഇ​റ​ക്കി വിട്ടാ​ൽ ജീ​വ​ന​ക്കാ​ർ ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ തി​രി​ച്ചു കൂ​ട്ടി​ലേ​ക്കു കൊ​ണ്ടുവ​രാ​ൻ സാ​ധി​ക്കൂ.

കഴുതയുടെ ദ​ഹ​ന​പ്ര​ക്രി​യ മ​നു​ഷ്യ​ന്‍റേതുപോ​ലെ വ​ള​രെ സ​ങ്കീ​ർ​ണ​മാ​ണ്. എ​നി​ക്കു മെ​ഡി​ക്ക​ൽ സ​പ്പോ​ർ​ട്ട് ത​രു​ന്ന​ത് ഡോ​ക്ട​ർ സു​ധീ​ഷ് ആ​ണ്. ആ​ർ​മി​യി​ൽ മേ​ജ​റാ​യി​ട്ട് വി​ആ​ർ​എ​സ് എ​ടു​ത്ത ആ​ളാ​ണ്. അ​ദ്ദേ​ഹം മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ളേ​ജി​ലെ അ​സി​സ്റ്റ​ൻ​റ് സ​ർ​ജ​നും പ്ര​ഫ​സ​റു​മാ​ണ്. അ​ദ്ദേ​ഹം എ​ന്നോ​ടു പ​റ​ഞ്ഞു, നി​ങ്ങ​ൾ ആ​ദ്യം ര​ണ്ടെ​ണ്ണ​ത്തി​നെ വ​ള​ർ​ത്തിനോ​ക്കൂ. കാ​ര​ണം ഒ​രു ആ​ന​യെ വ​ള​ർ​ത്തു​ന്നപോ​ലെ​യാ​ണ് ഇ​തി​നെ വ​ള​ർ​ത്തു​ന്ന​ത്. ഞാ​ൻ ആ​ലോ​ചി​ച്ചു നോ​ക്കി​യ​പ്പോ​ൾ ര​ണ്ടെ​ണ്ണ​ത്തി​നെ വ​ള​ർ​ത്തു​ന്ന​തും കു​റേയെ​ണ്ണ​ത്തി​നെ ഒ​രു​മി​ച്ച് വ​ള​ർ​ത്തു​ന്ന​തും ഒ​രു​പോ​ലെ​യാ​ണ്. പി​ന്നെ എ​നി​ക്ക് ഇ​തി​ൽ ഒ​രു പാ​ഷ​ൻ കൂ​ടി ഉ​ണ്ടാ​യി​രു​ന്നു- എബി പറയുന്നു.

ക​ഴു​തപ്പാ​ലി​ൽ കു​ളി​ച്ചാ​ലോ?

ഈ​ജി​പ്തി​ലെ രാ​ജ്ഞിയാ​യി​രു​ന്ന ക്ലി​യോ​പാ​ട്ര ത​ന്‍റെ സൗ​ന്ദ​ര്യ​വും യൗ​വന​വും നി​ല​നി​ർ​ത്താ​നാ​യി 700 ക​ഴു​ത​ക​ളു​ടെ പാ​ലി​ലാ​ണ് നി​ത്യ​വും കു​ളി​ച്ചി​രു​ന്ന​തത്രേ! റോ​മാ ച​ക്ര​വ​ർ​ത്തി​യാ​യി​രു​ന്ന നീ​റോ​യു​ടെ ര​ണ്ടാം ഭാ​ര്യ സാ​ബി​ന​യും, നെ​പ്പോ​ളി​യ​ൻ ബോ​ണപ്പാ​ർ​ട്ടി​ന്‍റെ സ​ഹോ​ദ​രി പൗ​ളി​നു​മെ​ല്ലാം സൗ​ന്ദ​ര്യം നി​ല​നി​ർ​ത്താ​നും ച​ർ​മസം​ര​ക്ഷ​ണ​ത്തി​നുമൊക്കെ ക​ഴു​ത​പ്പാ​ലി​നെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. ഇ​തെ​ല്ലാം ച​രി​ത്രം.

ച​ർ​മ​ത്തി​ന്‍റെ ആ​രോ​ഗ്യ​വും യു​വ​ത്വ​വും നി​ല​നി​ർ​ത്താ​ൻ ക​ഴു​ത​പ്പാ​ലി​നോ​ളം ന​ല്ല ഒൗ​ഷ​ധ​മി​ല്ലെ​ന്ന​ത് വെറുതെ പ്ര​ച​രി​പ്പിക്ക​പ്പെ​ട്ട കഥകളല്ല, തെ​ളി​യി​ക്ക​പ്പെ​ട്ട​താ​ണ്. കൃ​ത്രി​മ സൗ​ന്ദ​ര്യവ​ർ​ധ​ക വ​സ്തു​ക്ക​ൾ പ​രീ​ക്ഷി​ച്ചു​ മ​ടു​ത്ത പ​ല​രും ഇ​പ്പോ​ൾ പ​ഴ​മ​യി​ലേ​ക്കു തി​രി​ഞ്ഞു ന​ട​ക്കു​ക​യാ​ണ്.
ക​ഴു​തപ്പാലി​ൽ കു​ളി​ച്ചി​ല്ലെ​ങ്കി​ലും പാ​ലി​ന്‍റെ ഉ​പ​യോ​ഗം തി​രി​ച്ച​റി​ഞ്ഞ​ശേ​ഷ​മാ​ണ് എ​ബി ഈ രം​ഗ​ത്തി​റ​ങ്ങി​യ​ത്. സ​ഹോ​ദ​ര​ൻ വ​ർ​ഗീസും കു​ടും​ബ​വും അ​മേ​രി​ക്ക​യി​ൽനി​ന്നു വ​ന്ന​പ്പോ​ൾ കു​ഞ്ഞി​നു ശ​രീ​രം മു​ഴു​വ​ൻ ചൊ​റി​ച്ചി​ൽ. കൊ​തു​കു കു​ത്തി​യപോലെ ശ​രീ​രം മു​ഴു​വ​ൻ ത​ടി​ച്ചുവ​രും. വീ​ട്ടി​ലി​രു​ന്ന ക​ഴു​തപ്പാൽ ശ​രീ​ര​ത്തി​ൽ തേ​ച്ച​യു​ട​ൻത​ന്നെ ചൊ​റി​ച്ചി​ൽ നി​ൽ​ക്കു​ക​യും ശ​രീ​ര​ത്തി​ലെ പാ​ടു​ക​ൾ മാ​റു​ക​യും​ചെ​യ്തു. വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ൽ ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന പു​ഴു​ക്ക​ടി പോ​ലെ​യു​ള്ള ത്വ​ക്‌രോ​ഗ​ങ്ങ​ൾ​ക്ക് ക​ഴു​ത​പ്പാ​ലി​ൽ നി​ന്നു​ള്ള ഉ​ല്പ​ന്ന​ങ്ങ​ൾ ന​ല്ല​താ​ണ്.

ഡോ​ൾ​ഫി​ൻ ഐ​ബി​എ

റ​ബ​ർ​ത്തോ​ട്ട​മാ​യി​രു​ന്ന കു​ന്നി​ൻചെ​രു​വി​ൽ ര​ണ്ട​രയേ​ക്ക​ർ സ്ഥ​ല​ത്തു പുൽ​ച്ചെ​ടി​ക​ളു​ടെ ഇ​ട​യി​ൽ ഡോ​ൾ​ഫി​ൻ ഐ​ബി​എ ഡോ​ങ്കി ഫാം ​തു​ട​ങ്ങി. ക​ഴു​തപ്പാ​ലി​ൽനി​ന്ന് സ്കി​ൻ ക്രീ​മും ഫെ​യ​ർ​ന​സ് ക്രീ​മും നി​ർ​മി​ച്ച് വി​പ​ണി​യി​ലി​റ​ക്കു​ന്ന​താ​ണ് എ​ബി​യു​ടെ സം​രം​ഭം. ഫെ​യ​ർ​ന​സ് ക്രീം, ​ഷാം​പൂ, ബോ​ഡി വാ​ഷ്, ഫെ​യ്സ് ക്രീം ​എ​ന്നി​ങ്ങ​നെ പ​ത്തോ​ളം ഉ​ല്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലി​റ​ക്കു​ന്നു. നി​ര​ന്ത​ര​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും ശേ​ഷം പാ​ൽ ഉ​പ​യോ​ഗി​ച്ച് സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രുപാ​ട് അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. ആ​രും എ​ന്നെ ന​യി​ക്കാ​നു​ണ്ടാ​യി​രു​ന്നി​ല്ല. പക്ഷേ എ​നി​ക്ക് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു ഞാ​ൻ വി​ജ​യി​ക്കു​ക​ത​ന്നെ ചെ​യ്യു​മെ​ന്ന്. വ്യ​ത്യ​സ്ത​മാ​യ ഒ​രു ബി​സി​ന​സ് കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ​കാ​ല ബു​ദ്ധി​മു​ട്ടു​ക​ൾ എ​ബി വി​വ​രി​ക്കു​ന്നു. നീ​ണ്ട പ​ത്തുവ​ർ​ഷ​ത്തെ ശ്ര​മ​ഫ​ല​മാ​യി 2016ലാ​ണ് ആ​ദ്യ കോ​സ്മ​റ്റി​ക് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങിയ​ത്. ഡോ​ൾ​ഫി​ൻ ഐ​ബി​എ എ​ന്ന പേ​രി​ൽ ഒട്ടേറെ ഉ​ല്പ​ന്ന​ങ്ങ​ൾ ഇ​പ്പോ​ൾ വി​പ​ണി​യി​ലി​റ​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ൽ​ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തെ സം​ര​ഭ​മാ​ണ് ഇ​ത്.

ചി​ല പാ​ശ്ചാ​ത്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ക​ഴു​ത​പ്പാ​ൽ സൗ​ന്ദ​ര്യ​വ​ർ​ധ​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കുറി​ച്ച് ഇ​വി​ടെ ആ​രും ചി​ന്തി​ച്ചു​തു​ട​ങ്ങി​യി​ട്ടി​ല്ല. വി​ശാ​ല​മാ​യ വി​പ​ണി മു​ന്നി​ലു​ണ്ട്. ഇ​പ്പോ​ൾ​ത​ന്നെ ഇ​ന്ത്യ​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ബി​യു​ടെ ഫെ​യ​ർ​ന​സ് ക്രീ​മു​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രു​ണ്ട്. എ​ബിയു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വിദഗ്ധർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് ഈ ​ക്രീ​മു​ക​ൾ ഉത്​പാ​ദി​പ്പി​ക്കു​ന്ന​ത്. ക​ഴു​ത​പ്പാ​ലും പ​പ്പാ​യ​, ക​റ്റാ​ർ​വാ​ഴ​ തുടങ്ങിയവയുമാണ് ചേ​രു​വ​ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ല​ക്ഷ്യം

ഇ​ത്ത​രം ഒ​രു സം​രം​ഭം ആ​രുംത​ന്നെ ചെ​യ്യു​ന്നു​ണ്ടെ​ന്ന് എ​നി​ക്കു തോ​ന്നു​ന്നി​ല്ല. കാ​ര​ണം ഇ​തു ശ്ര​മ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ്- എ​ബി പ​റ​യു​ന്ന​ു. ക​ഴു​ത​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​ ഉ​ണ്ടാ​ക​ണം. അ​താ​ണ് ശ​രി​ക്കും അ​ടു​ത്ത ല​വ​ൽ. ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് ഉ​ത്പാ​ദ​നം കൂ​ട്ടു​ക എ​ന്നു​ള്ള​താ​ണ് വ​ലി​യ വെ​ല്ലു​വി​ളി. മി​നി​മം ഒ​രു നാ​ലാ​യി​രം ക​ഴു​ത​ക​ൾ എ​ങ്കി​ലും വേ​ണം. സാ​ധാ​ര​ണ നാ​ൽ​ക്കാ​ലി​ക​ളെ വ​ള​ർ​ത്തു​ന്പോ​ൾ കി​ട്ടു​ന്ന സ​ബ്സി​ഡി ഒ​ന്നും ക​ഴു​ത​യ്ക്ക് കി​ട്ടു​ന്നി​ല്ല. അ​ങ്ങ​നെ വ​രു​ന്പോ​ൾ ഇ​തി​നെ തീ​റ്റി​പ്പോ​റ്റു​ക എ​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.

അങ്ങനെ ഒരുപാടു വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് ഈ സം​രം​ഭ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തെന്ന് എ​ബി പ​റ​യു​ന്നു. ഇ​യ്യോ​ബി​നെപോ​ലെ സ​ന്പ​ന്ന​നാ​കാ​ൻ, ക്ലി​യോ​പാ​ട്ര​യെപോ​ലെ സൗ​ന്ദ​ര്യം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ക​ഴു​ത വേ​ണം. ഇ​നി​യെ​ങ്കി​ലും ആ​രെ​ങ്കി​ലും ക​ഴു​തേ എ​ന്നു പ​രി​ഹ​സി​ക്കു​ന്പോ​ൾ ഓ​ർ​ക്കു​ക- ക​ഴു​ത​യു​ടെ ത​ല​വ​ര മാ​റ്റിയെ​ഴു​തി​യ ക​ഥ.​ കാ​ശി​നു കൊ​ള്ളാ​ത്ത​വ​ന​ല്ല. മി​ടു​ക്ക​നാ​ണ് ക​ഴു​ത​യെ​ന്ന്.

എ​ബി ബേ​ബി (phone: 9544716677)

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം
ഫോ​ട്ടോ: ബി​ബി​ൻ സേ​വ്യ​ർ