റെയ്ൻ റെയ്ൻ കം എഗയിൻ
മാ​നം ഇരുളു​ന്ന​തും മ​ഴ പെ​യ്യു​ന്ന​തും പെ​ട്ടെ​ന്നാ​യി​രി​ക്കും. ആ​ർ​ത്ത​ല​ച്ച് ഒ​റ്റ​പ്പെ​യ്ത്ത്. കു​ട നി​വ​ർ​ത്തും മു​ൻ​പേ ആ​ളു​ക​ൾ ന​ന​ഞ്ഞു കു​ളി​ക്കും. അ​ധി​ക​നേ​രം ഉ​ണ്ടാ​വി​ല്ല ഈ ​മ​ഴ​വീ​ഴ​ൽ. തോ​രും മു​ൻ​പേ മാ​നം തെ​ളി​യും. വെ​യി​ൽ പ​ര​ക്കും, നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​ഴ മ​റ​യും. ന​ന​ഞ്ഞൊ​ലി​ച്ച​വ​ർ​പോ​ലും മ​ഴ പെ​യ്ത കാ​ര്യം മ​റ​ക്കും. പ​ക്ഷേ, റോ​ഡി​ലും തോ​ട്ടി​ലും മ​ഴ​വെ​ള്ളം അ​പ്പോ​ൾ ക​ല​ങ്ങി മ​റി​ഞ്ഞൊ​ഴു​കു​ന്നു​ണ്ടാ​കും. കു​ട്ടി​ക​ളേ​ക്കാ​ൾ കു​സൃ​തി​യാ​ണു കാ​ല​വ​ർ​ഷ​മ​ഴ. എ​ങ്ങ​നെ​യെ​ന്നോ എപ്പോഴെന്നോ പ​റ​യാ​ൻ പ​റ്റാ​ത്ത സ്വ​ഭാ​വം. വെ​യി​ൽ തി​ള​ങ്ങി​നി​ൽ​ക്കു​ന്പോ​ഴാ​ണു ചി​ല​പ്പോ​ൾ മ​ഴ വീ​ഴു​ക. മ​ഴ തു​ട​ങ്ങി​യ​ശേ​ഷ​മാ​കും മാ​നം ക​റു​ക്കു​ക. കു​റു​ക്ക​ന്‍റെ ക​ല്യാ​ണം എ​ന്നു പ​റ​ഞ്ഞു വെ​യി​ലി​ലെ മ​ഴ​യെ ആ​ളു​ക​ൾ പ​രി​ഹസിക്കും. ച​ന്നംപി​ന്നം ചാറി മു​ഷി​പ്പി​ക്കു​ന്ന പ​ണി​യും മ​ഴ​യ്ക്കു​ണ്ട്.

ഇവനാണു മഴ

ശ​രി​ക്കു​ള്ള കാ​ല​വ​ർ​ഷ മ​ഴ ഇ​തൊ​ന്നു​മ​ല്ല. ന​ട്ടു​ച്ച​യെ പോ​ലും ഇ​രു​ട്ടി​ലാ​ഴ്ത്തി ആ​കാ​ശം ഇരുളും. അ​ങ്ങു ദൂ​രെ​നി​ന്ന് ഇ​ര​ന്പ​ലു​യ​രും. അരുതാത്തതെ​ന്തോ സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന​പോ​ലെ പ്ര​കൃ​തി​ നി​ശ്ച​ല​മാ​കും. മ​ഴ​യു​മാ​യി ഇ​ര​ന്പ​ൽ പ​തു​ക്കെ പ​തു​ക്കെ അ​ടു​ത്തെ​ത്തും. തു​ള്ളി​ക്കൊ​രു കു​ട​മാ​യി പെ​യ്ത്തു തു​ട​ങ്ങും. പി​ന്നെ പെരുമ​ഴ​യു​ടെ വ​ന്യ​സം​ഗീ​തം മാ​ത്രം. മ​ണി​ക്കൂ​റു​ക​ളും രാ​വുംപ​ക​ലും ക​ട​ന്നു മ​ഴ നീ​ളും. ഇ​ട​വേ​ള​ക​ൾ ഉ​ണ്ടാ​കി​ല്ല. ഏ​റ്റ​ക്കു​റി​ച്ച​ലു​മു​ണ്ടാ​കി​ല്ല. നി​ന്ന​ങ്ങ​നെ പെ​യ്യും. പെ​യ്ത്തോ​ടു പെ​യ്ത്ത്. മ​ഴ തീ​രും മു​ൻ​പേ ഉ​റ​വ​ക്ക​ണ്ണു​ക​ളെ​ല്ലാം തു​റ​ക്കും. തവളകളുടെ കൂട്ടക്കരച്ചിലുയരും. കു​ള​ങ്ങ​ളും തോ​ടു​ക​ളും നി​റ​യും. പു​ഴ​ക​ൾ ക​ര​ക​വി​യും. മ​ല​ക​ളി​ൽ ഉ​രു​ളു​ക​ൾ പൊ​ട്ടി​യൊ​ഴു​കും. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ റോ​ഡും പാ​ല​വും വീ​ടു​ക​ളും ക​ട​ക​ളു​മൊ​ക്കെ മുങ്ങും. കാ​ല​ൻമ​ഴ​യെ​ന്നും പറഞ്ഞ് ആ​ളു​ക​ൾ മ​ഴ​യെ ശ​പി​ക്കും.

തു​ലാ​മ​ഴ​യു​ടെ രൗ​ദ്ര​വും വേ​ന​ൽ​മ​ഴ​യു​ടെ ക്രൗ​ര്യ​വും കാ​ല​വ​ർ​ഷ​മ​ഴ​യ്ക്കി​ല്ല. ഇ​ടി​യും മി​ന്ന​ലും കാ​റ്റും കാ​ര്യ​മാ​യി അ​ക​ന്പ​ടി​യു​ണ്ടാ​കാ​റി​ല്ല. പ​ക്ഷേ, നാ​ശ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പി​ശു​ക്കു കാ​ട്ടാ​റു​മി​ല്ല. കെ​ടു​തി​ക​ൾ ഒ​രു​പാ​ടു​ണ്ടാ​കും. നി​ര​വ​ധി​പ്പേ​രുടെ ജീ​വ​നെ​ടു​ക്കും. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ടരും. എ​ന്നാ​ലും ഇ​ട​വ​പ്പാ​തി​യാ​യ കാ​ല​വ​ർ​ഷ​ത്തോ​ട് ഉ​ള്ളി​ന്‍റെയു​ള്ളി​ൽ ആ​ളു​ക​ൾ​ക്ക് ഇ​ഷ്ട​മാ​ണ്. വി‍​യ​ർ​പ്പി​ച്ച, ദാ​ഹി​പ്പി​ച്ച, പൊ​ള്ളി​ച്ച നീ​ണ്ട വേ​ന​ലി​നു​ശേ​ഷം മ​ന്ന വീ​ഴുംപോ​ലെ പെ​യ്യു​ന്ന മ​ഴ. കാ​ത്തി​രി​പ്പി​നൊ​ടു​വി​ലു​ള്ള കു​ളി​ർ​മ​ഴ. ത​ണു​ത്തുവി​റ​യ്ക്കു​ന്ന രാ​ത്രി​ക​ളി​ൽ പു​ത​പ്പി​നു​ള്ളി​ൽ ചു​രു​ളു​ന്ന​തി​ന്‍റെ സു​ഖം. പ്ര​കൃ​തി​യു​ടെ സ്വ​ച്ഛ​ത​യി​ൽ ആ​കു​ല​ത​ക​ൾ അ​ക​ലു​ന്ന​തി​ന്‍റെ ആ​ഹ്ലാ​ദം. കാ​ല​വ​ർ​ഷ​ക്കു​ളി​രി​ൽ മ​ന​സു​ക​ൾ ശാ​ന്ത​മാ​യി​രി​ക്കും. വെ​ള്ള​ത്തി​ന്‍റെ സ​മൃ​ദ്ധി​യി​ൽ മ​നം നി​റ​ഞ്ഞി​രി​ക്കും.

കുട്ടികളുടെ ഇഷ്ട മഴ

കു​ട്ടി​ക​ൾ​ക്കാ​ണു മ​ഴ​യോ​ടു കൂ​ടു​ത​ലി​ഷ്ടം. മ​ഴ​യി​ൽ ന​ന​യാ​ൻ അ​വ​ർ​ക്കൊ​രു​ മ​ടി​യു​മി​ല്ല. തൊ​ടി​യി​ലും തോ​ട്ടി​ലും നി​റ​യു​ന്ന വെ​ള്ളം അ​വ​ർ​ക്കു തീ​രാകൗ​തു​കം. മു​റ്റ​ത്ത് അ​വ​ർ ക​ട​ലാ​സ് വ​ള്ള​ങ്ങ​ൾ ഇ​റ​ക്കും. പു​തു​വെ​ള്ള​ത്തി​നൊ​പ്പ​മെ​ത്തു​ന്ന മീ​നി​നെ​യും ത​വ​ള​യെ​യും പി​ടി​ക്കും. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വാ​ഴ​ത്ത​ട വെ​ട്ടി വ​ള്ള​മു​ണ്ടാ​ക്കും. കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ളം ച​വി​ട്ടി​ത്തെ​റി​പ്പി​ച്ച്, നി​റ​ഞ്ഞ തോ​ടു​ക​ളി​ൽ ചാ​ടി​ത്തി​മി​ർ​ത്ത് കാ​ല​വ​ർ​ഷ​ത്തെ കു​ട്ടി​ക​ൾ ഉ​ത്സ​വ​മാ​ക്കും.

സ്കൂ​ൾ തു​റ​ക്ക​ലും കാ​ല​വ​ർ​ഷ​വും ഒ​രു​മി​ച്ചാ​ണു വരവ്. കാ​ല​വ​ർ​ഷം വൈ​കി​യാ​ൽ സ്കൂ​ൾ തു​റ​ക്ക​ൽ മാ​റ്റി​വ​യ്ക്കും. അ​ങ്ങ​നെ മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. മ​ഴ ഏ​റെ ക​ഠി​ന​മാ​യാ​ലും പ്ര​ശ്ന​മ​ല്ല. പ​ക്ഷേ, വെ​ള്ള​മി​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ കു​ഴ​യും. പ​ള്ളി​ക്കൂ​ട​ങ്ങ​ൾ തു​റ​ക്കു​ന്ന ദി​വ​സം മ​ഴ പെ​യ്യു​ന്ന ഒ​രു പ​തി​വു​ണ്ട്. മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് ആ​കെ​യൊ​രു പു​തു​മ​ണമായിട്ടാകും കു​ട്ടി​ക​ൾ പു​റ​പ്പെ​ടു​ക. രാ​വി​ലെ മ​ഴ​യു​ടെ ല​ക്ഷ​ണ​മൊ​ന്നു​മു​ണ്ടാ​കി​ല്ല. സ്കൂ​ളി​ൽ എ​ത്തും മു​ൻ​പോ തി​രി​ച്ചു​ള്ള വ​ര​വി​ലോ ആ​യി​രി​ക്കും മ​ഴ വീ​ഴു​ക. കു​ട്ടി​ക​ൾ ആ​വേ​ശ​ത്തോ​ടെ പു​ത്ത​ൻ കു​ട​ക​ൾ നി​വ​ർ​ത്തും. പാ​ത​ക​ളി​ൽ വ​ർ​ണ​ക്കു​ടകളുടെ ഘോഷയാത്ര ഒരുങ്ങും. കാ​ല​വ​ർ​ഷ​ത്തി​നു നി​റ​ച്ചാ​ർ​ത്തർപ്പിച്ചു കു​ട്ടി​ക​ളുടെ വക വ​ര​വേ​ൽ​പ്.

മഴക്കാലയാത്രകൾ

വാ​ഹ​ന​ങ്ങ​ളി​ലാ​യി​രു​ന്നി​ല്ല പ​ണ്ടു സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര. നടന്നായി​രു​ന്നു. ചി​ല​ർ​ക്കു കി​ലോ​മീ​റ്റ​റു​ക​ൾ കാ​ൽ​ന​ട​യാ​യി താ​ണ്ടേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. പാ​ട​വ​ര​ന്പും കൈ​ത്തോ​ടും പെ​രും​തോ​ടും ത​ടി​പ്പാ​ല​വും കടന്നുള്ള യാ​ത്ര. ക​ട​ത്തു​വ​ള്ള​ത്തി​ൽ പു​ഴ​ക​ട​ന്നും കു​ട്ടി​ക​ൾ പോ​യി​രു​ന്നു. മ​ഴ​ക്കാ​ല​ത്ത് ഈ ​യാ​ത്ര​ക​ൾ അ​പ​ക​ട​ക​ര​മാ​യി​രു​ന്നു. എന്നിട്ടും കു​ട്ടി​ക​ൾ അ​താ​സ്വ​ദി​ച്ചിരുന്നു. പു​സ്ത​ക​ക്കെ​ട്ടും ചോ​റ്റു​പാ​ത്ര​വും താ​ങ്ങി​പ്പി​ടി​ച്ചു മ​ഴ​വെ​ള്ളം സൃ​ഷ്ടി​ച്ച പ്ര​തി​ബ​ന്ധ​ങ്ങ​ൾ പേ​ടി​യി​ല്ലാ​തെ അവർ മ​റി​ക​ട​ന്നു. പു​ഴ ക​ട​ന്നെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കു സ്കൂ​ളി​ൽ വീ​ര​പ​രി​വേ​ഷ​മാ​യി​രു​ന്നു. അ​ധ്യാ​പ​ക​ർ അ​വ​ർ​ക്കു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി. മാ​ന​ത്തു കാ​ർ​മേ​ഘം ഉ​രു​ണ്ടുകൂ​ടു​ന്പോ​ൾ അ​വ​രെ നേ​ര​ത്തെ സ്കൂളിൽനിന്നു വി​ട്ടു. വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​ന്പോ​ൾ അ​വ​ർ​ക്കു മാ​ത്രം അ​വ​ധി​യും ന​ൽ​കി.

മഴക്കാലഭാവങ്ങൾ

മ​ഴ​ക്കാ​ല​ത്തു മ​ണ്ണി​ന്‍റെ​യും വി​ണ്ണി​ന്‍റെ​യും ഭാ​വ​ങ്ങ​ൾ മാ​റും. വേ​ന​ലി​ൽ ജ്വ​ലി​ച്ചുനി​ന്നി​രു​ന്ന മാ​ന​ത്തി​ന്‍റെ മു​ഖം മ​ഴ​യി​ൽ മ​ങ്ങും. പെ​യ്യാ​ൻ തു​ട​ങ്ങും​മു​ൻ​പു ക്രോ​ധത്തി​ന്‍റെ ക​റു​പ്പുനി​റം. പെ​യ്യു​ന്പോ​ഴും തോ​രു​ന്പോ​ഴും ശോ​കം ക​ല​ർ​ന്ന ശാ​ന്ത​ത. ന​ക്ഷ​ത്ര​ങ്ങ​ൾ തി​ള​ങ്ങിയിരുന്ന രാ​ത്രി​യി​ലെ ആ​കാ​ശം കാ​ല​വ​ർ​ഷ​ത്തി​ൽ അ​ദൃ​ശ്യ​മാ​കും. നി​ലാ​വെ​ളി​ച്ചം പ​ര​ക്കാ​താ​കും. മ​ഴ​ തു​ട​ങ്ങു​ന്ന​തോ​ടെ ചൂ​ടി​ൽ വ​ര​ണ്ടു​കി​ട​ന്നി​രു​ന്ന ഭൂ​മി കു​തി​രും. മ​ണ്ണു​ള്ളി​ട​ത്തെ​ല്ലാം പു​ല്ലു​മു​ള​യ്ക്കും. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പു​ല്ല് വ​ള​ർ​ന്നു മ​ണ്ണു മൂ​ടും. അ​തു പി​ന്നെ കാ​ടാ​കും. ഇ​ല​കൊ​ഴി​ച്ചുനി​ന്നിരുന്ന മ​ര​ങ്ങ​ൾ ത​ളി​ർ​ക്കും. കൊ​ന്പു​ക​ളി​ൽ ഇ​ല​ക​ൾ നി​റ​യും. വ​യ​ലു​ക​ൾ പ​ച്ച പു​ത​യ്ക്കും. പു​ര​യി​ട​ങ്ങ​ളി​ൽ ന​ടു​ത​ല​ക​ൾ നാ​ന്പു​നീ​ട്ടും. എ​ങ്ങും ഹ​രി​ത​വ​ർ​ണം. പ​ച്ച​ക്ക​ട​ലി​ന്‍റെ ഇ​ള​കി​യാ​ട്ടം.

കൃഷിയിടത്തിലെ മഴ

മഴയാരംഭത്തിൽതന്നെ കൃഷിയിടങ്ങൾ പണ്ട് അനക്കം വച്ചു തുടങ്ങുമായിരുന്നു. വേനൽമഴയിൽ മേൽമണ്ണ് നനഞ്ഞാൽ തന്നെ കപ്പയിടും. അതിനുപിന്നാലെ ചേന, ചേന്പ്, കാച്ചിൽ. ചെറുകിഴങ്ങ്.... കാലവർഷം തുടങ്ങിയാൽ പാടത്തുനിന്ന് ആരവങ്ങളുയർന്നു തുടങ്ങും. കാളപൂട്ടലുകാരുടെ ഉച്ചത്തിലുള്ള വർത്തമാനങ്ങൾ. ട്രാക്ടറുകളുടെ എൻജിൻ ശബ്ദം. നടീലുകാരുടെ നാടൻപാട്ടുകൾ. പറന്പുകളിലായ പറന്പുകളിലെല്ലാം പണിക്കാർ. കൃഷിയായുധങ്ങളുടെ തട്ടലും മുട്ടലും. പകൽ മുഴുവൻ ആളുകൾ പറന്പുകളിലാകും. പേമാരിയുണ്ടായാലും പണി നിർത്തില്ല. കൃഷിയിറക്കിയാൽ ദിവസങ്ങൾക്കുള്ളിൽ മുള പൊട്ടിത്തുടങ്ങും. ഇലകളും ശിഖരങ്ങളുമായി വളർന്നു പൊങ്ങും. കാച്ചിലും ചെറുകിഴങ്ങുമൊക്ക മരങ്ങളിൽ ചുറ്റി മേലോട്ടുയരും. ഇഞ്ചിയും മഞ്ഞളും കച്ചോലവും ഏക്കർകണക്കിനു വിശാലതയിൽ പച്ചനിറത്തിൽ പരക്കും. വേനലിൽ അബോധാവസ്ഥയിൽ കിടന്ന മണ്ണിനു മഴയിൽ ബോധം തിരിച്ചുകിട്ടും. പുതുജീവൻ കിട്ടിയപോലെ നാടാകെ ഉണരും. നെൽകൃഷിയും മറ്റും കുറഞ്ഞെങ്കിലും കാലവർഷത്തിൽ മണ്ണിലുണ്ടാകുന്ന മാറ്റങ്ങൾ കാര്യമായ മാറ്റമില്ലാതെ തുടരുന്നു.

മലനാട്ടിലെ മഴ

ഇ​ട​നാ​ട്ടി​ലെ കാ​ല​വ​ർ​ഷ​മ​ല്ല മ​ല​നാ​ട്ടി​ൽ. സ​ഹ്യ​പ​ർ​വ​തനി​ര​ക​ളി​ലും അ​തി​ന്‍റെ ചു​വ​ട്ടി​ലും മ​ഴ ശ​മ​ന​മി​ല്ലാ​തെ പെ​യ്തു​കൊ​ണ്ടി​രി​ക്കും. മ​രം കോ​ച്ചു​ന്ന ത​ണു​ത്ത കാ​റ്റ് ഇ​ട​ത​ട​വി​ല്ലാ​തെ വീ​ശി​ക്കൊ​ണ്ടി​രി​ക്കും. കോ​ട​മ​ഞ്ഞി​ന്‍റെ ക​ളി​ക​ൾ ക​ണ്ണെ​ടു​ക്കാ​തെ ക​ണ്ടു​നി​ൽ​ക്കാ​ൻ തോ​ന്നും. ഒ​രു മ​ഴ തോ​ർ​ന്നു തെ​ളി​ഞ്ഞു​നി​ൽ​ക്കു​ന്പോ​ഴായിരിക്കും ചി​ല​പ്പോ​ൾ കോ​ട​യു​ടെ വ​ര​വ്. വ​ന്പ​ൻ മ​ല​ക​ളെ​യും കൂ​റ്റ​ൻ മ​ര​ങ്ങ​ളെ​യും കെ​ട്ടിട​ങ്ങ​ളെ​യു​മെ​ല്ലാം അ​പ്ര​ത്യ​ക്ഷ​മാ​ക്കി മ​ഞ്ഞ് നി​റ​യും. തൊ​ട്ട​രി​കി​ൽ വ​ർ​ത്ത​മാ​നം പ​റ​ഞ്ഞി​രു​ന്ന​യാ​ൾ​പോ​ലും കോ​ട​യി​ൽ മ​റ​ഞ്ഞു​പോ​കും. വാ​ഹ​ന​ങ്ങ​ൾ വ​ഴി​കാ​ണാ​തെ ഓ​ട്ടം നി​ർ​ത്തും. നി​മി​ഷ​നേ​രം കൊ​ണ്ടാ​കും ഇ​തു സം​ഭ​വി​ക്കു​ക. ഏ​തോ മാ​യികലോ​ക​ത്ത് അ​ക​പ്പെ​ട്ട അ​നു​ഭ​വം. അ​ധി​കം ക​ഴി​യും മു​ൻ​പേ കോ​ട ഒ​ഴി​ഞ്ഞു​പോ​കും. മ​റ​ഞ്ഞ മ​ല​ക​ൾ ഉ​ൾ​പ്പെ​ടെ തെ​ളി​ഞ്ഞു​വ​രും. ന​ട്ടപ്പാ​തി​ര​യ്ക്കു സൂ​ര്യ​ൻ ഉ​ദി​ച്ച പോ​ലെ ആ​ളു​ക​ൾ ക​ണ്ണു മി​ഴി​ക്കും. തൊ​ട്ടു​പി​ന്നാ​ലെ​യു​ണ്ടാ​കും കോ​ട​യു​ടെ അ​ടു​ത്ത പു​റ​പ്പാ​ട്. എ​വി​ടെനി​ന്നാ​ണു വ​ര​വെ​ന്നു കാ​ണാ​നാ​വി​ല്ല. എ​ങ്ങോ​ട്ടാ​ണു പോ​കു​ന്ന​തെ​ന്നും നി​ശ്ച​യ​മി​ല്ല. കോ​ട​യു​ടെ ക​ൺ​കെ​ട്ടി​ൽ മ​ല​യോ​രജീ​വി​തം ത​ന്നെ താ​ളം​ തെ​റ്റും.

കാ​ല​വ​ർ​ഷ​രാ​ത്രി​ക​ൾ

മ​ല​നാ​ട്ടി​ലെ കാ​ല​വ​ർ​ഷ​രാ​ത്രി​ക​ൾ പേ​ടി​പ്പെ​ടു​ത്തു​ന്ന​വ​യാ​ണ്. രാത്രിയുടെ യാമങ്ങളിൽ പെ​രു​മ​ഴ​യു​ടെ ച​ങ്കി​ടി​പ്പി​ക്കു​ന്ന ഹു​ങ്കാ​രാ​ര​വം.​ ക​ന​ത്തകാ​റ്റി​ൽ മ​രശിഖരങ്ങൾ ഒ​ടി​യു​ന്ന ഒ​ച്ച. മ​ല​മു​ക​ളി​ൽനി​ന്നു വെ​ള്ളം ഇ​ര​ച്ചു​വീ​ഴു​ന്ന​തി​ന്‍റെ ഇ​ര​ന്പം. കാ​ട്ടു​ജീ​വി​ക​ളു​ടെ വി​ചി​ത്ര​ശ​ബ്ദ​ങ്ങ​ൾ. കൂ​രാ​ക്കൂരി​രു​ട്ട്. കുത്തിക്കയറുന്ന ത​ണു​പ്പ്. ഉ​രു​ൾ​പൊ​ട്ടി നി​ൽ​ക്കു​ന്നി​ടം ഒ​ലി​ച്ചു​പോ​കു​മോ എ​ന്ന ആ​ശ​ങ്ക. ഉ​റ​ങ്ങി​യാ​ലും ഇ​ട​യ്ക്കി​ടെ ഞെ​ട്ടി​യു​ണർ​ന്നു​കൊ​ണ്ടി​രി​ക്കും. വ​നാ​തി​ർ​ത്തി​ക​ളി​ൽ കാ​ര്യ​ങ്ങ​ൾ കു​റ​ച്ചു​കൂ​ടി ക​ടു​പ്പ​മാ​യി​രി​ക്കും. വ​ന്യ​ജീ​വി​ക​ൾ തി​മി​ർ​ക്കു​ന്ന കാ​ല​മാ​ണു മ​ഴ​ക്കാ​ലം. കാ​ട്ടാ​ന​യും കാ​ട്ടു​പ​ന്നി​യും ക​രി​മൂ​ർ​ഖ​നു​മൊ​ക്കെ മ​ഴ​ക്കാ​ലരാ​ത്രി​ക​ളി​ൽ വി​ഹ​രി​ച്ചു ന​ട​ക്കും. ആ​ള​ന​ക്ക​വും വെ​ളി​ച്ച​വു​മി​ല്ലാ​തെ നിശ്ചലമാകുന്ന ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​ക്ക് അ​വ നി​ർ​ഭ​യ​മെ​ത്തും. ഇ​ഴ​ജ​ന്തു​ക്ക​ൾ ചൂ​ടു​തേ​ടി വീ​ടി​നു​ള്ളി​ലും ക​ട​ക്കും. ക​രു​ത​ലോ​ടെ​യി​രു​ന്നി​ല്ലെ​ങ്കി​ൽ ജീ​വ​ൻ​പോ​ലും കൈ​വി​ട്ടു​പോ​കു​മെ​ന്ന സ്ഥി​തി. മ​ഴ പെ​യ്യ​ണേ​യെ​ന്നു പ്രാ​ർ​ഥി​ച്ചി​രു​ന്ന​വ​ർ മ​ഴ ശ​മി​ക്ക​ണേ​യെ​ന്നു പ​റ​ഞ്ഞു മ​ന​മു​രു​കും.

ഭൂ​മി​ക്കു മ​തി​യാ​വോ​ളം

മ​ഴ​യു​ടെ കാ​ര്യ​ത്തി​ൽ മ​റ്റു​ നാ​ടു​ക​ളെ​യ​പേ​ക്ഷി​ച്ചു സ​ന്പ​ന്ന​മാ​ണു കേ​ര​ളം. പ​ണ്ടും ഇ​പ്പോ​ഴും അ​ങ്ങ​നെ​ത​ന്നെ​. പ​ക്ഷേ, മ​ഴ​യു​ടെ അ​ള​വ് കു​റ​ഞ്ഞു​വ​രു​ന്നു. കാലംതെറ്റി പെയ്യുന്നു. മ​ഴ​യു​ടെ ദു​രി​ത​ങ്ങ​ൾ ഏ​റെ ഭീ​ക​ര​മാ​ണെ​ങ്കി​ലും മ​ഴ പെ​യ്യു​ക​ത​ന്നെ വേ​ണം. മ​ഴ​യി​ല്ലെ​ങ്കി​ൽ വെ​ള്ള​മി​ല്ല. വെ​ള്ള​മി​ല്ലെ​ങ്കി​ൽ ജീ​വ​നു​മി​ല്ല. മ​ഴ പെ​യ്യ​ണ​മെ​ങ്കി​ൽ ക​ട​ൽ​വെ​ള്ളം നീ​രാ​വി​യാ​യി ഉ​യ​ർ​ന്നു കാ​ർ​മേ​ഘ​മാ​യി ഘനീഭവിക്കണം. മ​ല​ക​ൾ മേഘങ്ങളെ ത​ട​ഞ്ഞു മ​ഴ​യാ​യി ഭൂ​മി​യി​ൽ വീ​ഴ്ത്ത​ണം. ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ ഒ​ത്തു​വ​ന്നാ​ലേ ഇ​തു സം​ഭ​വി​ക്കൂ. അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ലും മ​റ്റു​മു​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​ങ്ങ​ൾ മ​ഴ​ കു​റ​യ്ക്കും. കാലാവസ്ഥാമാറ്റങ്ങൾ അ​തി​വൃ​ഷ്ടി​യടക്കമുള്ള പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ​ക്കും ഇ​ട​വ​രു​ത്തും. പ​രി​സ്ഥി​തി​യെ പൊ​ന്നു​പോ​ലെ നോ​ക്കി​യാ​ലേ ദു​ര​ന്ത​ങ്ങ​ളൊ​ഴി​വാ​ക്കാ​നാ​വൂ.

കാ​ടും മ​ല​യും താ​ഴ്‌വാ​ര​ങ്ങ​ളും മു​റി​വേ​ൽ​ക്ക​പ്പെ​ടാ​തി​രി​ക്ക​ണം. പു​ഴ​ക​ളും തോ​ടു​ക​ളും പ​ണ്ടു​ള്ള​തു​പോ​ലെ ഉ​ണ്ടാ​ക​ണം. കു​ള​ങ്ങ​ളും വ​യ​ലു​ക​ളും ച​തു​പ്പു​ക​ളും കു​റ​ഞ്ഞ​തോ​ടെ​യാ​ണു ഭൂ​ഗ​ർ​ഭജ​ല​വി​താ​നം താ​ഴ്ന്ന​ത്. അ​ട​ഞ്ഞ ഉ​റ​വ​ക്ക​ണ്ണു​ക​ൾ തു​റ​പ്പി​ക്കാ​ൻ മ​ന​സു​വ​ച്ചാ​ൽ സാ​ധി​ക്കും. പു​ഴ​ക​ൾ​ക്കു​വ​രെ അ​ങ്ങ​നെ പു​തു​ജീ​വ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്. പ​രി​സ്ഥി​യെ ക​രു​ത​ലോ​ടെ കാ​ത്താ​ൽ കാ​ലം തെ​റ്റാ​തെ മ​ഴ​ പെ​യ്യും. മ​ഴ പെ​യ്യ​ണം. ഭൂ​മി​ക്കു മ​തി​യാ​വോ​ളം.

എം. റോയ്