സൈക്കിളിലാ പോയത്, ചുമ്മാ ഹിമാലയം വരെ
<യ>മേയ് 17, കോട്ടയം.<യൃ><യൃ>ചെറിയൊരു സൈക്കിൾ, കൈയിലൊരു സാംസംഗ് ഗാലക്സി ജെ–2 മൊബൈൽഫോൺ, ഹെൽമെറ്റ്, അത്യാവശ്യസാധനങ്ങളുടെ ചെറിയൊരു കിറ്റ്....തീർന്നു. പുതുപ്പള്ളിക്കടുത്ത് മാങ്ങാനത്തെ കളമ്പുകാട്ട് വീട്ടിൽനിന്നു പുറപ്പെടുമ്പോൾ അലക്സിന് ഇതൊക്കെയേ ഉണ്ടായിരുന്നുള്ളു. വൈകിട്ടു തിരിച്ചെത്താനുള്ള സൈക്കിൾ സവാരിയല്ല. ഒരു മാസംകൊണ്ട് ഹിമാലയത്തിലെ ലേയിലെത്താനുള്ള നീണ്ട യാത്രയാണ്. <യൃ><യൃ>കോട്ടയത്തുനിന്നു നാഗർകോവിലിലേക്കുള്ള ട്രെയിനിൽ സൈക്കിൾ കയറ്റി. അവിടെനിന്നു സൈക്കിൾ ചവിട്ടി കന്യാകുമാരിയിലെത്തിയപ്പോൾ സൂര്യൻ കടലിൽ താഴാനൊരുങ്ങുകയായിരുന്നു. കേരളാ ഹൗസിലെത്തി ജീവനക്കാരോട ് അലക്സ് തന്റെ ലക്ഷ്യം പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കുമെതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഇന്ത്യയുടെ അങ്ങേയറ്റത്തേക്കുള്ള യാത്രയാണ്. അവർക്ക് ആവേശത്തേക്കാൾ അതിശയമായി. ഈ പയ്യൻ സൈക്കിളിൽ ഹിമാലയത്തിലേക്കോ? <യൃ><യൃ>അല്ക്സ് ചിരിച്ചു. <യൃ>സംഗതി ശരിയാണെന്നു ബോധ്യപ്പെട്ടതോടെ ജീവനക്കാർ പറഞ്ഞു: ‘അലക്സേ വാ അകത്തു കിടക്കാനുള്ള സൗകര്യമുണ്ട്. ’ അതുകേട്ട് അലക്സ് ചാടി അകത്തുകയറിയില്ല. ഇനിയുള്ള 30 ദിവസം അത്തരം സൗകര്യമൊന്നുമില്ലല്ലോ. അതുകൊണ്ട് കേരളാഹൗസിന്റെ പുറത്ത് ടെന്റ് കെട്ടി അതിൽ കിടന്നുറങ്ങി. അതിരാവിലെ എഴുന്നേറ്റ് സൂര്യോദയം കണ്ടു, വിവേകാനന്ദപ്പാറയിലും പോയി. യാത്രയുടെ തെളിവായി തയാറാക്കിയ ലോഗ് ബുക്കിൽ കേരളാഹൗസിലെ ജീവനക്കാർ സാക്ഷികളായി ഒപ്പുവച്ചു. പിന്നെ ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ലക്ഷ്യബോധത്തിന്റെയും മൂന്നു കടലുകളെയും ഉള്ളിൽനിറച്ച് കന്യാകുമാരിയോടു യാത്ര പറഞ്ഞു. അങ്ങനെ തന്റെ ലക്ഷ്യസ്‌ഥാനമായിരുന്ന ലേയിലെത്തിയിട്ടും അലക്സിന്റെ ആവേശം കിതപ്പറിഞ്ഞില്ല. കുട്ടാപ്പിയെന്നു പേരിട്ടിരിക്കുന്ന സൈക്കിളിനൊരു മുത്തം കൊടുത്തു വീണ്ടും മുകളിലേക്ക്. ലേയിൽനിന്നു ചെങ്കുത്തായ 37 കിലോമീറ്ററുകൾകൂടി ചവിട്ടിത്താഴ്ത്തി. വാഹനമോടിച്ചെത്താവുന്ന ലോകത്തെ ഏറ്റവും ഉയർന്ന പ്രദേശം. കാർദുംഗ് ലാ ടോപ്. ലോകത്തിന്റെ ഉയരത്തിലേക്കുള്ള വഴികൾ അവിടെ തീരുകയാണ്. അലക്സ് അവിടെനിന്ന് താൻ കീഴടക്കിയ താഴ്വരകളെ കണ്ടു. അതിനുവേണ്ടി ചെയ്ത ത്യാഗങ്ങൾ ഈ ഹിമാലയത്തിനു മുന്നിൽ ഒരു വെള്ളാരംകല്ലു മാത്രം. <യൃ><യൃ><യ>ഇതിനൊക്കെ കാശുവേണ്ടേ?<യൃ><യൃ>തിരുവല്ല മാർതോമ്മ കോളജിലെ മൂന്നാം വർഷ ലിറ്ററേച്ചർ വിദ്യാർഥിയായ അലക്സ് ഈ യാത്രയ്ക്കായി നടത്തിയ ഒരുക്കങ്ങൾകൂടി കേട്ടിട്ടാവാം ബാക്കി. ആരിൽനിന്നും കടം വാങ്ങിയ പണംകൊണ്ടല്ല അലക്സ് യാത്ര ചെയ്തത്. കോളജ് പഠനം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ കോട്ടയം നഗരത്തിലെ ഒരു പബ്ലിക്കേഷൻ സ്‌ഥാപനത്തിൽ രാത്രി എട്ടു മുതൽ രാവിലെ നാലു മണിവരെ പുസ്തക കെട്ടുകൾ അടുക്കിയും ചുമന്നുവച്ചും പണിയെടുത്തു. ദിവസം 500 രൂപ. രണ്ടുമാസം തുടർച്ചയായി ഈ കൂലിപ്പണിക്കു പോയി. സൈക്കിൾ വാങ്ങാൻ പോയത് കളത്തിപ്പടിയിലെ പെന്റാ ബൈക്ക്സിലാണ്. ഡീലറായ റോയി യാത്രയുടെ സാഹസികതയെക്കുറിച്ച് കമ്പനിയെ അറിയിച്ചതോടെ 30,000 രൂപ വിലയുള്ള സൈക്കിൾ സൗജന്യമായി ലഭിച്ചു. സൈക്കിളിനു കുട്ടാപ്പിയെന്നു പേരുമിട്ടു. കാഷ്മീരിൽനിന്നു കന്യാകുമാരിയിലേക്കു 49 ദിവസംകൊണ്ട് സൈക്കിളിൽ യാത്ര ചെയ്തിട്ടുള്ള ലക്നൗ സ്വദേശി ഗൗരവ് സിദ്ധാർത്ഥുമായി ബന്ധപ്പെട്ടു പോകാനുള്ള വഴികളെക്കുറിച്ചു പഠിച്ചു. യൂണിവേഴ്സൽ റിക്കാർഡ്സ് ഫോറത്തിലെ സുനിൽ ജോസഫിന്റെ നിർദേശങ്ങളും സഹായകമായി. <യൃ><യൃ><യ>13 സംസ്‌ഥാനങ്ങൾ 31 ദിവസം <യൃ><യൃ><ശാഴ െൃര=/ളലമേൗൃല/റെ1ബെശേഹ2ബ03072016.ഷുഴ മഹശഴി=ഹലളേ>ഒന്നിനു പിന്നാലെ ഒന്നായി അലക്സ് ചവിട്ടിമറിച്ചത് കേരളം ഉൾപ്പെടെ 13 സംസ്‌ഥാനങ്ങളായിരുന്നു. തമിഴ്നാട്, കർണാടകം, തെലുങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്‌ഥാൻ, യു.പി., ഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ്, ജമ്മു കാഷ്മീർ. ദിവസവും ശരാശരി 14 മണിക്കൂർ സൈക്കിൾ ചവിട്ടി. അതിരാവിലെ ഉണരും. നാലിനു സൈക്കിൾ ചവിട്ടിത്തുടങ്ങും. ഏഴു മണിക്കൂർ ഒറ്റ പിടിത്തം. 11 മണിയാകുമ്പോൾ ബ്രേക്കിടും. വെയിലാറിയിട്ടേ പിന്നെ യാത്രയുള്ളു. ഇടസമയത്ത് ഭക്ഷണമൊക്കെ കഴിച്ച് താനെത്തിച്ചേർന്ന പുതിയ നാട് കണ്ടുനടക്കും. യാത്രയുടെ ലക്ഷ്യം ആളുകളോടു പറയും. മദ്യം വേണ്ട, മയക്കുമരുന്നു വേണ്ട, സ്ത്രീകളോടു മാന്യമായും സ്നേഹത്തോടെയും പെരുമാറണം. ഇതൊക്കെ ഉൾപ്പെടുത്തി തയാറാക്കിയ 1500 ബ്രോഷറുകൾ വിതരണം ചെയ്തു. രണ്ടാം ഘട്ടം വൈകുന്നേരം നാലുമണിക്കു തുടങ്ങും. മിക്കവാറും രാത്രി 11 വരെ യാത്ര തുടരും. അന്തിയുറക്കം ഏതെങ്കിലും പെട്രോൾ പമ്പിലോ ദാബയിലോ ആയിരിക്കും. <യൃ><യൃ><യ>നീലാകാശം, പച്ചക്കടൽ...<യൃ><യൃ>അലക്സിനെ ഏറെ മോഹിപ്പിച്ച സിനിമയാണ് ദുൽഖർ സൽമാൻ നായകനായി വന്ന നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി. പ്രധാന കാരണം അതിലെ തുടർച്ചയായുള്ള യാത്രകളാണ്. അതിലും സാഹസികമായി നാലായിരത്തിലേറെ കിലോമീറ്റർ സൈക്കിൾ ചവിട്ടി ഇന്ത്യയുടെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ സഞ്ചരിച്ച അലക്സിനു പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര അനുഭവങ്ങളാണ് ഉള്ളത്. അതെല്ലാം ചേർത്ത് ഒരു യാത്രാവിവരണം എഴുതണമെന്നാണ് അലക്സിന്റെ ആഗ്രഹം. ഏണസ്റ്റോ ചെഗുവേരയുടെ മോട്ടോർസൈക്കിൾ ഡയറിപോലെ അലക്സിന്റെ ബൈസിക്കിൾ ഡയറീസ്. 23–മാത്തെ വയസിലാണ് ചെഗുവേര കൂട്ടുകാരൻ ആൽബർട്ടോ ഗ്രനേഡോയുമൊത്ത് 1952–ൽ സൗത്ത് അമേരിക്കയിലുടനീളം യാത്ര ചെയ്തത്. 1939 മോഡൽ നോർട്ടൺ മോട്ടോർ സൈക്കിളിൽ 8000 കിലോമീറ്റർ നീണ്ട ആ സാഹസികയാത്രയാണ് പിന്നീട് ദി മോട്ടോർ സൈക്കിൾ ഡയറീസ് എന്ന പേരിൽ പുസ്തകവും തുടർന്നു സിനിമയുമായത്. എന്തായാലും തന്റെ യാത്രാ അനുഭവത്തിന്റെ സംഗ്രഹം അലക്സ് ഇപ്പോൾ തന്നെ പറയും, മനുഷ്യൻ ഒന്നാണ്. അടിസ്‌ഥാനപരമായി യാതൊരു വ്യത്യാസവുമില്ലാത്ത മനുഷ്യർ നീലാകാശത്തിനും ചുവന്ന ഭൂമിക്കും മധ്യേ ചിരിച്ചും കരഞ്ഞും അധ്വാനിച്ചും സ്വപ്നങ്ങൾ കണ്ടും തിന്നും കുടിച്ചും ദിനരാത്രങ്ങൾ കഴിയുന്നു. കാലാവസ്‌ഥയ്ക്കും ഭൂപ്രകൃതിക്കുമനുസരിച്ച് വ്യത്യസ്ത വസ്ത്രങ്ങളും ജീവിതരീതികളുമായി ജീവിക്കുന്നു. അത്രയേ ഉള്ളൂ. ചില ദിവസങ്ങളിൽ 70 കിലോമീറ്റർ പോലും സൈക്കിളോടിക്കാനാവാ തെ ഈ ഇരുപതുകാരൻ കിതച്ചുപോയി. മറ്റു ചിലപ്പോഴാകട്ടെ അണപൊട്ടുന്ന ആവേശത്തോടെ 200 കിലോമീറ്ററിലധികം കുതിച്ചുപാഞ്ഞു. ദിവസം 150 കിലോമീറ്റർ യാത്ര ചെയ്യണമെന്നായിരുന്നു മുൻകൂട്ടി തീരുമാനിച്ചിരുന്നത്. പക്ഷേ, കന്യാകുമാരിയിൽനിന്നു യാത്ര തുടങ്ങിയപ്പോഴേ പണി പാളി. <യൃ><യൃ>തിരുനെൽവേലിയിലെത്തിയപ്പോൾ അതിശക്‌തമായ കാറ്റ് സൈക്കിളിന്റെ വേഗത്തെ ബാധിച്ചെന്നതു മാത്രമല്ല, ക്ഷീണവും വർധിപ്പിച്ചു. കാലുകൾ വേദനകൊണ്ടു പുളഞ്ഞു. 100 കിലോമീറ്റർപോലും തികയ്ക്കാനായില്ല. പാതയ്ക്കപ്പുറത്ത് താമരഭരണി നദി. അതിൽ കുളിച്ചുകയറിയപ്പോൾ ക്ഷീണം കുറഞ്ഞെങ്കിലും ഇനി യാത്ര വേണ്ടെന്നു വച്ചു. അടുത്തുകണ്ട പെട്രോൾ പമ്പിൽ ടെന്റടിച്ച് ആ രാത്രി അവിടെ കഴിഞ്ഞു. അടുത്ത നാലു ദിവസത്തേക്ക് കാലിന്റെ വേദന കൂടിക്കൂടിവന്നു. പക്ഷേ, യാത്ര നിർത്തിയില്ല. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും വേദന അപ്രത്യക്ഷമായി. <യൃ><യൃ><യ>കാഴ്ചകളുടെ ഇന്ത്യൻ പനോരമ<യൃ><യൃ>ഒരു ദിവസം ആന്ധ്രപ്രദേശിലെ കർണൂലിൽ കടത്തിണ്ണയിൽ കിടന്നുറങ്ങുന്നതിനിടെ സൈക്കിൾ ദേഹത്തേക്കു മറിഞ്ഞുവീണു. നോക്കിയപ്പോൾ ഹെൽമെറ്റിനുള്ളിൽ സൂക്ഷിച്ചിരുന്ന ചോക്ലേറ്റ് എടുക്കാനുള്ള നായയുടെ പരാക്രമമാണ്. ഒരെണ്ണം അതിനുകൊടുത്ത് ഓടിച്ചുവിട്ടിട്ട് വീണ്ടും ഉറങ്ങാൻ കിടന്നതേയുള്ളു. ആ പ്രദേശത്തെ മുഴുവൻ തെരുവ് നായ്ക്കളെയുമായി വിദ്വാൻ മടങ്ങിയെത്തിയിരിക്കുന്നു. എത്രയും പെട്ടെന്ന് മുഴുവൻ ചോക്ലേറ്റും പട്ടിസംഘത്തിനു കൊടുത്തശേഷം ഹെൽമെറ്റിലെ മിഠായിമണം കളയാൻ വോളിനി ഓയിന്റ്മെന്റും വാരി പുരട്ടി. എന്നിട്ടും ഉറക്കം അത്ര ശരിയായില്ല. പക്ഷേ, അതിരാവിലെയുള്ള യാത്രയ്ക്ക് തടസമില്ല. <യൃ>മഹാരാഷ്ട്രയിലെ നരസിംഹപൂരിനിടുത്തുള്ള ഒരു ഗ്രാമത്തിൽ രാത്രി ഒമ്പതരയോടെയാണ് എത്തിയത്. ഒരു ഷീറ്റിട്ട കട മാത്രമാണ് അവിടെയുള്ളത്. അതിനു പിന്നിലെ മുറിയിൽ മാതാപിതാക്കളും മൂന്നു മക്കളും കഴിയുന്നു. അവരോട് ടെന്റ് കെട്ടാൻ അനുമതി ചോദിച്ചപ്പോൾ സർപാഞ്ചിനോട് ചോദിക്കണമെന്നു പറഞ്ഞു. ദുരെയുള്ള വീട്ടിലെത്തിയപ്പോൾ ചൂടു കാരണം അടിവസ്ത്രം മാത്രം ധരിച്ച് വീടിന്റെ തിണ്ണയിൽ കിടക്കുകയാണ് ഗ്രാമ മുഖ്യനായ അദ്ദേഹം. തിരിച്ചറിയൽ കാർഡ്, ആധാർ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി സകല രേഖകളുടെയും കോപ്പി കൊടുക്കാൻ പറഞ്ഞു. കോപ്പികളില്ലാതിരുന്നതുകൊണ്ട് എല്ലാത്തിന്റെയും നമ്പർ എഴുതിയെടുത്തു. അവിടെ ഒരു ക്ലിനിക്കിനകത്തു സൈക്കിൾ കയറ്റി അദ്ദേഹം പൂട്ടി. എന്നിട്ടു പുറത്തു കിടന്നുകൊള്ളാൻ പറഞ്ഞു. പിന്നെ സുഖമായി കിടന്നുറങ്ങി. ഒന്നുമില്ലെങ്കിലും സൈക്കിൾ ആരും മോഷ്‌ടിച്ചുകൊണ്ടുപോകില്ലല്ലോ. അപ്പോഴേക്കും യാത്ര പുറപ്പെട്ടിട്ട് 13 ദിവസം പിന്നിട്ടിരുന്നു. <യൃ><യൃ>നാഗ്പൂരിൽ ഉച്ചയ്ക്ക് ഒരു ധാബായിൽവച്ച് അമാൻ, അജോയ് എന്നീ രണ്ടു ദാദാമാരെ പരിചയപ്പെട്ടു. ബ്ലേഡ് പലിശയ്ക്കു പണം കൊടുത്തിട്ട് പിരിവിനിറങ്ങിയതാണ്. പക്ഷേ, സൈക്കിളിൽ ഹിമാലയത്തിലേക്കാണെന്നു പറഞ്ഞപ്പോൾ അവർക്കും അതിശയം. പിന്നെ നാട്ടുകാർ ഭീതിയോടെ കാണുന്ന ആ ദാദാമാർ മസാലദോശയും ചായയും വാങ്ങിത്തന്നു. ആരാധന മൂത്തപ്പോൾ ഒപ്പം നിന്നൊരു സെൽഫി വേണമെന്നായി ആവശ്യം. പോകാൻനേരം അലക്സിന് ഒരു വലിയ പായ്ക്കറ്റ് ചോക്ലേറ്റും സമ്മാനിച്ചു ആ കൊള്ളപ്പലിശക്കാർ. <യൃ><യൃ>ഉത്തർപ്രദേശിലെ ഒരു ധാബയിൽവച്ച് രാത്രിയിൽ ഉറക്കമുണർന്നത് സൈക്കിളിന്റെ ചക്രം കറങ്ങുന്ന ശബ്ദം കേട്ടാണ്. രണ്ടു ട്രക്ക് ഡ്രൈവർമാർ അതു പൊക്കിക്കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നെന്നു തോന്നുന്നു. ഉപദ്രവിക്കരുതേ ഭായീന്നു പറഞ്ഞ് വെറുതെ കൈ കൂട്ടിപ്പിടിച്ചു നിന്നു. എന്തായാലും അവർ സ്‌ഥലം വിട്ടു. രാവിലെയാണ് അറിയുന്നത് റെയ്ബാൻ ഗ്ലാസ് അവർ കൊണ്ടുപോയെന്ന്. <യൃ><യൃ>ഹിമാലയത്തിന്റെ താഴ്വരയിലൂടെയുള്ള യാത്രയിൽ കൂടുതലും കാണുന്നത് ആയിരക്കണക്കിനുള്ള ആടുകളെയും അവയുടെ ഇടയന്മാരെയുമാണ്. ഹിമാചലിലെ മണാലിയിൽനിന്നു റോത്തംഗ്ടോപ്പിലേക്കുള്ള ചുരം കയറാൻ തുടങ്ങിയത് വൈകുന്നേരം അഞ്ചരയ്ക്കായിരുന്നു. മഴ പെയ്യുന്നുണ്ട്. വിശന്നിട്ടു വയ്യ. മർഹിയിൽ പഴയ വണ്ടികളിൽ തല്ലിക്കൂട്ടിയിരിക്കുന്ന കടകളുണ്ട്. എല്ലാത്തിനും തീവില. അവിടെവരെ സാധനങ്ങൾ എത്തിക്കുന്നത് വളരെ ചെലവേറിയ കാര്യമല്ലേ. ജിസ്പാ, സിങ്സിങ് ബാർ, ഭരത്പൂർ, പാങ്, ഉപ്ഷി, കരു, ലേ തുടങ്ങി പലയിടങ്ങളിലും മഞ്ഞുമഴ പെയ്യുകയായിരുന്നു. ഇടയ്ക്ക് വൈദ്യുതിയും മൊബൈൽ ടവറുമൊന്നുമില്ലാത്ത ഗ്രാമങ്ങൾ. നാലുദിവസം വീടുമായി ബന്ധമില്ലാതായി. എല്ലാവരും ഭയപ്പെട്ടു. അവർ ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ടു. ആർമിയുമായി ബന്ധപ്പെട്ട് ഉടനെ വേണ്ടതു ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അതിനുള്ള തയാറെടുപ്പു തുടങ്ങിയപ്പോഴേക്കും അലക്സിന്റെ ഫോൺവിളിയെത്തി.<യൃ><യൃ><യ>ഖാർദുംഗ് ലാ ടോപ്പിലേക്ക്<യൃ><യൃ>കാഷ്മീരിലെ ലഡാക്ക് മേഖലയിലുള്ള താങ്ലങ് ലാ ടോപ്പിലേക്കുള്ള യാത്രയിൽ വശങ്ങളിലെ മലകളിൽനിന്നു കല്ലുകൾ അടർന്നു താഴേക്കു വീഴുന്നതു പലയിടത്തും കണ്ടു. ഒരുതവണ ഹെൽമെറ്റിലേക്കു വീണു. ലേയിൽ എത്തിയപ്പോഴാണ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റോഡ് യാത്ര അവസാനിക്കുന്ന ഖാർദുങ്ലാ ടോപ്പിലേക്കു പോകാമെന്നു വച്ചത്. 39 കിലോമീറ്റർകൂടിയുണ്ട്. സൗത്ത് പുള്ളു വരെ 27 കിലോമീറ്റർ നല്ല റോഡാണ്. അവിടെ ആർമി ചെക്ക് പോസ്റ്റിൽ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ എല്ലാം കാണിച്ചു. സൈക്കിൾ അവിടെ വച്ചിട്ട് ട്രക്കിൽ കയറി പോകാൻ ആർമി ഉദ്യോഗസ്‌ഥർ പറഞ്ഞു. 12 കിലോമീറ്ററേ ഉള്ളെങ്കിലും വിചാരിക്കുന്നത്ര എളുപ്പത്തിൽ അവിടെ എത്തില്ല. രാത്രിയിൽ അവിടെ താമസിക്കാനുമാവില്ല. ഇന്നുതന്നെ തിരിച്ചുപോരണം. തീരുമാനം മാറ്റിയില്ല. പുറപ്പെട്ടു. മഞ്ഞുരുകുന്ന വെള്ളം പൊട്ടിപ്പൊളിഞ്ഞ വഴിയിലൂടെ ഒഴുകിയിറങ്ങുകയാണ്. ലേയിലെ കത്തോലിക്കാ പള്ളിയിൽ ജാക്കറ്റ് ഉൾപ്പെടെയുള്ളവ വച്ചു മറന്നതിനാൽ തണുപ്പ് അസ്‌ഥികളെ തുളച്ചിറങ്ങുകതന്നെ ചെയ്തു. 6.45–ന് കാർദുംഗ് ലാ ടോപ്പിലെത്തി. ഉയരങ്ങൾതേടിയുള്ള മനുഷ്യന്റെ വാഹനയാത്ര അവസാനിക്കുന്നിടം. ഇനി മുകളിലേക്കല്ല താഴേക്കാണു യാത്ര. അവിടെനിന്ന് അലക്സ് ചുറ്റും കണ്ണോടിച്ചു. മഞ്ഞിന്റെ പുതപ്പിൽ സഹസ്രാബ്ദങ്ങളായി അടയിരിക്കുന്ന പർവതങ്ങൾ. മധ്യ ഏഷ്യയിലേക്ക് യാത്ര ചെയ്തിരുന്ന കച്ചവടസംഘങ്ങളുടെ കാല്പാദം പതിഞ്ഞ മലഞ്ചെരിവുകൾ. <യൃ><യൃ><യ>മടക്കം<യൃ><യൃ> 7.30. അലക്സ് സൈക്കിളിൽ അതിവേഗം താഴേക്കു കുതിച്ചു. ഇരുട്ടുമായി മലകയറുന്ന മഞ്ഞിന്റെ കുതിരവണ്ടികൾ പാത നിറഞ്ഞു. സൈക്കിളിന്റെ വേഗം കുറഞ്ഞു. ഒന്നും കാണാനാവുന്നില്ല. ബുദ്ധസന്യാസിമാരുടെ ഒരു ട്രക്ക് തൊട്ടു പിന്നിലെത്തി. വണ്ടിയിൽകയറൂ വഴി അപകടമാണെന്നു പറഞ്ഞു. സൈക്കിൾ യാത്രയ്ക്കായിട്ടാണ് ഇറങ്ങിയതെന്നു പറഞ്ഞ് അലക്സ് പെഡലിൽതന്നെ കാലുറപ്പിച്ചു. അപരിചിതനായ സൈക്കിൾ സവാരിക്കാരനെ മുന്നിൽ പോകാനനുവദിച്ചു സന്യാസിമാരുടെ ട്രക്ക് പിന്നാലെ നീങ്ങി. ട്രക്കിന്റെ വെളിച്ചത്തിൽ കുള്ളു വരെയെത്തി. ആർമി ഓഫീസിൽ റിപ്പോർട്ടു ചെയ്തു. ലേയിലേക്കുള്ള ബാക്കി യാത്രയിൽ ഒരു കാറുകാരനോട് സഹായം ചോദിച്ചു. പിന്നെ അലക്സിനു പിന്നാലെ സാവകാശം അയാൾ കാറോടിച്ചു. അപരിചിത വഴിയിലെ അജ്‌ഞാത വെളിച്ചങ്ങൾ. അന്ന് ജൂൺ 17. വീട്ടിൽനിന്നിറങ്ങിയിട്ട് ഒരു മാസം. <യൃ>രാത്രി വൈകി ലേയിലെ സെന്റ് പീറ്റേഴ്സ് കത്തോലിക്കാ പള്ളിയിലെത്തി. അവിടത്തെ മലയാളി വൈദികന്റെ ആതിഥ്യത്തിലായിരുന്നു പിന്നീടുള്ള രണ്ടു ദിവസം. ലേയിലെ ബുദ്ധിസ്റ്റ് മൊണാസ്റ്ററികളിൽ കയറിയിറങ്ങി. തെരുവിലൂടെ അലസമായി നടന്നു. 720 കിലോമീറ്റർ ദുരെയുള്ള ജമ്മുവിലേക്ക് ഒരു ഷെയർ ടാക്സിയിൽ കാഷ്മീരികൾക്കൊപ്പമിരുന്നു മടക്കയാത്ര. 4109 കിലോമീറ്റർ സന്തതസഹചാരിയായിരുന്ന കുട്ടാപ്പിയെ ജീപ്പിനു മുകളിൽ കെട്ടിവച്ചു. ജമ്മുവിൽനിന്നു മുംബൈയിലേക്കും അവിടെനിന്നു കോട്ടയത്തേക്കും ട്രെയിനിലായിരുന്നു യാത്ര. കോട്ടയത്തു സ്വീകരിക്കാൻ നാട്ടുകാരും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമുൾപ്പെടെ നിരവധിപ്പേർ. ഇതിനിടെ യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിന്റെ (യുആർഎഫ്) സൈറ്റിൽ അലക്സിന്റെ ചിത്രം വന്നുകഴിഞ്ഞു. കുറഞ്ഞ സമയംകൊണ്ട് ഏറ്റവും കൂടുതൽ ദൂരം സൈക്കിളിൽ യാത്ര ചെയ്തതിനുള്ള ദേശീയ റിക്കാർഡ്. <യൃ><യൃ><യ>യാത്ര തുടരും<യൃ><യൃ>കൃഷിക്കാരനായ പിതാവ് ജോർജ് കെ. ജോഷ്വ, കീഴ്വായ്പൂര് എം.റ്റി. സ്കൂൾ ഹെഡ്മിസ്ട്രസായ അമ്മ ലാലു, ഡെറാഡൂണിൽ എം.എസ് നഴ്സിങ്ങിനു പഠിക്കുന്ന സഹോദരി ആൻ മറിയം, എക്സ്പോർട്ടിംഗ് കമ്പനിയിൽ ഉദ്യോഗസ്‌ഥനായ ചേട്ടൻ അലൻ, റിട്ടയേഡ് ഹെഡ്മിസ്ട്രസായ വല്യമ്മച്ചി മറിയാമ്മ, നാട്ടുകാർ, സഹപാഠികൾ തുടങ്ങി പ്രോത്സാഹനം നല്കിയവരെല്ലാം അലക്സിനു ചുറ്റുംകൂടിയിരിക്കുകയാണ് യാത്രാവിവരണം കേൾക്കാൻ. ഹിമാലയൻ യാത്ര അലക്സിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന വലിയ സാഹസികതയുടെ ഒരുക്കങ്ങൾ തലയിൽ ഇരമ്പുന്നത് അടുത്തുനില്ക്കുന്നവർക്കു കേൾക്കാം. <യൃ>സാഹസികനു ശുഭയാത്ര!<യൃ><യൃ><യ>ജോസ് ആൻഡ്രൂസ്