ദൈവവുമായി കൂട്ടുകൂടിയ സിംഗ്
ഏപ്രിൽ 16, 2000. അന്നായിരുന്നു അക്കൊല്ലത്തെ പ്രസിദ്ധമായ ലണ്ടൻ മാരത്തൺ ഓട്ടം നടന്നത്. ആ മാരത്തൺ ഓട്ടത്തിലെ ഒരു സൂപ്പർതാരം 1992–ൽ ഇന്ത്യയിൽനിന്നു ബ്രിട്ടനിലേക്കു കുടിയേറിയ ഫൗജാ സിംഗ് ആയിരുന്നു. അന്ന് അദ്ദേഹം നാൽപത്തിരണ്ട് കിലോമീറ്റർ ദൂരം ആറുമണിക്കൂർ അൻപത്തിനാല് മിനിറ്റുകൊണ്ട് ഓടിയെത്തി. അതൊരു ലോകറിക്കാർഡായിരുന്നു. തൊണ്ണൂറു വയസ് പ്രായമുള്ളവരുടെ ഗണത്തിലാണ് അദ്ദേഹം ഈ റിക്കാർഡ് സ്‌ഥാപിച്ചത്!

ഇതിനുശേഷം അടുത്ത നാലുവർഷവും ഫൗജാ സിംഗ് ലണ്ടൻ മാരത്തണിൽ ോടി സ്പോർട്സ് പ്രേമികളെ ഹരംകൊള്ളിച്ചു. അങ്ങനെയാണ് 2003–ൽ അദ്ദേഹം അഡിഡാസ് എന്ന സ്പോർട്സ് ഗുഡ്സ് കമ്പനിയുടെ പോസ്റ്റർ ബോയി ആയി മാറിയത്.അക്കാലത്തെ ഫുട്ബോൾ സൂപ്പർതാരമായിരുന്ന ഡേവിഡ് ബെക്കാമിന്റെ സ്‌ഥാനത്താണ് ഫൗജാ സിംഗ് അഡിഡാസിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത് എന്നത് അദ്ദേഹത്തിന്റെ പ്രസിദ്ധിയും താരമൂല്യവും എത്രമാത്രമായിരുന്നുവെന്നു വ്യക്‌തമാക്കുന്നു.

2013–ൽ ഹോങ്കോംഗ് മാരത്തണിലാണ് ഫൗജാ സിംഗ് അവസാനമായി ഒരു മാരത്തൺ മത്സരത്തിൽ പങ്കെടുത്തത്. അതിനു മുൻപായി 2003–ൽ ന്യൂയോർക്ക് സിറ്റി മാരത്തണിലും 2011–ൽ ടൊറന്റോ വാട്ടർ ഫ്രണ്ട് മാരത്തണിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി. ചെറുതും വലുതുമായ പതിനഞ്ച് മാരത്തൺ ഓട്ടങ്ങളിൽ പങ്കെടുത്തിട്ടുള്ള ഫൗജാ സിംഗിന് ബ്രിട്ടീഷ് എമ്പയർ മെഡൽ നൽകി 2015–ൽ ബ്രിട്ടീഷ് ഗവൺമെന്റ് ആദരിക്കുകയുണ്ടായി. അമേരിക്കയിൽനിന്നുള്ള ’എല്ലിസ് ഐലൻഡ് മെഡൽ ഓഫ് ഓണർ’ 2003–ൽ അദ്ദേഹത്തിനു നേരത്തെ ലഭിച്ചിരുന്നു. 2011–ൽ ബ്രിട്ടനിൽനിന്നുള്ള പ്രൈസ് ഓഫ് ഇന്ത്യ അവാർഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

പഞ്ചാബിലെ ജലന്ധറിലാണ് ഫൗജാ സിംഗ് ജനിച്ചത്. ഔദ്യോഗിക രേഖകളില്ലെങ്കിലും 1911 ഏപ്രിൽ ഒന്നാണ് അദ്ദേഹത്തിന്റെ ജനനത്തീയതിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ജനനത്തീയതി സംബന്ധിച്ച് ഔദ്യോഗിക രേഖകളൊന്നും ഇല്ലാത്തതുമൂലം അദ്ദേഹത്തിന്റെ നേട്ടങ്ങൾ അംഗീകരിക്കാൻ ഗിന്നസ് വേൾഡ് റിക്കാർഡ്സ് ഇതുവരെയും തയാറായിട്ടില്ല.

നാലുമക്കളിൽ ഇളയവനായിരുന്ന ഫൗജാ സിംഗിനു ചെറുപ്പത്തിൽ കാലുകൾക്കു ശേഷിക്കുറവുണ്ടായിരുന്നു. തന്മൂലം അഞ്ചുവയസിലാണ് അദ്ദേഹം നടക്കാൻ തുടങ്ങിയത്. എന്നാൽ കുറേ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഓടുന്നതിൽ അദ്ദേഹം അതിസമർഥനായി മാറിയത്രേ. എങ്കിലും അക്കാലത്തെ സാഹചര്യങ്ങൾ ഈ രംഗത്തെ അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് സഹായകരമല്ലായിരുന്നു.
കൃഷിയായിരുന്നു ഫൗജാ സിംഗിന്റെ ജോലി. 1992–ൽ അദ്ദേഹത്തിന്റെ ഭാര്യ മരിച്ച് അധികം താമസിയാതെ ഇംഗ്ലണ്ടിലുണ്ടായിരുന്ന മകന്റെ അടുത്തേക്ക് അദ്ദേഹം താമസം മാറ്റി. അവിടെയെത്തി കുറേനാൾ വെറുതെയിരുന്നു മുഷിഞ്ഞതിനാലാണ് ഫൗജാ സിംഗ് വീണ്ടും ഓടുന്ന കാര്യം ആലോചിച്ചത്. വ്യായാമത്തിനും ഉല്ലാസത്തിനുമായി 1995–ൽ അദ്ദേഹം ഓടാൻ തുടങ്ങിയെങ്കിലും 2000–ലാണ് ആദ്യത്തെ മാരത്തണിൽ പങ്കെടുക്കുന്നത്. അപ്പോഴേക്കും മാരത്തൺ ഓട്ടക്കാരനായ ഹർമിന്ദർസിംഗ് എന്ന കോച്ചിന്റെ സേവനം അദ്ദേഹത്തിനു ലഭിച്ചുതുടങ്ങിയിരുന്നു.
ഫൗജാ സിംഗിന് നൂറുവയസുള്ളപ്പോൾ കാനഡയിലെ ടൊറന്റോയിൽവച്ച് ഓട്ടത്തിൽ എട്ടു ലോകറിക്കാർഡുകൾ അദ്ദേഹം സ്‌ഥാപിക്കുകയുണ്ടായി. 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 800 മീറ്റർ, 1500 മീറ്റർ, ഒരുമൈൽ, 3000 മീറ്റർ, 5000 മീറ്റർ എന്നിവയിലായിരുന്നു ഒറ്റദിവസത്തിനുള്ളിൽ അദ്ദേഹം റിക്കാർഡുകൾ സ്‌ഥാപിച്ചത്. ആരെയും അതിശയിപ്പിക്കുന്ന കായികരംഗത്തെ നേട്ടങ്ങലുടെ ഉടമയായ ഫൗജാ സിംഗിന്റെ ജീവചരിത്രം സുപ്രസിദ്ധ എഴുത്തുകാരനായ കുഷ്വന്ത്സിംഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകം ആദ്യമായി പ്രകാശനം ചെയ്യപ്പെട്ടത് 2011 ജൂലൈ ഏഴിനു ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിലെ ആറ്റ്ലി റൂമിൽവച്ചായിരുന്നു.
വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്ന ഫൗജാ സിംഗ് എപ്പോഴും വളരെ പ്രസാദാത്മകമായ ചിന്താഗതി വച്ചുപുലർത്തുന്ന ആളാണത്രേ. അദ്ദേഹം പറഞ്ഞിട്ടുള്ളതനുസരിച്ചു ദൈവത്തിന്റെ നാമം ഓർമിച്ചുകൊണ്ടാണത്രേ അദ്ദേഹം എല്ലാദിവസവും ഉറങ്ങാൻപോകുന്നത്. 2000–മാണ്ടിലെ ലണ്ടൻ മാരത്തൺ ഓടിക്കഴിഞ്ഞപ്പോൾ ഒരു പത്രപ്രവർത്തകൻ അദ്ദേഹത്തോടു ചോദിച്ചു, ‘അങ്ങയുടെ ഈ പ്രായത്തിൽ ഇരുപത്തിയാറു മൈൽ ദൂരം ഓടുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലേ?‘
അപ്പോൾ അദ്ദേഹം പറഞ്ഞു, ‘ആദ്യത്തെ ഇരുപതുമൈൽ അത്ര ബുദ്ധിമുട്ടില്ല. അടുത്ത ആറുമൈൽ ദൂരം ദൈവത്തോടു സംസാരിച്ചുകൊണ്ടാണു ഞാൻ ഓടുന്നത്.‘

ദൈവത്തെ കൂട്ടുപിടിച്ചുകൊണ്ടുള്ള ഓട്ടം. അതാണ് ഫൗജാ സിംഗിന്റെ വിജയത്തിന്റെ പ്രധാന സത്യം. തന്റെ കഴിവിന്റെ പരിമിതിയെക്കുറിച്ച് ഏറെ ബോധ്യമുള്ളതുകൊണ്ടായിരുന്നു അദ്ദേഹം ദൈവത്തെ കൂട്ടുപിടിച്ചുകൊണ്ടു മാരത്തൺ ഓടിയത്. ദൈവവുമായുള്ള ആ കൂട്ടുകെട്ട് അദ്ദേഹത്തിന് അദ്ഭുതകരമായ പല വിജയങ്ങളും സമ്മാനിച്ചു.

നാമെല്ലാവരും നമ്മുടെ ജീവിതത്തിലെ വിവിധ രംഗങ്ങളിൽ ധാരാളം ഓട്ടം ഓടുന്നവരാണ്. എന്നാൽ നമ്മുടെ ഓട്ടത്തിൽ ദൈവത്തെ കൂട്ടുപിടിക്കാൻ നാം ഓർമിക്കാറുണ്ടോ? അതിനു പരിശ്രമിക്കാറുണ്ടോ? നമ്മുടെ വിവിധ ജീവിതാവശ്യങ്ങളിൽ നാം സാധാരണയായി ദൈവത്തിന്റെ സഹായം തേടാറുണ്ടായിരിക്കാം. അതു തീർച്ചയായും നല്ലതുതന്നെ. എന്നാൽ, നമ്മുടെ ജീവിതഓട്ടത്തിൽ സദാസമയവും ദൈവവുമായി അടുത്തബന്ധം പുലർത്താൻ നമുക്ക് സാധിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

ലണ്ടൻ മാരത്തണിന്റെ അവസാനത്തെ ആറുമൈൽ ദൈവത്തോടു സംസാരിച്ചുകൊണ്ടാണ് ഓടിയത് എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ആദ്യത്തെ ഇരുപതുമൈൽ ഓടിയപ്പോൾ അദ്ദേഹം ദൈവത്തെ കൂട്ടുപിടിച്ചില്ല എന്നു കരുതരുത്. തീർച്ചയായും അദ്ദേഹം എപ്പോഴും ദൈവത്തെ കൂട്ടുപിടിച്ചുതന്നെയാണ് ഓടിയത്. എന്നാൽ ഓട്ടം ബുദ്ധിമുട്ടേറിയതുമുതൽ പൂർണസമയവും ദൈവത്തിന്റെ കൈപിടിച്ചാണ് അദ്ദേഹം ഓടിയത് എന്നു സാരം.

നാം നമ്മുടെ ജീവിതത്തിൽ എപ്പോഴും അവിടുത്തെ കൈപിടിച്ചുകൊണ്ടുവേണം മുന്നോട്ടുപോകാൻ. എന്നാൽ ഏറെ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യങ്ങളിൽ അവിടുത്തെ മുറുകെപ്പിടിച്ച് അവിടുത്തോടു ഹൃദയപൂർവം സംസാരിച്ചുകൊണ്ടുവേണം നാം മുന്നോട്ടുപോകാൻ. എങ്കിൽ മാത്രമേ പ്രതിസന്ധികൾക്കു മുന്നിൽ പതറാതെ ജീവിതഓട്ടത്തിൽ നമുക്ക് വിജയം വരിക്കാനാവൂ.
ഫൗജാ സിംഗിനെപ്പോലെ ദൈവത്തോടു സംസാരിച്ചുകൊണ്ട് നമ്മുടെ ജീവിത ഓട്ടം നമുക്ക് ഓടാം. അപ്പോൾ നാമും ജീവിതത്തിൽ വിജയം കണ്ടെത്തും.

<യ>ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ