‘സംഗീതം ദൈവത്തിന്റെ സമ്മാനം’
കച്ചേരികൾ അവസാനിക്കുന്നിടത്ത് വികാരപരമായ നിമിഷങ്ങളുണ്ട്. ചിലപ്പോൾ നിലയ്ക്കാത്ത കൈയടികളായിരിക്കും. കച്ചേരി കഴിഞ്ഞെന്നു വിശ്വസിക്കാതെ ചിലപ്പോൾ കേൾവിക്കാർ നിശബ്ദരായിക്കും. കലാകാരന്മാരിലുമുണ്ടാകും വിവിധ രീതികൾ. പ്രഫ. ടി.എൻ. കൃഷ്ണൻ വയലിനിന്റെ ട്യൂണിംഗ് പെഗ്സ് കൂപ്പുകൈക്കുള്ളിൽ ചേർത്തുപിടിച്ച് പുഞ്ചിരിയോടെ ഇരിക്കുന്നത് കാണേണ്ടകാഴ്ചയാണ്. വേദിയിലെ വിളക്കുകൾ മെല്ലെ അണഞ്ഞുതുടങ്ങിയാലും ആ ചിരി വെളിച്ചംപകർന്നുകൊണ്ടിരിക്കും.

ഇതാ, പ്രഗത്ഭ ഘടം വിദ്വാൻ വിക്കു വിനായകറാമിനെ കാണാം. ഘടത്തിൽ തഴമ്പുള്ള വിരലുകളുടെ അപൂർവസഞ്ചാരങ്ങൾ കഴിഞ്ഞിരിക്കും. മടിയിൽ വയറിനോടു ചേർന്നിരുന്ന ഘടം പലവട്ടം വായുവിൽ ഉയർന്നുതാണിരിക്കും. അത് അരികിൽ ചേർത്തുവച്ച് പട്ടുതുണി മുകളിൽചാർത്തി, ആ ചെറിയ മനുഷ്യൻ എഴുനേറ്റുനിൽക്കും. ചിലപ്പോഴൊക്കെ ഒപ്പം വായിച്ചവരുടെ കൈകൾ കൂടി പിടിച്ചുയർത്തും. ഒരു നിറചിരിയോടെ കൈകൂപ്പും. ഒരു ഭാഗ്യം വന്നുചേർന്ന തൃപ്തിയോടെ കേൾവിക്കാർ പതിയെ എഴുന്നേൽക്കും.

ഘടം എന്ന സംഗീതോപകരണത്തെ ജനകീയമാക്കിയതിൽ പ്രമുഖനാണ് ഗ്രാമി അവാർഡ് ജേതാവുകൂടിയായ തേട്ടക്കുടി ഹരിഹര വിനായകറാം എന്ന വിക്കു വിനായകറാം. 74കാരനായ അദ്ദേഹം ഇപ്പോഴും സംഗീതത്തിൽ പുതുവഴികൾതേടുന്നു. സംഗീതത്തെ ദൈവാനുഗ്രഹമായി കണ്ടാൽ മാത്രമേ അതിന്റെ പൂർണത അനുഭവിക്കാനാകൂ എന്ന് ആണയിടുന്നു.
അദ്ദേഹം പറയുന്നതിങ്ങനെ: ‘‘ആത്മസമർപ്പണമാണ് പ്രധാനം. ഒരു ധ്യാനത്തിലെന്നപോലെ സ്വയം സംഗീതത്തിനു സമർപ്പിക്കണം. പാടുകയാണെന്നോ ഏതെങ്കിലും ഉപകരണം വായിക്കുകയാണെന്നോ ചിന്തിക്കരുത്. ഒരുപാടു തയാറെടുപ്പോടെ നമ്മൾ മുഴുവനായി ഒരുങ്ങിക്കഴിഞ്ഞു എന്നുകരുതിയാവും കച്ചേരി തുടങ്ങുക. എന്നാൽ വേദിയിൽ എന്താണ് സംഭവിക്കുക? നമ്മുടെ ആശയക്കുഴപ്പങ്ങളും പേടിയും മനസിലേക്കു കടന്നുവരും. അതിനെ മറികടന്നേതീരൂ. അപ്പോൾ ഇതെല്ലാം ദൈവത്തിന്റെ സമ്മാനമാണെന്നുറപ്പിച്ച്, തെറ്റുകൾ ക്ഷമിക്കണേയെന്ന് അദ്ദേഹത്തോടു പ്രാർഥിച്ചുവേണം കച്ചേരി തുടങ്ങാൻ’’..

ചെന്നൈയിൽ സംഗീതജ്‌ഞനും അധ്യാപകനുമായ കലൈമാമണി ടി.ആർ. ഹരിഹര ശർമയുടെ മകനായാണ് വിനായകറാം ജനിച്ചത്. 13–ാം വയസിൽ കച്ചേരികൾക്കു തുടക്കമിട്ടു. അന്നൊരു സുഖകരമല്ലാത്ത സംഭവമുണ്ടായി. കച്ചേരിക്കായി ട്യൂൺ ചെയ്തുവച്ചിരുന്ന ഘടം ഒരു കുട്ടിയുടെ കൈതട്ടി വീണുടഞ്ഞു. ശുഭകരമല്ലെന്നു തോന്നാമെങ്കിലും അതൊരു നല്ല സൂചനയായിരുന്നെന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ സംഗീതയാത്രകൾ തെളിയിക്കുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതർ, എം. ബാലമുരളീകൃഷ്ണ, ജി.എൻ. ബാലസുബ്രഹ്മണ്യൻ, മധുരൈ മണി അയ്യർ, ശെമ്മാങ്കുടി ശ്രീനിവാസയ്യർ, എം.എസ്. സുബ്ബലക്ഷ്മി, മഹാരാജപുരം സന്താനം തുടങ്ങിയ മഹാപ്രതിഭകൾക്കൊപ്പം അദ്ദേഹം കച്ചേരികൾ നടത്തി.

പൂർവപിതാക്കന്മാരുടെ അനുഗ്രഹത്താലാണ് ഇന്നുനിൽക്കുന്നിടത്ത് എത്തിയതെന്ന് അദ്ദേഹം പറയും. ‘‘ചെറുപ്പകാലംമുതൽ എന്റെ സമയവും കഠിനാധ്വാനവും സംഗീതത്തിനുവേണ്ടി മാറ്റിവച്ചു. പ്രഭാതത്തിൽ നിങ്ങൾ ചെയ്യുന്നതെന്തോ അത് ആ ദിവസം മുഴുവനും സ്വാധീനം ചെലുത്തുന്നതുപോലെ ആ യാത്ര തുടർന്നു.

എനിക്ക് എട്ടാം ഗ്രേഡിൽ സ്കൂളിൽനിന്നിറങ്ങേണ്ടിവന്നു. രാഗവും താളവും മനസിലാക്കുന്നതിലെ കണക്കുകൂട്ടലുകൾക്ക് അതുകൊണ്ടുതന്നെ എനിക്ക് കൂടുതൽ പരിശ്രമം വേണ്ടിവരികയും ചെയ്തു. ഇപ്പോൾ ഞാൻ ഇംഗ്ലീഷ് പറയും. പഠനം പൂർത്തിയാക്കാൻ പറ്റാത്തതിൽ വിഷമമൊന്നുമില്ല. എന്നാലും വിദ്യാഭ്യാസമാണ് സംഗീതജ്‌ഞനെ പൂർണനാക്കുന്നതെന്ന് ഞാൻ കരുതുന്നു’’– അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞു.

ലോകമറിയുന്ന സംഗീതജ്‌ഞനാകാൻ വിനായകറാമിന് വിലങ്ങുതടികളൊന്നുമുണ്ടായില്ല. എഴുപതുകളിൽ അദ്ദേഹംകൂടി ഉൾപ്പെട്ട ശക്‌തി എന്ന ട്രൂപ്പ് അന്തർദേശീയ പ്രശസ്തിനേടി. ഗിറ്റാർ മാന്ത്രികൻ ജോൺ മാക്ലോഫ്ളിനും തബലയിലെ വിസ്മയമായ ഉസ്താദ് സക്കീർ ഹുസൈനുമായിരുന്നു ശക്‌തിയിലെ മറ്റ് അംഗങ്ങൾ. ഗ്രാമി അവാർഡ് നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ സംഗീതജ്‌ഞനുമായി അദ്ദേഹം. ബെസ്റ്റ് വേൾഡ് മ്യൂസിക് ആൽബം വിഭാഗത്തിലായിരുന്നു ആ പുരസ്കാരം. മിക്കി ഹാർട്ടിന്റെ പ്ലാനറ്റ് ഡ്രം എന്ന ആൽബത്തിൽ ഘടവും മോർസിങ്ങും വായിച്ചാണ് അദ്ദേഹം ഗ്രാമിയിലേക്ക് നടന്നുകയറിയത്. സംഗീതനാടക അക്കാഡമി ഫെലോഷിപ്പ്, പത്മഭൂഷൺ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.

എം.എസ്. സുബ്ബലക്ഷ്മിയോടൊത്തുള്ള ഒരു കച്ചേരി ഇന്നും അദ്ദേഹത്തിന്റ ഓർമകളിൽ തെളിഞ്ഞുനിൽക്കുന്നു. മുംബൈയിലെ ഷൺമുഖാനന്ദ ഹാളിൽ കച്ചേരി തുടങ്ങാറായപ്പോഴാണ് വൈദ്യുതി തകരാറിലായത്. നാലു മണിക്കൂർ കഴിഞ്ഞേ കറന്റ് വരൂ എന്ന അറിയിപ്പുംകിട്ടി. പകരം സംവിധാനങ്ങൾ ഒന്നുമില്ല. എല്ലാവരും എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചുനിൽക്കുമ്പോൾ ഹാളിൽ മെഴുകുതിരികൾ തെളിഞ്ഞുതുടങ്ങി. ഏതാണ്ട് അയ്യായിരം പേരടങ്ങുന്ന ഹാൾ മെഴുകുതിരിവെട്ടത്തിൽ, സൂചി നിലത്തുവീണാൽ കേൾക്കുന്നത്ര നിശബ്ദതയിൽ!.. അന്ന് മൈക്കില്ലാതെ അത്രയുംപേർക്കുമുന്നിൽ കച്ചേരി നടത്തി. ഹൃദയത്തിൽ ചേർത്തുവയ്ക്കുന്ന സന്ദർഭമെന്നാണ് വിനായകറാം അതിനെ വിശേഷിപ്പിക്കുന്നത്.

ചെന്നൈയിലെ ശ്രീ ജയ ഗണേശ് താള വാദ്യ വിദ്യാലയയുടെ പ്രിൻസിപ്പലാണ് വിക്കു വിനായകറാം. 1958ൽ പിതാവ് തുടക്കമിട്ടതാണ് ഈ സ്‌ഥാപനം. കർണാടക സംഗീതത്തിലെ താളവാദ്യ രംഗത്തിന് പുത്തൻ താരോദയങ്ങൾ സമ്മാനിക്കുകയാണ് ഇതിലൂടെ. കുടുംബത്തിലെ മൂന്നാം തലമുറയും സംഗീതരംഗത്ത് സജീവമായുണ്ട്. വിനായകറാമിന്റെ മകൻ വി. സെൽവഗണേശ് അറിയപ്പെടുന്ന താളവാദ്യവിദഗ്ധനാണ്. ശക്‌തിയിൽ പിതാവിനൊപ്പം പ്രവർത്തിച്ച ജോൺ മാക്ലോഫ്ളിനൊപ്പമുള്ള വിദേശ കച്ചേരികൾ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

വിരലുകളുടെ തളക്കം, ഘടത്തിന്റെ വായ്ഭാഗം നിയന്ത്രിക്കാനുള്ള വയറിലെ പേശികളുടെ ദൃഢത, അതിസൂക്ഷ്മമായ താളബോധം.. ഇതെല്ലാം വേണം ഒരു തികഞ്ഞ ഘടം കലാകാരന്. കളിമണ്ണിൽ ലോഹപ്പൊടികൾ ചേർത്തുകുഴച്ച് മെനഞ്ഞെടുക്കുന്ന ഘടത്തിനു പുറത്ത് വിരലുകളും, അകത്ത് വായുവും സഞ്ചരിക്കുമ്പോൾ കേൾവിക്കാരും സ്വയംമറന്നു താളംപിടിക്കും... അതവരുടെ ഹൃദയമിടിപ്പാകും. കച്ചേരി തീരുന്നതറിയാതെ ആ താളം തുടരും..

<യ>ഹരിപ്രസാദ്