രസകരം ശ്വാനചരിതം
ബിസി ആറാം ശതകം മുതൽ നായ്ക്കളെക്കുറിച്ച് ചരിത്രത്തിൽ പരാമർശിക്കുന്നുണ്ട്. നായ്ക്കൾക്കും മനുഷ്യർക്കും തമ്മിലുള്ള ബന്ധത്തിന്റെ നിരവധി കഥകൾ പുരാണേതിഹാസങ്ങളിലും പ്രതിപാദിക്കുന്നു. യജമാനസ്നേഹത്തിന്റെയും വിശ്വസ്തതയുടെയും കാര്യത്തിൽ നായ്ക്കളെ കടത്തിവെട്ടുന്ന ജന്തുക്കൾ വളരെ പരിമിതമാണ്. യുദ്ധത്തിലും കേസന്വേഷണത്തിലും നായ്ക്കൾ വഹിച്ചിട്ടുള്ള പങ്ക് അമ്പരപ്പിക്കുന്നവയും.

ലോകത്തിലെ ഏറ്റവും ഭാരമുള്ള നായ്ക്കൾ ഗ്രേറ്റ് ഡെയ്ൻ വിഭാഗത്തിൽപ്പെട്ടവയാണ്. 30 ഇഞ്ച് ഉയരം വരെ വളരുന്ന ഇവയുടെ ഭാരം പരമാവധി 250 പൗണ്ട് വരെ വരും. ഇന്നുവരെ കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും ഭാരമേറിയ നായ് എന്ന ബഹുമതി ഐകാമ സോർബ എന്ന ഇംഗ്ലീഷ് മാസ്റ്റിഫ് നായയ്ക്കുള്ളതാണ്. 155.6 കിലോഗ്രാം തൂക്കമുണ്ടായിരുന്ന അതിന്റെ മൂക്കുമുതൽ വാൽവരെയുണ്ടായിരുന്ന നീളം എട്ടടി ആയിരുന്നു. എന്നാൽ, ലോകചരിത്രത്തിൽ എക്കാലത്തെയും ഭാരമുണ്ടായിരുന്ന നായ് എന്നു കരുതപ്പെടുന്നത് ബനഡിക്ടൻ എന്ന സെന്റ് ബർണാർഡ് സ്വദേശിയായ നായയാണ്. അതിന്റെ ഭാരമാകട്ടെ 166 കിലോഗ്രാം അഥവാ 366 പൗണ്ടും.

ലോകത്തിലെ ഏറ്റവും നീളമുണ്ടായിരുന്ന സൂയസ് എന്ന നായ അഞ്ചാമത്തെ വയസിൽ മരണപ്പെട്ടതാണ് മൃഗസ്നേഹികളെ ഏറ്റവും ദുഃഖിപ്പിച്ച ഒരു സംഭവം. അമേരിക്കയിലെ മിഷിഗണിലുള്ള ഒട്സെഗോ സ്വദേശിയായ സൂയസിന് പാദം മുതൽ തോൾവരെ ഉണ്ടായിരുന്ന ഉയരം 111.8 സെന്റീമീറ്റർ (44 ഇഞ്ച്) ആയിരുന്നു. ഏഴടി നാലിഞ്ച് ഉയരം വരുന്ന ഒരു ഒത്ത കഴുതയുടെ വലിപ്പമെന്നു സാരം. കെവിൻ ഡൂർലാഗ് എന്ന മൃഗസ്നേഹിയായിരുന്നു സൂയസിന്റെ ഉടമസ്‌ഥൻ.

പൈർനിയർ മാസ്റ്റിഫ്, ലിയോൺ ബർജർ, ടിബറ്റൻ മാസ്റ്റിഫ്, ഐറിഷ് വൂൾഫ് ഹൗണ്ട്, കൗകാഷ്യൻ ഷെപ്പേർഡ്, ബുൾ മാസ്റ്റിഫ് തുടങ്ങിയ അനേകം നായ്ക്കൾ ഉണ്ട്. വലിപ്പത്തിന്റെയും നീളത്തിന്റെയും ഉയരത്തിന്റെയും ഭാരത്തിന്റെയും കാര്യത്തിൽ ഇവ മുൻപന്തിയിലാണ്. ടിബറ്റൻ മാസ്റ്റിഫിന് 24 മുതൽ 26 വരെ ഇഞ്ച് ഉയരം വയ്ക്കും. 85 മുതൽ 140 പൗണ്ട് വരെ ഭാരവും. 14 വർഷമാണ് പരമാവധി ആയുർദൈർഘ്യം. ബുദ്ധികൂർമതയിലും കായികശേഷിയിലും ഇവയെ വെല്ലാൻ ആർക്കും സാധ്യമല്ല. നീളം കൂടിയ നായ എന്ന ബഹുമതി ഗ്രേറ്റ് ഡെയ്ൻ വിഭാഗം നിലനിർത്തുമ്പോൾ ഭാരം കൂടിയ നായ എന്ന പദവി മാസ്റ്റിഫ് നായ നിലനിർത്തുന്നു.

<ആ>ജോർജ് മാത്യു പുതുപ്പള്ളി