നാമെല്ലാം സഹോദരർ
സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനു നാലുതവണ പരിഗണിക്കപ്പെട്ട ബ്രസീലിയൻ ആർച്ച്ബിഷപ്പാണ് ഹെൽഡർ കാമറ (1909–1999). ലാറ്റിനമേരിക്കയിൽ ഉടലെടുത്ത വിമോചന ദൈവശാസ്ത്രത്തിന്റെ പ്രചോദകനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. 1964 മുതൽ 1985 വരെ ഒലിൻഡ റെസിഫ് അതിരൂപതയുടെ ആർച്ച്ബിഷപ്പായിരുന്ന കാമറ പതിമൂന്നു മക്കളിൽ രണ്ടാമനായിരുന്നു. പഠിക്കുന്നതിൽ അതിസമർഥനായിരുന്ന അദ്ദേഹം പിതനാലാം വയസിൽ സെമിനാരിയിൽ പ്രവേശിച്ചു. ഇരുപത്തിരണ്ടാം വയസിൽ വൈദികനായി. നാൽപത്തൊന്നു വയസുള്ളപ്പോൾ റിയോ ഡി ഷാനേറോ രൂപതയിലെ സഹായമെത്രാനായി അദ്ദേഹം നിയമിക്കപ്പെട്ടു.

കാമറ, റിയോ ഡി ഷാനേറോയിൽ സേവനമനുഷ്ഠിക്കുമ്പോഴാണ് നാഷണൽ കോൺഫറൻസ് ഓഫ് ബ്രസീലിയൻ ബിഷപ്സ് എന്ന പേരിൽ ബ്രിസീലിലെ മെത്രാന്മാരുടെ സംഘടന ജന്മമെടുക്കുന്നത്. ഈ സംഘടനയ്ക്കു രൂപം നൽകുന്നതിൽ നിർണായകപങ്ക് വഹിച്ച അദ്ദേഹംതന്നെയായിരുന്നു ആദ്യത്തെ പത്തുവർഷം ഈ സംഘടനയുടെ സെക്രട്ടറിജനറൽ.

1955–ൽ ലാറ്റിൻ അമേരിക്കൻ ബിഷപ്സ് കൗൺസിൽ ആരംഭിക്കുന്നതിൽ മുൻകൈയെടുത്തവരിലൊരാൾ കാമറ ആയിരുന്നു. 1964–ൽ ആർച്ച്ബിഷപ്പായി നിയമിതനായ അദ്ദേഹമാണു ലാറ്റിൻ അമേരിക്കൻ ബിഷപ്സ് കൗൺസിലിന്റെ ചരിത്രപ്രസിദ്ധമായ മെഡലിൻ സമ്മേളനം 1968–ൽ കൊളംബിയയിൽ സംഘടിപ്പിക്കുന്നതിൽ മുൻകൈയെടുത്തത്. അക്കാലംവരെ രഹസ്യമായി സമ്പന്നവർഗത്തിനു കൂട്ടുനിന്നിരുന്ന ലാറ്റിനമേരിക്കൻ ഹയരാർക്കി പരസ്യമായി പാവങ്ങളുടെ പക്ഷം ചേർന്നത് ഈ സമ്മേളനത്തിൽവച്ചായിരുന്നു.

വത്തിക്കാൻകൗൺസിലിന്റെ നാലു സമ്മേളനങ്ങളിലും പങ്കെടുത്ത ആർച്ച്ബിഷപ് കാമറ കൗൺസിലിന്റെ ആധികാരിക ഡോക്യുമെന്റായ ദി ചർച്ച് ഇൻ ദി മോഡേൺ വേൾഡിന് രൂപം നൽകുന്നതിൽ വലിയപങ്ക് വഹിച്ചിരുന്നു. 1964–ൽ ഒലിൻഡ റെസിഫ് അതിരൂപതയുടെ ആർച്ച്ബിഷപ്പായി കാമറ സ്‌ഥാനമേൽക്കുമ്പോൾ ്ബ്രസീൽ മിലിട്ടറി ഭരണത്തിൻ കീഴിലായിരുന്നു.

1968 ആയപ്പോഴേക്കും മിലിട്ടറി ഭരണത്തിൻകീഴിൽ ബ്രസീൽ ഞെരിഞ്ഞമർന്നു. അപ്പോൾ മിലിട്ടറിയുടെ ദുർഭരണത്തിനെതിരേ പരസ്യമായി ആഞ്ഞടിച്ചവരിൽ പ്രമുഖൻ ആർച്ച്ബിഷപ് കാമറ ആയിരുന്നു. തന്മൂലം, 1968 മുതൽ 1977 വരെ അദ്ദേഹത്തിന്റെ പേരുപോലും പത്രം, റേഡിയോ, ടെലിവിഷൻ എന്നിങ്ങനെയുള്ള വിവിധ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ ഗവൺമെന്റ് അനുവദിച്ചിരുന്നില്ല.

ആർച്ച്ബിഷപ് കാമറയോടൊപ്പം പാവങ്ങൾക്കുവേണ്ടി പോരാടിയ അന്റോണിയോ നെറ്റോ എന്ന വൈദികനെ മിലിട്ടറിയുടെ മൗനാനുവാദത്തോടെ ശത്രുക്കൾ വധിച്ചെങ്കിലും ആർച്ച്ബിഷപ് കാമറ വധിക്കപ്പെട്ടുകാണാൻ മിലിട്ടറി ഭരണാധികാരികൾ ആഗ്രഹിച്ചില്ല. അദ്ദേഹം വധിക്കപ്പെട്ടാൽ വിദേശരാജ്യങ്ങൾ തങ്ങൾക്കെതിരാകും എന്നായിരുന്നു അവരുടെ ഭയം. അങ്ങനെയാണ് അദ്ദേഹത്തിന് പോലീസ് സംരക്ഷണം നൽകാൻ ഗവൺമെന്റ് തയാറായത്.

തന്റെ സംരക്ഷണത്തിനു പോലീസിന്റെ സഹായം ആവശ്യമില്ലെന്നു വിശ്വസിച്ച അദ്ദേഹം പാവങ്ങളുടെ സംരക്ഷണത്തിനു പോലീസിന്റെ സഹായം സ്വീകരിക്കാൻ എപ്പോഴും തയാറായിരുന്നു. ഒരിക്കൽ കുറേ ആളുകൾ ആർച്ച്ബിഷപ്പിന്റെ ഭവനത്തിൽ അദ്ദേഹത്തിന്റെ സഹായം തേടി എത്തി. അവരിലൊരാളെ പോലീസ് അറസ്റ്റുചെയ്തു മർദിച്ചവശനാക്കിയെന്നും അയാളെ എങ്ങനെയെങ്കിലും പോലീസിന്റെ പിടിയിൽനിന്നു രക്ഷിക്കണമെന്നുമായിരുന്നു അവരുടെ അപേക്ഷ. ഉടനെ അദ്ദേഹം പോലീസ്സ്റ്റേഷനിലേക്കു വിളിച്ചുപറഞ്ഞു, ‘ഇതു കാമറയാണ്. നിങ്ങൾ എന്റെ സഹോദരനെ അറസ്റ്റുചെയ്തു മർദിച്ചവശനാക്കി ജയിലിലടച്ചു എന്നു കേട്ടല്ലോ.‘

അപ്പോൾ പോലീസ് ഓഫീസർ ക്ഷമാപൂർവം പറഞ്ഞു, ‘അയാൾ അങ്ങയുടെ സഹോദരനാണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഞങ്ങൾ ഉടനെ അങ്ങയുടെ സഹോദരനെ മോചിപ്പിക്കാം.‘ ഇതു കേട്ട നിമിഷം ആർച്ച്ബിഷപ് വേഗം പോലീസ്സ്റ്റേഷനിലെത്തി. അപ്പോൾ പോലീസ് ഓഫീസർ പറഞ്ഞു, ‘പേരു കണ്ടിട്ട് ഇയാൾ അങ്ങയുടെ സഹോദരനാണെന്നു തോന്നുന്നില്ലല്ലോ.‘ ഉടനെ ആർച്ച്ബിഷപ് പറഞ്ഞു, ‘എല്ലാവരും ഒരു പിതാവിന്റെ മക്കളായതുകൊണ്ട് എല്ലാവരും എന്റെ സഹോദരങ്ങളാണ്.‘

മനുഷ്യരായ നാമെല്ലാവരും ദൈവത്തിന്റെ മക്കളാണ് എന്നു നമുക്കറിയാം. നാമെല്ലാവരും ദൈവത്തിന്റെ മക്കളാണെങ്കിൽ അക്കാരണത്താൽ മാത്രം നാം പരസ്പരം സഹോദരീസഹോദരന്മാരുമാണല്ലോ. എന്നാൽ, ഇക്കാര്യം ആത്മാർഥമായി വിശ്വസിക്കുന്നവർ എത്രപേരുണ്ടാകും നമ്മുടെയിടയിൽ? വിവിധ ജാതിമതങ്ങളിൽപ്പെട്ട നാമെല്ലാവരും പരസ്പരം സഹോദരങ്ങളാണെന്ന് ഉറക്കെപ്പറയാൻ മടിക്കുന്നവരല്ലേ നമ്മിൽ പലരും?
ആർച്ച്ബിഷപ് കാമറ തന്റെ ജീവിതം മർദിതർക്കും പീഡിതർക്കും വേണ്ടി സമർപ്പിച്ചത് അദ്ദേഹത്തിന്റെ ശത്രുക്കൾ ആരോപിച്ചതുപോലെ അദ്ദേഹം കമ്യൂണിസ്റ്റായതുകൊണ്ടല്ലായിരുന്നു. പ്രത്യുത, ഭൂമുഖത്തുള്ള എല്ലാ മനുഷ്യരും തന്റെ സഹോദരീസഹോദരങ്ങളാണ് എന്നു വിശ്വസിച്ചതുകൊണ്ടാണ്.

ആർച്ച്ബിഷപ് കാമറയുടെ സ്നേഹം മനുഷ്യരോടു മാത്രമായിരുന്നില്ല. അദ്ദേഹം സകല ജീവജാലങ്ങളെയും ഈ മനോഹരമായ പ്രപഞ്ചത്തെയും സ്നേഹിച്ചു. തന്മൂലം മറ്റൊരു വിശുദ്ധ ഫ്രാൻസിസ് അസീസി എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. ദൈവമാണ് സകലവും സൃഷ്ടിച്ചതും അവിടുന്നാണ് മനുഷ്യരുടെയെല്ലാം പിതാവും എന്ന അവബോധം ആർച്ച്ബിഷപ് കാമറയ്ക്കുണ്ടായിരുന്നു. ഇമ്മാതിരിയുള്ള അവബോധം നമുക്കുണ്ടായാൽ മനുഷ്യരായ നമ്മൾ പരസ്പരം കാണുന്ന രീതിയിലും അന്യോന്യം വിലയിരുത്തുന്ന രീതിയിലും വലിയ വ്യത്യാസം ഉണ്ടാകുമെന്നതിൽ സംശയംവേണ്ട. അതേ, നാം ആരായാലും എവിടെയുള്ളവരായാലും എങ്ങനെയുള്ളവരായാലും നാമെല്ലാവരും യഥാർഥത്തിൽ പരസ്പരം സഹോദരങ്ങൾ തന്നെയാണ്. അക്കാര്യം ഒരിക്കലും നമുക്ക് മറക്കാതിരിക്കാം.

<ആ>ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ