വശമാക്കാം ഹൃദയത്തിന്റെ ഭാഷ
ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ ബെസ്റ്റ് സെല്ലേഴ്സ് ലിസ്റ്റിൽ നിരവധി ആഴ്ചകൾ പ്രത്യക്ഷപ്പെട്ട ’വെൻ ബാഡ് തിങ്സ് ഹാപ്പൻ ടു ഗുഡ് പീപ്പിൾ’ എന്ന പുസ്തകത്തിന്റെ കർത്താവാണു ഹാരോൾഡ് കുഷ്നർ. അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റി, ജറുസലമിലെ ഹീബ്രു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠിച്ചിട്ടുള്ള ഒരു യഹൂദ റബ്ബിയായ അദ്ദേഹത്തിന് ആറ് ഓണററി ഡോക്ടർ ബിരുദങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരു ഡസനിലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള കുഷ്നർക്ക് 2007–ൽ ജൂവിഷ് ബുക്ക് കൗൺസിലിന്റെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡും ലഭിച്ചിട്ടുണ്ട്.

1986–ൽ കുഷ്നർ പ്രസിദ്ധീകരിച്ച ’വെൻ ഓൾ യു ഹാവ് എവർ വാൺടഡ് ഈസിന്റ് ഈഫ്’ എന്ന പുസ്തകത്തിൽ അദ്ദേഹത്തിന്റെ ചെറുപ്പകാലത്തുണ്ടായ ഒരു അനുഭവം അദ്ദേഹം വിവരിക്കുന്നുണ്ട്. കുഷ്നറുടെ പിതാവിന്റെ ബിസിനസ് പങ്കാളിയായിരുന്ന ഒരാൾ വളരെ ദുഃഖകരമായ രീതിയിൽ മരിക്കുകയുണ്ടായി. ആ മനുഷ്യന്റെ സംസ്കാര കർമങ്ങൾക്കു കുഷ്നർ തന്റെ പിതാവിനോടൊപ്പം സംബന്ധിക്കുകയുണ്ടായി.

മരണമടഞ്ഞ ആളിന്റെ ഭാര്യക്കും മക്കൾക്കും ആ മരണം താങ്ങാനാവുന്നതായിരുന്നില്ല. അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അവരെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവർ പറഞ്ഞ നല്ല വാക്കുകളും ആശ്വാസവചനങ്ങളുമൊന്നും വിധവയായിത്തീർന്ന സ്ത്രീയുടെയും മക്കളുടെയും ദുഃഖം ശമിപ്പിച്ചില്ല. അപ്പോഴാണ് എൺപതു വയസിനു മുകളിൽ പ്രായമുള്ള വലിയൊരു മനുഷ്യൻ അവിടേക്കു കടന്നുവന്നത്.

കളിപ്പാട്ടനിർമാണ രംഗത്തെ അതികായനായിരുന്നു അദ്ദേഹം. യുവാവായിരുന്ന കാലത്തു റഷ്യയിലെ സാർ ചക്രവർത്തിയുടെ രഹസ്യപ്പോലീസിന്റെ പീഡനത്തിന് ഇരയായിട്ടുള്ള അദ്ദേഹം റഷ്യയിൽനിന്നു രക്ഷപ്പെട്ട് അമേരിക്കയിലെത്തിയതു കൈയിൽ ഒരു സമ്പാദ്യവുമില്ലാതെയായിരുന്നു. എന്നുമാത്രമല്ല, അദ്ദേഹത്തിന് എഴുതുവാനും വായിക്കുവാനും പോലും അറിയില്ലായിരുന്നു. എന്നാൽ അമേരിക്കയിലെത്തിയതിനുശേഷം കഠിനാധ്വാനത്തിലൂടെ ബിസിനസിൽ അദ്ദേഹം വൻനേട്ടങ്ങളുടെ ഉടമയായി. വിദ്യാഭ്യാസത്തിന്റെ അഭാവം അദ്ദേഹത്തിന്റെ ബിസിനസിനു വിലങ്ങുതടിയായില്ല. എഴുത്തെഴുതാനുംകണക്കെഴുതാനും അവ വായിച്ചുകേൾപ്പിക്കാനുമൊക്കെ അദ്ദേഹം ശമ്പളക്കാരെ നിയോഗിച്ചിരുന്നു. കോടിക്കണക്കിനു ഡോളറിന്റെ ആസ്തിയുണ്ടായിരുന്ന അദ്ദേഹത്തിനു ചെക്കിൽ ഒപ്പിടുക എന്നത് ഏറെ ക്ലേശകരമായ ഒരു ജോലിയായിരുന്നത്രെ.

മരിച്ചയാളിന്റെ സുഹൃത്തായിരുന്ന അദ്ദേഹം സംസ്കാരകർമങ്ങൾ നടക്കുന്ന വേദിയിലേക്കു കടന്നുവന്നപ്പോൾ എല്ലാവരുടെയും ശ്രദ്ധ അദ്ദേഹത്തിലേക്കു തിരിഞ്ഞു. അപ്പോൾ അതൊന്നും ശ്രദ്ധിക്കാതെ അദ്ദേഹം മരിച്ചയാളിന്റെ ഭാര്യയുടെ സമീപമെത്തി. അപ്പോഴേക്കും അദ്ദേഹത്തിന്റെ കണ്ണിൽനിന്നും ധാരധാരയായി കണ്ണീർ പ്രവഹിക്കുന്നുണ്ടായിരുന്നു.

ഇതുകണ്ടപ്പോൾ വിധവയും കരയുവാൻ തുടങ്ങി. അവർ പരസ്പരം ഒന്നും സംസാരിച്ചില്ല. എന്നാൽ, അവരുടെ ഹൃദയങ്ങൾ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു. അപ്പോൾ അവരുടെ ഭാഷ ഹൃദയത്തിന്റെ ഭാഷ ആയിരുന്നു. ഹൃദയങ്ങളുടെ ആ സംഭാഷണത്തിലൂടെ വിധവയായ ആ സ്ത്രീക്ക് ആശ്വാസം ലഭിച്ചു എന്നു കുഷ്നർ പറയുന്നു.

അന്ന് എത്രയോ ആളുകൾ ആ സ്ത്രീയോട് എന്തുമാത്രം ആശ്വാസവചനങ്ങൾ പറഞ്ഞിട്ടുണ്ടാവും. എന്നാൽ അവയൊന്നുമല്ലല്ലോ ആ സ്ത്രീയുടെ ഹൃദയത്തെ സ്പർശിച്ചത്. ആ സ്ത്രീയോടൊപ്പം ഹൃദയപൂർവം ദുഃഖത്തിൽ പങ്കുചേർന്ന മനുഷ്യനു മാത്രമേ ആ സ്ത്രീയെ യഥാർഥത്തിൽ ആശ്വസിപ്പിക്കുവാൻ സാധിച്ചുള്ളൂ.

നമുക്കു നല്ല വിദ്യാഭ്യാസവും അറിവും ജീവിതത്തിൽ അനുഭവസമ്പത്തും ഉണ്ടായേക്കാം. സംസാരിക്കുന്നതിൽ നാം വാചാലവുമായിരിക്കാം. മറ്റുള്ളവർക്ക് ഉപദേശം കൊടുക്കുന്നതിലും അവരുടെ സങ്കടസമയങ്ങളിൽ അവരോട് ആശ്വാസവചനങ്ങൾ പറയുന്നതിലും നാം മിടുക്കരുമായിരിക്കാം. എന്നാൽ, അതിലേറെ പ്രധാനപ്പെട്ടതു ഹൃദയത്തിന്റെ ഭാഷ നമുക്കു വശമാണോ എന്നതാണ്.

മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ വലിയ മനുഷ്യന് എഴുത്തും വായനയും അറിയില്ലായിരുന്നു. ജീവിതത്തിൽ ഒരു പുസ്തകംപോലും അദ്ദേഹം വായിച്ചിട്ടുണ്ടായിരുന്നില്ല. മറ്റുള്ളവരോട് ആശ്വാസവചനങ്ങൾ പറയുന്നതിലും അദ്ദേഹം വിരുതനായിരുന്നില്ല. എന്നാൽ, അദ്ദേഹത്തിനു വലിയൊരു ഗുണമുണ്ടായിരുന്നു. അത് അദ്ദേഹത്തിനു ഹൃദയത്തിന്റെ ഭാഷ വശമായിരുന്നു എന്നതാണ്. ആ ഭാഷയിലൂടെയായിരുന്നു മറ്റുള്ളവർക്ക് ആശ്വസിപ്പിക്കാൻ സാധിക്കാതിരുന്ന വിധവയെ അദ്ദേഹം ആശ്വസിപ്പിച്ചത്.

നമ്മുടെ ജീവിതത്തിൽ നാം നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഭാഷയാണു ഹൃദയത്തിന്റെ ഭാഷ. ഹൃദയത്തിന്റെ ഭാഷ എന്നു പറയുന്നതു സ്നേഹത്തിന്റെ ഭാഷയാണ്. അതു കാരുണ്യത്തിന്റെ ഭാഷയാണ്. അതു ദയയുടെ ഭാഷയാണ്. അതു ക്ഷമയുടെ ഭാഷയാണ്. അത് പ്രതിസ്നേഹത്തിന്റെ ഭാഷയാണ്. അതു നന്ദിയുടെ ഭാഷയാണ്. അതു മറ്റുള്ളവരുടെ നന്മമാത്രം ആഗ്രഹിക്കുന്ന ഭാഷയാണ്. ഇങ്ങനെയൊക്കെയുള്ള ഹൃദയത്തിന്റെ ഭാഷ നമുക്കു വശമാണോ?

ഹൃദയത്തിന്റെ ഭാഷ നമുക്കു വശമാണെങ്കിൽ നാം തീർച്ചയായും ഭാഗ്യശാലികൾ തന്നെ. കാരണം ഈ ഭാഷയുടെ ഉപയോഗം വഴിയായി ധാരാളം പേരുടെ ജീവിതത്തെ നാം ധന്യമാക്കും. അതു മാത്രമോ? ഹൃദയത്തിന്റെ ഭാഷയുടെ ഉപയോഗംവഴിയായി നമ്മുടെ ജീവിതവും ധന്യമാകും. അതായത്, ഹൃദയത്തിന്റെ ഭാഷ എപ്പോഴൊക്കെ നാം ഉപയോഗിക്കുമോ അപ്പോഴൊക്കെ നമ്മുടെ ജീവിതത്തിൽ സംതൃപ്തിയും സമാധാനവും നമുക്കു ലഭിക്കും എന്നു സാരം.

നമ്മുടെ വിദ്യാഭ്യാസവും പുരോഗമനവും സമ്പത്തുമൊക്കെ കൂടുംതോറും ഹൃദയത്തിന്റെ ഭാഷ നമുക്കു നഷ്‌ടമാകുവാൻ ഏറെ സാധ്യതകളുണ്ട്. തന്മൂലം ഹൃദയത്തിന്റെ ഭാഷ നമുക്കു നഷ്‌ടമാകാതിരിക്കുവാൻ നാം പ്രത്യേകം ശ്രദ്ധിച്ചേ മതിയാകൂ. ഹൃദയത്തിന്റെ ഭാഷ നമുക്ക് എപ്പോഴെങ്കിലും നഷ്‌ടമാകാനിടയായാൽ അതു നമ്മുടെ ജീവിതത്തിലെ വലിയൊരു ദുരന്തം തന്നെയായിരിക്കും. അതു സംഭവിക്കാതിരിക്കാൻ ഹൃദയത്തിന്റെ ഭാഷ നിരന്തരം ഉപയോഗിക്കുവാൻ നമുക്കു ശ്രദ്ധിക്കാം.


<യ>ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ