രാക്ഷസ പുഷ്പം
ലോകത്തിലെ ഏറ്റവും വലിയ പൂവ് ഇന്തോനേഷ്യയുടെ ഔദ്യോഗിക പുഷ്പമാണ്. പേര് റഫ്ളേഷിയ അർനോൽഡി. ഇൻഡോനേഷ്യയിലെ മഴക്കാടുകളിലാണ് ഈ അപൂർവ പുഷ്പം കണ്ടുവരുന്നത്. തെക്കുകിഴക്കൻ ഏഷ്യൻ പ്രദേശങ്ങളിലും മലേഷ്യ, തായ്ലൻഡ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലെ മഴക്കാടുകളിലും വളരുന്നുണ്ട്. മൂന്നടി ഉയരമുള്ള ഈ പൂവിന് പത്തു കിലോഗ്രാം വരെ ഭാരം വരും. വേരുകളും ഇലകളും തണ്ടും ദൃശ്യമല്ലാത്ത ചെടിയിലാണ് ഇതു വളരുക. ഒരു തരം ഇത്തിൾച്ചെടിയുടെ വകഭേദം എന്നുവേണമെങ്കിൽ പറയാം. ചെമ്മൺ നിറമുള്ള അഞ്ച് ഇതളുകളിൽ വെള്ളപ്പൊട്ടുകൾ പ്രിന്റ് ചെയ്തതാണെന്നു തോന്നും. പൂവിന്റെ മധ്യത്തിൽ വൃത്താകൃതിയിൽ ഒരു കുഴിയും കാണും.

ഇൻഡോനേഷ്യയിലെ സുമാത്രയിലുള്ള ബെങ്കുളു മഴക്കാടുകളിൽ ഗവേഷണം നടത്തിയ സർ തോമസ് സ്റ്റംഫോർഡ് റഫിൾസും സഹപ്രവർത്തകൻ ഡോ.ജോസഫ് ആർനോൾഡും ചേർന്നാണ് ഈ പൂവ് ലോകത്തിനു പരിചയപ്പെടുത്തിയത്. ഗവേഷണ തലവനായ റഫിൾസിന്റെ പേരിൽ പിൽക്കാലത്ത് ഇത് അറിയപ്പെട്ടു. 1791 മുതൽ 1794 വരെ ജാവയിൽ ഗവേഷണം നടത്തിയ ലൂയിസ് ഡെസ്ചാമ്പ് ആണ് ഈ പുഷ്പം കണ്ടെത്തിയതെന്നും പറയപ്പെടുന്നു. പക്ഷേ, അതിന് ആധികാരികമായ തെളിവും അംഗീകാരവും ലഭിച്ചിട്ടില്ല. 1997ൽ വിശദമായ പഠനം നടത്തി വില്യം മേയ്ജർ എന്ന സസ്യശാസ്ത്രജ്‌ഞനാണ് ഇതിന് അന്തർദേശീയമായി അംഗീകാരം പ്രഖ്യാപിച്ചത്.

റഫ്ളേഷിയ പുഷ്പത്തിന്റെ വിസ്തീർണം 100 സെന്റീമീറ്റർ (39 ഇഞ്ച്) വരെ വരും. പുരുഷപുഷ്പവും സ്ത്രീ പുഷ്പവും തമ്മിൽ തിരിച്ചറിയാനും സാധിക്കും. ചെറുജീവികളും ക്ഷുദ്രജന്തുക്കളും ഈ പൂവ് തിന്നു നശിപ്പിക്കാറുണ്ട്. അപൂർവ പുഷ്പം എന്നർഥം വരുന്ന പുഷ്പലങ്ക എന്ന പേരിലും പത്മ രക്സസ (രാക്ഷസപുഷ്പം) എന്ന പേരിലും ഇൻഡോനേഷ്യയിൽ ഇത് അറിയപ്പെടുന്നുണ്ട്. പൂവ് വാടി ചീയുമ്പോൾ അസഹ്യമായ ദുർഗന്ധമുണ്ടാകും. ലോകത്തിലെ ഏറ്റവും ഉയരമുള്ള പുഷ്പം അമോർഫോഫാലസ് ആണ്. മൂന്നു മീറ്റർ ഉയരമുള്ള ഈ പൂവിന് സുഗന്ധമുണ്ടാകും. ഏറ്റവും ഉയരമുള്ള ചെടി ക്രൂബി ഫ്ളവർ ആണ്. 15 അടി ഉയരമാണ് സുമാത്രയിലെ ആ ചെടിക്കുള്ളത്.

<ആ>ജോർജ് മാത്യു പുതുപ്പള്ളി