അരയന്നങ്ങളുടെ വീട്
വടക്കേ അമേരിക്കയിലാണ് ലോകത്തിലെ ഏറ്റവും വലിപ്പമുള്ള അരയന്നങ്ങളെ കണ്ടുവരുന്നത്. ഇന്ന് ജീവിച്ചിരിക്കുന്നതിൽ വച്ചേറ്റവും വലിയ അരയന്നം ’ട്രമ്പറ്റർസ്വാൻ’ വർഗത്തിൽപ്പെട്ട ഒരു ആൺ അരയന്നമാണ്. അവന്റെ ശരീര നീളം 5 അടി 11 ഇഞ്ച് (180 സെന്റി മീറ്റർ) ആണ്. ഭാരം 15 കിലോഗ്രാമും ചിറക് വിസ്താരം 10 അടിയും (3 മീറ്റർ) ആണ്. യൂറേഷ്യയിൽ കണ്ടുവരുന്ന ’വൂപ്പർ’ അരയന്നങ്ങളുടെ വർഗത്തിൽപ്പെട്ടവയാണ് ട്രമ്പറ്റർ അരയന്നങ്ങളും.

1933ൽ 70 വലിയ ട്രമ്പറ്റർ അരയന്നങ്ങളെയാണ് കണ്ടെത്തിയിരുന്നത്. എന്നാൽ, പിന്നീട് അലാസ്കയിലെ കോപ്പർ നദിയിൽ നൂറുകണക്കിന് അരയന്നങ്ങളെ കണ്ടെത്തി. വടക്കേ അമേരിക്കയിലെ ട്രമ്പറ്റർ സ്വാൻ സൊസൈറ്റി നടത്തിയ സർവേയിൽ 2010–ൽ 46000 ത്തിലധികം അരയന്നങ്ങൾ അവിടെ ഉള്ളതായി കണ്ടെത്തി. 1968 ൽ നടത്തിയ ഒരു പഠനത്തിൽ 3722 അരയന്നങ്ങൾ ഉള്ളതായിട്ടാണ് വെളിപ്പെട്ടത്.

സാധാരണ ഒരു ആൺ അരയന്നത്തിന് ശരാശരി 4 അടി 5 ഇഞ്ച് മുതൽ 5 അടി 5 ഇഞ്ച് വരെ വലിപ്പമുണ്ടായിരിക്കും. അതായത് 138 സെന്റി മീറ്റർ മുതൽ 165 സെന്റി മീറ്റർ വരെ. ഭാരം 7 കിലോഗ്രാം മുതൽ 13 കിലോഗ്രാം വരെ വരും. ചിറകു വിസ്താരമാകട്ടെ 6 അടി 1 ഇഞ്ച് (185 സെ.മി) മുതൽ 8 അടി 2 ഇഞ്ച് (250 സെ.മി) വരെയും. ശരീരം മുഴുവൻ വെള്ള തൂവലുകൾ നിറഞ്ഞ ആൺ അരയന്നത്തിന്റെ കാലിനും വിരലുകൾക്കും പിങ്ക് നിറമായിരിക്കും. പരമാവധി ആയുർദൈർഘ്യം 24 വർഷമാണെങ്കിലും 33 വർഷം വരെ ജീവിച്ചവയും ചരിത്രത്തിലുണ്ട്.

ഏപ്രിൽ–മേയ് മാസങ്ങളാണ് പ്രജനനകാലം. പെൺ അരയന്നങ്ങൾ 3 മുതൽ 12 വരെ മുട്ടകളിടും. മുട്ടയ്ക്ക് 2.9 ഇഞ്ച് വീതിയും 4.5 ഇഞ്ച് നീളവും 320 ഗ്രാം ഭാരവും ഉണ്ടാകും. ജീവിതാവസാനം വരെ ഒരു ഇണയുമായി ജീവിക്കുന്ന ഇവ, ഇണ മരിച്ചാൽ മാത്രമേ വേറൊരു ഇണയെ തേടൂ. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിലും ഇവയെ കണ്ടുവരുന്നു.

<ആ>ജോർജ് മാത്യു പുതുപ്പള്ളി