പൂജിക്കരുത്, പണം ദൈവമല്ല
ഇരുപതാം നൂറ്റാണ്ടിൽ ജിവിച്ചിരുന്ന അമേരിക്കൻ കലാകാരന്മാരിൽ ഏറ്റവും അധികം ആദരിക്കപ്പെട്ടിരുന്നവരിൽ ഒരാളാണ് ജാക് ബെന്നി (1894–1974). ഇല്ലിനോയി സംസ്‌ഥാനത്തെ വാക്കീഗനിൽ ജനിച്ച അദ്ദേഹം പതിനാറാം വയസിൽ ഒരു വയലനിസ്റ്റായി കലാരംഗത്തേക്കു കടന്നു. അതിനിടയിൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. അദ്ദേഹം നേവിയിൽ പ്രവേശിച്ചു യുദ്ധത്തിനു പോയി.

ബെന്നി നേവിയിൽ സേവനമനുഷ്ഠിച്ച കാലത്താണ് ഒരു ഹാസ്യകലാകാരൻ എന്ന രീതിയിൽ അറിയപ്പെടാൻ തുടങ്ങിയത്. യുദ്ധത്തിനു ശേഷം നേവിയിൽനിന്നു വിരമിച്ച അദ്ദേഹം വീണ്ടും കലാരംഗത്തേക്കു കടന്നു. അതെത്തുടർന്നാണ് 1928ൽ സിനിമയിൽ അഭിനയിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചത്. സിനിമാതാരമായി മാറിയ ബെന്നി 1932ൽ ഒരു റേഡിയോ പ്രോഗ്രാമിൽ പങ്കെടുത്തു. അതു കഴിഞ്ഞു രണ്ടു മാസത്തിനുള്ളിൽ അദ്ദേഹം സ്വന്തമായി ഒരു റേഡിയോ പ്രോഗ്രാം തുടങ്ങി. ഹാസ്യപ്രധാനമായിരുന്ന ആ പ്രോഗ്രാം 1955 വരെ നീണ്ടുനിന്നു.

1949ൽ ആയിരുന്നു ബെന്നി ടെലിവിഷൻ രംഗത്തേക്കു കടന്നത്. 1950ൽ അദ്ദേഹം ആരംഭിച്ച ജാക് ബെന്നി ഷോ 1965 വരെ നീണ്ടുനിന്നു. അതിനുശേഷം 1974ൽ മരിക്കുന്നതുവരെ വിവിധ സിനിമകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും അദ്ദേഹം അഭിനയിക്കുകയുണ്ടായി. റേഡിയോയിലും ടെലിവിഷനിലും അവതരിപ്പിച്ച പ്രോഗ്രാമുകളുടെയെല്ലാം ആകർഷകശക്‌തി അവയുടെ ഹാസ്യമായിരുന്നു. ആ പ്രോഗ്രാമുകളെല്ലാം അദ്ദേഹം അവതരിപ്പിച്ചതു സ്കിറ്റ് രൂപത്തിലായിരുന്നു.

ജാക് ബെന്നി ഷോയുടെ ഭാഗമായി 1948 മാർച്ച് 28ന് അവതരിപ്പിച്ച ഒരു സ്കിറ്റ് ആസ്വാദകരുടെ പ്രശംസ ഏറെ പിടിച്ചുപറ്റിയ ഒന്നാണ്. ആ സ്കിറ്റ് ഇപ്രകാരമായിരുന്നു: ജാക് ബെന്നി ഏകനായി റോഡിലൂടെ നടന്നുപോകുന്ന അവസരം. അപ്പോൾ ഒരു അപരിചിതൻ അദ്ദേഹത്തെ സമീപിച്ചു സിഗരറ്റിനു തീകൊളുത്താൻ ലൈറ്റർ ഉണ്ടോ എന്നു ചോദിച്ചു. ബെന്നി ലൈറ്ററിനായി പോക്കറ്റിൽ തപ്പുന്ന നിമിഷം അപരിചിതൻ കോട്ടിനടിയിൽ മറച്ചുവച്ചിരുന്ന തോക്കെടുത്തു ചൂണ്ടിക്കൊണ്ടു പറഞ്ഞു: ‘അനങ്ങിപ്പോകരുത്. വേഗം നിന്റെ പണം ഇങ്ങു തരൂ. ഓർമിച്ചോളൂ. പണം അല്ലെങ്കിൽ ജീവൻ.‘

തന്നെ കൊള്ളയടിക്കാൻ തോക്കുമായി നിൽക്കുന്ന കശ്മലന്റെ മുന്നിൽ ബെന്നി നിശബ്ദനായി നിന്നു. അദ്ദേഹം അനങ്ങുക പോലും ചെയ്തില്ല. അപ്പോൾ ആ കശ്മലൻ തന്റെ ക്ഷമ നശിച്ചപോലെ പറഞ്ഞു: ‘നോക്കൂ, ഞാൻ പറഞ്ഞത് ഒന്നുകിൽ നിന്റെ പണം അല്ലെങ്കിൽ നിന്റെ ജീവൻ എന്നതാണ്.‘ ഉടനെ ബെന്നി പറഞ്ഞു: ‘ഞാൻ അതെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുകയാണ്.‘ ബെന്നിയുടെ ഈ മറുപടി കേട്ട ശ്രോതാക്കൾ കുടുകുടെ ചിരിച്ചു. അതിനു തമാശ എന്നതുപോലെ മറ്റൊരു കാരണംകൂടിയുണ്ടായിരുന്നു. ബെന്നി തന്റെ കഥാപാത്രത്തെ പലപ്പോഴും അവതരിപ്പിച്ചിരുന്നത് ഒരു പിശുക്കനായിട്ടായിരുന്നു. അങ്ങനെയുള്ള ഒരു പിശുക്കന്റെ മറുപടിയായിരുന്നു അപ്പോൾ അദ്ദേഹം നൽകിയത്.

ഒരാൾ നമ്മുടെ നേരേ തോക്കുചൂണ്ടിക്കൊണ്ട് പണം അല്ലെങ്കിൽ ജീവൻ എന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയാൽ ജീവനിൽ കൊതിയുള്ള നമ്മൾ ഉടനെ കൈയിലുള്ള പണം കൊടുത്തു രക്ഷപ്പെടാൻ നോക്കില്ലേ? എന്നാൽ, എന്തുകൊണ്ടാണു ബെന്നി അപ്രകാരം ചെയ്യാതെ ‘ഞാൻ അതേക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുകയാണ്‘ എന്നു പറഞ്ഞത്. ലോകത്തിൽ ഭൂരിപക്ഷം പേർക്കും പണത്തെക്കാൾ വലുതു സ്വന്തം ജീവൻതന്നെയാണ്. എന്നാൽ, സ്വന്ത ജീവനെക്കാൾ വില പണത്തിനു നൽകുന്നവരെയും നാം കാണാറില്ലേ? സ്വന്തം ജീവൻ മാത്രമോ, സ്വന്തം ആത്മാവുപോലും നഷ്‌ടപ്പെടുത്തി പണത്തിന്റെ പിന്നാലെ പോകുന്നവരെയും നാം പലപ്പോഴും കാണാറില്ലേ? ഒരുപക്ഷേ, ഇക്കാര്യം പ്രേക്ഷകരെ ഓർമിപ്പിക്കാൻ വേണ്ടിയായിരുന്നില്ലേ ജീവൻ വേണമോ പണം വേണമോ എന്ന ചോദ്യത്തെക്കുറിച്ചു താൻ ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞത്.

തീർച്ചയായും പണം നമുക്കാവശ്യമാണ്. മാന്യമായ രീതിയിൽ ജീവിക്കുന്നതിനു പണം നമുക്കു കൂടിയേ തീരൂ. എന്നാൽ, നമുക്ക് ആവശ്യമായിരിക്കുന്ന ഒരു വസ്തു എന്നതിൽ അധികമായി നമ്മുടെ ജീവിതലക്ഷ്യം അല്ലെങ്കിൽ നമ്മുടെ ദൈവം ആയി പണം മാറിയാൽ അത് എത്രയോ വലിയ ദുരന്തമായിരിക്കും. നമ്മുടെ സമൂഹത്തിൽ അഴിമതിയും കൊള്ളയും നാം പലപ്പോഴും കാണാറില്ലേ? ജീവിക്കൻ മാർഗമില്ലാത്തതുകൊണ്ടാണോ അഴിമതിയും കൊള്ളയും നടത്തുന്നവർ അതു ചെയ്യുന്നത്. അങ്ങനെയുള്ളവർ വളരെ അപൂർവമായി കണ്ടേക്കാം. എന്നാൽ, ദൈവത്തെപ്പോലെ പണത്തെ പൂജിക്കുന്നതുകൊണ്ടല്ലേ അഴിമതി ചെയ്യുന്നവരും കൊള്ളയടിക്കുന്നവരുമൊക്കെ അപ്രകാരം ചെയ്യുന്നത്. അവരെ സംബന്ധിച്ചിടത്തോളും പണമാണ് എല്ലാത്തിനെയുംകാൾ പ്രധാനപ്പെട്ടത്. ദൈവവും രക്‌തബന്ധങ്ങളും സ്നേഹബന്ധങ്ങളുമൊക്കെ പണത്തിന്റെ പിന്നിലേ വരൂ.

പണത്തോടുള്ള ആർത്തിമൂലം ജീവിക്കാൻ മറന്നുപോകുന്നവരെയും ചിലപ്പോഴെങ്കിലും നാം കാണാറില്ലേ? അവർ ആരെയും കുത്തിക്കവരാൻ പോകാറില്ലായിരിക്കാം. എന്നാൽ, പണത്തോടുള്ള ആർത്തിമൂലം സ്വന്ത നന്മയ്ക്കും സ്വന്തം സഹോദരങ്ങളുടെ നന്മയ്ക്കുമായി പണം വിനിയോഗിക്കാൻ അവർ വിസമ്മതിക്കുകയല്ലേ പലപ്പോഴും ചെയ്യുന്നത്.

നാം പണം സമ്പാദിക്കണം. എന്നാൽ, അതു നമുക്കും മറ്റുള്ളവർക്കും നല്ല ഒരു ജീവിതത്തിന് അവസരം സൃഷ്‌ടിക്കാൻ ആയിരിക്കണം. അല്ലാതെ, നാം സമ്പാദിക്കുന്ന പണം ദൈവത്തെപ്പോലെ പൂജിക്കാനാവരുത്. നാം പണത്തെ എപ്പോൾ പൂജിക്കാൻ തുടങ്ങുന്നുവോ അപ്പോൾ നമുക്കു നമ്മുടെ ആത്മാവ് നിത്യമായി നഷ്‌ടപ്പെട്ടു എന്നതു നമുക്കു മറക്കാതിരിക്കാം.

<ആ>ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ