രക്‌തസാക്ഷ്യം
റൂവൻ നഗരത്തിലെ സാൻ എറ്റ്യൻ ഡു റുവ്റ ദേവാലയത്തിൽ ഐഎസ് ഭീകരർ നടത്തിയ ക്രൂര കൊലപാതകത്തിന്റെ ദൃക്സാക്ഷികളായ മൂന്നു സന്യാസിനികൾ തങ്ങളുടെ അനുഭവം പങ്കുവച്ചതിന്റെ പരിഭാഷ...

രാവിലെ 9.30–തിനോടടുത്ത സമയം. സാൻ എറ്റ്യൻ ഡു റുവ്റ പള്ളിയിൽ അത്രവലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. കുറച്ചു വിശ്വാസികളും ഞങ്ങൾ മൂന്നു കന്യാസ്ത്രീകളും. ദിവ്യബലി നടന്നുകൊണ്ടിരിക്കേ ഒരു ചെറുപ്പക്കാരൻ ദേവാലയത്തിലെത്തി കർമങ്ങൾ തീരാറായോ എന്ന് അന്വേഷിച്ചു. പത്തുമിനിറ്റിനുള്ളിൽ കഴിയുമെന്നു പറഞ്ഞ് സിസ്റ്റർ ഹ്യുഗനറ്റ് അവനെ അയച്ചു. പിന്നീട് കാണുന്നത് അവൻ കറുത്ത വസ്ത്രം ധരിച്ച ഒരുവനെയും കൂട്ടിക്കൊണ്ടുവരുന്നതാണ്. ടിവിയിൽ കാണുന്ന തീവ്രവാദികളുടെ രൂപം സിസ്റ്റർ മനസിൽ ഓർത്തു. കടന്നുവന്നവർ അറബിയിൽ ഉച്ചത്തിൽ എന്തൊക്കെയോ ചൊല്ലിക്കൊണ്ടിരുന്നു. പെട്ടെന്നുതന്നെ അവർ അൾത്താരയിൽ കടന്ന്, അൾത്താരയിൽ ഉണ്ടായിരുന്ന ബലിവസ്തുക്കളും പുസ്തകങ്ങളും തട്ടിയെറിഞ്ഞു. അക്രമം നിർത്താൻ ആവശ്യപ്പെട്ട ഷാക് അച്ചനെ അവർ മുട്ടിന്മേൽ നിർത്തി. ഇവരുടെ ആക്രമണം കണ്ട് അസ്വസ്‌ഥത പ്രകടിപ്പിച്ച അച്ചന്റെ കഴുത്തിൽ അവർ ആദ്യത്തെ മുറിവ് ഏൽപ്പിച്ചു. ഇതിനിടയിൽ ഒരു സിസ്റ്റർ രക്ഷപ്പെട്ട് പുറത്തേക്ക് ഓടി. വഴിയിൽ കണ്ട ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിന്റെ വാഹനത്തിലെ ഡ്രൈവറോട് പോലീസിനെ വിളിക്കാൻ ആവശ്യപ്പെട്ടു. അയാൾ പോലീസിനെ വിളിച്ചു.

ഇതിനിടയിൽ ദേവാലയത്തിലെ സ്‌ഥിതി കൂടുതൽ വഷളായി. മുറിവേറ്റു പിടഞ്ഞിരുന്ന ഷാക് അച്ചനെ അവർ വീണ്ടും മുറിവേൽപ്പിച്ചു. പെട്ടെന്ന് അച്ചൻ മരിച്ചുവീണു. കൃത്യം തുടങ്ങുന്നതിനു മുമ്പ് ദിവ്യബലിയിൽ പങ്കെടുത്തിരുന്ന 80–ൽ അധികം പ്രായമുള്ള വിശ്വാസികളിൽ ഒരാളുടെ കൈയിൽ കാമറ ഏൽപ്പിച്ചിരുന്നു. അതിൽ ദൃശ്യങ്ങൾ പതിഞ്ഞോ എന്ന് അക്രമികൾ പരിശോധിച്ചു. തുടർന്ന് ആ വൃദ്ധനെയും മാരകമായി മുറിപ്പെടുത്തി. ഷാക് അച്ചന്റെ വെളുത്ത തിരുവസ്ത്രങ്ങൾ രക്‌തത്തിൽ കുതിർന്നുകിടന്നു. നേതാക്കന്മാരായ നിങ്ങളെ ബന്ദികളാക്കി എന്നുപറഞ്ഞ് എല്ലാവരെയും തോളോടു തോൾ ചേർത്തുനിർത്തി. സിസ്റ്റർ ഹെലൻ തന്റെ അടുത്തുനിന്ന അക്രമിയുടെ കൈയിലെയും കത്തിയിലെയും രക്‌തക്കറ വ്യക്‌തമായി കണ്ടു. ഒരാൾ തോക്കു ചൂണ്ടി ഞങ്ങളുടെ അടുത്തുനിന്നിരുന്നു. എന്നെ പിടിച്ചിരുന്ന വ്യക്‌തിയുടെ കൈയിലൂടെയും കത്തിയിലൂടെയും രക്‌തം ഒഴുകിയിരുന്നു. ആ കത്തികൊണ്ട് പലപ്രാവശ്യം ദേഹത്തു മുട്ടിച്ച് എന്തൊക്കെയോ പറഞ്ഞു.
ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരുന്ന ആ രണ്ടു ചെറുപ്പക്കാരുടെ രീതികളും ശൈലികളും അപ്രതീക്ഷിതങ്ങളായിരുന്നു. ഭയചകിതരായ സിസ്റ്റർ ഹെലനും (83) മറ്റൊരു സ്ത്രീയും (80) ഇരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കൊലയാളികളിലൊരാൾ സമ്മതിച്ചു. ഞാൻ എന്റെ വെള്ളം കൊണ്ടുവന്ന കാൻ ചോദിച്ചപ്പോൾ അയാൾ അതു തന്നു.

കൊലയാളികൾ സിസ്റ്റേഴ്സിനെ ഇസ്ലാം മതത്തിലേക്കു പരിവർത്തനം ചെയ്യാൻ ആഗ്രഹിച്ചിരുന്നോ? അങ്ങനെ നമുക്കു വിശ്വസിക്കാം. കൊലയാളികളിലൊരാൾ സിസ്റ്റർ ഹെലനോട് ചോദിച്ചു, അവർക്ക് ഖുറാൻ അറിയാമോ എന്ന്. സിസ്റ്റർ പറഞ്ഞു: ‘അറിയാം. ഞാൻ ബൈബിളിനെ ബഹുമാനിക്കുന്നതുപോലെ ഖുറാനും ബഹുമാനിക്കുന്നു. ഞാൻ ഖുറാനിലെ പല സൂറത്തുകളും വായിച്ചിട്ടുണ്ട്. എന്നെ ആകർഷിച്ചത് അതിലെ സമാധാനത്തെക്കുറിച്ചുള്ള സന്ദേശമാണ്. പ്രത്യക്ഷത്തിൽ ശാന്തനായിക്കണ്ട മനുഷ്യൻ, ഉച്ചസ്വരത്തിൽ പറഞ്ഞു: ‘സമാധാനം അതാണു ഞങ്ങൾക്കു വേണ്ടത്. നിങ്ങൾ ടിവിയിൽ വരുമ്പോൾ നിങ്ങളുടെ ഗവൺമെന്റിനോട് പറയണം സിറിയയിൽ ബോംബ് ഇടുന്നിടത്തോളം കാലം ഞങ്ങൾ ഈ ആക്രമണം തുടർന്നുകൊണ്ടിരിക്കും. അത് എല്ലാ ദിവസവും തുടരും. എന്നു നിങ്ങൾ നിർത്തുന്നുവോ അന്ന് ഞങ്ങളും നിർത്തും.’

‘നിങ്ങൾക്കു മരിക്കാൻ പേടിയുണ്ടോ?’ കൊലയാളി ക്രൂരതയോടും ആകാംക്ഷയോടുംകൂടി എന്നോടു ചോദിച്ചു. ഇല്ല എന്നുഞാൻ മറുപടി പറഞ്ഞു. ‘‘എന്തുകൊണ്ട്?’’ അവൻ ചോദിച്ചു. ‘‘ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു, മരണത്തിന്റെ മുമ്പിലും ഞാൻ സന്തോഷവതിയായിരിക്കും’’ എന്നു മറുപടി പറഞ്ഞു. അക്രമികൾ സിസ്റ്റർ ഹ്യൂഗനിറ്റിനോട് സംസാരിച്ചതു മറ്റൊന്നായിരുന്നു. ഈശോയെക്കുറിച്ചു ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കും ഇടയിലുള്ള പ്രശ്നങ്ങളായിരുന്നു ചർച്ചാവിഷയം. ഈശോ എങ്ങനെയാണ് ഒരേസമയം ദൈവവും മനുഷ്യനും ആയിരിക്കുന്നത്. 19 വയസുകാരൻ അക്രമി 80 പിന്നിട്ട സിസ്റ്ററോടു പറഞ്ഞു ‘‘നിങ്ങൾക്കു തെറ്റുപറ്റിയിരിക്കുന്നു. ഒരിക്കലും ഒരാൾക്കു ദൈവവും മനുഷ്യനും ആകാൻ സാധിക്കുകയില്ല.’’ നിങ്ങൾക്കു ന്യായീകരണങ്ങൾ ഉണ്ടാകാം എന്നുപറഞ്ഞ് സിസ്റ്റർ ഹ്വിഗിറ്റ് മരണത്തിനായി ആന്തരികമായി ഒരുങ്ങിക്കൊണ്ടിരുന്നു.

പോലീസ് എത്തിയപ്പോഴേക്കും അവർ പള്ളിയിലെ ബഞ്ചുകളിൽ അടിച്ച് ശബ്ദം ഉണ്ടാക്കാനും സക്രാരിക്ക് ചുറ്റുമുള്ള തിരികൾ തകർക്കാനും അള്ളാഹു അക്ബർ എന്ന് ഉറക്കെ ആക്രോശിക്കാനും തുടങ്ങി. അവർ പ്രതീക്ഷിച്ചതുപോലെ പോലീസ് എത്തിയപ്പോൾ ഞങ്ങൾ മൂന്നുപേരെ രക്ഷാകവചമാക്കി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഞങ്ങളെ പൂർണമായി മറയാക്കാൻ അവർക്കു സാധിച്ചില്ല. അപ്പോൾ സങ്കീർത്തി വാതിലിലൂടെ കുതിച്ചെത്തിയ പോലീസ് അക്രമികളെ വെടിവച്ചു വീഴ്ത്തി.

എപ്പോഴും സ്വാഗതമരുളുന്ന മനോഹരമായി ബലിയർപ്പിക്കുന്ന സ്നേഹമുള്ള ആ വൈദികന്റെ ഓർമയാണ് ഫാ. ഷാക് ഹാമലിനെക്കുറിച്ചു ഞങ്ങൾക്കുള്ളത്. പലപ്പോഴും ഭക്ഷണത്തിനു ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. ഫാ. ഷാക് ഹാമൽ ’എല്ലാവരെയും സ്നേഹത്തോടെ സ്വീകരിക്കുകയും, ബലിയർപ്പണവും, സംഗീതവും ഇഷ്‌ടപ്പെടുകയും പള്ളിയിലെ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുകയും ചെയ്തിരുന്നു! ഞങ്ങൾ ഇനി ദേവാലയത്തിലേക്കു പോകുമ്പോൾ വളരെ വിഷമംപിടിച്ച സാഹചര്യമായിരിക്കും.

അദ്ദേഹത്തിന്റെ മരണത്തിന്റെ ഓർമകൾ നിലനിൽക്കുന്ന ദേവാലയമാണത്. ഇന്ന് ഈ ആക്രമണത്തിന് ഞങ്ങൾ ഇരകളായി, നാളെ മറ്റൊരാൾ–പക്ഷേ, ഇത് അനുവദിക്കരുത്. അക്രമം പിന്തുടരുന്നവർ യഥാർഥ മുസ്ലിംകൾ അല്ല. എനിക്കറിയില്ല ഇതു ചെയ്യുന്നവർ യഥാർഥ മനസാക്ഷിയുള്ളവരാണോ എന്ന്. അവർ ചെയ്യുന്ന പ്രവൃത്തിയെക്കുറിച്ച് ബോധവാന്മാരാണോ എന്ന്. ഇത് അവസാനത്തേതാണ് എന്നു വിശ്വസിക്കാനാണു ഞങ്ങൾക്കു താത്പര്യം. വളരെ ശാന്തമായ സ്വരത്തിൽ സിസ്റ്റർ ഹ്വിഗിറ്റ് പറഞ്ഞവസാനിപ്പിച്ചു– 2016 കാരുണ്യത്തിന്റെ വർഷമാണ്.

<ആ>പരിഭാഷ: ഫാ. വർഗീസ് കൊച്ചുപറമ്പിൽ

(കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് പാരീസിൽനിന്നു ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ലേഖകൻ വടവാതൂർ സെമിനാരിയിൽ അധ്യാപകനാണ്.)

<ആ>‘‘എന്റെ സഹോദരൻ.., നിങ്ങളുടേയും’’

പ്രകൃതിയുടെ നിലവിളിയെന്നോണം കോരിച്ചൊരിയുന്ന മഴയത്താണ് ഫാ. ഷാക് ഹാമലിന്റെ സംസ്കാരശുശ്രൂഷ നടന്നത്. റൂവൻ കത്തീഡ്രലിലും പുറത്തുമായി തിങ്ങിനിറഞ്ഞ ആയിരങ്ങൾ കണ്ണീർ വാർത്തപ്പോൾ വേദനകളെ ഉള്ളിലൊതുക്കി ഫാ. ഷാക് ഹാമലിന്റെ സഹോദരി റോസ്ലിൻ പറഞ്ഞു ‘‘ഇതാ എന്റെ സഹോദരൻ, എല്ലാവരുടെയും സഹോദരൻ.’’

ആരെയും നോവിക്കാതെ, എല്ലാവരെയും സഹോദരങ്ങളായി കണ്ടിട്ടും ബലിപീഠത്തിനുമുന്നിൽവച്ചു കഴുത്തറക്കപ്പെട്ട ആ വൈദികന്റെ മൃതദേഹത്തിനു സമീപത്തുനിന്ന് ക്രിസ്ത്യാനികളും മുസ്ലിംകളും ഉൾപ്പെടെ വ്യത്യസ്ത മതസ്‌ഥരായ ജനങ്ങൾ വിതുമ്പിപ്പോയി.
സഹോദരി തുടർന്നു:

‘ഫാ. ഷാക് ഹാമൽ പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉദ്യോഗക്കയറ്റം ലഭിക്കുന്ന സമയത്ത് അദ്ദേഹം അതു നിരസിച്ചു. കാരണം മറ്റുള്ളവരെ കൊല്ലാൻ ഉത്തരവിടേണ്ടിവരുന്ന സ്‌ഥാനം താൻ വഹിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അൾജീറിയൻ യുദ്ധകാലത്ത് മരുഭൂമിയിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ ഷാക് ഒഴികെ ഒപ്പമുണ്ടായിരുന്ന മറ്റു സൈനികരെല്ലാം കൊല്ലപ്പെട്ടു.

എന്തുകൊണ്ട് ദൈവം എന്നെ മാത്രം ഒഴിവാക്കിയെന്ന് ചോദിച്ചുപോയെന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അതിന് ഉത്തരമായിരിക്കുന്നു. എന്തുകൊണ്ട് ഞാൻ എന്ന ഷാകിന്റെ ചോദ്യത്തിന് സ്നേഹത്തിന്റെയും വേദനകളുടെയും തമ്പുരാൻ ഇപ്പോൾ മറുപടി കൊടുത്തിരിക്കുന്നു. മറ്റുള്ളവർക്കു സേവനം ചെയ്യാൻ ദൈവം അവനെ തെരഞ്ഞെടുത്തിരിക്കുകയായിരുന്നു. എന്റെ സഹോദരങ്ങളെ നമുക്ക് ഒന്നിച്ചു ജീവിക്കാൻ പഠിക്കാം. സമാധാനത്തിനുവേണ്ടി പ്രവർത്തിക്കുന്നവരാകാം. ഷാക് എന്റെ സഹോദരനാണ്. നിങ്ങളുടെയും.’

റോസ്ലിൻ വാക്കുകൾ തുടരാനാവാതെ നിർത്തിയപ്പോൾ ക്രൈസ്തവരും മുസ്ലിംകളും പരസ്പരം ആലിംഗനം ചെയ്തു. ആ കാഴ്ചകൾക്കു മധ്യേ ഷാക്കിന്റെ മൃതദേഹം അവർ പുറത്തേക്കെടുത്തു.