നിധി കാക്കുന്ന ഭൂതം
കുര്യച്ചന്റെ രണ്ടാമത്തെ മകളുടെ കല്യാണമാണ്. മൂത്തവൾ സാലുവിന്റെ കല്യാണം രണ്ടു വർഷം മുമ്പാണു നടന്നത്. സാലുവിന്റെ ഭർത്താവ് ടൗണിലെ മെഡിക്കൽ ഷോപ്പുടമയാണ്. കുര്യച്ചൻ പ്ലാന്ററാണ്. ഹൈറേഞ്ചിൽ പലയിടത്തായി അയാൾക്ക് ഭൂമിയുണ്ട്. റിയൽ എസ്റ്റേറ്റ് ഇടപാടും പലിശയ്ക്ക് പണം നൽകുന്ന ഏർപ്പാടും അയാൾക്കുണ്ട്. പണപരമായ കാര്യങ്ങളിൽ വിട്ടുകളിക്കുന്ന ആളല്ല അയാൾ. ലുബ്ധൻ എന്ന് കുര്യച്ചനെക്കുറിച്ച് പറഞ്ഞാൽ അത് ശരിയല്ലല്ലൊ എന്ന് അയാളെ പരിചയമുള്ള ആരും പറയുകയില്ല. കുര്യച്ചന്റെ ഭാര്യ സൂസമ്മ പത്തനംതിട്ടക്കാരിയാണ്. കോട്ടയത്തുനിന്ന് ബിസിനസ് മാർഗം പത്തനംതിട്ടയിൽ കുടിയേറിയവരാണ് സൂസമ്മയുടെ കുടുംബാംഗങ്ങൾ. കുര്യച്ചനും സൂസമ്മയ്ക്കും തങ്ങളുടെ പെൺമക്കളെ കൂടാതെ രണ്ടാൺമക്കൾ കൂടിയുണ്ട്. മൂത്തവൻ ജോർജിന്റെ വിവാഹം നടന്നിട്ട് ഒരു വർഷമേ ആകുന്നുള്ളൂ.

സിവിൽ ഡിപ്ലോമാക്കാരനായ അയാൾക്ക് പറയത്തക്ക ജോലിയൊന്നുമില്ല. കുര്യച്ചനെ അയാളുടെ കൃഷിക്കാര്യങ്ങളിലും ഇതര ഇടപാടുകളിലും സഹായിക്കുന്നത് ജോർജാണ്. ഷാർജയിലുള്ള ഒരു കമ്പനിയിൽ ജോർജിന്റെ ഒരു സുഹൃത്തുവഴി ആറ് മാസം മുമ്പ് അയാൾക്ക് ഒരു ജോലി ലഭിച്ചതാണ്. കുര്യച്ചന് അതിൽ താൽപര്യമില്ലാഞ്ഞതിനാലാണ് ജോർജ് അന്നാ ജോലിക്കു പോകാതിരുന്നത്. കുര്യച്ചന്റെ ഏകാധിപത്യപരമായ മനോഭാവങ്ങളെയും തീരുമാനങ്ങളെയും സംബന്ധിച്ച് അയാളുടെ ബന്ധുക്കാരായ ഇരുകൂട്ടർക്കും അനിഷ്ടമുണ്ട് എന്നത് നേരാണ്. ഒച്ചപ്പാടുണ്ടാക്കേണ്ടല്ലോ എന്നു കരുതി ജോർജും കുര്യച്ചന്റെ മൂത്തമരുമോനും അയാളുടെ ഒരു പ്രവൃത്തിയെക്കുറിച്ചും പരിഭവമൊന്നും പറയാറില്ല. സൂസമ്മയ്ക്ക് തന്റെ ഭർത്താവിന്റെ നിലപാടുകളെക്കുറിച്ച് വിരുദ്ധാഭിപ്രായമുണ്ടെങ്കിലും ഭയപ്പാടുമൂലം അത് അയാളുടെ മുമ്പിലോ പൊതുവിലോ അവർ പ്രകടിപ്പിക്കാറില്ല. കുര്യച്ചന്റെ രണ്ടാമത്തെ മകൾ ലിന്റ ഫാഷൻ ഡിസൈനറാണ്. ഡൽഹിയിൽ ജോലി ചെയ്യുന്ന അവളുടെ വിവാഹം ഒക്ടോബർ മാസത്തിലെങ്കിലും നടത്തണമെന്നുള്ള തീരുമാനത്തിലാണ് കുര്യച്ചൻ.

സാലുവിനെ കെട്ടിച്ചപ്പോൾ കുര്യച്ചന് ചെലവായത് പന്ത്രണ്ട് ലക്ഷം രൂപയാണ്. ഏതാണ്ട് അത്രത്തോളം തുക മാത്രം ലിന്റയുടെ വിവാഹത്തിനും ചെലവഴിച്ചാൽ മതിയാവും എന്ന തീരുമാനത്തിലാണ് അയാൾ. സാലുവിന്റെ ഭർത്താവ് സന്ദീപ് തന്റെ ബിസിനസ് ആവശ്യങ്ങൾക്കായി സാലുവിന്റെ ശിപാർശയോടെ രണ്ട് മാസം മുമ്പ് മൂന്നു ലക്ഷം രൂപ കടമായി കുര്യച്ചനോട് ചോദിച്ചിരുന്നെങ്കിലും തന്ത്രപൂർവം അന്ന് അയാൾ അതിൽനിന്ന് ഒഴിവാകുകയാണ് ചെയ്തത്. സാലുവിന് അവകാശപ്പെട്ടത് അവൾക്ക് കൊടുത്തിട്ടുണ്ടെന്നും ഇനിയും തന്നെക്കൊണ്ട് മുതലെടുക്കാൻ ആരും നോക്കണ്ടന്നും കുര്യച്ചൻ രഹസ്യമായി സന്ദീപിന്റെ ബന്ധുവിനോട് പറഞ്ഞത് അയാൾ പിന്നീടറിയാൻ ഇടയായതിനാൽ അയാൾക്ക് തന്റെ അമ്മായിയപ്പനോട് നീരസം വളരാൻ അത് കാരണമായി. കുര്യച്ചന്റെ ആസ്തി അഞ്ച് കോടിയെങ്കിലും വരുമെന്നുള്ള കാര്യം കുര്യച്ചനും മക്കൾക്കും മരുമക്കൾക്കുമൊക്കെ നന്നായി അറിയാവുന്ന കാര്യമാണ്.

പെൺമക്കളുൾപ്പെടെ മക്കൾക്കെല്ലാവർക്കും അപ്പന്റെ സ്വത്തിൽ തുല്യമായ അവകാശമുണ്ടല്ലൊ എന്ന് ആരെങ്കിലും കുര്യച്ചനോട് പറഞ്ഞാൽ അക്കാര്യം തനിക്കുംകൂടി തോന്നണ്ടേ എന്നാണ് അയാൾ അവരോടു പറയാറ്. പെൺമക്കളെയും ആൺമക്കളെയും രണ്ടു തട്ടിൽ കാണുന്നത് ശരിയല്ല എന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടാൽ തന്നെ ഇക്കാര്യങ്ങളൊന്നും ആരും പഠിപ്പിക്കേണ്ടതില്ല എന്നതാകും കുര്യച്ചന്റെ മറുപടി.

സ്ത്രീധന നിരോധന നിയമം നിലവിൽ വന്നതുകൊണ്ടായിരിക്കില്ല, ഇന്ന് പല മാതാപിതാക്കളും തങ്ങളുടെ ആൺമക്കൾക്ക് ഭാര്യമാരെ തേടുമ്പോഴും ആലോചന ഉറപ്പിക്കുമ്പോഴും സ്ത്രീവിഹിതത്തെ സംബന്ധിച്ച് കർക്കശനിലപാട് സ്വീകരിക്കാറില്ല. നിങ്ങളുടെ മകൾക്ക് നൽകാനുള്ളത് നൽകുക എന്നതാവും പല മാതാപിതാക്കളുടെയും നിലപാട്. പക്ഷേ, ഈ നിലപാട് പെൺകുട്ടിയുടെ അപ്പനോ കൂട്ടർക്കോ അവൾക്ക് അർഹമായത് നിഷേധിക്കാനുള്ള ഉപായമായി മാറിയാൽ അത് വിമർശിക്കപ്പെടേണ്ടതുതന്നെയാണ്. ഇറങ്ങിപ്പോകുന്ന പെണ്ണിന് തന്റെ അവകാശം ചോദിച്ചുവാങ്ങി പോകാൻ കഴിയാത്തതിനാൽ അവൾക്കുവേണ്ടി അവളുടെ മനസുൾക്കൊണ്ടുകൊണ്ട് ഉത്തമവും നീതിപൂർവകവുമായ തീരുമാനം സ്വത്തുവിഹിതത്തെ സംബന്ധിച്ച് മാതാപിതാക്കൾ കൈക്കൊള്ളുക എന്നത് ന്യായമായ കാര്യമാണ്.

താൻ കബളിപ്പിക്കപ്പെട്ടു എന്ന് തനിക്ക് ലഭിച്ച കുടുംബ സ്വത്തിനെ സംബന്ധിച്ച് ഏതെങ്കിലും പെൺ മക്കൾക്ക് പിന്നീട് തോന്നാൻ ഇടയായാൽ അതിനെ വിമർശിക്കാൻ അവരുടെ മാതാപിതാക്കൾക്കാവുമോ?. ഭാര്യക്കവകാശപ്പെട്ടത് ചോദിച്ചുവാങ്ങാൻ ഭർത്താവായ ഒരുവന്റെ മാന്യത അവനെ അനുവദിക്കില്ലെങ്കിലും ഭാര്യവീട്ടിലെ സ്വത്തുവിവരങ്ങളുടെ നിജസ്‌ഥിതി വിവാഹത്തിനുമുമ്പ് ചോദിച്ചറിയുന്നതിൽ അപാകതയൊന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ, ഇപ്രകാരം ഓരോ പെൺകുട്ടിക്കും തന്റെ കുടുംബവിഹിതമായി ലഭിക്കുന്ന തുകയിൽ ഏറിയ പങ്കും ആർഭാടം നടത്താനും നാട്ടുകാർക്ക് വെച്ചുവിളമ്പാനുമായി അവൾ ഭർതൃഗൃഹത്തിലേക്ക് കാലെടുത്തുകുത്തും മുമ്പ് ധൂർത്തടിക്കുന്നത് അന്യായവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. ആർഭാടം ഒഴിവാക്കാനും സ്ത്രീവിഹിതമായി കിട്ടുന്ന പണം ധൂർത്തടിക്കുന്നത് തടയുന്നതിനുമായികാപ്പിക്കല്ല്യാണങ്ങൾ നമുക്ക് പ്രോൽ സാഹിപ്പിച്ചുകൂടെ? മനസ്സമ്മതത്തിന്റെയും നിശ്ചയത്തി ന്റെയും ചടങ്ങുകൾ ലളിതമാക്കിക്കൂടെ?

<ആ>സിറിയക് കോട്ടയിൽ