കഥ പറയുന്ന ചീട്ടുകൾ
പൗരാണികമായ ഒരു ഐതിഹ്യത്തിൽ പറയുന്നത് പാശ്ചാത്യലോകത്തിലാണ് ആദ്യമായി ചീട്ടുകൾ രൂപംകൊണ്ടത് എന്നാണ്. അതിന് ചൈനയിലെ ചെസ് കളിയോടും കൊറിയയിലെ അമ്പ് കളിയോടും ബന്ധമുണ്ടായിരുന്നുവത്രേ. വീണവായനയിൽ കമ്പം കയറിയ ഒരു ഇന്ത്യൻ മഹാരാജാവിന്റെ ശ്രദ്ധതിരിച്ചുവിടാൻ അദ്ദേഹത്തിന്റെ പത്നി കണ്ടുപിടിച്ച ഒന്നായിരുന്നു ചീട്ടുകളി എന്നു വേറൊരു കഥയിൽ പറയുന്നു.

2007 നവംബർ ഒന്നിന് നടത്തിയ പഠനത്തിൽ ലോകത്തിൽ ഏറ്റവുമധികം വ്യത്യസ്ത തരത്തിലുള്ള ചീട്ടുകൾ കൈവശമുള്ളത് ലിയു ഫുചാങ് എന്ന ചൈനക്കാരനാണെന്ന് വെളിപ്പെടുകയുണ്ടായി. 11087 തരം ചീട്ടുകളാണ് അദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്. ലോകത്തിലെ ഏറ്റവും വലിയ കളിച്ചീട്ടുകളുടെ രൂപഘടന തയാറാക്കി ഗിന്നസ് ചരിത്രത്തിൽ കയറിപ്പറ്റിയ വ്യക്‌തി അമേരിക്കക്കാരനായ ബ്രിയാൻ ബർഗ് ആണ്. 34 അടി ഒരിഞ്ച് (3.54 മീറ്റർ) നീളവും ഒമ്പതടി അഞ്ചിഞ്ച് (2.88 മീറ്റർ) ഉയരവും 11 അടി ഏഴിഞ്ച് (3.54 മീറ്റർ) വിസ്തീർണവുമുള്ള രൂപഘടനയാണ് ബ്രിയാൻ നിർമിച്ചത്. നാൽപതിലധികം ലോകരാഷ്്ട്രങ്ങളിലെ വ്യത്യസ്ത ചീട്ടുകളുടെ ശേഖരമാണ് മഹാരാഷ്ര്‌ടയിൽ എൻജിനിയറായ കിഷോർ ഗോർധൻ ദാസിന്റെ ലൈബ്രറിയിൽ ഉള്ളത്. അമേരിക്ക, ഫ്രാൻസ്, ബൽജിയം, ജപ്പാൻ എന്നിവിടങ്ങളിലെ ചീട്ടുകളാണ് ഏറെ അഴക്.

ഇരുവശങ്ങളിലും കമനീയമായ ചിത്രങ്ങൾ പതിപ്പിച്ച 54 ചീട്ടുകൾ 1976ൽ അമേരിക്കയിൽ പുറത്തിറങ്ങി. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഇരുനൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് അമേരിക്കൻ – ബ്രിട്ടീഷ് ഭരണകൂടം പുറത്തിറക്കിയതായിരുന്നു അവ. ചീട്ടുകളുടെ ഒരു വശത്ത് അമേരിക്കയുടെയും മറുവശത്ത് ബ്രിട്ടന്റെയും നേതാക്കളുടെ ചിത്രങ്ങളും പതാകകളും സ്‌ഥാനംപിടിച്ചിരുന്നു. ഭാവി പ്രവചിക്കാൻ ഇറ്റലിക്കാർ പുറത്തിറക്കിയ ചീട്ടുകളുടെ എണ്ണം 52 ആയിരുന്നു. അതിൽ പക്ഷിമൃഗാദികൾ തുടങ്ങി പ്രശസ്തരായ രാജാക്കന്മാരുടെ വരെ ചിത്രങ്ങൾ അച്ചടിച്ചിരുന്നു. ചീട്ടുശേഖരണം ഹോബിയാക്കാൻ ഉദ്ദേശിക്കുന്നവരെ ഏറ്റവുമധികം സഹായിക്കുന്ന ഒരു ഗ്രന്ഥമാണ് 1985ൽ ഡച്ച് ഭാഷയിൽ ഹാൻ ജാൻസൻ എഴുതിയ ഡീ ഗെഷീഡനിസ് വാൻ ഡി സ്പീൽകാർട്ട് എന്ന കൃതി.

<ആ>ജോർജ് മാത്യു പുതുപ്പള്ളി