മറ്റുള്ളവരെ സഹായിച്ചു വലിയവരാകാം
പ്രഭ്വി സോഫി ഷാർലന്റ് (1847–1897) ജനിച്ചതു ജർമനിയിലെ ബവേറിയയിലായിരുന്നു. ബവേറിയയിലെ മാക്സ്മിലൻ പ്രഭുവും ലുഡോവിക്ക പ്രഭ്വിയുമായിരുന്നു സോഫിയുടെ മാതാപിതാക്കൾ. പത്തുമക്കളിൽ ഒമ്പതാമത്തവളായി ജനിച്ച സോഫി ചെറുപ്പത്തിൽ അറിയപ്പെട്ടിരുന്നതു സോഫേൾ എന്ന പേരിലായിരുന്നു.

സോഫിക്ക് ഇരുപതു വയസായപ്പോൾ ബവേറിയയിലെ രാജാവായ ലുഡ്വിഗ് രണ്ടാമൻ അവളെ വിവാഹംചെയ്യുവാൻ നിശ്ചയിച്ചതാണ്. എന്നാൽ പലതവണ നീട്ടിവച്ചതിനു ശേഷം ആ വിവാഹം വേണ്ടെന്നുവച്ചു. അതേത്തുടർന്നാണു ഫ്രാൻസിലെ അലൻ കോണിലെ പ്രഭുവായിരുന്ന ഫെർഡിനാൻഡിനെ സോഫി വിവാഹം കഴിച്ചത്. വിവാഹശേഷം അവർ ഇംഗ്ലണ്ടിൽ താമസിച്ചിരുന്ന കാലത്താണ് അവർക്കു ലൂയിസെ എന്ന പുത്രി ജനിച്ചത്.

സോഫിക്ക് അമ്പതു വയസുള്ളപ്പോൾ സോഫിയും ഭർത്താവ് ഫെർഡിനാൻഡും പാരീസിലുണ്ടായ ഒരു തീപിടിത്തത്തിൽ ദാരുണമായി മരണമടഞ്ഞു. അതു സംഭവിച്ചത് ഇപ്രകാരമായിരുന്നു. 1897 മെയ് നാലിനു സോഫിയും ഭർത്താവ് ഫെർഡിനാൻഡും പാരീസിൽ നടന്ന ഒരു ചാരിറ്റി ബസാറിൽ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. സമൂഹത്തിലെ ഉന്നതകുല ജാതരായ സ്ത്രീകൾ കൈവേല ചെയ്തുണ്ടാക്കുന്ന കൗതുകവസ്തുക്കൾ വിൽക്കുന്ന ഒരു ബസാറായിരുന്നു അത്. ആ ബസാറിൽനിന്നുണ്ടാകുന്ന വരുമാനം പാവങ്ങളെ സഹായിക്കുവാനുള്ളതായിരുന്നു.

ബസാർ നടന്നിരുന്നതു വലിയ ഒരു കെട്ടിടത്തിനുള്ളിലായിരുന്നു. വിവിധ വർണങ്ങളിലുള്ള കടലാസുകൾകൊണ്ട് അലങ്കരിച്ചിരുന്ന ഹാളിൽ എങ്ങനെയോ തീപിടിത്തമുണ്ടായി. പെട്ടെന്നു തീ ഹാളിന്റെ വിവിധ ഭാഗങ്ങളിലേക്കു പടർന്നു. ഹാളിൽനിന്നു രക്ഷപ്പെടുവാൻ സാധിക്കുന്ന തരത്തിലുള്ള വാതിലുകളുടെ എണ്ണം കുറവായിരുന്നു. തന്മൂലം, എല്ലാവരും ആ വാതിലുകളിലൂടെ പുറത്തുകടക്കുവാൻ തിരക്കുകൂട്ടി.

ഇതിനിടയിൽ കെട്ടിടത്തിനു പുറത്തു ജോലിചെയ്തിരുന്ന ആളുകൾ അടിയന്തരസഹായത്തിനെത്തി. തന്മൂലം കുറെപ്പേർക്കു രക്ഷപ്പെടുവാൻ സാധിച്ചു. തീപിടിത്ത മുണ്ടായപ്പോൾ സോഫി ഇരുന്നിരുന്നതു വാതിലുകളിൽനിന്നും വളരെ അകലെയായി ഹാളിന്റെ ഒരറ്റത്തായിരുന്നു. സോഫി അവിടെനിന്ന് ഓടി രക്ഷപ്പെടുവാൻ ശ്രമിച്ചില്ല. അവിടെ ജോലിചെയ്തിരുന്ന ചെറുപ്പക്കാരായ സ്ത്രീകളും സന്ദർശകരും ആദ്യം രക്ഷപ്പെടുവാൻ സോഫി നിർദേശിച്ചു.

രക്ഷപ്പെടുവാനുള്ള പരാക്രമത്തിനിടയിൽ ആളുകൾ തിരക്കുകൂട്ടി മുന്നോട്ടുപോകുമ്പോൾ വാതിലിനടുത്തുണ്ടായിരുന്ന ഫെർഡിനാൻഡ് തന്റ ഭാര്യയെ അന്വേഷിച്ച് എതിർദിശയിലേക്കു നടക്കുവാൻ ശ്രമിക്കുകയായിരുന്നു. അദ്ദേഹം ഉച്ചത്തിൽ തന്റെ ഭാര്യയെ വിളിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ സോഫിയെ തിരിച്ചറിഞ്ഞ ചിലർ സോഫിയോടു വേഗം മുന്നോട്ടുനീങ്ങി രക്ഷപ്പെടുവാൻ നിർദേശിച്ചു.

എന്നാൽ, മറ്റുള്ളവരെ തള്ളിനീക്കി സ്വയം രക്ഷപ്പെടുവാൻ സോഫി തയാറായില്ല. തന്നെ സഹായിക്കുവാൻ സന്നദ്ധരായവരോടു സോഫി പറഞ്ഞു: ‘നിങ്ങൾ മറ്റുള്ളവരെ രക്ഷപ്പെടുത്തൂ. പ്രഭ്വി എന്നുള്ള എന്റെ സ്‌ഥാനം മൂലം ആദ്യം ഞാനാണ് ഇവിടെ കയറിയത്. എന്നാൽ, ഞാൻ പോകുന്നത് ഏറ്റവും അവസാനത്തെ ആളായിട്ടായിരിക്കും.‘

ഭാര്യയെ അന്വേഷിച്ചു നടന്ന ഫെർഡിനാൻഡിനു ഭാര്യയെ കണ്ടുപിടിച്ചു രക്ഷപ്പെടുത്തുവാനായില്ല. അതിനു മുമ്പേ കത്തിക്കൊണ്ടിരുന്ന കെട്ടിടം ഒന്നായി നിലംപതിച്ചു. അതുവഴിയായി സോഫിയും ഫെർഡിനാൻഡും ഉൾപ്പെടെ 143 ആളുകൾ മരണമടയുകയും ചെയ്തു. സോഫിയെക്കുറിച്ചുള്ള ഒരു കഥ അനുസരിച്ച് കെട്ടിടത്തിനു തീപിടിച്ച അവസരത്തിൽ സോഫി ഇരുന്നിരുന്ന സ്‌ഥലത്തിനടുത്തു രക്ഷപ്പെടുവാനുള്ള ഒരു ചെറിയ കവാടം ഉണ്ടായിരുന്നു. എന്നാൽ ആ കവാടത്തിലൂടെ സ്വയം രക്ഷപ്പെടുവാൻ സോഫി ശ്രമിച്ചില്ല. അതിനു പകരം മറ്റുള്ളവർക്കു രക്ഷപ്പെടുവാൻ സോഫി അവസരം നൽകുകയായിരുന്നു ചെയ്തത്.

സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവനു വിലകൊടുത്ത സോഫിയുടെ ഈ കഥ നമുക്ക് അവിശ്വസനീയമായി തോന്നാം. കാരണം, സാധാരണഗതിയിൽ ഓരോരുത്തരും അവരുടെ ജീവൻ രക്ഷപ്പെടുത്തുവാനാണല്ലോ ശ്രമിക്കുക. എന്നാൽ, സോഫിയ അങ്ങനെ ചെയ്തില്ല. കത്തിയെരിയുന്ന കെട്ടിടത്തിൽനിന്നു രക്ഷപ്പെടുവാൻ സോഫി മറ്റുള്ളവർക്ക് അവസരം നൽകുകയാണു ചെയ്തത്.

സോഫിയുടെ ഭർത്താവായ ഫെർഡിനാൻഡ് പ്രഭു ചെയ്തതും വലിയ ത്യാഗമായിരുന്നു. ആളിപ്പടരുന്ന അഗ്നിനാളങ്ങളിൽനിന്നു രക്ഷപ്പെടുവാൻ അദ്ദേഹത്തിന് അവസരം ഉണ്ടായിരുന്നു. എന്നാൽ, സ്വന്ത ജീവൻ പണയപ്പെടുത്തിക്കൊണ്ട് അദ്ദേഹം കത്തിയെരിഞ്ഞുകൊണ്ടിരുന്ന ആ കെട്ടിടത്തിൽ തന്റെ ഭാര്യയെ അന്വേഷിച്ചു പോവുകയാണു ചെയ്തത്. അത് അദ്ദേഹത്തിന്റെ മരണത്തിൽ കലാശിക്കുകയും ചെയ്തു.

മറ്റുള്ളവരുടെ ജീവൻ രക്ഷപ്പെടുത്തുവാൻ വേണ്ടി അവർക്ക് അവസരം നൽകി സോഫി സ്വയം മാറിനിന്നതു വലിയ ത്യാഗംതന്നെയായിരുന്നു. അതുപോലെ, സ്വന്തം ജീവൻ അവഗണിച്ചും സോഫിയെ രക്ഷപ്പെടുത്തുവാൻവേണ്ടി സോഫിയുടെ ഭർത്താവ് ചെയ്തതും വലിയ ത്യാഗംതന്നെയാണ്. അതിൽ അവർ നമ്മുടെ ഏറെ ആദരവും അർഹിക്കുന്നു.

സോഫിയേയും ഫെർഡിനാൻഡിനെയും പോലെ മറ്റുള്ളവരുടെ ജീവൻ രക്ഷപ്പെടുത്തുവാൻവേണ്ടി നമ്മുടെ ജീവൻ ബലികഴിക്കേണ്ട അവസരം നമ്മിലാർക്കും ഉണ്ടായി എന്നുവരില്ല. എന്നാൽ, മറ്റുള്ളവരുടെ ജീവന്മരണ പ്രശ്നങ്ങളിൽ അവരെ സഹായിക്കേണ്ട അവസരം നമുക്കു പലപ്പോഴും ഉണ്ടാകാറുണ്ട് എന്നതാണു വാസ്തവം. അങ്ങനെയുള്ള അവസരങ്ങളിൽ നാം അവരെ സഹായിക്കുന്നുണ്ടെങ്കിൽ അതു വലിയ കാര്യംതന്നെ. അതുവഴിയായി നാം വലിയ മനുഷ്യരാവുകയും ചെയ്യും.

എന്നാൽ, മറ്റുള്ളവരുടെ ജീവന്മരണ പോരാട്ടങ്ങൾ കാണുമ്പോൾ നാം കണ്ണടച്ചു മാറിനിൽക്കുന്നവരാണെങ്കിൽ നാം തീർത്തും ചെറിയ മനുഷ്യർതന്നെ എന്നതിൽ സംശയംവേണ്ട. മറ്റുള്ളവരുടെ ജീവനും നന്മയ്ക്കും വേണ്ടി അവരെ എപ്പോഴും സഹായിക്കുന്ന വലിയ മനുഷ്യരായി നമുക്കു മാറാൻ ശ്രമിക്കാം. അപ്പോൾ നാം സഹായിക്കുന്നവരുടെ ജീവിതംപോലെ നമ്മുടെ ജീവിതവും അനുഗ്രപൂർണമായി മാറും.

<ആ>ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ