ജിബുവിനോടൊപ്പം ഉലഹന്നാനും കുടുംബവും
മലയാള സിനിമയിലെ ഹിറ്റ് താരജോഡികളായ മോഹൻലാലും മീനയും വീണ്ടും ഒന്നിക്കുന്നു. വെള്ളിമൂങ്ങയ്ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോടും പരിസരങ്ങളിലുമായി പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ ജിബു ജേക്കബ് സൺഡേ ദീപികയുമായി സംസാരിക്കുന്നു.

<ആ>വെള്ളിമൂങ്ങയ്ക്കുശേഷം ഇടവേള വന്നുവല്ലോ?

ഞാൻ തിരക്കുപിടിച്ച് സിനിമ ചെയ്യുന്ന ഒരാളല്ല. എനിക്ക് ഇഷ്‌ടപ്പെടുന്ന ഒരു കഥ വരുന്നതു വരെ കാത്തിരിക്കുകയായിരുന്നു. നല്ലൊരു കഥ വന്നപ്പോൾ ലാലേട്ടനോട് കഥ പറഞ്ഞു. ലാലേട്ടനു കഥ ഇഷ്‌ടപ്പെട്ടു. അദ്ദേഹത്തിന്റെ ഡേറ്റും കിട്ടി. ലാലേട്ടന്റെ സിനിമ കഴിഞ്ഞു മതി മറ്റൊന്ന് എന്നു തീരുമാനിച്ചതിനാലാണ് വെള്ളിമൂങ്ങയ്ക്കുശേഷം അടുത്ത ചിത്രം ചെയ്യാൻ ഇത്രയും വൈകിയത്.

<ആ>എന്താണ് പുതിയ ചിത്രം പറയുന്നത്?

വെള്ളിമൂങ്ങ കൗശലക്കാരനായ ഒരു രാഷ്ര്‌ടീയക്കാരന്റെ കഥയാണ് പറഞ്ഞതെങ്കിൽ 55 വയസുള്ള പഞ്ചായത്തുസെക്രട്ടറിയുടെ കുടുംബജീവിതവും ഔദ്യോഗിക ജീവിതവുമെല്ലാമാണ് പുതിയ ചിത്രത്തിൽ പറയുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങളാണ് ഇതിൽ പറയുന്നത്. പൂർണമായും ഇതൊരു കുടുംബചിത്രമാണ്. ഉലഹന്നാൻ എന്നാണ് ലാലേട്ടന്റെ കഥാപാത്രത്തിന്റെ പേര്. കീഴാറ്റൂർ എന്ന ഉൾനാടൻ ഗ്രാമപഞ്ചായത്തിലെ സെക്രട്ടറിയാണ്. രണ്ടു കുട്ടികളുടെ അച്ഛൻവേഷമാണ്.

നഗരത്തിനടുത്തുള്ളൊരു ഹൗസിംഗ് കോളനിയിലാണ് ലാലേട്ടന്റെ കഥാപാത്രം താമസിക്കുന്നത്. പഞ്ചായത്തിലേക്ക് ബസിൽ സഞ്ചരിച്ചുപോകുന്നൊരു കഥാപാത്രം. പല കുടുംബങ്ങളിലും നടന്നതും നടക്കുന്നതുമായ കാര്യങ്ങളൊക്കെ വളരെ ലളിതമായി ഈ ചിത്രത്തിൽ പറയുന്നു. ഉലഹന്നാന്റെ ഭാര്യയുടെ വേഷത്തിൽ ആനിയമ്മ ആയിട്ടാണ് മീന അഭിനയിക്കുന്നത്. ലാലേട്ടനോടൊപ്പം പ്രാധാന്യമുള്ള വേഷമാണ് മീനയുടെതും. കുറേ രസകരങ്ങളായ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്.

<ആ>രാഷ്ട്രീയം സിനിമയിൽ പറയുന്നതേയില്ലേ?

പഞ്ചായത്തുസെക്രട്ടറി നായകനാകുമ്പോൾ സ്വഭാവികമായിട്ടും കഥയിൽ വരുന്ന രാഷ്ട്രീയം ഉണ്ടല്ലോ. ജോലിയുടെ ഭാഗമായി വരുന്ന അത്തരം രാഷ്ര്‌ടീയം മാത്രമേ ചിത്രത്തിൽ വരുന്നുള്ളൂ.

<ആ>മോഹൻലാൽ സിനിമയിൽ മുമ്പ് പ്രവർത്തിച്ചിട്ടില്ലേ?

ലാലേട്ടന്റെ മാന്ത്രികം സിനിമയിൽ അസോസിയറ്റ് കാമറമാനായി വർക്ക് ചെയ്തിട്ടുണ്ട്. ഛോട്ടാമുംബൈയ്ക്കുവേണ്ടിയും ക്ലാഷ് വർക്ക് ചെയ്തിട്ടുണ്ട്.

<ആ>മോഹൻലാലുമൊത്തുള്ള അനുഭവം?

എന്റെ സിനിമാജീവിതത്തിലെ ഏറ്റവും സുന്ദരമായ അവസ്‌ഥയിലൂടെയാണ് ഞാനിപ്പോൾ കടന്നുപോകുന്നത്. മോഹൻലാലിനെപ്പോലൊരു വലിയ നടൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യാൻ കഴിയുന്നുവെന്നതു തന്നെ മഹാഭാഗ്യമായി കാണുന്നു. വെള്ളിമുങ്ങയ്ക്കു ലഭിച്ച അവാർഡ് ആയിട്ടാണ് ഞാനിതിനെ കാണുന്നത്. ലാലേട്ടനോടൊപ്പം ഒരു സിനിമ ചെയ്യാനാവുന്നു, ലാലേട്ടൻ എന്നെ അംഗീകരിക്കുന്നുവെന്നതു തന്നെ എനിക്കു വലിയൊരു അവാർഡു കിട്ടുന്നതുപോലെ സന്തോഷം തരുന്നു.

സിനിമയിൽ എത്രയോ ഉയരങ്ങളിലാണ് ലാലേട്ടൻ. പക്ഷേ അതൊന്നും കാമറയ്ക്കു മുന്നിൽ അദ്ദേഹം പ്രകടമാക്കാറില്ല. എന്നിൽ നിന്ന് വേണ്ടതെല്ലാം ഞാൻ തരുന്നു. അതിൽനിന്ന് ഇഷ്‌ടമുള്ളത് നിങ്ങൾക്ക് തെരഞ്ഞെടുക്കാം. അതാണ് ലാലേട്ടന്റെ നിലപാട്.

ലാലേട്ടനോടൊപ്പം വർക്ക് ചെയ്യാൻ വളരെ കംഫർട്ടാണ്. നമുക്ക് എന്ത് വേണമെങ്കിലും അദ്ദേഹത്തോട് ആവശ്യപ്പെടാം. എത്ര ടേക്ക് വേണമെങ്കിലും പോകാം. ടേക്കിന് പോകുന്നത് അദ്ദേഹത്തിന്റെ വീഴ്ച കൊണ്ടാവില്ല. ഏതെങ്കിലും സാങ്കേതിക പ്രശ്നമാകാം. പക്ഷേ അതൊന്നും അദ്ദേഹത്തെ അസ്വസ്‌ഥപ്പെടുത്തു ന്നതായി തോന്നിയിട്ടില്ല.

സംവിധായകനു വലിയൊരു സ്‌ഥാനം നൽകുന്ന നടനാണ് മോഹൻലാൽ. ഇത്രയും വലിയൊരു നടനായിട്ടുനിൽക്കുമ്പോഴും സംവിധായകൻ പറയുന്നതാണ് അവസാനവാക്കെന്ന നിലയ്ക്ക് അഭിനയിക്കുമ്പോൾ എന്നെ അതു വല്ലാതെ അദ്ഭുതപ്പെടുത്തുന്നുണ്ട്.

<ആ>ചിത്രത്തിനു പേരിടാൻ വൈകുന്നത്?

പേരിടാൻ വൈകുന്നത് ബോധപൂർവമല്ല. ധൃതിപിടിച്ച് പേരിട്ടില്ലെന്നേയുള്ളൂ. ചിത്രവുമായി സഹകരിക്കുന്ന എല്ലാവർക്കും യോജിപ്പിലെത്താൻ കഴിയുന്ന പേരാണ് നോക്കുന്നത്. പല പേരുകളും പറയുന്നുണ്ട്. സംസാരിക്കുന്നുണ്ട്. അധികം വൈകാതെ പേരിടും. വെള്ളിമൂങ്ങ ചെയ്തപ്പോഴും പേരിട്ടല്ല തുടങ്ങിയത്. ഷൂട്ടിംഗ് തീരാൻ മൂന്നോ, നാലോ ദിവസം മാത്രം ബാക്കിനിൽക്കേയാണ് പേരിട്ടത്.

<ആ>ബിഗ് ബജറ്റ് ചിത്രമാണോ?

ബിഗ് ബജറ്റ് ചിത്രമൊന്നുമല്ല. ലാലേട്ടന്റെ സിനിമയാകുമ്പോൾ മിനിമം ബജറ്റ് കാണുമല്ലോ. ലാലേട്ടന്റെ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും ചെറിയ ബജറ്റ് ഈ ചിത്രത്തിന്റെതായിരിക്കും.
പ്രദർശനത്തിനെത്തുന്നത്? ഒക്ടോബർ അവസാനമോ നവംബർ ആദ്യത്തോടെയോ സിനിമ പ്രദർശനത്തിനെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

<ആ>വെള്ളിമൂങ്ങ സൂപ്പർ ഹിറ്റായിരുന്നു,സമ്മർദമുണ്ടോ?

സമ്മർദമുണ്ട്. എല്ലാ സിനിമയും തിയറ്ററിലേക്കെത്തുമ്പോൾ സമ്മർദമുണ്ടാകാറുണ്ടല്ലോ. ലാലേട്ടന്റെ ചിത്രമായതുകൊണ്ട് പ്രത്യകിച്ച്. എന്തായാലും ആളുകൾ വലിയ പ്രതീക്ഷയിലാണ്. പല ഭാഗത്തുനിന്നുമുള്ള അഭിപ്രായങ്ങളും സംസാരങ്ങളും കേൾക്കുമ്പോൾ നമുക്ക് അതറിയാം. മികച്ചൊരു ചിത്രമായി മാറാൻ ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. എല്ലാം ഭംഗിയായി വരുമെന്നു തന്നെയാണ് പ്രതീക്ഷ. ആളുകൾ ലാലേട്ടനിൽനിന്ന് ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമയായി മാറാൻ പരമാവധി ശ്രമിക്കും.

<ആ>അണിയറിൽ?

ചിത്രത്തിന്റെ നിർമാതാവ് സോഫിയ പോൾ, തിരക്കഥാകൃത്ത് സിന്ധുരാജ്, കാമറമാൻ പ്രമോദ് എന്നിവരാണ്. നാലു ഗാനങ്ങളാണ് ഉള്ളത്. രണ്ടു ഗാനങ്ങൾ ബിജിബാലും രണ്ടു ഗാനങ്ങൾ എം. ജയചന്ദ്രനും സംഗീതം ചെയ്യുന്നു.

<ആ>നിയാസ് മുസ്തഫ