നിങ്ങൾ ആഗ്രഹിക്കുന്ന മരുമക്കൾ
അരുൺ അവധിക്ക് നാട്ടിൽ എത്തിയിട്ടുണ്ട്. അവൻ എന്റെ സുഹൃത്തിന്റെ മകനാണ്. ദുബായിലാണ് അരുണിന് ജോലി. ആശ അരുണിന്റെ ഭാര്യയാണ്. ആശയുടെ മാതാപിതാക്കൾ നാട്ടിലെ പേരുകേട്ട’ അധ്യാപകരാണ്. പൗലോസ് സാർ റിട്ടയർ ചെയ്തത് കഴിഞ്ഞ വർഷമാണ്. സാറിന്റെ ഭാര്യ അമ്മിണിട്ടീച്ചർ അടുത്ത വർഷം റിട്ടയർ ചെയ്യും. അരുൺ വീട്ടിൽ മാത്രമല്ല, നാട്ടിലും പുറംനാട്ടിലും ഏവർക്കും പ്രിയങ്കരനാണ്. അരുണിന്റെ അമ്മ ജീവിച്ചിരുപ്പുണ്ട്. അപ്പൻ ജയിംസ് ഗവൺമെന്റ് പ്രസിലെ ജോലിക്കാരനായിരുന്നു. മൂന്ന് വർഷങ്ങൾക്കുമുമ്പാണ് മരിച്ചത്. അരുണിന് കൂടപ്പിറപ്പായി ഒരു അനുജത്തി മാത്രമാണുള്ളത്. അമല. അരുൺ വിവാഹിതനാകുന്നതിനുമുമ്പ് അമലയുടെ വിവാഹം കഴിഞ്ഞതാണ.് അമലയുടെ ഭർത്താവ് ജസ്റ്റിൻ യു.പി സ്കൂൾ അധ്യാപകനാണ്. അമല നാട്ടിൽ തന്നെയുളള അൺഎയ്ഡഡ് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ്. ബി. എസ്സി. ബി. എഡുകാരിയായ അവൾ പി. എസ്. സി വഴി ഗവൺമെന്റ് സ്കൂളിൽ കയറുവാനുളള പരിശ്രമത്തിലാണിപ്പോൾ.

അരുണിന്റെ കുടുംബപശ്ചാത്തലം അൽപം പറഞ്ഞെന്നുമാത്രം. നമുക്കിവിടെ ശ്രദ്ധാകേന്ദ്രം അരുണും അയാളുടെ സ്വഭാവ വൈശിഷ്ട്യങ്ങളുമാണ്. അയാൾ സർവർക്കും സ്വീകാര്യനാണന്ന് പറഞ്ഞല്ലൊ. അരുണിനെക്കുറിച്ച് അപ്രകാരം ഒഴുക്കൻമട്ടിൽ എന്തെങ്കിലുമൊന്ന് പറഞ്ഞാൽപ്പോരെന്നാണ് എനിക്ക് തോന്നുന്നത്. ആശയ്ക്ക് അരുൺ ഭർത്താവാണെങ്കിൽ ആശയുടെ മാതാപിതാക്കൾക്ക് അയാൾ മരുമകനല്ല, പൗലോസ് സാറിന്റെയും അമ്മിണിട്ടീച്ചറിന്റെയും ഭാഷയിൽ അയാൾ അവർക്ക് മകനെക്കാൾ ഉപരിയാണ്. അവരിരുവരും അരുണിനെക്കുറിച്ച്, ഇത്തരത്തിൽ അഭിപ്രായപ്പെടാൻ കാരണം അവരുടെ കാര്യങ്ങളിൽ അരുൺ സ്വന്തം മാതാപിതാക്കളുടെ കാര്യങ്ങളിൽ എന്നപോലെ ശ്രദ്ധിക്കുന്നു എന്നതു തന്നെയാണ്.

അരുൺ വർഷത്തിലേറെ ദിനങ്ങളിലും വിദേശത്താണെങ്കിലും തങ്ങളുടെ അടുത്തെപ്പോഴും ഉള്ള അനുഭവമാണ് തങ്ങൾക്കുള്ളതെന്നാണ് അവരിരുവരും പറയുന്നത്. തന്റെ മാതാപിതാക്കളിൽ നിന്ന് എപ്പോഴും തന്റെ ഭർത്താവിനെക്കുറിച്ച് ഇത്തരത്തിലുള്ള നല്ല അഭിപ്രായം കേൾക്കുന്ന അമല സത്യത്തിൽ ത്രില്ലിലാണ്. ഇതവളെ അരുണിനോട് കൂടുതൽ അടുപ്പിക്കുന്നുവെന്നാണ് അമലയുടെ സാക്ഷ്യം. താൻ അദ്ഭൂതമൊന്നും കാട്ടുന്നില്ലെന്നും ഒരു ഭർത്താവ് തന്റെ ഭാര്യയുടെ മാതാപിതാക്കളോട് ന്യായമായും പ്രകടിപ്പിക്കേണ്ട സ്നേഹം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് അരുൺ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. അമലയുടെ മാതാപിതാക്കൾ തനിക്ക് നൽകിയ ഏറ്റവും വലിയ സമ്മാനമാണ് തന്റെ ഭാര്യയെന്നും അതിനെപ്രതി അവർക്ക് താൻ എന്തുതന്നെ പ്രതിഫലമായി നൽകിയാലും മതിയാവുകയില്ലെന്നും അരുൺ പറയുമ്പോൾ അയാളുടെ കണ്ണുകൾ സന്തോഷത്താൽ തുളുമ്പുന്നത് ഞാൻ ശ്രദ്ധിച്ചു. ഇത്തരത്തിലുള്ള മരുമക്കളെ കിട്ടാൻ പെൺമക്കളുടെ അപ്പനമ്മമാർ പുണ്യം ചെയ്യുകതന്നെ വേണം.

വായനക്കാരായ മാതാപിതാക്കൾക്ക് അരുണിനെപ്പോലുള്ള മരുമക്കളെ തങ്ങൾക്ക് ലഭിച്ചതിന്റെ മധുരസ്മരണകൾ പങ്കുവെയ്ക്കാനുണ്ടോ? അതോ നിങ്ങൾക്കുള്ളത് കയ്പാർന്ന ഓർമകളാണോ? വിവാഹിതരായ ഭർത്താക്കന്മാരോടും വിവാഹം ചെയ്യാൻ തയാറാകുന്ന യുവാക്കളോടും എനിക്ക് പറയാനുളളത് തങ്ങളുടെ പെൺമക്കളെ പൊന്നുപോലെ വളർത്തി നിങ്ങൾക്ക് എന്നന്നേക്കുമായി ഭരമേൽപ്പിച്ചു തരുന്ന അവരെ പൊന്നുപോലെ നോക്കണമെന്നാണ.് നിങ്ങളുടെ ഭാര്യയോടുളള സ്നേഹത്തെപ്രതി അവളുടെ മാതാപിതാക്കളോടു നിങ്ങൾ പ്രകടമാക്കേണ്ട സ്നേഹവും കടപ്പാടും പ്രകടമാക്കാതെ പോകുമ്പോൾ നിങ്ങളോട് നിങ്ങളുടെ ഭാര്യക്ക് മതിപ്പ് തോന്നിയെന്ന് വരികില്ല, വെറുപ്പ് തോന്നിയാൽ അതിൽ അദ്ഭുതപ്പെടാനുമില്ല. മക്കൾ സ്വന്തം മാതാപിതാക്കളുടെ കാര്യങ്ങളിൽ തങ്ങളുടെ വിവാഹശേഷവും ശ്രദ്ധചെലുത്തുന്നു എന്നത് സ്വഭാവികം മാത്രമാണ്.

എന്നാൽ വിവാഹശേഷം ഭർത്താവ് തന്റെ ഭാര്യയുടെ മാതാപിതാക്കളുടെ കാര്യങ്ങളിൽ അവൾ ശ്രദ്ധിക്കുന്നതിനെക്കാൾ ഉപരിയായും ഭാര്യ തന്റെ ഭർത്താവിന്റെ മാതാപിതാക്കളുടെ കാര്യങ്ങളിൽ അയാൾ ശ്രദ്ധിക്കുന്നതിനെക്കാൾ വലുതായും ശ്രദ്ധിക്കണമെന്ന പക്ഷക്കാരനാണ് ഞാൻ. അത്തരമൊരു സമീപനം വഴിയായി ജീവിത പങ്കാളിയുടെ മാതാപിതാക്കൾക്ക് തങ്ങളുടെ മരുമകനെക്കുറിച്ചോ മരുമകളെക്കുറിച്ചോ മതിപ്പുളവാകും എന്നതിനെക്കാൾ ഭാര്യാഭർത്താക്കന്മാരായ അവർക്കിരുവർക്കും അന്യോന്യം മതിപ്പുളവാകാനും അവരുടെ ബന്ധം ആഴപ്പെടാനും അതു കാരണമാകുമെന്നാണ് എന്റെ കൗൺസലിങ്ങ് അനുഭവങ്ങൾ എന്നെ പഠിപ്പിച്ചിട്ടുള്ളത്. ഇത് ജന്മം നൽകിയ മാതാപിതാക്കളെ മറന്നുകളയാനോ അവർക്ക് അതുമൂലം പരിഭവം ഉണ്ടാകാനോ ഉള്ള കാരണമായി മാറാൻ ഇടയാവരുത് എന്നതും ഏവരും ശ്രദ്ധിക്കേണ്ടതാണ്.

<ആ>സിറിയക് കോട്ടയിൽ