ആട് മുത്തശിക്ക് ദാരുണാന്ത്യം
ലോക ഗിന്നസ് റിക്കാർഡ് അനുസരിച്ച് ഏറ്റവും കൂടുതൽ വർഷം ജീവിച്ചിരുന്ന ആടിന്റെ ആയുർദൈർഘ്യം 28 വർഷവും 51 ആഴ്ചയുമായിരുന്നു. അടുത്തസമയം വരെ ഏറ്റവും പ്രായമുള്ള ആട് എന്ന ബഹുമതി നിലനിർത്തിയിരുന്നത് ലെവിസിലെ നോർത്ത് ടോർസ്റ്റയിലുള്ള ജോൺ മാസിവറിന്റെ ഉടമസ്‌ഥതയിലുള്ള മെതുസെലിന എന്ന പെണ്ണാടായിരുന്നു. 25 വയസും 11 മാസവുമായിരുന്നു അതിന്റെ ആയുസ്. മെതുസെലിനയുടെ ദാരുണാന്ത്യത്തിന് ദൃക്സാക്ഷിയാകേണ്ടിവന്ന ദുര്യോഗവും മാസിവറിനുണ്ടായി. മാസിവർ നോക്കുമ്പോൾ ഒരു വലിയ പാറയുടെ മുകളിൽ നിൽക്കുകയായിരുന്നു മെതുസെലിന. ഒരു ചെടിയുടെ ഇല തിന്നാൻ മുന്നോട്ട് ആയുമ്പോഴാണ് അപ്രതീക്ഷിതമായി കാൽ തെന്നി താഴെവീണ് ആടുമുത്തശി മരണപ്പെടുന്നത്.

മെതുസെലിനയ്ക്ക് മുമ്പ് പ്രായംകൂടിയ ആട് എന്ന പദവി ലക്കി എന്നു പേരുള്ള മറ്റൊരു പെണ്ണാടിനായിരുന്നു. ഓസ്ട്രേലിയയിലെ മെൽബണിനു സമീപമുള്ള ലേക് ബോലാക് ടൗണിൽ താമസിക്കുന്ന ഡെൽറ വെസ്ഗാർത്തിന്റെ വകയായിരുന്നു ലക്കി. ലക്കിയുടെ അമ്മ അവളെ പ്രസവിച്ചതുമുതൽ അവൾ ആ വീട്ടിലെ അരുമയായി വളർന്നു. 2007ൽ ഗിന്നസിൽ കയറിപ്പറ്റുമ്പോൾ 23 വയസായിരുന്നു പ്രായം. ലക്കിയുടെ മരണത്തെത്തുടർന്നാണ് മെതുസെലിന ഗിന്നസ്ബുക്കിൽ പ്രവേശിക്കുന്നത്.

ഈജിപ്തിൽ പൗരാണിക കാലത്ത് ഒരാളുടെ സാമ്പത്തികനില നിർണയിച്ചിരുന്നത് അയാൾക്ക് എത്ര മൃഗങ്ങളുണ്ട് എന്നു നോക്കിയായിരുന്നു. വിശുദ്ധ ബൈബിളിൽ അബ്രഹാമും മോശയും യാക്കോബും ഇയ്യോബുമൊക്കെ ധാരാളം ആടുമാടുകളുടെ ഉടമസ്‌ഥരായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മരുഭൂമിയിലെ ചൂടേറിയ കാലാവസ്‌ഥയെ അതിജീവിക്കാനുള്ള പ്രത്യേക കഴിവ് ആടുകൾക്കുണ്ട്. പോളണ്ടിൽ ശോഭനമായ ഭാവിയുടെ പ്രതീകങ്ങളായി ആടുകളെ കരുതിവന്നിരുന്നു. പോളിഷ് ജനത ആടുകൾക്കു വളരെയധികം സ്നേഹവും ആദരവും നൽകിവരുന്നു. ജിം ടെൽ എന്ന പോളണ്ടുകാരൻ 50,000 ഡോളറിനാണ് അടുത്തസമയത്ത് ഒരു ആടിനെ ലേലത്തിൽ പിടിച്ചത്.

ജവാംഗ് ഗോത്രവർഗക്കാർ തീരെ ഉയരംകുറഞ്ഞ മരക്കൊമ്പുകളിൽ കുടിൽ കെട്ടി അതിനുള്ളിലാണ് ആടുകളെ വളർത്തുന്നത്.ഇന്നും ഈജിപ്തിലെ മരുപ്രദേശങ്ങളിൽ ആടുകളെ ധാരാളം വളർത്തിവരുന്നു. കോലാടുകളും ചെമ്മരിയാടുകളും ഇവയിൽപ്പെടും. ബൈബിളിൽ പറയുന്ന പല നാടുകളും ഇന്ന് ഈജിപ്ത്, ഇറാക്ക്, സിറിയ, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളിലാണ്. അവിടെയുള്ള കൃഷിക്കാർ ആടുകളെ വളർത്തിയാണ് ജീവിക്കുന്നത്.

<ആ>ജോർജ് മാത്യു പുതുപ്പള്ളി