‘ചിദംബര’സ്മരണ
രസകരമായൊരു ചൊല്ലുണ്ട്– ‘‘കേശാദിപാദം തൊഴുന്നേൻ എന്ന കൃഷ്ണഭക്‌തിഗാനത്തെ വെല്ലുന്ന മറ്റൊരു ഗാനം മലയാളത്തിലുണ്ടെങ്കിൽ അത് ചെത്തി മന്ദാരം തുളസി ആയിരിക്കും., ചെത്തി മന്ദാരം തുളസിയേക്കാൾ ഒരുപടി മുന്നിൽനിൽക്കുന്ന കൃഷ്ണസ്തുതിയുണ്ടെങ്കിൽ അത് കേശാദിപാദമായിരിക്കും’’! അതെങ്ങനെ സാധിക്കും എന്നു ചിന്തിച്ചു തലപുകയ്ക്കേണ്ടകാര്യമില്ല– സംഗീതത്തിൽ അസാധ്യമായത് ഒന്നുമില്ല എന്നാണുത്തരം. സംശയമുള്ളവർക്കു പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാം.

അടിമകൾ (1969) എന്ന ചിത്രത്തിനുവേണ്ടി വയലാർ എഴുതി ദേവരാജൻ മാസ്റ്റർ ഈണമിട്ടതാണ് ചെത്തി മന്ദാരം തുളസി എന്ന ഗാനം. പി. സുശീലയുടെ ശബ്ദവും ഭാവവും ആസ്വാദക മനസുകളിൽ ഭക്‌തിയുടെ പൂക്കണി തെളിയിച്ചു. അതിനും മൂന്നുവർഷം മുമ്പ് കേശാദിപാദം തൊഴുന്നേൻ എന്ന പാട്ട് പുറത്തിറങ്ങിയിരുന്നു. പകൽക്കിനാവ് എന്ന ചിത്രത്തിനുവേണ്ടി എസ്. ജാനകിയാണ് ആ പാട്ടുപാടിയത്. പി. ഭാസ്കരൻ എഴുതിയ വരികൾക്ക് അനുപമമായ ഈണമിട്ട സംഗീതസംവിധായകനെ പലർക്കും ഓർമകാണില്ല. ഒട്ടും പ്രതീക്ഷിക്കാതെ മലയാളത്തിലെത്തി, മനസുകളിൽ തങ്ങിനിൽക്കുന്ന ചുരുങ്ങിയ പാട്ടുകൾ മാത്രം ഒരുക്കി മെല്ലെ വിസ്മൃതിയിലേക്കു മറഞ്ഞ ഭൂതപ്പാണ്ടി അണ്ണാവി ചിദംബരനാഥ് എന്ന ബി.എ. ചിദംബരനാഥാണ് അത്.

മറ്റൊരു പാട്ടിലേക്കുകൂടി പോകാം. കരയുന്നോ പുഴ ചിരിക്കുന്നോ... കണ്ണീരുമൊലിപ്പിച്ചു കൈവഴികൾ പിരിയുമ്പോൾ കരയുന്നോ പുഴ ചിരിക്കുന്നോ... ഇത്രമേൽ ഏകാന്തത തളംകെട്ടിനിൽക്കുന്ന വിഷാദസുന്ദരഗാനം വേറെയുണ്ടോ. വയലിൻ, പുല്ലാങ്കുഴൽ, ഗിറ്റാർ... പഹാഡി പാട്ടിന്റെ താഴ്വരയൊരുക്കുന്നു. ഒരു ഗദ്ഗദം തൊണ്ടയിലൊളിപ്പിച്ചാണ് 1965ലെ യേശുദാസ് ഈ പാട്ടു പാടിയിരിക്കുന്നത്. ഗായകന്റെയും പാട്ടെഴുതിയ ഭാസ്കരൻ മാസ്റ്ററുടെയും പേരുകളിൽ മുറപ്പെണ്ണ് എന്ന ചിത്രത്തിലെ ഈ ഗാനം എന്നും ഓർമിക്കപ്പെടുമ്പോഴും, സംഗീതമൊരുക്കിയ ചിദംബരനാഥിനെ ഭൂരിഭാഗത്തിനും അറിയില്ല.

<ആ>വയലിൻ വഴികൾ

ഒരു തമിഴന് എങ്ങനെയായിരിക്കും മലയാളത്തിന്റെ മനസറിഞ്ഞ ഒരു കുടന്ന പാട്ടുകൾ ഒരുക്കാൻ കഴിഞ്ഞിരിക്കുക! മലയാളത്തിന്റെ നാടൻ ശീലുകൾ അദ്ദേഹത്തിന്റെ പാട്ടുകളിൽ ചായംപുരട്ടി. കേരളത്തിന്റെ ജീവിതപരിസരങ്ങൾ അവയിൽ വളരെ സ്വാഭാവികമായി ഇണങ്ങിച്ചേർന്നു. വയലിനുമായി നാല്പതുകളുടെ രണ്ടാം പകുതിയിൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ എത്തിപ്പെടുമ്പോൾ അദ്ദേഹത്തിന്റെ സ്വപ്നങ്ങളിൽപ്പോലും സിനിമയില്ലായിരുന്നു. ആ വയലിനായിരുന്നു അദ്ദേഹത്തിന്റെ ആശയവിനിമയോപാധി. ഒട്ടേറെ മഹാപ്രതിഭകൾക്കൊപ്പം വയലിനുമായി സഞ്ചരിച്ചിരുന്നു. അന്ന് ആകാശവാണിയിലുള്ള രാഘവൻ മാസ്റ്ററാണ് ചിദംബരനാഥിന് ധൈര്യം പകർന്നത്– തന്റെ വയലിനിൽ മലയാള സിനിമാഗാനങ്ങളുടെ ഈണങ്ങൾ വിരിയുമെന്ന്.

1949– ഉദയായുടെ ആദ്യചിത്രമായ വെള്ളിനക്ഷത്രത്തിന്റെ പാട്ടുകൾ ഒരുക്കുന്ന സമയം. പരമുദാസ് എന്നയാൾക്കൊപ്പം പാട്ടുകൾ ചിട്ടപ്പെടുത്താനുള്ള ഉത്തരവാദിത്തം ചിദംബരനാഥിൽ വന്നുചേർന്നു. അന്നു സ്റ്റുഡിയോയുടെ ഓർക്കസ്ട്ര ടീം അംഗമാണ് ചിദംബരനാഥ്. ഹിന്ദി പാട്ടുകളുടെ ട്യൂണുകൾ അതേപടിയെടുത്ത് മലയാളം വരികൾ കുത്തിത്തിരുകുകയാണ് അന്നുള്ള പതിവ്. അല്ലെങ്കിൽ അത്രയേയുള്ളൂ മിക്കപ്പോഴും സംഗീതസംവിധാനം. പരമുദാസ് കുറേ ഹിന്ദി ട്യൂണുകൾ എടുത്ത് പാട്ടുകളുണ്ടാക്കി. ചിദംബരനാഥിന് അത് കടുത്ത അതൃപ്തിയുണ്ടാക്കി. ഈ പണിക്കു താനില്ലെന്ന് അദ്ദേഹം തീർത്തു പറയുകയും ചെയ്തു. ഒടുവിൽ ഉദയാക്കാർ അദ്ദേഹത്തിന്റെ കടുംപിടുത്തത്തിനു വഴങ്ങി– ചിദംബരനാഥിന് ഇഷ്‌ടമുള്ള രീതിയിൽ ഈണമൊരുക്കാം. അദ്ദേഹം മലയാളത്തനിമയോടെ ചിട്ടപ്പെടുത്തിയ ആശാ മോഹനമേ എന്ന ഗാനം മലയാള സിനിമയിലെ ആദ്യത്തെ സ്വതന്ത്ര ഗാനമായാണ് കരുതപ്പെടുന്നത്. ചെറായി അംബുജമായിരുന്നു ഗായിക. അങ്ങനെ ചിദംബരനാഥ് മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീതസംവിധായകനുമായി.

<ആ>സുറുമ നല്ല സുറുമ

ഖവാലി, മാപ്പിളപ്പാട്ട്, വടക്കൻപാട്ട്, ഒപ്പം ചില പൊടിക്കൈകളും– കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ നല്ല സുറുമ എന്ന പാട്ടിനെ ചിദംബരനാഥ് ഒരു രാഗമാലികയാക്കുകയായിരുന്നു. അക്കാലത്ത് ജനം ഇത്രയും ഏറ്റുപാടിനടന്ന മറ്റൊരു പാട്ടില്ല എന്നുറപ്പ്. വൈവിധ്യവും സമ്പന്നതയുമാണ് മികച്ച കലാകാരന്റെ കൈമുതൽ എന്നു തെളിയിക്കാൻ ഈ പാട്ടു ധാരാളംമതി.
ഓമനത്തിങ്കൾക്കിടാവോ... (സ്ത്രീ), നിദ്രതൻ നീരാഴി... (പകൽക്കിനാവ്), കടവത്തുതോണിയടുത്തപ്പോൾ... (മുറപ്പെണ്ണ്), ഹേമന്തചന്ദ്രിക... (കള്ളിപ്പെണ്ണ്), പകൽക്കിനാവിൻ സുന്ദരമാകും... (പകൽക്കിനാവ്), കുപ്പിവളയണിയുന്ന കുയിലേ... (രാജമല്ലി), മന്ദമന്ദം നിദ്ര വന്നെൻ... (ചെകുത്താന്റെ കോട്ട) തുടങ്ങിയ പാട്ടുകൾ ഒന്നുകൂടി കേട്ടുനോക്കുക.
അറുപതുകളിൽ ചിദംബരനാഥ് ഒരുക്കിയ സുന്ദരഗാനങ്ങൾ ഏറെ ജനപ്രിയമായിരുന്നു (മുകളിൽ പറഞ്ഞവയിൽ ചിലതടക്കം). എന്നിട്ടും പലർക്കും ആ പ്രതിഭയെ തിരിച്ചറിയാനായില്ല. ആ പാട്ടുകൾ ദേവരാജന്റെയോ രാഘവൻ മാസ്റ്ററുടെയോ ബാബുരാജിന്റെയോ ആയിരിക്കുമെന്ന്് സംഗീതപ്രേമികൾ വിശ്വസിച്ചുപോയി. പോയകാലം തിരിച്ചുവരില്ലല്ലോ...

<ആ>ഭാവഗായകന്റെ വരവ്

ചിദംബരനാഥിന് മറ്റൊരു വിശേഷണംകൂടിയുണ്ട്. കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിലെ ഒരു മുല്ലപ്പൂ മാലയുമായി എന്ന ഗാനത്തിലൂടെ ഒരു പ്രതിഭയ്ക്ക് വഴിയൊരുക്കിയത് അദ്ദേഹമാണ്. ഭാവഗായകൻ ജയചന്ദ്രന്റെ ആദ്യ ഗാനമാണത്. കോഴിക്കോട്ടുകാരി പ്രേമയാണ് ജയചന്ദ്രനൊപ്പം ആ പാട്ടുപാടിയത്. (ദേവരാജൻ മാസ്റ്ററുടെ മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനമാണ് ജയചന്ദ്രന്റേതായി ആദ്യം പുറത്തിറങ്ങിയത്).
തിക്കുറിൾി സുകുമാരൻ നായരുടെ ആദ്യ ചിത്രമായ സ്ത്രീ, വേണു നാഗവള്ളിയുടെ അയിത്തം എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ചിദംബരനാഥ് ഗായകനായും ശ്രോതാക്കൾക്കു മുന്നിലെത്തി. മുറപ്പെണ്ണ് എന്ന ചിത്രത്തിലും അദ്ദേഹത്തിന്റെ ശബ്ദസാന്നിധ്യമുണ്ടായിരുന്നു.

ഏറിയാൽ നൂറു സിനിമാ പാട്ടുകൾക്കേ അദ്ദേഹം മലയാളത്തിൽ ഈണമൊരുക്കിയിട്ടുള്ളൂ. ഒപ്പം ഏതാനും ലളിതഗാനങ്ങളും ഭക്‌തിഗാനങ്ങളും സംഗീതപ്രേമികൾ ഇന്നും നെഞ്ചിലേറ്റുന്നു. ഈണങ്ങളുടെ ശില്പിയെ ഒരുപക്ഷേ അറിഞ്ഞില്ലെങ്കിലും ആ പാട്ടുകൾ ഒരിക്കലും മറവിയിലേക്കില്ല.

<ആ>കുടുംബചിത്രം

സംഗീത സാഹിത്യകാരൻ ബി.കെ. അരുണാചലം അണ്ണാവിയുടെയും ചെമ്പകവല്ലി അമ്മയുടെയും മകനായി 1926ലാണ് ചിദംബരനാഥ് ജനിച്ചത്. 2007 ഓഗസ്റ്റ് 31–ന് അന്തരിച്ചു. തുളസിയാണ് പത്നി. പ്രശസ്ത സംഗീത സംവിധായകനായിരുന്ന അന്തരിച്ച രാജാമണി മൂത്ത പുത്രനാണ്. പൗത്രൻ അച്ചു രാജാമണി സംഗീത സംവിധാനരംഗത്തുണ്ട്.

തലക്കെട്ടിനു കടപ്പാട്: ബാലചന്ദ്രൻ ചുള്ളിക്കാട്

<ആ>ഹരിപ്രസാദ്