ഒട്ടകയോട്ട മത്സരം
ലോകത്തിൽ ഒട്ടകങ്ങളെ ഉപയോഗിച്ചുള്ള ഓട്ടമത്സരങ്ങൾ നടക്കാറുണ്ട്. 2016 മാർച്ച് ഏഴിന് അത്തരമൊരു ഓട്ടമത്സരം മംഗോളിയയിൽ നടക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ഒട്ടകയോട്ട മത്സരവും അതായിരുന്നു. 1108 ഒട്ടകങ്ങളാണ് ആ മത്സരത്തിൽ പങ്കെടുത്തത്. ദലൻസദ്ഗാദ് നഗരത്തിലെ ഉമ്നോഗോവി എയ്മാഗ് എന്ന പ്രദേശമാണ് ഒട്ടകയോട്ട മത്സരത്തിനായി സജ്‌ജീകരിച്ചത്. നഗരത്തിന്റെ മേയർ ആയിരുന്നു മത്സരത്തിന്റെ ചുക്കാൻ പിടിച്ചത്. 15 കിലോമീറ്റർ ദൂരം 35 മിനിറ്റ് 12 സെക്കൻഡ് എടുത്ത് ഒരു ഒട്ടകം ഒന്നാമനായി ഓടിയെത്തി ഗിന്നസിൽ കയറി. മത്സരം അവസാനിക്കാൻ ആകെ ഒരുമണിക്കൂർ എട്ടു മിനിറ്റ് എടുത്തു. മത്സരത്തിന്റെ ലക്ഷ്യം ഒട്ടകസവാരി ജനകീയമാക്കുക എന്നതായിരുന്നു.

മരുഭൂമികളിലൂടെയുള്ള ദീർഘയാത്രകൾക്കാണ് ഒട്ടകങ്ങളെ കൂടുതലായി ഉപയോഗിക്കുക. മോട്ടോർവാഹനങ്ങൾ കണ്ടുപിടിക്കുന്നതിനു മുൻപ് മിക്ക് അറേബ്യൻ രാജ്യങ്ങളിലും ഒട്ടകയാത്ര അനിവാര്യമായ ഒരു ജീവിതഘടകമായിരുന്നു. ദീർഘദിവസങ്ങൾ വെള്ളം കുടിക്കാതെ സഞ്ചരിക്കാൻ ഒട്ടകങ്ങൾക്കുള്ള കഴിവ് ഏവർക്കും അറിവുള്ളതാണല്ലോ? മരുഭൂമിയിലെ വാഹനം എന്നാണ് ഒട്ടകം അറിയപ്പെടുന്നതുതന്നെ.

അബ്ദുൾ കാസിം ജോനദ് എന്ന പേർഷ്യൻ തത്ത്വചിന്തകൻ സൗദിഅറേബ്യയിലെ മെക്കയിലേക്ക് മുപ്പതുപ്രാവശ്യം തീർഥയാത്ര നടത്തിയിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട ഒട്ടകത്തിന്റെ പുറത്തായിരുന്നു സവാരി. ആകെ 82600 മൈലുകൾ ഈ യാത്രകൾക്കു വേണ്ടിവന്നു. പ്രധാന ശിഷ്യനും തീർഥയാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഒട്ടകത്തിന്റെ പുറത്തിരുന്നുകൊണ്ട് അറബിഭാഷയിൽ നിരവധി ഗ്രന്ഥങ്ങൾ ഒരു സാഹിത്യകാരൻകൂടിയായ ജോനദ് രചിക്കുകയുണ്ടായി. ഔദ്യോഗിക കത്തുകൾ ടൈപ്പ് ചെയ്തിരുന്നതും ഒട്ടകപ്പുറത്ത് ഇരുന്നുകൊണ്ടായിരുന്നു. അതിനുപറ്റിയ വിധത്തിൽ ടൈപ്റൈറ്റർ ഒട്ടകത്തിന്റെ പുറത്ത് ക്രമീകരിച്ചുവച്ചിരുന്നു.

<ആ>ജോർജ് മാത്യു പുതുപ്പള്ളി