നന്മയുടെ സൗരഭ്യമുള്ള ചിന്തകൾ
പ്രചോദനാത്മക സാഹിത്യശാഖയ്ക്ക് തുടക്കമിട്ടവരിൽ പ്രമുഖനാണ് ബ്രിട്ടീഷുകാരനായ ജയിംസ് അലൻ (1864–1912). 1903–ൽ അദ്ദേഹം പ്രസിദ്ധീകരിച്ച ’ആസ് എ മാൻ തിങ്കത്ത്’ എന്ന ചെറിയ പുസ്തകം പ്രചോദനാത്മക സാഹിത്യത്തിലെ ഒരു മാസ്റ്റർപീസായി കണക്കാക്കപ്പെടുന്നു. അദ്ദേഹം ജീവിച്ചിരുന്നകാലത്ത് അദ്ദേഹത്തിനു ലഭിച്ചതിനെക്കാളേറെ പ്രസിദ്ധി അദ്ദേഹത്തിന്റെ മരണശേഷം ഈ പുസ്തകത്തിലൂടെ അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.

ഈ പുസ്തകത്തിൽ പരാമർശവിധേയമായിരിക്കുന്ന വിഷയത്തിലേക്കു കടക്കുന്നതിനു മുൻപ് അലന്റെ ജീവിതപശ്ചാത്തലം അൽപം മനസിലാക്കുന്നത് നല്ലതാണ്. അലന്റെ പിതാവായിരുന്ന വില്യം ഇംഗ്ലണ്ടിലെ ഒരു ഫാക്ടറി ജീവനക്കാരനായിരുന്നു. എഴുത്തും വായനയും വശമില്ലാതിരുന്ന ഒരു സാധുസ്ത്രീയായിരുന്നു അലന്റെ മാതാവ്. അലന് പതിനഞ്ചുവയസുള്ളപ്പോൾ അലന്റെ പിതാവിന് ജോലി നഷ്ടപ്പെട്ടതുമൂലം പുതിയൊരു ജോലി കണ്ടെത്താനായി അദ്ദേഹം അമേരിക്കയിലേക്കു കപ്പൽകയറി. എന്നാൽ ന്യൂയോർക്കിലെത്തി രണ്ടുദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ കൈവശം പണമുണ്ടെന്നു കരുതി മോഷണത്തിനുവേണ്ടി ഒരു കശ്മലൻ അദ്ദേഹത്തെ വധിക്കുകയായിരുന്നുവത്രേ. 1879–ൽ ആയിരുന്നു ഈ സംഭവം.

പിതാവിന്റെ മരണംമൂലം രണ്ടു സഹോദരന്മാരിൽ മൂത്തവനായ അലൻ പഠനം ഉപേക്ഷിച്ചു ജോലിചെയ്യാൻ തുടങ്ങി. ദീർഘകാലം പല കമ്പനികളിൽ ജോലിചെയ്ത അദ്ദേഹം 1893–ൽ ജേർണലിസത്തിലേക്കു കടന്നു. ഒരു മാസികയ്ക്കുവേണ്ടി പ്രവർത്തിച്ച അദ്ദേഹം 1902–ൽ ’ദി ലൈറ്റ് ഓഫ് റീസൺ’ എന്ന പേരിൽ സ്വന്തമായി ഒരു മാസിക തുടങ്ങി. അതിനു മുൻപായി 1901–ൽഅദ്ദേഹം ഭഫ്രം പോവർട്ടി ടു പവർ’ എന്ന തന്റെ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അലൻ തന്റെ മാസിക നടത്തിയിരുന്നതിനൊപ്പം കൂടുതൽ പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിക്കുന്നതിനും ശ്രദ്ധിച്ചു. ഭദി മാസ്റ്ററി ഓഫ് ഡസ്റ്റിനി, എയ്റ്റ് പില്ലേഴ്സ് ഓഫ് പ്രോസ്പെരിറ്റി, മാൻ: കിംഗ് ഓഫ് മൈൻഡ്, ബോഡി ആൻഡ് സർകംസ്റ്റൻസസ്’ എന്നിങ്ങനെ ഇരുപതിലേറെ പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി.

ഇനി, അദ്ദേഹം എഴുതിയ ’ആസ് എ മാൻ തിങ്കത്ത്’ എന്ന പുസ്തകത്തിലേക്കു മടങ്ങിവരട്ടെ. ഒരു മനുഷ്യൻ എപ്രകാരം ചിന്തിക്കുന്നുവോ അപ്രകാരമായിരിക്കും അയാൾ എന്ന ആശയം ബൈബിളിലെ സുഭാഷിതങ്ങൾ (23:7) എന്ന പുസ്തകത്തിൽ നാം കാണുന്നുണ്ട്. ബൈബിളിലെ ഈ ആശയത്തെ അടിസ്‌ഥാനമാക്കിയാണ് അലൻ ഭആസ് എ മാൻ തിങ്കത്ത്’ എന്ന പുസ്തകം തയാറാക്കിയിരിക്കുന്നത്. അലൻ ഈ പുസ്തകത്തിൽ ഇപ്രകാരം എഴുതുന്നു, ‘ഒരു മനുഷ്യൻ ചിന്തിക്കുന്നത് എന്താണോ അതാണ് യഥാർഥത്തിൽ ആ മനുഷ്യൻ. അയാളുടെ സ്വഭാവമാകട്ടെ അയാളുടെ ചിന്തകളുടെ ആകെത്തുകയും.‘ അലൻ പറയുന്നതിൽ ഒട്ടേറെ വാസ്തവമില്ലേ? നമ്മുടെ ചിന്തകൾ എപ്പോഴും നല്ലതാണെങ്കിൽ നാം തെറ്റായ വഴികൾ തെരഞ്ഞെടുക്കുമോ? അതുപോലെ, നമ്മുടെ ചിന്തകൾ എപ്പോഴും മോശമാണെങ്കിൽ നമുക്കെങ്ങനെ നന്മ ചെയ്യാൻ കഴിയും?

നന്മയുടെ വഴിയിലൂടെ നടക്കാനാണ് നാം ആഗ്രഹിക്കുന്നതെങ്കിൽ നമ്മുടെ ചിന്തകൾ എപ്പോഴും ക്രിയാത്മകവും നന്മയുടെ സൗരഭ്യമുള്ളവയുമായി നാം മാറ്റണം. എങ്കിൽ മാത്രമേ തെറ്റായ വഴികൾ തെരഞ്ഞെടുക്കാതെ നന്മയുടെ വഴിയിലൂടെ സഞ്ചരിച്ചു ജീവിതത്തിൽ വിജയം നേടാൻ നമുക്ക് സാധിക്കൂ. നമ്മുടെ ചിന്തകൾ നല്ലവഴിയിലൂടെ വിടാൻ നാം ശ്രമിക്കുമ്പോഴും നാം അറിയാതെതന്നെ നമ്മുടെ ചിന്തകൾ വഴിവിട്ടുപോയെന്നിരിക്കും. ചിലപ്പോൾ അവ തീർത്തും തെറ്റായ വഴിയിലൂടെ നീങ്ങിയെന്നുമിരിക്കും. അപ്പോൾ നാം ചെയ്യേണ്ടത് അതിവേഗം ശരിയായ ദിശയിലേക്ക് അവയെ തിരിച്ചുവിടുക എന്നുള്ളതാണ്. അലൻ പറയുന്നതനുസരിച്ച് പരിശീലനത്തിലൂടെ മെച്ചപ്പെടുത്താവുന്ന ഒരു കാര്യമാണിത്.

അലൻ എഴുതുന്നു, ‘ശാരീരികമായി ക്ഷീണിതനായ ഒരാൾക്കു ശരിയായ വ്യായാമത്തിലൂടെ തന്റെ ശരീരം ശക്‌തിപ്പെടുത്താൻ സാധിക്കും. അതുപോലെതന്നെ, ചിന്താരീതിയിൽ പോരായ്മയുള്ള ഒരാളിന് ശരിയായ ചിന്താരീതിയിലൂടെ തന്റെ ചിന്തകളെ അനുദിനം മെച്ചപ്പെടുത്താൻ സാധിക്കും.‘ അലൻ പറയുന്നതിൽ വലിയൊരു സത്യം ഒളിഞ്ഞിരിപ്പുണ്ട്. അതായത് നമുക്ക് നമ്മുടെ ചിന്തകളെ മെച്ചപ്പെടുത്താനും പവിത്രീകരിക്കാനും സാധിക്കും എന്ന യാഥാർഥ്യം.

നാം നമ്മുടെ ചിന്തകളെ അവയുടെ വഴിക്കു വിടാൻ അനുവദിക്കരുത്. നമ്മിലേക്കു കടന്നുവരുന്നത് നല്ല ചിന്തകളാണെങ്കിൽ തീർച്ചയായും അവയെ നാം പ്രോത്സാഹിപ്പിക്കണം. എന്നാൽ, നമ്മിലേക്കു കടന്നുവരുന്ന ചിന്തകൾ നിഷേധാത്മകമായ ചിന്തകളാണെങ്കിൽ അവയ്ക്കു നാം കടിഞ്ഞാണിടുകതന്നെ വേണം. എന്നു മാത്രമല്ല, അവയുടെ സ്‌ഥാനത്ത് ക്രിയാത്മകമായ ചിന്തകളിലേക്കു നാം ബോധപൂർവം നീങ്ങുകയും വേണം. എങ്കിൽ മാത്രമേ, നാം ആഗ്രഹിക്കുന്ന തരത്തിലുള്ള നല്ല വ്യക്‌തികളായി നമുക്ക് മാറാൻ സാധിക്കൂ.

ലോകത്തിൽ ഒട്ടേറെ ആളുകൾ ശരിയായ വഴിയിലൂടെ സഞ്ചരിച്ചു ജീവിതത്തിൽ വിജയം നേടുന്നതു നാം കാണാറുണ്ട്. അതിനവരെ സജ്‌ജമാക്കുന്നതു ശരിയായ രീതിയിലുള്ള അവരുടെ ചിന്താരീതികളും പ്രവർത്തനരീതികളുമാണെന്നു വ്യക്‌തം. അലന്റെ ജീവിതകഥതന്നെ ഇതിനു വലിയ തെളിവാണല്ലോ. പതിനഞ്ചാം വയസിൽ പിതാവിനെ നഷ്ടപ്പെട്ട അലന് സാമ്പത്തികബുദ്ധിമുട്ടുമൂലം പഠനം ഉപേക്ഷിക്കേണ്ടിവന്നു. എങ്കിൽപോലും അലൻ തന്റെ ജീവിതം ഒരു പരാജയമാകാൻ അനുവദിച്ചില്ല. വിദ്യാഭ്യാസത്തിന്റെ പോരായ്മ പരിഹരിക്കാൻ അലൻ സ്വന്തമായ രീതിയിൽ വായനയിലും പഠനത്തിലും മുഴുകി. ഇതൊക്കെ അലൻ ചെയ്തത് ഫുൾടൈം ജോലി ചെയ്തുകൊണ്ടായിരുന്നു.

വായനയും പഠനവും വഴി അലൻ മനസിലാക്കിയ ഒരു വലിയ കാര്യമായിരുന്നു നമ്മുടെ ചിന്തകൾ നമ്മെ നിയന്ത്രിക്കുന്നു എന്ന യാഥാർഥ്യം. തന്മൂലമാണ് തന്റെ ചിന്തകൾ മെച്ചപ്പെടുത്തിക്കൊണ്ട് തന്റെ സ്വഭാവത്തെയും ജീവിതത്തെയും മെച്ചപ്പെടുത്താൻ അദ്ദേഹത്തിനു സാധിച്ചത്. നമ്മുടെ സ്വഭാവത്തിനു രൂപംകൊടുക്കുന്നതിൽ ചിന്തകൾക്കുള്ള സ്‌ഥാനം നമുക്ക് മറക്കാതിരിക്കാം. അതുപോലെ, ക്രിയാത്മകവും നന്മപൂരിതവുമായ ചിന്തകളിലൂടെ നമ്മുടെ സ്വഭാവരീതിയും പെരുമാറ്റശൈലിയുമൊക്കെ മെച്ചപ്പെടുത്താൻ നമുക്ക് ശ്രദ്ധിക്കാം. അപ്പോൾ നാം അറിയാതെതന്നെ നമ്മുടെ ജീവിതം ഏറെ മെച്ചപ്പെടും. അതോടൊപ്പം ജീവിതത്തിൽ നാം വിജയിക്കുകയും ചെയ്യും.

<ആ>ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ