ഒറ്റമൂലി പ്രയോഗം ആഗ്രഹിച്ച് വരുന്നവർ
മറ്റാരോടും പറയാതെയും ആരും അറിയാതെയുമാണ് ആ കുടുംബനാഥ എന്നെ കാണാൻ വന്നത്. പെണ്ണമ്മയെന്ന ആ സ്ത്രീയുടെ ഭർത്താവ് ജീവിച്ചിരുപ്പുണ്ട്. വാർധക്യസഹജമായ അസുഖങ്ങൾ അയാൾക്കുണ്ട്. മക്കൾ നാലുപേരാണവർക്ക്, രണ്ടാണും രണ്ട് പെണ്ണും. നാലുപേരുടെയും വിവാഹം കഴിഞ്ഞു. മൂത്തവൻ നൈനാൻ കുടുംബസമേതം ഹൈദ്രാബാദിലാണ്. നൈനാന്റെ ഭാര്യ അവിടെ നഴ്സാണ്. നൈനാൻ പാഴ്സൽ കമ്പനിയിലെ ജോലിക്കാരനാണ്. നൈനാന്റെ തൊട്ടുതാഴെയുള്ളത് പെൺകുട്ടികളാണ്. മൂത്തവൾ ജീതയെ വിവാഹം ചെയ്തത് മല്ലപ്പള്ളിക്കാരനായ ജയ്മോനാണ്. അയാൾക്ക് സ്വന്തമായി ഒരു വർക്ക്ഷോപ്പുണ്ട്. രണ്ടാമത്തവൾ ജസ്മോളുടേത് പ്രേമവിവാഹമായിരുന്നു.

കട്ടപ്പനക്കാരനായ ജോണി അലക്സാണ് ജസ്മോളെ വിവാഹം ചെയ്തത്. പെണ്ണമ്മ എന്നെ കാണാൻ വന്നത് പരിഭവം പറയാനാണ്. മൂത്ത മക്കൾ മൂന്നുപേരെപ്പറ്റിയും ആ കുടുംബനാഥയ്ക്ക് ഒരു വിധത്തിലുമുള്ള പരാതി ഇല്ല. പരാതി മുഴുവൻ ഇളയവൻ ജോമോനെക്കുറിച്ചും അവന്റെ ഭാര്യയെക്കുറിച്ചും അവരുടെ അഞ്ചും ഏഴും വയസുള്ള മക്കളെക്കുറിച്ചുമാണ്. ജോമോനും കുടുംബവുമാണ് ഇപ്പോൾ തറവാട്ടിൽ അവർക്കൊപ്പം താമസിക്കുന്നത്. ജോമോൻ പ്ലംബിംഗ് ജോലിക്കാരനാണ്. സാമാന്യം നന്നായി മദ്യപിക്കാറുള്ള അവനും അവന്റെ ഭാര്യക്കും തങ്ങളോട് തെല്ലും ബഹുമാനമില്ലെന്നും അവരുടെ ദുർമാതൃക അവരുടെ വഴിക്കുതന്നെ നീങ്ങാൻ അവരുടെ മക്കൾക്കും കാരണമാകുന്നെന്നുമാണ് പെണ്ണമ്മയുടെ ആക്ഷേപം. ഇക്കാര്യങ്ങൾ താൻ വ്യക്‌തിപരമായി വന്ന് ബോധിപ്പിച്ചുവെന്ന കാര്യം തന്റെ മകനും ഭാര്യയും ഒരു വിധത്തിലും അറിയാൻ ഇടയാവരുതെന്നും അപ്രകാരം അറിയാൻ ഇടയായാൽ തനിക്കും തന്റെ ഭർത്താവിനും ശേഷിക്കുന്ന കാലം സ്വസ്‌ഥമായി കഴിയാനാവില്ലെന്നും എന്നോട് പറയുമ്പോൾ അവരാകെ അസ്വസ്‌ഥയും ഭയവിഹ്വലയുമായി കാണപ്പെട്ടു എന്നത് ആ സ്ത്രീയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ചിന്തിക്കാൻ എനിക്ക് പ്രേരകമായി.
പെണ്ണമ്മയുടെ പരാതിയിൽ കഴമ്പുണ്ടാകട്ടെ ഇല്ലാതിരിക്കട്ടെ. ഇത്തരത്തിലുളള പ്രശ്നങ്ങൾ എങ്ങും തൊടാതെ പരിഹരിക്കാനാവുമോ? കക്ഷത്തിലിരിക്കുന്നത് പോവുകയുമരുത് ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണം. ഞാൻ ഉദ്ദേശിക്കുന്നത് തന്റെ മകനോ മരുമകളോ താൻ വന്ന് ഇക്കാര്യങ്ങളൊക്കെ പറഞ്ഞു എന്ന് അറിയാൻ ഇടയാവരുത് എന്നുള്ള പെണ്ണമ്മയുടെ അഭ്യർഥനയെയാണ്. കാര്യങ്ങൾ റിപ്പോർട്ട് ചെയ്ത ആളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താതെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമായിരിക്കാം. പക്ഷേ, ഇവ്വിധമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒളിച്ചുകളി ആവശ്യമുണ്ടോ? നേരെവാ നേരെപോ രീതിയല്ലേ ശാശ്വതമായ പരിഹാരത്തിന് അവലംബിക്കേണ്ട മാർഗം. ഇന്ന് പ്രശ്നപരിഹാരത്തിന് പലർക്കും വേണ്ടത് എളുപ്പവഴിയും കുറുക്കുവഴികളുമാണ്. സാധ്യമെങ്കിൽ ഒറ്റമൂലി പ്രയോഗമാണ് പലർക്കും സ്വീകാര്യം. മേൽവിവരിച്ച തരത്തിലുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിന് കൂട്ടായ പ്രവർത്തനവും സഹകരണവുമാണാവശ്യമായുള്ളത്. വലിയ നേട്ടങ്ങൾ കൈവരിക്കാൻ ചെറിയ ചെറിയ നഷ്ടങ്ങളും സഹനങ്ങളും സ്വീകരിച്ചേ മതിയാവൂ.

ഒരുമിച്ചിരുന്ന് തുറവിയോടെ സംസാരിക്കാനും തെറ്റുകൾ അംഗീകരിക്കാനും പരിമിതികൾ അംഗീകരിച്ച് വിട്ടുവീഴ്ചാമനോഭാവത്തോടെ ക്ഷമിക്കുവാനും കഴിയുകയെന്നത് ശാശ്വത പ്രശ്നപരിഹാരവഴിയിൽ മുഖ്യമാണ്. പെണ്ണമ്മ ആരെയാണ് ഭയപ്പെടുന്നത്, ഭയപ്പെട്ടതുകൊണ്ട് പ്രശ്നപരിഹാരം ഉണ്ടാവുമോ? ഭയം ഏതെങ്കിലും പ്രശ്നപരിഹാരത്തിന് ആരെയെങ്കിലും തുണച്ചതായി അറിയാമോ? കുടുംബജീവിതത്തോട് ബന്ധപ്പെട്ട് ധൈര്യസമേതം പറയേണ്ട കാര്യങ്ങൾ കാലതാമസം വരുത്താതെ പറയേണ്ടവരോട് പറയുകതന്നെ വേണമെന്ന പക്ഷക്കാരനാണ് ഞാൻ. അപ്രകാരം പറയുക വഴി ചില അപ്രതീക്ഷിത പ്രതികരണങ്ങൾ ചിലരിൽനിന്ന് പൊടുന്നനെ ഉണ്ടായെന്നു വന്നാലും എന്നന്നേക്കുമുള്ള പരിഹാരത്തിന് അത് വഴി തെളിച്ചെന്നു വന്നേക്കാം.

<ആ>സിറിയക് കോട്ടയിൽ