ഇന്ത്യയിലേക്കുള്ള കപ്പലിലെ ലൊറേറ്റോ കന്യാസ്ത്രീ
അയർലൻഡിൽ ഡബ്ലിൻ നഗരത്തിനു പുറത്തുള്ള റാഥ്ഫർനം ഹൗസ് എന്ന കെട്ടിടസമുച്ചയത്തിലായിരുന്നു ലൊറേറ്റോ മഠം. ഐബിവിഎം സഭയുടെ അപ്രസിദ്ധ സ്‌ഥാപകയായ മേരി വാർഡ് പതിവായി സന്ദർശിച്ചിരുന്ന ഇറ്റാലിയൻ ആശ്രമദേവാലയമായ ലൊറേറ്റോയുടെ പേരാണ് ആ സഭയുടെ ഐറിഷ് ശാഖ സ്‌ഥാപിക്കുമ്പോൾ അതിന്റെ പേരായി മദർ ഫ്രാൻസസ് തെരേസ ബോൾ സ്വീകരിച്ചത്. 1822–ലാണ് ലൊറേറ്റോ മഠം സ്‌ഥാപിച്ചത്. പെൺകുട്ടികൾക്കു വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ലൊറേറ്റോ കന്യാസ്ത്രീകളുടെ പ്രധാന സാമൂഹികപ്രവർത്തനം. കന്യാസ്ത്രീകൾ പൊതുവേ മഠത്തിനുള്ളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന അക്കാലത്ത് സ്കൂളുകൾ നടത്താൻ ലൊറേറ്റോ സിസ്റ്റർമാർ മുന്നോട്ടുവന്നത് ചെറിയൊരു വിപ്ലവമായിരുന്നു.

ക്രമേണ ചില ആഫ്രിക്കൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും ഈ കന്യാസ്ത്രീകൾ എത്തി. ലൊറേറ്റോ കന്യാസ്ത്രീകളുടെ സേവനം അഭ്യർഥിച്ചുകൊണ്ട് ഇന്ത്യയിൽനിന്നു കത്തുകിട്ടിയപ്പോൾ മദർ ഫ്രാൻസസ് തെരേസ ബോളിന് അതിൽ താത്പര്യം തോന്നിയില്ല. ഡബ്ലിനിലെ ചേരികളിൽത്തന്നെ കന്യാസ്ത്രീകളുടെ സേവനം ആവശ്യമായിരുന്നു. മാത്രമല്ല, ഇന്ത്യയിലെ ചൂടു സഹിക്കാൻ അയർലൻഡിൽനിന്നുള്ള കൊച്ചുകന്യാസ്ത്രീകൾക്കു സാധിക്കുമോയെന്നും സംശയമുണ്ടായിരുന്നു. എന്നാൽ, അയർലൻഡിനെക്കാൾ തങ്ങളുടെ സേവനം ഇന്ത്യക്കാണ് ആവശ്യമെന്നു മനസിലാക്കി പന്ത്രണ്ട് കന്യാസ്ത്രീകൾ മുന്നോട്ടുവന്നു. അങ്ങനെയാണ് 1841ൽ കൽക്കട്ടയിൽ മഠം സ്‌ഥാപിക്കപ്പെട്ടത്.

റാഥ്ഫർനം മഠത്തിൽ ഏതാനും മാസങ്ങൾ മാത്രമേ ആഗ്നസ് കഴിഞ്ഞുള്ളൂ. ഇംഗ്ലീഷ് ഭാഷയും സഭാചരിത്രവുമാണു പ്രധാനമായി പഠിക്കാനുണ്ടായിരുന്നത്. ആഗ്നസ് എന്ന പേര് ഉപേക്ഷിക്കണം. 24–ാം വയസിൽ ദിവംഗതയായ ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയെ ഓർമിച്ചു തെരേസ എന്ന പേരാണ് ആഗ്നസ് സ്വീകരിച്ചത്. ഇനി പുതിയൊരു വ്യക്‌തി. പഴയതെല്ലാം ആരോ എന്തോ.

ഇന്ത്യയിൽ സേവനം ചെയ്യണം എന്ന സിസ്റ്റർ തെരേസയുടെ ആഗ്രഹം മഠം അധികൃതർ പരിഗണിച്ചു. ഇതേ ആഗ്രഹമുണ്ടായിരുന്ന യുഗോസ്ലാവ്യക്കാരിയായ സിസ്റ്റർ മേരി മാഗ്ഡലീനിനോടൊപ്പം മർക്കയിറ്റ് എന്ന കപ്പലിൽ 1928 ഡിസംബർ ഒന്നിന് സിസ്റ്റർ തെരേസയെ അവർ ഇന്ത്യയിലേക്ക് അയച്ചു. അഞ്ചാഴ്ചത്തെ കടൽയാത്ര. കപ്പലിൽ വൈദികരാരും ഇല്ലാതിരുന്നതിനാൽ ദിവ്യബലിയിൽ സംബന്ധിക്കാൻ കഴിയില്ല എന്നതായിരുന്നു സിസ്റ്റർ തെരേസയുടെയും സിസ്റ്റർ മാഗ്ഡലീനിന്റെയും ദുഃഖം. അപാര വിസ്മയവും അഗാധ നിഗൂഢതയുമായ സമുദ്രത്തിലൂടെ യാത്രചെയ്യുമ്പോൾ മഹാസമുദ്രങ്ങളെയൊക്കെയും സ്വന്തം കൈത്തലത്തിലെ ഒരു നീർത്തുള്ളിയായും ആകാശഗംഗകളെ അംഗുലീയമായും വഹിക്കുന്നവനെ അവർ സ്തുതിച്ചുകൊണ്ടിരുന്നു. സമുദ്രത്തിൽ ദിവസങ്ങളും ആഴ്ചകളും മുങ്ങിത്താണുകൊണ്ടിരുന്നു. ക്രിസ്മസിനുപോലും ദിവ്യബലിയിൽ പങ്കുകൊള്ളാൻ അവർക്കു കഴിഞ്ഞില്ല.

ക്രിസ്മസിനു മൂന്നുനാലു ദിവസത്തിനുശേഷം കപ്പൽ സിലോണിലെ കൊളംബോ തുറമുഖത്ത് അടുത്തു. അവിടെ ഏതാനും ദിവസത്തെ താമസമുണ്ട്. കൊളംബോയിലെ അർധനഗ്നരായ കറുത്ത മനുഷ്യർ ദരിദ്രജീവിതമാണു നയിക്കുന്നതെന്നു സിസ്റ്റർ തെരേസ കണ്ടു. താമസസ്‌ഥലത്തേക്കു കുറേ ദൂരമുണ്ട്. ഒരു റിക്ഷാക്കാരനാണു സിസ്റ്റർ തെരേസയെ കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ടത്. മെലിഞ്ഞുണങ്ങിയ ഈ മനുഷ്യൻ തന്നെ വലിച്ചുകൊണ്ടുപോവുകയെന്നതു സിസ്റ്ററിനു ചിന്തിക്കാൻ കഴിഞ്ഞില്ല. പക്ഷേ, റിക്ഷയല്ലാതെ മറ്റൊരു വാഹനം ലഭ്യമായിരുന്നില്ല. സിസ്റ്റർ റിക്ഷയിൽ കയറി,ആ പാവത്തിനു തന്റെ ശരീരഭാരം അനുഭവപ്പെടരുതേ എന്ന പ്രാർഥനയോടെ, ഇരിക്കാതെ ഇരുന്നു.

കൊളംബോയിൽനിന്നു കപ്പൽ പോയതു മദ്രാസിലേക്കാണ്. ദാരിദ്ര്യത്തിന്റെ കൂടുതൽ മുഖങ്ങൾ, കൂടുതൽ കടുത്ത ദാരിദ്ര്യത്തിന്റെ മുഖങ്ങൾ, അവിടെ കണ്ടു. മരത്തണലിലും വഴിയരികിലും മറ്റും കുടുംബങ്ങൾ അടുപ്പു കൂട്ടി കഞ്ഞിയുണ്ടാക്കിയും വെറും നിലത്ത് ഉറങ്ങിയും ജീവിക്കുന്ന ദൃശ്യങ്ങൾ സിസ്റ്റർ തെരേസയെ ഉലച്ചു. സിസ്റ്റർ വീട്ടിലേക്ക് എഴുതി: യൂറോപ്പിലുള്ളവർ എത്ര ഭാഗ്യവാന്മാർ! ഇവിടത്തെ ദരിദ്രർ അനുഭവിക്കുന്ന ദുരിതങ്ങൾ കാണുമ്പോൾ അവിടത്തെ ദരിദ്രർ എത്ര സമ്പന്നർ എന്നു തോന്നിപ്പോകും.

ബംഗാൾ ഉൾക്കടലിലൂടെ കപ്പൽ കൽക്കട്ടയിലേക്ക്. കൽക്കട്ടയിൽ ഇന്ത്യക്കാരായ കന്യാസ്ത്രീകൾ അവരെ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു. തങ്ങൾ ഇനി ജീവിക്കേണ്ട മണ്ണിലേക്ക് സിസ്റ്റർ തെരേസയും സിസ്റ്റർ മാഗ്ഡലീനും കാൽകുത്തി. പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷമായിരുന്നു ആ മണ്ണിൽ സ്പർശിക്കുമ്പോൾ സിസ്റ്റർ തെരേസയ്ക്ക്. ഭാവിയിൽ കൽക്കട്ടയെന്നു കേൾക്കുമ്പോൾ ആരും ആദ്യം ഓർമിക്കുന്ന വ്യക്‌തിയുടെ പാദസ്പർശമേറ്റപ്പോൾ, ചരിത്രം ചവിട്ടിക്കുഴച്ചു കടന്നുപോയ ആ മണ്ണ് വിശുദ്ധിയുടെ വൈദ്യുതസ്പർശമറിഞ്ഞിരിക്കുമോ?

കൽക്കട്ടയിലെ മിഡിൽട്ടൺ റോയിലുള്ള മഠത്തിൽ എത്തിയയുടനേ അവർ ചെയ്തത് ചാപ്പലിലെത്തി ദൈവത്തോട് നന്ദിപറയുകയാണ് – തങ്ങളെ സുരക്ഷിതരായി ലക്ഷ്യത്തിൽ എത്തിച്ചതിന്. തങ്ങളെ നല്ല മിഷനറിമാരാക്കണമെന്നു പ്രാർഥിക്കുകയും ചെയ്തു.

ഒരാഴ്ച കഴിഞ്ഞപ്പോൾ രണ്ടു നവകന്യാസ്ത്രീകളെയും ഡാർജിലിംഗിലേക്ക് അയച്ചു. ഇനി രണ്ടുവർഷം ദീർഘിക്കുന്ന നൊവിഷ്യേറ്റാണവിടെ. ഭൂമിയിൽനിന്നുള്ള ദൈവസ്തുതിഗീതങ്ങൾ സ്വർഗത്തിലേക്ക് ഉയരവേ അവയിൽ ചിലതെല്ലാം ഹിമവത്സാനുവിൽ തങ്ങിനിന്നു രൂപം പൂണ്ടതാണ് ഡാർജിലിംഗ് എന്നു സങ്കൽപിക്കാവുന്നവിധം രമണീയം. വിശുദ്ധലിഖിതങ്ങളും പ്രാർഥനയും ദൈവശാസ്ത്രവും ലൊറേറ്റോ സഭയുടെ ചരിത്രവുമാണ് നോവിസുകൾക്കിവിടെ പഠിക്കേണ്ടത്. കൂടാതെ ഇംഗ്ലീഷ് പരിജ്‌ഞാനം വർധിപ്പിക്കുകയും ഹിന്ദി, ബംഗാളി ഭാഷകൾ പഠിക്കുകയും വേണം. അടുത്തുള്ളൊരു സ്കൂളിൽപോയി രാവിലെ രണ്ടുമണിക്കൂർ കൊച്ചുകുട്ടികളെ പഠിപ്പിക്കുകയെന്നതും നോവിസുകളുടെ ദിനചര്യയായിരുന്നു.

1931 മേയ് 24ന് സിസ്റ്റർ തെരേസ പ്രഥമ വ്രതവാഗ്ദാനം നടത്തി. ദാരിദ്ര്യം, കന്യാവ്രതം, അനുസരണം എന്നീ വ്രതങ്ങൾ സ്വീകരിക്കുകയും നിലത്തു സാഷ്ടാംഗം വീണുകൊണ്ടു സകല ഭൗതികമോഹങ്ങളും ഉപേക്ഷിക്കുന്നതായി പ്രതീകാത്മകമായി പ്രഖ്യാപിക്കുകയും ചെയ്തു. നിലത്തു മുഖംചേർത്തുകൊണ്ടുള്ള ആ കിടപ്പിൽനിന്ന് എഴുന്നേൽക്കുന്നതോടെ പുതിയൊരു വ്യക്‌തി.

സിസ്റ്റർ തെരേസ ഇപ്പോൾ ലൊറേറ്റോ സഭയിൽ ഔദ്യോഗികമായി അംഗമായിരിക്കുന്നു. താമസിയാതെ സിസ്റ്റർ തെരേസ കൽക്കട്ടയിൽ അധ്യാപനജോലിക്കു നിയോഗിക്കപ്പെട്ടു. ലൊറേറ്റോ കന്യാസ്ത്രീകളുടെ ഇംഗ്ലീഷ്മീഡിയം സ്കൂളുകൾ വളരെ പ്രസിദ്ധമായിരുന്നു. കൽക്കട്ടയിലെ ഈ സ്കൂളുകളിൽ പഠിച്ച പല കുട്ടികൾക്കും പിന്നീട് ഉയർന്ന ഉദ്യോഗങ്ങൾ ലഭിച്ചിട്ടുള്ളതുകൊണ്ടു കത്തോലിക്കാസഭയുടെ വിമർശകർപോലും തങ്ങളുടെ കുട്ടികളെ അവിടെ പഠിപ്പിക്കാൻ മത്സരിച്ചിരുന്നു. കിഴക്കൻ കൽക്കട്ടയിലെ എന്റല്ലിയിലുള്ള സ്കൂളിലായിരുന്നു സിസ്റ്റർ തെരേസയ്ക്കു ജോലി. അഞ്ഞൂറു വിദ്യാർഥികളുള്ള ആ സ്കൂളിൽ സിസ്റ്റർ പഠിപ്പിച്ചതു ഭൂമിശാസ്ത്രമാണ്.

ആശുപത്രിയിലേക്കോ മറ്റോ അല്ലാതെ മഠത്തിന്റെ വളപ്പിൽനിന്നു പുറത്തുപോകാൻ കന്യാസ്ത്രീകൾക്ക് അനുവാദമുണ്ടായിരുന്നില്ല. ഇടയ്ക്കു വല്ലപ്പോഴും കന്യാസ്ത്രീകളെല്ലാവരും ചേർന്നു പുറത്തേക്കു യാത്രനടത്തുകയും ആളുകളുമായി ഇടപഴകുകയും ചെയ്യും. കന്യാസ്ത്രീകൾക്ക് ഉല്ലാസത്തിനുള്ള അവസരങ്ങളായിരുന്നു അവയെങ്കിലും ദരിദ്രജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാനാണു സിസ്റ്റർ തെരേസ ആ അവസരങ്ങൾ ഉപയോഗിച്ചിരുന്നത്. ഇന്ത്യയിലെ ദരിദ്രർക്കുവേണ്ടി ജീവിക്കാനാണു താൻ ഈ രാജ്യത്തേക്കു വന്നതെങ്കിലും ഇപ്പോഴും താൻ ദരിദ്രരിൽനിന്ന് അകന്നാണു ജീവിക്കുന്നതെന്നു തെരേസയ്ക്കു തോന്നി. 1935–ൽ കൽക്കട്ടയിലെ മറ്റൊരു സ്കൂളിൽ പഠിപ്പിക്കുന്നതിനു സിസ്റ്റർ തെരേസ നിയോഗിക്കപ്പെട്ടു.

അത്ര അകലെയല്ലാത്ത ആ സ്കൂളിലേക്കു നടന്നാണു പോകേണ്ടിയിരുന്നത്. മോത്തിജിൽ എന്ന ചേരിപ്രദേശത്തിനു സമീപത്തുകൂടിയായിരുന്നു അവിടേക്കുള്ള പാത. വൃത്തികെട്ട ഒരു കുളത്തിനു ചുറ്റും അങ്ങേയറ്റം വൃത്തികെട്ട സാഹചര്യത്തിൽ കഴിയുന്ന കുറേയേറെ മനുഷ്യർ. ചാക്കുതുണികൊണ്ടും വീപ്പകൾകൊണ്ടും പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുമൊക്കെയുള്ള മറകളാണ് അവരുടെ വീടുകൾ. മഴക്കാലത്തു കുളം ആ വീടുകളിലേക്കു കയറിവരും. ദുർഗന്ധമാണ് ആ പ്രദേശത്തിന്റെ സ്‌ഥായിഭാവമെന്നു പറയാം. ഒരു വെള്ളക്കാരൻ ഒരുദിവസം അവിടെ താമസിച്ചാൽ എന്തെങ്കിലും രോഗം പിടിപെട്ടു മരിക്കും. ചേരിനിവാസികൾ അങ്ങനെ മരിക്കില്ലായിരിക്കാം. എന്നാൽ, ജീവിക്കുന്നത് ശവങ്ങളായാണ്. അവിടെ ജീവിതമല്ല, നരകമാണുള്ളത്. താൻ ഇന്ത്യയിലേക്ക് ഇറങ്ങിത്തിരിച്ചത് ഇത്തരക്കാർക്കുവേണ്ടി ജീവിക്കാനല്ലേ? അന്ന് മനസിലുണ്ടായിരുന്നതിനേക്കാൾ ദരിദ്രരായ മനുഷ്യരാണിവിടെ.

അവർക്കുവേണ്ടി താനെന്തു ചെയ്തു? 1937–ൽ സിസ്റ്റർ തെരേസയെ ഡാർജിലിംഗിലേക്ക് തിരികെ വിളിച്ചു. മേയ് 14–ന് രണ്ടാമത്തെ വ്രതവാഗ്ദാനം നടത്തി. തിരികെ കൽക്കട്ടയിലെത്തി വൈകാതെ, സെന്റ് മേരീസ് സ്കൂളിന്റെ ഹെഡ്മിസ്ട്രസായി നിയമിക്കപ്പെട്ടു. സാമ്പത്തികശേഷി കുറഞ്ഞ കുട്ടികൾ പഠിക്കുന്ന ലൊറേറ്റോ സ്കൂളായിരുന്നു അത്. തങ്ങളുടെ ചുറ്റുമുള്ള ദരിദ്രരെക്കുറിച്ചു സിസ്റ്റർ തെരേസ തന്റെ വിദ്യാർഥിനികളോടു പതിവായി സംസാരിച്ചുകൊണ്ടിരുന്നു. പാവങ്ങൾക്കുവേണ്ടി ജീവിക്കുകയാണു യഥാർഥത്തിലുള്ള പുണ്യം. സിസ്റ്റർ തെരേസയുടെ വാക്കുകൾ പല വിദ്യാർഥിനികളുടെയും ജീവിതരീതി മാറ്റി. പലരും ആർഭാടങ്ങൾ ഉപേക്ഷിച്ചു. ചിലർ സംഘങ്ങളായി ചേരികൾ സന്ദർശിക്കുകയും അവിടത്തെ കാഴ്ചകൾ തെരേസയുടെ മുന്നിലെത്തിക്കുകയും ചെയ്തു. പക്ഷേ, അവരോടൊപ്പം പോകാൻ സിസ്റ്റർക്കു കഴിയുമായിരുന്നില്ല. സഭ അത് അനുവദിച്ചിരുന്നില്ല.

സമ്പന്നരുടെയും ഉദ്യോഗസ്‌ഥരുടെയും ആർഭാടങ്ങളും ദരിദ്രരുടെ കഠിനയാതനകളും കൂടിച്ചേർന്ന കൽക്കട്ട നഗരം. എല്ലാത്തരം തിന്മകളും അവിടെ വാണു. ബ്രിട്ടീഷ് ഭരണത്തോടുള്ള വിരോധം, ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള ശത്രുത, എല്ലാം നഗരത്തെ തിളപ്പിക്കുന്നുണ്ടായിരുന്നു. കൽക്കട്ട ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്‌ഥാനമായിരുന്ന കാലത്തെ അതിമനോഹരമായ കെട്ടിടങ്ങൾ നിരന്ന കുറേ തെരുവുകൾ. ആ തെരുവുകൾ അവസാനിക്കുന്ന ഇടങ്ങളിൽനിന്നു തുടങ്ങുന്ന വൃത്തികെട്ട പ്രദേശങ്ങളും ദുരിതപൂർണമായ ജീവിതവും. പാശ്ചാത്യരും അവരെ അനുകരിക്കുന്ന സമ്പന്നരും ഉന്നതോദ്യോഗസ്‌ഥരും. സുഖഭോഗങ്ങളിലും ഉന്നതതല വ്യഭിചാരത്തിലും മുഴുകിയപ്പോൾ മറുവശത്തു പട്ടിണിയും അറപ്പുളവാക്കുന്ന വേശ്യാവൃത്തിയും വളർന്നുകൊണ്ടിരുന്നു. എച്ചിൽക്കൂനയിൽനിന്നു നായ്ക്കളെ ഓടിച്ചുമാറ്റി ഭക്ഷണം തേടുന്ന പാവങ്ങളെ കണ്ടാൽ ഇതിൽ എന്താണിത്ര അസാധാരണത്വം എന്ന മട്ടിൽ സൊറ തുടർന്നു നീങ്ങുന്ന സാധാരണക്കാർ. വഴിയരികിൽ ഭിക്ഷക്കാരോ ദരിദ്രരോ മരിച്ചുകിടന്നാൽ വഴിയാത്രക്കാർ തിരിഞ്ഞുനോക്കാറില്ല. ഭിക്ഷ കൊടുക്കുന്നവർപോലും ആ ഭിക്ഷക്കാരൻ കൺമുന്നിൽ മരിച്ചുവീഴുന്നതു കണ്ടാൽ ഒരുനിമിഷം നിൽക്കാതെ വിട്ടുപോകും.

സമ്പന്നതയും ദാരിദ്ര്യവും അധാർമികതയെ വളർത്തും. ഇംഗ്ലണ്ടിൽനിന്ന് ഇന്ത്യയിൽ എത്തിയിരുന്ന ചെറുപ്പക്കാരായ സായിപ്പുമാർക്ക് അർമാദിക്കാനുള്ള രംഗമായിരുന്നു കൽക്കട്ടപോലുള്ള നഗരങ്ങൾ. ഇന്ത്യയിലെ ബ്രിട്ടീഷ് സമൂഹത്തിലും അവരെ അനുകരിച്ചിരുന്ന ആംഗ്ലോഇന്ത്യൻ സമൂഹത്തിലും ഗർഭഛിദ്രം സാധാരണമായിരുന്നു. ദരിദ്രർക്കിടയിലാകട്ടെ അധാർമികത വലിയൊരു വ്യാധിപോലെ പടർന്നിരുന്നു. അതിന്റെ ഉത്പന്നങ്ങളായ മനുഷ്യശിശുക്കൾ തെരുവോരങ്ങളിലും ചപ്പുകൂനകളിലും തെരുവുനായ്ക്കളുടെ ഭക്ഷണമായിക്കൊണ്ടിരുന്നു. അവിടത്തെ ഗലികളിലെ അധാർമികതയും അക്രമങ്ങളും കണ്ണുകളിൽ കുത്തിയപ്പോഴാണ് ഇംഗ്ലീഷ് സാഹിത്യകാരൻ റഡ്യാർഡ് കിപ്ലിംഗ് കൽക്കട്ടയെ ഭീകരരാത്രിയുടെ നഗരം എന്നുവിളിച്ചത്.

<ആ>ജോൺ ആന്റണി

(തുടരും)