ആധ്യാത്മിക വ്യഥകളെ അതിജീവിക്കാം, മദർ തെരേസയെപ്പോലെ
മദർ തെരേസയെക്കുറിച്ച് 2015 ഡിസംബറിൽ പുറത്തിറങ്ങിയ മനോഹരമായ ഒരു ഹോളിവുഡ് ചലച്ചിത്രമാണ് ‘ദ ലെറ്റേഴ്സ്.’ നിരവധി പ്രശസ്ത ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വില്യം റീഡ് എന്ന അമേരിക്കക്കാരനാണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത്. മദർ തെരേസയെക്കുറിച്ചുള്ള ഈ ചിത്രം തയാറാക്കുന്നതിനുള്ള പരിശ്രമം 2001–ൽ ആണ് റീഡ് ആരംഭിച്ചത്. ആ ജോലി അങ്ങനെ തുടരുമ്പോഴാണ് 2007–ൽ മദർ തെരേസയെക്കുറിച്ചു ‘മദർ തെരേസ: കം ബീ മൈ ലൈറ്റ്’ എന്ന ഒരു പുതിയ പുസ്തകം പുറത്തിറങ്ങിയത്.

മുൻപൊരിക്കലും വെളിച്ചംകാണാതിരുന്ന മദർ തെരേസയുടെ കുറേ കത്തുകൾ ഈ പുസ്തകത്തിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. അതേത്തുടർന്ന് ഈ കത്തുകളെ മനസിൽ കണ്ടുകൊണ്ടാണ് മദർ തെരേസയെക്കുറിച്ചുള്ള തിരക്കഥ റീഡ് പൂർത്തിയാക്കിയത്. ഈ കത്തുകളുടെ ഉള്ളടക്കത്തെക്കുറിച്ചു പരാമർശിക്കുന്നതിനു മുൻപായി ‘ദ ലെറ്റേഴ്സ്’ എന്ന സിനിമയെക്കുറിച്ചുള്ള ചില വിവരങ്ങൾകൂടി ഇവിടെ പകർത്തട്ടെ.

പ്രസിദ്ധ ഇംഗ്ലീഷ് നടിയായ ജൂലിയറ്റ് സ്റ്റീവൻസൺ ആണ് മദർ തെരേസയുടെ റോളിൽ പ്രത്യക്ഷപ്പെടുന്നത്. മദർ തെരേസയുടെ അതേ സംസാരശൈലിയിലുടെയും മികച്ച അഭിനയത്തിലൂടെയും ജൂലിയറ്റ് തന്റെ ഭാഗം ഈ സിനിമയിൽ അതിമനോഹരമാക്കിയിട്ടുണ്ട്. മദർ തെരേസയുടെ ആധ്യാത്മിക ഗുരുവായിരുന്ന സെലസ്റ്റ് വാൻ എക്സെം എന്ന ബൽജിയംകാരനായ ഈശോസഭാ വൈദികനെ അവതരിപ്പിച്ചിരിക്കുന്നത് പ്രസിദ്ധ സ്വീഡിഷ് നടനായ മാക്സ് വോൺ സൈഡോ ആണ്.

‘ദ ഗ്രേറ്റസ്റ്റ് സ്റ്റോറി എവർ ടോൾഡ്’ എന്ന സിനിമയിൽ യേശുക്രിസ്തു ആയും ’ക്വോവാദിസ്’ എന്ന സിനിമയിൽ വിശുദ്ധ പത്രോസായും മികച്ച അഭിനയം കാഴ്ചവച്ചിട്ടുള്ള സൈഡോ തന്റെ ശക്‌തമായ സാന്നിധ്യംകൊണ്ട് ഈ ചിത്രം മികവുറ്റതാക്കിയിട്ടുണ്ട്. കൽക്കട്ട, ന്യൂഡൽഹി, മുംബൈ, ലണ്ടൻ എന്നിവിടങ്ങളിൽ വച്ച് ഷൂട്ട് ചെയ്ത ഈ ചിത്രം സാമ്പത്തികമായും വിജയമായിരുന്നു.

ഇനി മദർ തെരേസയെക്കുറിച്ചുള്ള ഈ സിനിമയിൽ പരാമർശിക്കപ്പെടുന്ന കത്തുകളിലേക്കു നമുക്ക് കടക്കാം. അൻപതുവർഷത്തോളം നീണ്ടുനിന്ന ഒരു കാലയളവിൽ മദർ തെരേസ തന്റെ ആധ്യാത്മിക പിതാവായിരുന്ന സെലസ്റ്റ് വാൻ എക്സെമ്മിന് എഴുതിയ കത്തുകളാണവ. ഈ കത്തുകളിൽ കാണുന്നതനുസരിച്ച് ഏറെക്കാലവും മദർ തെരേസയുടെ ആധ്യാത്മിക യാത്ര അന്ധകാരത്തിലൂടെ ആയിരുന്നത്രേ.

ദൈവപുത്രനായ യേശുവിന് തന്റെ ജീവിതം സമർപ്പിച്ച് അവിടുത്തോടുള്ള സ്നേഹത്താൽ പ്രേരിത ആയിട്ടായിരുന്നു കൽക്കട്ടയിലെ പാവങ്ങളെ സഹായിക്കാൻ മദർ തെരേസ ഇറങ്ങിത്തിരിച്ചത്. എന്നാൽ നൂറുശതമാനവും ആത്മാർഥതയോടെ ആ സേവനം തുടരുമ്പോഴും ആധ്യാത്മികമായി അൽപംപോലും ആശ്വാസം മദറിനു ലഭിച്ചിരുന്നില്ലത്രേ. എന്നു മാത്രമല്ല, ദൈവത്തിലുള്ള തന്റെ വിശ്വാസം ഏറ്റുപറയുമ്പോഴും അിടുത്തെ അസ്തിത്വത്തെക്കുറിച്ചു മദറിനു സംശയം തോന്നിയിരുന്നത്രേ. അത്രമാത്രം അന്ധകാരമായിരുന്നു മദറിന്റെ ആധ്യാത്മിക ജീവിതത്തിൽ മദറിന് അനുഭവപ്പെട്ടത്.

തന്റെ ആധ്യാത്മികപിതാവൊഴികെ മറ്റാരും ഈ കത്തുകൾ വായിക്കരുതെന്നു മദറിനു നിർബന്ധമായിരുന്നു. തന്മൂലം, താൻ എഴുതുന്ന കത്തുകൾ സൂക്ഷിച്ചുവയ്ക്കരുതെന്ന് മദർ ആധ്യാത്മിക പിതാവിനോടാവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ കത്തുകളുടെ വില അറിയാമായിരുന്ന അദ്ദേഹം അവയെല്ലാം അമൂല്യനിധിയായി സൂക്ഷിച്ചുവച്ചു. അങ്ങനെയാണ് മദറിന്റെ നാമകരണ നടപടികളുടെ ഭാഗമായി ഇവ പഠനവിധേയമാക്കപ്പെട്ടതും അതിനു പിന്നാലെ ഇവ പ്രസിദ്ധീകരിക്കപ്പെട്ടതും.

മദർ തെരേസ പാവങ്ങൾക്കുവേണ്ടി ലോകമെമ്പാടും ചെയ്ത സേവനങ്ങൾ അദ്ഭുതാവഹംതന്നെ. അവയുടെ പേരിൽ മാത്രം മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കാവുന്നതാണ്. എന്നാൽ മറ്റു മനുഷ്യരിൽ ദൈവപുത്രനായ യേശുവിനെ കണ്ടുകൊണ്ട് അവിടുത്തെ സേവിച്ചതു മാത്രമല്ല മദർ തെരേസയുടെ വിശുദ്ധിയുടെ അടിസ്‌ഥാനം. യേശുവിനോടുള്ള ഏറ്റവും വലിയ സ്നേഹത്തെപ്രതി സേവനം ചെയ്തപ്പോഴും മദറിന് ആധ്യാത്മികമായി അൽപംപോലും ആശ്വാസം ലഭിച്ചില്ല. എന്നു മാത്രമല്ല, ദീർഘകാലം അന്ധകാരത്തിലൂടെയായിരുന്നു മദറിന്റെ ആധ്യാത്മിക യാത്ര. എന്നാൽ തന്റെ സുദൃഢമായ വിശ്വാസംമൂലം ആ ഇരുണ്ട രാത്രികളെ വിജയകരമായി അതിജീവിക്കാൻ മദറിനു സാധിച്ചു. അതാണ് മദറിന്റെ വിശുദ്ധിയുടെ യഥാർഥ അടിസ്‌ഥാനം.

മദർ തെരേസയുടെ ഈ ആധ്യാത്മികാനുഭവം നമുക്ക് വലിയ പ്രചോദനം പകരുന്നതാണ്. നന്മ മാത്രം ചെയ്തുകൊണ്ട് ദൈവത്തിന്റെ വഴിയേ നടക്കാൻ നാം ശ്രമിക്കുമ്പോഴും നമുക്ക് നമ്മുടെ ജീവിതത്തിൽ പല പരാജയങ്ങളും തിരിച്ചടികളും ഉണ്ടാകാറില്ലേ? അപ്പോൾ ദൈവം ഉണ്ടോ എന്നുപോലും നാം സംശയിച്ചുപോകാനിടയുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ മദർ തെരേസയുടെ ഈ മാതൃക നമ്മുടെ കൺമുന്നിലുണ്ടാവണം. അപ്പോൾ മനസ് മടുക്കാതെ ധൈര്യപൂർവം മുന്നോട്ടുപോകാൻ നമുക്കു സാധിക്കും.

നന്മ മാത്രം ചെയ്തുകൊണ്ട് മുന്നോട്ടുപോയ മദർ തെരേസയ്ക്ക് അൽപംപോലും ആധ്യാത്മികാശ്വാസം ലഭിക്കാതെ കുറേക്കാലം തന്റെ സമർപ്പിതജീവിതം നയിക്കേണ്ടിവന്നു. എന്നാൽ അക്കാരണംകൊണ്ട് ദൈവത്തെ തള്ളിപ്പറയാനോ നിരന്തരം പരിഭവം പറയാനോ മദർ തയാറായില്ല. എന്നു മാത്രമല്ല, താൻ അനുഭവിച്ചിരുന്ന ആധ്യാത്മികവ്യഥ ദൈവതിരുമനസായി കരുതി അത് സന്തോഷപൂർവം സ്വീകരിക്കുകയാണു ചെയ്തത്.

നാമാരും മദർ തെരേസയെപ്പോലെ ആധ്യാത്മികമായി കരുത്തുള്ളവരല്ല. തന്മൂലം നമ്മുടെ ആധ്യാത്മിക ജീവിതത്തിൽ അന്ധകാരം പടരുമ്പോൾ നാം സ്വാഭാവികമായും പകച്ചുപോയെന്നിരിക്കും. എന്നാൽ അപ്പോഴൊക്കെ മദർ തെരേസയുടെ മാതൃക നമുക്ക് ആശ്വാസവും ശക്‌തിയും പകരുകതന്നെ ചെയ്യും. തന്മൂലം മദറിന്റെ മാതൃക നമുക്ക് മറക്കാതിരിക്കാം.

<ആ>ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ