വഴിപിഴച്ച തീരുമാനങ്ങൾ
അനൂപിന്റേത് ഒരു സാധാരണ കുടുംബമാണ്. അയാൾ പോസ്റ്റ്ഗ്രാജുവേറ്റാണ്. വിവാഹം കഴിഞ്ഞത് രണ്ടു വർഷം മുമ്പാണ്. ഭാര്യ വിജില ജനിച്ചതും വളർന്നതും വിദ്യാഭ്യാസം നടത്തിയതും ഇംഗ്ലണ്ടിലാണ്. വിജിലയുടെ തറവാട്ടു കുടുംബം കൂത്താട്ടുകുളത്താണ്. അവളുടെ മാതാപിതാക്കളായ മാത്യൂസും റോസിറ്റയും ഇംഗ്ലണ്ടിൽ താമസമാക്കിയിട്ട് മുപ്പതുവർഷമായി. ഇരുവരും ജോലി കിട്ടിയപ്പോൾ അങ്ങോട്ട് പോയതാണ്. വിജിലയെ കൂടാതെ മാത്യൂസിനും റോസിറ്റക്കും രണ്ട് മക്കൾകൂടിയുണ്ട്. അവരിരുവരും അവളുടെ ഇളേത്തുങ്ങളാണ്. അനൂപും വിജിലയും ഇപ്പോൾ മാനസികമായി അകലങ്ങളിലാണ്. അകൽച്ചയ്ക്ക് കാരണം അനൂപാണെന്ന് വിജിലയും വിജിലയാണെന്ന് അനൂപും ആരോപിക്കുന്നു. ഇരുവരെയും തമ്മിൽ കൂട്ടിച്ചേർക്കാൻ അനൂപിന്റെ മാതാപിതാക്കളും വിജിലയുടെ മാതാപിതാക്കളും ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം പാഴ്ശ്രമങ്ങളായി പോകുന്നു എന്നതിൽ ഇരുകൂട്ടർക്കും ദു:ഖമുണ്ട്. അവധിക്ക് നാട്ടിലെത്തിയപ്പോൾ നിർബന്ധിച്ചാണെങ്കിലും ഇരുവരെയും നാട്ടിലെ അറിയപ്പെടുന്ന ധ്യാനകേന്ദ്രത്തിൽ അയച്ച് ധ്യാനത്തിൽ പങ്കെടുപ്പിച്ചെങ്കിലും ശാശ്വതമായ പരിഹാരമൊന്നും ഇപ്പോഴും കണ്ടെത്താനായിട്ടില്ല. പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞെങ്കിലും സ്‌ഥിരമായ ജോലിയൊന്നും കിട്ടാതിരുന്ന കാലത്ത് വീട്ടിലെ കൃഷികളിലും മറ്റും താൽപര്യപൂർവ്വം ഏർപ്പെട്ടുകൊണ്ടിരുന്ന അവസരത്തിലാണ് അനൂപിന് വിജിലയുടെ ആലോചന വന്നത്. വിദേശത്ത് ജനിച്ചുവളർന്ന കുട്ടിയായതിനാൽ വിവാഹ തീരുമാനം കൈക്കൊണ്ടാൽ അത് പന്തിയാകുമോ എന്ന കാര്യത്തിൽ അനൂപിനും അയാളുടെ മാതാപിതാക്കൾക്കും ആശങ്കയുണ്ടായിരുന്നതിനാൽ കല്യാണം ഉറപ്പിച്ചതും തുടർ നടപടികൾ നടത്തിയതും എടുപിടീന്നായിരുന്നില്ല.

വിദേശത്ത് ജനിച്ചുവളർന്നവളായതിനാൽ വിജിലക്ക് നാട്ടിൽ നിന്നും വിവാഹബന്ധം ഉണ്ടായാൽ മതിയെന്ന തീരുമാനം അവളുടെ മാതാപിതാക്കൾ നിർബന്ധപൂർവ്വം കൈക്കൊണ്ടതായിരുന്നു. വിവാഹം ഉറപ്പിക്കലും മനസമ്മതവും കല്യാണവുമൊക്കെ മുറപോലെ നടന്നെങ്കിലും വിവാഹശേഷം വിജിലയ്ക്ക് നാടൻ രീതികളോട് ചേർന്ന് പോകാൻ കഴിഞ്ഞില്ല. വിവാഹശേഷമുളള വിരുന്നു സൽക്കാരങ്ങളോടനുബന്ധിച്ചുതന്നെ അതിനാൽ നിസാരമല്ലാത്ത അസ്വാരസ്യങ്ങൾ അനൂപും വിജിലയും തമ്മിൽ ഉണ്ടാവുകയും ചെയ്തു. ഒരു മാസത്തിന് ശേഷം വിജില മാതാപിതാക്കൾക്കൊപ്പം വിദേശത്തേക്ക് മടങ്ങി. നാലു മാസം ശേഷമാണ് പേപ്പറുകളൊക്കെ ശരിയാക്കി അനൂപ് ഇംഗ്ലണ്ടിലേക്ക് പോയത്. ഇരുവരും അവിടെ ഒരുമിച്ചു കഴിയുന്നതോടെ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമുണ്ടാകുമെന്ന് ഇരുകൂട്ടരുടെയും മാതാപിതാക്കൾ ചിന്തിച്ചെങ്കിലും അവ പരിഹരിക്കപ്പെടുകയല്ല നാൾക്കുനാൾ കൂടുതൽ വഷളാവുകയാണ് ചെയ്തത്. പിന്നീടുള്ള ഏതോ ഒരു ദിനം അനൂപ് ഫോൺ ചെയ്ത് എന്നോട് പറഞ്ഞതാണ് ഞാൻ മേൽ കുറിച്ച കാര്യങ്ങളൊക്കെ. വിവാഹം ചെയ്യേണ്ടിയിരുന്നില്ല എന്നും, നാട്ടിൽ വീട്ടുകാര്യങ്ങളുമൊക്കെയായി സമാധാനമായി കഴിഞ്ഞാൽ മതിയായിരുന്നെന്നും ഇപ്പോൾ പറയുന്ന അനൂപ് ഓരോ ദിനവും കഴിച്ചുകൂട്ടുന്നത് അസ്വസ്‌ഥമായ മനസുമായാണ്. കുടുംബകോടതിയേയോ സഭാ കോടതിയേയോ ഇതുവരെയും സമീപിച്ചിട്ടില്ല എങ്കിലും ഇത്തരത്തിൽ ഈയൊരു വിവാഹബന്ധം ആരോഗ്യകരമായി തുടർന്നുപോകാൻ കഴിയില്ല എന്ന നിലപാടിലാണ് ഇരുകൂട്ടരും.

സമാധാനക്കേടുണ്ടാകുന്ന നാളുകളാണോ വിവാഹജീവിതത്തിന്റേത്? വിവാഹം കഴിച്ചാൽ ഉളള സമാധാനവും സന്തോഷവും നഷ്ടമാകുമോ? അനേകരുടെ ജീവിതസാക്ഷ്യം വെളിപ്പെടുത്തുന്നത് അത് ആപേക്ഷികമാണെന്നാണ്. ഇരുവരുടെയും സമീപനങ്ങളെയും മനോഭാവങ്ങളെയും ആശ്രയിച്ചാണതിരിക്കുന്നത്. കുടുംബജീവിതം പ്രായപൂർത്തിയായ വിവാഹാർത്ഥികളുടെ സ്വതന്ത്ര തീരുമാനമാണെങ്കിലും ഇരുവരും അന്നുവരെ വ്യക്‌തിത്വത്തിന്റെയും പെരുമാറ്റത്തിന്റെയും ഭാഗമാക്കി കൊണ്ടുനടന്നതൊക്കെ പെട്ടെന്നുപേക്ഷിക്കാനും പുത്തൻ പെരുമാറ്റ ശൈലികൾ രൂപീകരിക്കാനും പറഞ്ഞാൽ അത് എളുപ്പമാകുമോ? എളുപ്പമാകില്ലന്നാണ് അനേകരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. അനൂപും വിജിലയും വളരെ വ്യത്യസ്തമായ കുടുംബസംവിധാനങ്ങളുടെ സൃഷ്ടികളാണ്. ശീലങ്ങൾ ശൈശവ ബാല്യകൗമാര യൗവന ദശകളിൽ ഒരു വ്യക്‌തിയുടെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നവയാണ്. അവ പിന്നീട് അവരുടെ കുടുംബജീവി തത്തെ ഗുണകരമോ ദോഷകരമോ ആയി സ്വാധീനിക്കും എന്ന കാര്യത്തിൽ തെല്ലും സംശയം വേണ്ട. ജനിച്ചുവളർന്ന കുടുംബ സാഹചര്യങ്ങൾക്ക നുസരിച്ച് ഒരുവന്റെ വിവാഹജീവിതത്തെ സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ് അയാളുടെ ഭാവിജീവിതം സമാധാനപൂർണവും സന്തോഷകരവും ആകുന്നതിന് അനുയോജ്യം. മാതാപിതാക്കളുടെ സ്വപ്നങ്ങൾക്കും ഭാവനകൾക്കും ഇക്കാര്യത്തിൽ തെല്ലും പ്രസക്‌തിയില്ലെന്നാണെന്റെ അഭിപ്രായം. അപ്രകാരമുള്ള സ്വപ്നങ്ങളും ഭാവനകളും ഫലംചൂടണമെങ്കിൽ മക്കളുടെ വളർച്ചയുടെ ആദ്യഘട്ടം മുതൽ അവരെ കരുതലോടെ വളർത്താൻ കഴിയണം, കണക്കുകൂട്ടലോടെ ജന്മനാടിന്റെയും തറവാട്ടുകുടുംബത്തിന്റെയും സംസ്കാരത്തിൽ വളർത്താനും പരിശീലിപ്പിക്കാനും കഴിയണം. മാതൃഭാഷ പഠിപ്പിക്കുന്നതിലും നാട്ടുശീലങ്ങളും ആചാരമര്യാദകളും കൈമാറിക്കൊടുക്കുന്നതിലും ശ്രദ്ധിക്കണം. ഒരു ദേശത്ത് ജനിച്ചുവളർന്ന വ്യക്‌തിയെ മറ്റൊരു ദേശത്തിന്റെ സാംസ്കാരിക തനിമയിൽ വളർത്തുക എന്നത് ദുഷ്കരമാണെന്ന സംഗതി ഇക്കാര്യത്തിൽ ഏവരും ഓർമ്മിക്കേണ്ടതാണ്. എങ്കിലും ഇക്കാര്യത്തിലും അസാധ്യമെന്നൊന്ന് ഇല്ലെന്നാണെന്റെ പക്ഷം.

<യ>സിറിയക് കോട്ടയിൽ