മറ്റുള്ളവരെ അംഗീകരിക്കാം, മഹത്വമുള്ളവരാകാം
ഇന്നും വായിക്കപ്പെടുന്ന പ്രസിദ്ധനായ കവിയും നോവലിസ്റ്റും നാടകകൃത്തുമാണ് സർ വാൾട്ടർ സ്കോട്ട് (1771–1832). സ്കോട്ട്ലൻഡിൽ ജനിച്ച അദ്ദേഹം വക്കീലായും ജഡ്ജിയായും രാഷ്ട്രീയക്കാരനുമായൊക്കെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാല്യപ്രായം മുതൽ സ്കോട്ടിനു സ്കോട്ട്ലൻഡിന്റെ ചരിത്രത്തോട് വലിയ കമ്പമായിരുന്നു. അങ്ങനെയാണ് സ്കോട്ട്ലൻഡിലെ പുരാണകഥകൾ ശേഖരിച്ചതും അവയിൽ പലതും അദ്ദേഹം പിൽക്കാലത്ത് പ്രസിദ്ധീകരിക്കാനിടയായതും.

സ്കോട്ടിന്റെ ഉറ്റസുഹൃത്തായിരുന്ന ജയിംസ് ബാലന്റൈൻ ഒരു പ്രിന്റിംഗ് പ്രസിന്റെ ഉടമയായിരുന്നു. തന്മൂലം അദ്ദേഹത്തിന്റെ സഹായത്തോടെ സ്കോട്ടിന് തന്റെ ആദ്യപുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ സാധിച്ചു. സ്കോട്ടിന്റെ പുസ്തകങ്ങൾ പുറത്തിറങ്ങിയപ്പോൾ അവ നിരൂപകരുടെ മുക്‌തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. അദ്ദേഹം പ്രസിദ്ധീകരിച്ച ’ദി ലേഡി ഓഫ് ദി ലേക്ക്’ എന്ന കവിത വായനക്കാരുടെ ഹരമായിരുന്നു.
കവിയും സാഹിത്യകാരനുമെന്ന രീതിയിൽ സ്കോട്ട് പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിനിൽക്കുന്ന കാലഘട്ടത്തിലാണ് ലോഡ് ബൈറന്റെ (1788–1824) കവിതകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. സാഹിത്യരംഗത്തേക്കു കടന്നുവന്ന അസാധാരണ പ്രതിഭയായിരുന്നു ബൈറൺ. അക്കാര്യം ആദ്യമായി മനസിലാക്കിയവരിൽ ഒരാൾ സ്കോട്ടായിരുന്നു.

ഒരുദിവസം ലണ്ടനിലെ ഒരു ദിനപത്രത്തിൽ ബൈറന്റെ കവിതകളെക്കുറിച്ച് ഒരു നിരൂപണം പ്രത്യക്ഷപ്പെടുകയുണ്ടായി. ബൈറന്റെ കവിതകളെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ള നിരൂപണമായിരുന്നു അത്. ബൈറൺ എഴുതിയ കവിതകളുടെ പശ്ചാത്തലത്തിൽ സ്കോട്ടിനെ ഇംഗ്ലണ്ടിലെ കവികളിൽ ഒന്നാമനായി ഇനി പരിഗണിക്കാനാവില്ലെന്നും നിരൂപകൻ പറഞ്ഞുവയ്ക്കുകയുണ്ടായി.

നിരൂപകന്റെ പേരു വയ്ക്കാതെയാണ് നിരൂപണം പ്രസിദ്ധീകരിക്കപ്പെട്ടത്. നിരൂപണം പ്രസിദ്ധീകരിച്ച പത്രത്തിനും നിരൂപകന്റെ പേര് അറിയില്ലായിരുന്നു. നിരൂപകന്റെ പേര് വയ്ക്കാതെ ലഭിച്ച നിരൂപണം വളരെ മനോഹരമായി എഴുതപ്പെട്ടിരുന്നതുകൊണ്ടാണ് ആ നിരൂപണം വെളിച്ചം കാണാനിടയായത്. എന്നാൽ പിന്നീട് അറിഞ്ഞതനുസരിച്ച് മറ്റാരുമല്ല, സ്കോട്ട് തന്നെയായിരുന്നത്രേ ആ നിരൂപണം എഴുതി പ്രസിദ്ധീകരണത്തിനായി അയച്ചുകൊടുത്തത്!

ബ്രിട്ടീഷ് സാമ്രാജ്യത്തിലെ അതുല്യനായ സാഹിത്യകാരനായിരുന്നു സ്കോട്ട്. അദ്ദേഹം എഴുതിയിരുന്നതുപോലെ മെച്ചമായി മറ്റാർക്കും എഴുതാൻ സാധിക്കില്ല എന്നാണ് അക്കാലത്ത് പൊതുവേ കരുതപ്പെട്ടിരുന്നത്. അങ്ങനെയുള്ള വലിയ പ്രതിഭാസമ്പന്നനാണ് മറ്റാരും പറയാതെതന്നെ ബൈറന്റെ മഹത്വം അംഗീകരിക്കുകയും അതു പൊതുജനത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തത്. ബൈറന്റെ സാഹിത്യസൃഷ്ടികളുടെ മേന്മ മനസിലാക്കാനുള്ള ബുദ്ധിവൈഭവവും നല്ല മനസും സ്കോട്ടിനുണ്ടായിരുന്നു. ബൈറനെ അംഗീകരിക്കുന്നതുവഴി സാഹിത്യകാരന്മാരിലെ ഒന്നാം സ്‌ഥാനം തനിക്കു നഷ്ടപ്പെടുന്നതിനെക്കുറിച്ച് സ്കോട്ടിന് വിഷമവുമില്ലായിരുന്നു. എന്നു മാത്രമല്ല, ബൈറന് അദ്ദേഹം അർഹിക്കുന്ന അംഗീകാരം ലഭിക്കാനുള്ള അവസരം സ്കോട്ട് സന്തോഷപൂർവം സൃഷ്ടിക്കുകയും ചെയ്തു.

മറ്റുള്ളവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന കാര്യത്തിൽ നമ്മുടെ നിലപാട് എങ്ങനെയുള്ളതാണ്? മറ്റുള്ളവർ നമ്മെക്കാൾ മിടുക്കരാണെങ്കിൽ അവരുടെ മിടുക്ക് നാം അംഗീകരിച്ചുകൊടുക്കുമോ? നാം അങ്ങനെ ചെയ്യുന്നവരാണെങ്കിൽ നമുക്ക് നമ്മെക്കുറിച്ചുതന്നെ അഭിമാനിക്കാൻ വകയുണ്ട്. എന്നാൽ, മറ്റുള്ളവരുടെ മിടുക്ക് അംഗീകരിച്ചുകൊടുക്കാൻ നമുക്ക് വൈമനസ്യമാണെങ്കിൽ നാം നമ്മെക്കുറിച്ചു ലജ്‌ജിക്കുകതന്നെ വേണം. നാം മറ്റുള്ളവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോൾ നമ്മൾ ചെറുതായിപ്പോകും എന്നായിരിക്കാം നാം പലപ്പോഴും ചിന്തിക്കുന്നത്. എന്നാൽ, നാം മറ്റുള്ളവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതുവഴി നാം വലുതാകുകയല്ലാതെ ചെറുതാകുന്നില്ല എന്നതാണ് വാസ്തവം.
മറ്റുള്ളവരെ അവർക്കുള്ള കഴിവുകളുടെയും നന്മകളുടെയും പേരിൽ നാം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതാണ്. എന്നാൽ അങ്ങനെ ചെയ്യാൻ നമുക്ക് സാധിക്കുന്നില്ല എന്നു കരുതുക. അപ്പോൾ എന്താണു സംഭവിക്കുക? നമ്മൾ സ്വയം ചെറുതായി മാറും. അങ്ങനെയൊരു ദുരന്തം നമ്മുടെ ജീവിതത്തിലുണ്ടാകാതിരിക്കണമെങ്കിൽ മറ്റുള്ളവർ അർഹിക്കുന്ന ആദരവും അംഗീകാരവും നാം അവർക്കു നൽകുകതന്നെ വേണം.

നാം ഏതു ജീവിതസാഹചര്യത്തിലായാലും നാം എപ്പോഴും മറ്റുള്ളവരുടെ കൂടെയാണു ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. നമ്മോടൊപ്പമുള്ളവർ ഒരുപക്ഷേ നമ്മെക്കാൾ മിടുക്കാരായിരിക്കാം. അല്ലെങ്കിൽ നമ്മേക്കാൾ കഴിവ് കുറഞ്ഞവരായിരിക്കാം. എന്നിരുന്നാലും എല്ലാവരും ഓരോരോ രീതിയിൽ നമ്മുടെ അംഗീകാരവും ആദരവും അർഹിക്കുന്നുണ്ട് എന്നതാണ് വാസ്തവം. കുടുംബത്തിലെയോ സമൂഹത്തിലെയോ ഏറ്റവും അപ്രധാനമായ ജോലികൾ ചെയ്യുന്നവർപോലും നമ്മുടെ അംഗീകാരവും ആദരവും അർഹിക്കുന്നുണ്ട് എന്നത് നാം മറക്കരുത്.

മറ്റുള്ളവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ട് വലിയവരായി മാറുന്നവർ അത്ര കുറവല്ല നമുക്കിടയിൽ. വലിയവരായി മാറാനാണ് നമ്മുടെ ആഗ്രഹമെങ്കിൽ നമുക്ക് ആ ഗണത്തിൽ ചേരാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ