അവനവൻതുരുത്തിൽ ജീവിക്കുന്നവരുടെ കഥ മണട്രോത്തുരുത്ത്
മനു സംവിധാനം ചെയ്ത ’മണട്രോത്തുരുത്തി‘നെക്കുറിച്ച് അഭിനേതാവ് അലൻസിയർ പറയുന്നു...

‘‘അവനവനോടു തന്നെ തർക്കിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന ഒരു സിനിമയാണു ‘മണട്രോത്തുരുത്ത്’. നമ്മളിലേക്കു തിരിഞ്ഞുനോക്കാനും നമ്മുടെ ഉള്ളിലേക്കു കടന്നിറങ്ങാനും നമ്മെ പ്രാപ്തരാക്കുന്ന സിനിമ...’’ പി.എസ് മനു രചനയും നിർമാണവും സംവിധാനവും നിർവഹിച്ച മണട്രോത്തുരുത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിലെത്തുന്ന അലൻസിയർ.

മണട്രോത്തുരുത്തിന്റെ പ്രമേയമെന്താണ്..?

മണട്രോത്തുരുത്തിൽ ഒരു മുത്തച്ഛനും ഒരു ചെറുമകനുമുണ്ട്. രണ്ടു ജനറേഷനുകൾ... വ്യത്യസ്ത കാഴ്ചപ്പാടുകൾ; മതത്തെക്കുറിച്ചായാലും സദാചാരത്തെക്കുറിച്ചാണെങ്കിലും. ഏതാണു ശരി, ഏതാണു തെറ്റ്. ഒന്നു ശരിയും മറ്റേതു തെറ്റുമാണ്. പക്ഷേ, അത് എങ്ങനെയറിയും? അതു തന്നെയാണ് ഈ സിനിമ മുന്നോട്ടു വയ്ക്കുന്ന വിഷയം.

വ്യക്‌തികൾ പോലും തുരുത്തിലാണ്. ഭുഖണ്ഡങ്ങളിൽ രാജ്യങ്ങൾ ഓരോ തുരുത്താണ്. അണ്ഡകടാഹമെടുത്താൽ ഭൂമി തന്നെ ഒരു തുരുത്താണ്. കുടുംബം ഒരു തുരുത്താണ്. ദൈവം ഏതോ ഒരു തുരുത്തിലാണ്; അക്കരെയാണോ ഇക്കരെയാണോ എന്നറിയില്ല. സാത്താൻ, നരകം... വേറൊരു തുരുത്തിലാണ്. നമ്മളെല്ലാവരും ഓരോ തുരുത്തിലാണ് ജീവിക്കുന്നത് .അക്കരക്കാരും ഇക്കരക്കാരും എന്നു പറയുന്ന അകലമുണ്ട് തുരുത്തുകളിൽ. അവനവൻ തന്നെയാണ് അക്കരയും ഇക്കരയും. അവനവന്റെ ഉള്ളിൽത്തന്നെയാണ് അക്കരയും ഇക്കരയും അകലവുമൊക്കെ...

ഓരോ കാലത്തും പുതിയ ചിന്തകളും ജീവിതരീതികളും വരും. അന്വേഷണങ്ങൾ വരും. അപ്പോൾ പഴയതു മുങ്ങിപ്പോവും. നമ്മളൊക്കെ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഓരോ മനുഷ്യനും ഓരോ തുരുത്തിൽ നിന്നു സ്വയം മുങ്ങിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഈ അന്വേഷണം നടക്കുന്നത്. ആ വഴിയാണോ ശരി, ഈ വഴിയാണോ തെറ്റ് എന്നു പറഞ്ഞു തീരുമാനിക്കാൻ നമുക്കാർക്കും പറ്റില്ല. അതുകൊണ്ടുതന്നെ ഈ സിനിമയുടെ കഥ പറഞ്ഞു മനസിലാക്കാൻ പറ്റില്ല. ഈ സിനിമ അനുഭവിപ്പിക്കുകയാണു ചെയ്യുന്നത്.

മണട്രോത്തുരുത്തിന്റെ വ്യത്യസ്തതകളെക്കുറിച്ച്...?

നമുക്കു മനസിലാകരുത് എന്നു പറഞ്ഞു ചെയ്യുന്ന പരമ്പരാഗത ആർട്ട് സിനിമകളിൽനിന്നു വളരെ വ്യത്യസ്തമായി വളരെ ലളിതമായിട്ടാണ് ഈ സിനിമയുടെ ആവിഷ്കാരം.
ഈ സിനിമ പറയുന്നത് ഒരു യൂണിവേഴ്സൽ സബ്ജക്ടാണ്. അതുകൊണ്ടുതന്നെയാണ് മുംബൈ ഉൾപ്പെടെയുള്ള പല മേളകളിലും ശ്രദ്ധിക്കപ്പെട്ടതും ജോൺ ഏബ്രഹാം പുരസ്കാരം, അരവിന്ദൻ പുരസ്കാരം എന്നിവ കിട്ടാനിടയായതും. സാമ്പ്രദായിക സിനിമാരീതിയിൽ പാട്ടെന്നു പറയുന്നത് ഒരു സിറ്റ്വേഷനിൽനിന്ന് അടുത്തതിലേക്കു കൊണ്ടുപോകാനുള്ള ഒരു കുറുക്കുവഴിയാണ്. ഈ സിനിമയിൽ കുറുക്കുവഴികളില്ല. അതുകൊണ്ടു പാട്ടുകളില്ല.

ആഷിക് അബുവിന്റെ പിന്തുണയെക്കുറിച്ച്..?

നല്ല സിനിമകൾ കാണിക്കുക എന്ന ഉദ്ദേശ്യത്തോടെ കെഎസ്എഫ്ഡിസിക്കു കീഴിൽ ഉണ്ടാക്കിയ തിയറ്ററുകളാണ് ശ്രീയും കൈരളിയുമൊക്കെ. പക്ഷേ, അവിടെ ഇപ്പോൾ മെയിൻ സ്ട്രീം സിനിമകൾ മാത്രമാണ് കാണിക്കുന്നത്. അതിന്റെ ലക്ഷ്യം പോലും അങ്ങനെ വഴിതെറ്റിപ്പോയി. ഇത്തരം നല്ല സിനിമകൾ പ്രദർശിപ്പിക്കാൻ കാത്തിരിക്കേണ്ട ഒരു അവസ്‌ഥ വരുന്നു. ആഷിക് അബു മുൻകൈയെടുത്താണ് ഈ സിനിമ ഇപ്പോൾ തിയറ്ററുകളിലെത്തിക്കുന്നത്. ലാൽ ജോസ്, രാജീവ് രവി, ആഷിക് അബു എന്നിവരെപ്പോലെയുള്ള സംവിധായകർ നവാഗതരെ പ്രമോട്ട് ചെയ്യുന്നത് ശുഭസൂചനയാണ്. സർക്കാർ ചെയ്യുന്നതിനെക്കാളും വലിയ കാര്യമാണ് അവർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

ഈ സിനിമ പങ്കുവയ്ക്കുന്ന അനുഭവമെന്താണ്..?

ഈ സിനിമയുടെ തുടക്കത്തിൽ കൊച്ചുമകൻ തുരുത്തിലേക്കു വന്നിറങ്ങുമ്പോൾ മുത്തച്ഛൻ പറയുന്ന ഒരു ഡയലോഗുണ്ട്. ‘ഈ വഴി നടന്നാൽ വീട്ടിലെത്താം, ആ വഴി നടന്നാൽ വീട്ടിലെത്താം. പക്ഷേ, ഒന്നു കള്ളമാണ്. ഒന്നു സത്യമാണ്. ഇത് എങ്ങനെ അറിയും? ’ഈ ചോദ്യം തന്നെയാണ് നമ്മൾ എല്ലാവരും അവനവനോടു തന്നെ ചോദിക്കുന്നത്. അത് അവനവൻ തന്നെ കണ്ടെത്തണം. ഈ സിനിമയെക്കുറിച്ചും എനിക്ക് ഇതുതന്നെയാണു പറയാനുള്ളത്. ഈ സിനിമ നല്ലതാണെന്നു ഞാൻ പറഞ്ഞാൽ അതിൽ ഒന്നു സത്യമാണ്. ഒന്നു കള്ളമാണ്. അതു കണ്ടുതന്നെ അറിയണം.

കഥാപാത്രം..?

ഒരു നാട്ടുവൈദ്യനായിട്ടാണ് ഈ സിനിമയിൽ ഞാൻ അഭിനയിക്കുന്നത്. തുരുത്തിൽ താമസിക്കുന്ന മുത്തച്ഛനുമായി വർഷങ്ങളുടെ ബന്ധമുള്ള ആത്മാർഥസുഹൃത്ത്. അയാൾക്കു മുത്തച്ഛന്റെ ഭൂതവും വർത്തമാനവും കൊച്ചുമകൻ വരുമ്പോൾ അയാളുടെ ഭാവിയുമൊക്കെ അറിയാം. പലപ്പോഴും മുത്തച്ഛൻ വീട്ടിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു സത്യങ്ങൾ മറച്ചുവയ്ക്കാറുണ്ട്. പക്ഷേ, ഇയാൾ പറയുന്നതു കള്ളമാണെന്ന് എന്റെ കഥാപാത്രം തിരിച്ചറിയുന്നുണ്ട്.

മണട്രോത്തുരുത്തിലെ മറ്റു കഥാപാത്രങ്ങൾ..?

ഈ സിനിമയിൽ വളരെ കുറച്ചു കഥാപാത്രങ്ങൾ മാത്രമേയുള്ളൂ. എല്ലാവരുടെയും വേഷങ്ങൾക്കു പ്രാധാന്യമുണ്ട്. ഇന്ദ്രൻസ് ചേട്ടനാണു മുത്തച്ഛനെ അവതരിപ്പിക്കുന്നത്. ചെറുമകൻ കേശുവായി വേഷമിടുന്നത് ജെയ്സൺ ചാക്കോ. കേശുവിന്റെ അച്ഛനായി അഭിനയിക്കുന്നത് അനിൽ നെടുമങ്ങാട്. കമ്മട്ടിപ്പാടത്തിലെ പ്രധാന വില്ലനായിരുന്നു. ഒഴിവുദിവസത്തെ കളി ഉൾപ്പെടെയുളള ചിത്രങ്ങളിൽ അഭിനയിച്ച അഭിജയാണു വീട്ടുവേലക്കാരി കാത്തുവായി എത്തുന്നത്. ഛായാഗ്രഹണം പ്രതാപ് നായർ.

സംവിധായകന് ഒപ്പമുള്ള അനുഭവങ്ങൾ..?

ഗോലി, കാനിൽ പ്രദർശിപ്പിച്ച ഫ്രഞ്ച് വിപ്ലവം തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ മനുവിന്റെ ആദ്യ ഫീച്ചർ ഫിലിമാണു മണട്രോത്തുരുത്ത്. ഫ്രഞ്ച് വിപ്ലവത്തിൽ ഞാൻ അഭിനയിച്ചിരുന്നു. അങ്ങനെയാണു മനുവുമായി അടുപ്പമുണ്ടാകുന്നത്. മലയാളികൾ ആദരവോടെ കാണുന്ന കാക്കനാടന്റെ കുടുംബത്തിൽ നിന്നു വരുന്ന സംവിധായകൻ. കാക്കനാടന്റെ സഹോദരിയുടെ മകൻ. അതുകൊണ്ടുതന്നെ മനുഷ്യരോടുള്ള മനുവിന്റെ ഇടപെടൽ വളരെ ജൈവികമാണ്. സിനിമയിൽ ഉപയോഗിക്കുന്ന ഭാഷ ഏറെ സത്യസന്ധമാണ്, അതു പാരമ്പര്യമായി കിട്ടിയതായിരിക്കണം.

ടി.ജി.ബൈജുനാഥ്