ആദിവാസി വിദ്യാർഥികളെ ചുംബിച്ചുണർത്തിയ ‘കിസ് ’
ഉദയസൂര്യന്റെ പൊൻപ്രഭയിൽ പുലർച്ചെ അഞ്ചരയോടെതന്നെ അതിമനോഹരമാണു പുരി ബീച്ച്. കലയും സംസ്കാരവും ശാസ്ത്രവും ആലിംഗനം ചെയ്തു നിൽക്കുന്ന ചരിത്രവിസ്മയമാണ് കൊണാർക് സൂര്യക്ഷേത്രം. തിരമാലകൾക്കു മണൽക്കോട്ടകെട്ടി ശാന്തതയുടേയും വിസ്തൃതിയുടേയും അവിസ്മരണീയ കാഴ്ചകളൊരുക്കുന്നതാണു ചിൽക്ക തടാകം. ദർശനഭാഗ്യം തേടിയെത്തുന്ന ജനലക്ഷങ്ങളുടെ പ്രാർഥനാമഞ്ജരികളാൽ മുഖരിതമായ പുരി ജഗനാഥ ക്ഷേത്രവും വശ്യമനോഹരമാണ്. എന്നാൽ കലിംഗനാട്ടിൽ ഇവയെക്കാളെല്ലാം സുന്ദരമാണ് ‘കിസ്’.

ആനന്ദത്തിന്റെ പുഞ്ചിരിയും സംരക്ഷണത്തിന്റെ നിർവൃതിയും പ്രതീക്ഷയുടെ മനശാന്തിയും പ്രതിഫലിപ്പിക്കുന്ന കാൽലക്ഷത്തിലധികം പൊന്നോമനകൾ. പഠിച്ചും കളിച്ചും പരസ്പരം സഹായിച്ചും സ്നേഹം പങ്കുവയ്ക്കുന്ന നിഷ്കളങ്ക ബാല്യ–കൗമാരങ്ങൾ. ഒരു നാടിന്റെ മുഖഛായ മാറ്റാനും ഒരു ജനതയുടെ ജീവിതം മാറ്റിമറിക്കാനുമുള്ള ദൃഢനിശ്ചയം സ്ഫുരിക്കുന്ന മുഖങ്ങളാണെല്ലാം. ഭുവനേശ്വറിലെ ‘കിസി’ന്റെ കാമ്പസിൽ ജീവിതത്തിന്റെ ഊടുംപാവും നെയ്തെടുക്കുക മാത്രമല്ല ഇവർ ചെയ്യുന്നത്, സമൂഹത്തിനാകെ മഹത്തായൊരു സന്ദേശം കൈമാറുന്നുമുണ്ട്. ഡോ. അച്യുത സാമന്ത എന്ന ഒരു മനുഷ്യസ്നേഹിയുടെ ദീർഘവീക്ഷണത്തിന്റേയും ഇഛാശക്‌തിയുടേയും കഠിനാദ്ധ്വാനത്തിന്റേയും ത്യാഗനിർഭരമായ സമർപ്പണത്തിന്റേയും ഫലമാണ് ആദിവാസി കുട്ടികൾക്കു തികച്ചും സൗജന്യമായി വിദ്യാഭ്യാസവും താമസവും ജീവിത സൗകര്യങ്ങളുമൊരുക്കുന്ന ഈ മഹത്സംരംഭം.

’കിസ് ‘

എഴുതി ഫലിപ്പിക്കാനോ പറഞ്ഞു വിശ്വസിപ്പിക്കാനോ പ്രയാസമുള്ളതാണ് കിസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്. ഒഡീഷയുടെ തലസ്‌ഥാന നഗരമായ ഭുവനേശ്വറിലെ കിസ് കാമ്പസിൽ ഒന്നിച്ചു വസിക്കുന്നത് 25051 കുട്ടികളാണ്. ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദവും പ്രഫഷണൽ കോഴ്സുകളും വരെ പഠിക്കുന്ന ആദിവാസി കുട്ടികളാണിവർ. 12248 പെൺകുട്ടികൾ. ആൺകുട്ടികൾ 12803. ഒന്നാം ക്ലാസുകാർ 1860. ബിരുദാനന്തര ബിരുദക്കാർ 732. പ്രഫഷണൽ കോഴ്സിനു പഠിക്കുന്നവർ 840. ഒരുമയോടെ കൈകൾകോർത്ത് സൗഹൃദത്തിന്റെ പുൽമെത്ത വിരിച്ച് സംതൃപ്തിയോടെ വളരുകയും വളർത്തുകയുമാണ് ഇവരെല്ലാം.

മാവോയിസ്റ്റുകളുടെ ചതിക്കുഴിയിലോ പട്ടിണിയുടെ പടുകുഴിയിലോപെട്ട് ജീവിതം തളർന്നുപോകാൻ ഇടയുള്ളവരാണ് ഇവരിലേറെയും. എന്നാൽ കിസിന്റെ തണലിൽ എത്തപ്പെട്ടതിനാൽ വയറു നിറയെ ഭക്ഷണവും നല്ല വസ്ത്രങ്ങളും വൈദ്യസഹായവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഗുണമേന്മയുള്ള വിദ്യാഭ്യാസവുമെല്ലാം ലഭിക്കാൻ ഭാഗ്യം ലഭിച്ചവരായിരിക്കുന്നു ഇവർ. 1993ൽ 125 കുട്ടികളുമായാണ് ഡോ. അച്യുത സാമന്ത കിസ് ആരംഭിച്ചത്. 2005ൽ കുട്ടികളുടെ എണ്ണം 1500 ആയി. 2010ൽ 12310ഉം 2012ൽ 20900ഉം ആയി കിസിന്റെ തണലിൽ അഭയം കണ്ടെത്തിയവരുടെ എണ്ണം. 2015ൽ 25,000 കുട്ടികളാണ് കിസ് കാമ്പസിനെ ധന്യമാക്കിയത്. ഇത്രമാത്രം ആദിവാസി കുട്ടികൾക്കു സൗജന്യമായി താമസിച്ചു പഠിക്കാനുള്ള സൗകര്യം ലോകത്തെവിടെയുമില്ലെന്നാണ് ഡോ. അച്യുത സാമന്ത സൺഡേ ദീപികയോടു പറഞ്ഞത്. ദിവസേന നാലുനേരവുമായി ഒരു ലക്ഷത്തിലധികംപേർക്കുള്ള ഭക്ഷണം തയാറാക്കുന്ന അടുക്കള ഇന്നു ലോകപ്രശസ്തമായിരിക്കുന്നു. നാഷണൽ ജിയോഗ്രഫിക് ചാനൽ അടുത്തിടെ ഈ അടുക്കളയെക്കുറിച്ചുള്ള പരിപാടി സംപ്രേഷണം ചെയ്തിരുന്നു.

ഭവനേശ്വറിൽ ഒതുങ്ങുന്നതല്ല കിസിന്റെ പ്രവർത്തനങ്ങൾ. ഡൽഹിയിൽ 1200 കുട്ടികൾക്കാണു കിസ് അഭയം നൽകിയിരിക്കുന്നത്. ഒഡീഷയിലെ 30 ജില്ലകളിലും രാജ്യത്തെ പത്തു സംസ്‌ഥാനങ്ങളിലും പത്തു രാജ്യങ്ങളിലും പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതി തയാറായിക്കഴിഞ്ഞു. കേരളത്തിൽ കാമ്പസ് തുറക്കുന്നതു സംബന്ധിച്ച് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ തിരുവനന്തപുരത്തു വന്നു ചർച്ച നടത്തിയിരുന്നതായി ഡോ. സാമന്ത പറഞ്ഞു. ഇനി പുതിയ സർക്കാരുമായി ആശയവിനിമയം നടത്താൻ ആലോചനയുണ്ട്.

കേവലം ഡിഗ്രികൾ നേടുന്ന വിദ്യാഭ്യാസമല്ല കിസിന്റേത്. സമഗ്ര വികസനം സാധ്യമാക്കുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസത്തോടൊപ്പം മെച്ചപ്പെട്ട ജീവിതം കണ്ടെത്താനുള്ള തൊഴിലറിവും കരഗതമാക്കുന്നതാണു കിസിലെ ജീവിതം. കുട്ടികൾക്കാവശ്യമായ യൂണിഫോം അവർതന്നെ തുന്നിയെടുക്കുന്നു. തുന്നൽ മെഷീനിൽ യൂണിഫോം തൈക്കുന്ന കുരുന്നുകളുടെ വൈഭവം അദ്ഭുതത്തോടെ നോക്കിനിന്നുപോകും. മുടി മുറിക്കുന്നവർ, ചിത്രങ്ങൾ വരയ്ക്കുന്നവർ, ഭക്ഷണം വിളമ്പുന്നവർ, കായിക താരങ്ങൾ, ശാസ്ത്രപ്രതിഭകൾ തുടങ്ങി കഴിവുകൾക്കും അഭിരുചികൾക്കുമനുസരിച്ചു പ്രവർത്തിക്കുന്നവരാണെല്ലാം. തൊഴിലുകളൊന്നും അറിയാണ് ഇവിടെ നൽകുന്നതെന്ന് ഡോ. സാമന്ത അഭിമാനത്തോടെ പറയുന്നു.

2014–15ൽ ബിരുദാനന്തര ബിരുദമെടുത്തവരിൽ 20 പേർ കോളജ് അധ്യാപകരായി ജോലി നേടി. സ്റ്റാഫ് സെലക്ഷൻ ബോർഡ് നടത്തിയ പരീക്ഷ വിജയിച്ചാണ് ഇവർ നിയമനം നേടിയത്. സംസ്‌ഥാനത്തെ വിവിധ ഗവൺമെന്റ് കോളജുകളിൽ ഇവർ അധ്യാപകരായിക്കഴിഞ്ഞു. 43 പേരാണ് രാജീവ് ഗാന്ധി നാഷണൽ ഫെലോഷിപ്പോടെ പിഎച്ച്ഡി ചെയ്യുന്നത്. കഴിഞ്ഞ പത്തു വർഷമായി 10,12 ക്ലാസ് പരീക്ഷകളിൽ കിസിലെ കുട്ടികൾ നൂറു ശതമാനം വിജയം നേടുന്നു.

കിസിന്റെ അഭിമാനമുയർത്തി രജനികാന്ത് നായിക് എന്ന വിദ്യാർഥി ജെഇഇ– അഡ്വാൻസ്ഡ് പരീക്ഷയിൽ എസ്ടി വിഭാഗത്തിൽ 245ാം റാങ്ക് നേടി ഐഐടി അഡ്മിഷൻ കരസ്‌ഥമാക്കിക്കഴിഞ്ഞു. ചെറുപ്പത്തിൽത്തന്നെ അഛനെ നഷ്‌ടപ്പെട്ട രജനികാന്ത് മാവോയിസ്റ്റുകൾ പിടിമുറുക്കിയിരിക്കുന്ന മയൂർഭൻജ് ജില്ലയിൽനിന്നാണ് കിസിൽ എത്തിയത്. ഇവിടെനിന്നും പഠനം പൂർത്തിയാക്കിയവരിൽ രണ്ടായിരത്തിലധികം പേർ അധ്യാപകരും അഞ്ഞൂറിലധികം പേർ പോലീസുകാരുമായി സേവനമനുഷ്ഠിക്കുന്നുവെന്നാണ് ഡോ. സാമന്ത പറയുന്നത്.

ഡോ. അച്യുത സാമന്ത

നാലാം വയസിൽ അഛനെ നഷ്‌ടപ്പെട്ടു. ടാറ്റാ കമ്പനിയിൽ ജോലിക്കാരനായിരുന്നു അഛൻ അനാദി ചരൺ സാമന്ത. ട്രെയിൻ അപകടത്തിലായിരുന്നു അന്ത്യം. അമ്മ നീലിമറാണി സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു. പരസ്പരം സ്നേഹിച്ചു വിവാഹിതരായവരായിരുന്നു അവർ. അമ്മയുടെ വീട്ടുകാർക്ക് ആ ബന്ധം സ്വീകാര്യമായിരുന്നില്ല. എതിർപ്പ് വകവയ്ക്കാതെയാണ് അമ്മ അഛനോടൊപ്പം ജീവിച്ചത്. അഛൻ മരിച്ചുകഴിഞ്ഞിട്ടും അമ്മവീട്ടുകാരുടെ വിരോധം മാറിയില്ല. അതിനാൽ നാൽപ്പതാം വയസിൽ വിധവയായ അമ്മ എട്ടു മക്കളുമായി അഛന്റെ ജന്മനാടായ കലറബങ്കിലെ കുടിലിൽ അഭയം തേടി. ഇരുൾ മൂടിയ വഴികളും ശൂന്യതമുറ്റിയ ഭവിയും അമ്മയെ തളർത്തിയില്ല. അവർ തോറ്റുകോടുക്കാതെ പ്രതിസന്ധികളോടു പടവെട്ടി. മക്കളെ വളർത്താൻ കഠിനാദ്ധ്വാനത്തിനു തയാറായി. വീട്ടുപണിയും കൂലിവേലയും ചെയ്തു. മക്കളുടെ വിശപ്പകറ്റാൻ അവർ പട്ടിണി കിടന്നു. കൂലിപ്പണി കഴിഞ്ഞു തെല്ലും വിശ്രമിക്കാതെ പാട്ടത്തിനെടുത്ത ഭൂമിയിൽ പച്ചക്കറി കൃഷിചെയ്തു. വിളവുകളെല്ലാം ചന്തയിൽ വിറ്റു പണമുണ്ടാക്കി. അതുപയോഗിച്ചു മക്കളെ പഠിപ്പിച്ചു. അങ്ങനെ കൊടിയ ദാരിദ്ര്യവും പട്ടിണിയും കഠിനാദ്ധ്വാനവും കൈമുതലാക്കിയാണ് അച്യുത സാമന്ത വളർന്നത്.

വിദ്യാഭ്യാസത്തിലൂടെ മാത്രമേ ആർക്കും രക്ഷപ്പെടാനാകൂ എന്ന് സ്വന്തം അനുഭവത്തിലൂടെ ബോധ്യമായതാണു സാമന്തയെ ലോകം അറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവാക്കിയത്. വിദ്യാഭ്യാസത്തിനു മുന്തിയ പരിഗണന നൽകുന്നതിനാലാണ് കേരളത്തേയും മലയാളികളേയും താൻ വളരയേറെ ഇഷ്‌ടപ്പെടുന്നതെന്നു സാമന്ത പറയുന്നു. കേരളം കൈവരിച്ചിരിക്കുന്ന എല്ലാ അഭിവൃദ്ധികൾക്കും കാരണം വിദ്യാഭ്യാസമാണെന്നും അദ്ദേഹം ഉദാഹരണങ്ങൾ നിരത്തി സമർഥിക്കും. ഇപ്പോൾ 51ാം വയസിലും അവിവാഹിതനായി നിസ്വാർഥ സേവനം ചെയ്യുന്ന സാമന്തയെ അടുത്തറിയും തോറും അദ്ഭുതത്തോടെയേ വീക്ഷിക്കാനാവൂ.

1987ൽ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടി കോളജ് അധ്യാപകനായി ജോലിയിൽ ചേർന്ന സാമന്ത തന്റെ പൂർവകാലത്തോടു ചേർന്നു നിൽക്കാനാണ് ആഗ്രഹിച്ചത്. ഒഡീഷയുടെ വനാന്തരങ്ങളിലും വിദൂര ഗ്രാമങ്ങളിലും പട്ടിണി കിടക്കുന്ന ആദിവാസി കുരുന്നുകളിൽ തന്റെ കുട്ടിക്കാലം അദ്ദേഹം ദർശിച്ചു. അമ്മ മുണ്ടുമുറുക്കിയുടുത്ത് തങ്ങളെ തീറ്റിപ്പോറ്റുകയും പഠിപ്പിക്കുകയും ചെയ്തതുപോലെ തന്നാലാവുന്നത്ര കുട്ടികളെ വിദ്യാഭ്യാസം നൽകി രക്ഷിക്കുമെന്ന് സാമന്ത ദൃഢപ്രതിജ്‌ഞയെടുത്തു. അങ്ങനെ 5000 രൂപയുമായി 1992ൽ ഭുവനേശ്വർ നഗരത്തിൽ ചെറിയൊരു കെട്ടിടം വാടകയ്ക്കെടുത്ത് കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ട്രെയിനിംഗ് (കിറ്റ്) എന്ന സ്‌ഥാപനം തുടങ്ങി. ഏതാനും സുഹൃത്തുക്കളും സഹായഹസ്തം നീട്ടി. കിറ്റ് പിച്ചവച്ചു തുടങ്ങുമ്പോൾത്തന്നെ 1993ൽ തന്റെ സ്വപ്ന പദ്ധതിക്ക് അദ്ദേഹം തുടക്കം കുറിക്കുകയും ചെയ്തു. കിസിന്റെ പിറവി അങ്ങനെയായിരിന്നുവെന്ന് സാമന്ത വികാരാധീനനായി പറഞ്ഞു. ഇപ്പോൾ വരുമാനമുണ്ടാക്കുന്ന സ്‌ഥാപനമായി കിറ്റും അതു ലാഭേച്ഛയില്ലാതെ ചെലവഴിക്കുന്ന സംരംഭമായി കിസും വളർന്നു പന്തലിച്ചിരിക്കുന്നു.

അമ്മയുടെ സ്മരണ എക്കാലവും നിലനിൽക്കണമെന്ന ആഗ്രഹ സാക്ഷാത്കാരത്തിനാണ് സാമന്ത കലറബങ്കിനെ സ്മാർട്ട് വില്ലേജാക്കി രൂപാന്തരപ്പെടുത്തിയത്. കലറബങ്ക് ഉൾപ്പെടുന്ന മൻപുർ പഞ്ചായത്തിനെ മാതൃകാ പഞ്ചായത്താക്കി മാറ്റുകയും ചെയ്തു. കലറബങ്ക് ഇന്ന് സമ്പൂർണ വൈ–ഫൈ ഗ്രാമമാണ്. റസിഡൻഷ്യൽ ഹൈസ്കൂൾ, ബാങ്ക്, ലോക്കർ, എടിഎം, പോലീസ് ഔട്ട് പോസ്റ്റ്, പോസ്റ്റ് ഓഫീസ്, ആശുപത്രി, ലൈബ്രറി, പാർക്ക്, കുടിവെള്ള പദ്ധതി, കമ്മ്യൂണിറ്റി ഹാൾ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്.

കിറ്റ്

കാൽ നൂറ്റാണ്ടിലേക്കു കാലൂന്നിനിൽക്കുമ്പോൾ സ്വന്തമായുള്ള 400 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന വിദ്യാഭ്യാസ സാമ്രാജ്യമായി മാറിയിരിക്കുന്നു കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (കിറ്റ്) എന്ന ഡീംഡ് യൂണിവേഴ്സിറ്റി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 27,000 പേരാണ് കിറ്റിൽ പഠിക്കുന്നത്. ലോകനിലവാരത്തിലുള്ള 22 കാമ്പസുകൾക്കായി 130 ലക്ഷം ചതുരശ്ര അടി കെട്ടിടങ്ങളാണ് കിറ്റ് യൂണിവേഴ്സിറ്റിക്ക് സ്വന്തമായുള്ളത്. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ എ ഗ്രേഡും കിറ്റിനു സ്വന്തം.

കിറ്റിന്റെ മെഡിക്കൽ കോളജായ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് രണ്ടായിരം കിടക്കകളുള്ള ആശുപത്രിയുണ്ട്. കൂടാതെ ഡെന്റൽ കോളജ്, നഴ്സിംഗ് കോളജ് തുടങ്ങിയവയുമുണ്ട്. ഇന്റർനാഷണൽ സ്കൂൾ, എംബിഎ കോളജ്, ലോ കോളജ്, ബയോ ടെക്നോളജി സെന്റർ തുടങ്ങിയവയെല്ലാം ലോകപ്രശസ്തമാണ്. ആയിരക്കണക്കിനു പേർക്കു തൊഴിൽ നൽകുന്ന സംരംഭം എന്ന നിലയിലും കിറ്റ് പ്രശസ്തമാണ്.

നേട്ടങ്ങളുടെ നെറുകയിലും വിനയാന്വിതൻ

കിറ്റും കിസും എല്ലാം സ്‌ഥാപിച്ചതു താങ്കളാണോയെന്നു ചോദിച്ചാൽ ഡോ. അച്യുത സാമന്ത പറയും, ഞാൻ ഒരു ഉപകരണം മാത്രം. എല്ലാം ദൈവത്തിന്റെ ദാനം. ഇതു കേവലം മേനി പറച്ചിലല്ലെന്ന് അദ്ദേഹത്തിന്റെ വ്യക്‌തിജീവിതത്തിലേക്ക് കണ്ണോടിച്ചാൽ ഉറപ്പാകും. ലളിതജീവിതം മുഖമുദ്രയാക്കിയ നിസ്വാർഥ സാമൂഹിക പ്രവർത്തകനാണ് ഡോ. സാമന്ത. നാലുരൂപ വിലയുള്ള ബോൾപെൻ പോക്കറ്റിൽ കുത്തി കിസിലേയും കിറ്റിലേയും കുട്ടികളോടും അധ്യാപകരോടും ജീവനക്കാരോടും കുശലം പറഞ്ഞും സന്ദർശകരെ ഹൃദ്യമായി സ്വീകരിച്ചും സാമന്ത അവരിൽ ഒരാൾ മാത്രമായി ജീവിക്കുന്നു. കലയേയും സാഹിത്യത്തേയും കായികരംഗത്തേയും വിദ്യാഭ്യാസ മേഖലയേയും ആതുരസേവനത്തേയും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് ഈ വ്യക്‌തിത്വം.

അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്ന പുരസ്കാരങ്ങൾ നിരവധിയാണ്. ബഹറിൻ നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ ഇസ അവാർഡ്–2015, ചെക്ക് റിപ്പബ്ലിക്കിന്റെ സുപ്രധാന സിവിലിയൻ അവാർഡായ ഹാൾ ഓഫ് ഫെയിം, റിപ്പബ്ലിക് ഓഫ് മംഗോളിയയുടെ പരമോന്നത സിവിലിയൻ ബഹുമതി ബെസ്റ്റ് വർക്കർ–2015, ഏഷ്യയുടെ നൊബേൽ പ്രൈസ് എന്നറിയപ്പെടുന്ന ഗുസി പീസ് പ്രൈസ് ഇന്റർനാഷണൽ–2014 തുടങ്ങിയവ ഇക്കൂട്ടത്തിൽ ചിലതാണ്. വിവിധ സർവകലാശാലകളിൽനിന്നായി 31 ഡോക്ടറൽ ബിരുദങ്ങൾ, നാല് ദേശീയ–അന്തർ ദാശീയ ഫെലോഷിപ്പുകൾ എന്നിവയും സാമന്തയെ തേടിയെത്തിയിട്ടുണ്ട്.

2008–14 വരെ യുജിസി മെമ്പറായിരുന്ന അദ്ദേഹം എഐസിടിഇ, എൻസിടിഇ എന്നിവയിലും അംഗമായിട്ടുണ്ട്. കൂടാതെ ദുബായിലെ സിഐഎഫ്ഇജെ അടക്കം ആറ് ഇന്റർനാഷണൽ സംരംഭങ്ങളുടെ അംഗവുമായിട്ടുണ്ട്. 2017–18ൽ നടക്കുന്ന 105 ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ ജനറൽ പ്രസിന്റാണ് അദ്ദേഹം ഇപ്പോൾ. രണ്ടു ഗിന്നസ് റിക്കാർഡുകളും നാലു ലിംക റിക്കാർഡുകളും സ്വന്തമാക്കിയിട്ടുള്ള കിസ് ഐക്യരാഷ്ട്രസഭയുടെ സ്പെഷൽ കൺസൾട്ടേറ്റീവ് സ്റ്റാറ്റസും സ്വന്തമാക്കിയിട്ടുണ്ട്.

രാഷ്ട്രപതിമാരായ ഡോ. എ.പി.ജെ. അബ്ദുൾ കലാം, പ്രതിഭ ദേവിസിംഗ് പാട്ടീൽ, ഉപരാഷ്ട്രപതിമാരായ ഭൈറോൺ സിംഗ് ഷെഖാവത്, ഹമീദ് അൻസാരി, പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിംഗ്, നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, റിസർവ് ബാങ്ക് ഗവർണർമാർ, സുപ്രീംകോടതി ചീഫ് ജസ്റ്റീസുമാർ തുടങ്ങിയവരെല്ലാം കിസിൽ സന്ദർശനം നടത്തിയിട്ടുള്ളവരാണ്. കിസിന്റെ കൂടുതൽ കാമ്പസുകൾ സ്‌ഥാപിച്ച് ഒഡീഷയിലെ മുഴുവൻ ആദിവാസി കുട്ടികൾക്കും രാജ്യത്തിന്റെ ഇതരഭാഗങ്ങളിലുള്ള അർഹരായവർക്കും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും മികച്ച വിദ്യാഭ്യാസവും സൗജന്യമായി നൽകാനുള്ള ഡോ. സാമന്തയുടെ ആഗ്രഹം സഫലമാകട്ടെഎന്നു പ്രാർഥിക്കാതെ ഇവിടെവന്നുകാണുന്ന ആർക്കും തിരിച്ചുപോകാനാവില്ല.

സി.കെ. കുര്യാച്ചൻ