വിദൂരങ്ങളിലേക്ക്...
രാവിലെ 4.40ന് ഉണരുന്നു. അഞ്ചിനു പ്രാർഥിക്കുന്നു. 5.45ന് ദിവ്യബലിയിൽ പങ്കുകൊള്ളുന്നു. പിന്നീടു പ്രഭാത ഭക്ഷണവും ക്ലീനിംഗും. എട്ടു മുതൽ 12.30 വരെ പാവങ്ങൾക്കിടയിൽ ജോലി. 12.30ന് ഉച്ചഭക്ഷണം, വിശ്രമം. 2.30 മുതൽ മൂന്നുവരെ വായനയും ധ്യാനവും. പിന്നെ ചായ. 3.15 മുതൽ 4.30 വരെ ദിവ്യകാരുണ്യാരാധന. 7.30 വരെ പാവങ്ങൾക്കിടയിൽ. എട്ടിന് അത്താഴം. ഒൻപതിനു പ്രാർഥന. 9.45ന് ഉറക്കം. –ഇതാണു മിഷനറീസ് ഓഫ് ചാരിറ്റിയിലെ സന്ന്യാസിനികളുടെ ദിനചര്യ. സാധാരണഗതിയിൽ, ഒരു സന്ന്യാസിനീസഭ സ്‌ഥാപിതമായി പത്തുവർഷം കഴിയാതെ അതിനു പുതിയ ഭവനങ്ങൾ സ്‌ഥാപിക്കാൻ അനുമതി കിട്ടാറില്ല. എന്നാൽ, മിഷനറീസ് ഓഫ് ചാരിറ്റിക്ക് അത്രയും കാത്തിരിക്കേണ്ടി വന്നില്ല. വളരെയേറെ ദരിദ്രർ തികച്ചും ദയനീയമായ സ്‌ഥിതിയിൽ കഴിയുന്ന ബിഹാറിലെ റാഞ്ചിയിലാണു മദർ തെരേസ പുതിയൊരു ഭവനം തുറന്നത്. ബിഹാറിലെ ഗോത്രവർഗക്കാരായ കുറെ പെൺകുട്ടികൾ സഭയിൽ ചേർന്നതോടെ പ്രവർത്തനങ്ങൾ സുഗമമായി. അടുത്തതായി ഡൽഹിയിൽ ഒരു ഭവനം ആരംഭിച്ചു.

1960ൽ ഉത്തർപ്രദേശിലെ ഝാൻസിയിലും ആഗ്രയിലും തുറന്നു. അപ്പോഴേക്കും അമേരിക്കയിലും മറ്റും മദർ തെരേസ അറിയപ്പെട്ടു തുടങ്ങിയിരുന്നു. 1960ൽ അമേരിക്കയിലെ കത്തോലിക്കാ വനിതകളുടെ ദേശീയ സമിതി അതിന്റെ ദേശീയ കൺവൻഷനിലേക്കു മദർ തെരേസയെ ക്ഷണിച്ചു. ചൂതാട്ട കേന്ദ്രങ്ങൾക്കും നൈറ്റ് ക്ലബുകൾക്കും പ്രസിദ്ധമായ ലാസ് വേഗസിലായിരുന്നു കൺവൻഷൻ. ഇന്ത്യയിൽ എത്തിയശേഷം ഒരു വിദേശയാത്രയും നടത്തിയിട്ടില്ലാത്ത മദർ പക്ഷേ ഈ ക്ഷണം സ്വീകരിച്ചു. ലാസ് വേഗസ് പോലൊരു നഗരത്തിലേക്കു മദർ പോവുകയെന്നതു പലരെയും അദ്ഭുതപ്പെടുത്തി. സിസ്റ്റർ ആഗ്നസിനെ ഇന്ത്യയിലെ ചുമതലകൾ ഏൽപ്പിച്ചാണു മദർ പോയത്.

പൊതുസമ്മേളനങ്ങളിൽ പ്രസംഗിച്ചുള്ള പരിചയം മദറിന് ഉണ്ടായിരുന്നില്ല. ലാസ് വേഗസ് കൺവൻഷനിലെ മൂവായിരം സദസ്യരോടു പ്രസംഗിക്കാൻ മദർ പ്രസംഗം എഴുതിത്തയാറാക്കിക്കൊണ്ടു പോയതുമില്ല. തനിക്കറിയാവുന്ന ലളിതമായ ഇംഗ്ലീഷിൽ മദർ അവരോടു സംസാരിച്ചു. തന്റെ സഭയുടെ പ്രവർത്തനങ്ങൾക്ക് എന്തെങ്കിലും സഹായം താനവരോട് അപേക്ഷിക്കുന്നില്ലെന്നു മദർ പറഞ്ഞു. “ ‘‘എന്നാൽ, ദൈവത്തിനുവേണ്ടി സുന്ദരമായ എന്തെങ്കിലും ചെയ്യാനുള്ള ഒരവസരം നിങ്ങൾക്കു ഞാൻ തരുന്നു.’’” കൺവൻഷൻ ഹാളിൽ മദർ വച്ച സഞ്ചി പലവട്ടം സംഭാവനകൾകൊണ്ടു നിറഞ്ഞു. അവിടെനിന്നു മദർ പിയോറിയ, ഷിക്കാഗോ, വാഷിംഗ്ടൺ ഡി.സി., ന്യൂയോർക്ക് എന്നിവിടങ്ങളിലേക്കു പോയി. അവിടെയെല്ലാം ഹൃദ്യവും ഫലപൂർണവുമായ സ്വീകരണങ്ങളാണു മദറിനു ലഭിച്ചത്.

അന്ന് അമേരിക്കൻ പ്രസിഡന്റ് സ്‌ഥാനത്തേക്കു മത്സരിക്കുകയായിരുന്ന സെനറ്റർ ജോൺ എഫ്. കെന്നഡി മദറുമായി വാഷിംഗ്ടണിൽ കൂടിക്കാഴ്ചയ്ക്കു പരിപാടിയിട്ടിരുന്നെങ്കിലും ഇരുവരുടെയും തിരക്കുമൂലം അതുണ്ടായില്ല. ന്യൂയോർക്കിൽ മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് സ്‌ഥാപകയായ മദർ അന്ന ഡെങ്കലുമായും ലോക പ്രശസ്ത റേഡിയോ പ്രഭാഷകനും എഴുത്തുകാരനുമായ ബിഷപ് ഫുൾട്ടൻ ജെ. ഷീനുമായും കൂടിക്കാഴ്ച നടത്തി. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ മാർക്കോലിനോ കാൻഡോയെ സന്ദർശിച്ച് ഇന്ത്യയിലെ കുഷ്ഠരോഗികൾക്കു വൈദ്യസഹായത്തിന് അദ്ദേഹത്തിന്റെ പിന്തുണ നേടി. വളരെ ഫലപ്രദമായിത്തീർന്ന അമേരിക്കൻ യാത്ര കഴിഞ്ഞു മടങ്ങുംവഴി മദർ ലണ്ടനിലെത്തി അവിടത്തെ ഇന്ത്യൻ ഹൈക്കമ്മീഷണറും ജവഹർലാൽ നെഹ്റുവിന്റെ സഹോദരിയുമായ വിജയലക്ഷ്മി പണ്ഡിറ്റിനെ സന്ദർശിക്കുകയും ബിബിസി ടെലിവിഷന് അഭിമുഖം നൽകുകയും ചെയ്തു.

തുടർന്നു ജർമനിയിലേക്ക്. വളരെ മുമ്പേ മദറിന്റെ പ്രശസ്തി ജർമനിയിൽ എത്തിയിരുന്നു. അമേരിക്കൻ ജനസംഖ്യയിൽ 23 ശതമാനമാണു കത്തോലിക്കരെങ്കിൽ ജർമനിയിൽ 50 ശതമാനത്തിലേറെയാണല്ലോ. ജർമൻ പത്രങ്ങൾ കുറെക്കാലമായി മിഷനറീസ് ഓഫ് ചാരിറ്റിയെക്കുറിച്ചു ഫീച്ചറുകൾ പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. അവിടെ മിസറിയോർ എന്ന കത്തോലിക്കാ സംഘടന മദറിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മരണാസന്നർക്കുവേണ്ടി മദർ ഡൽഹിയിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന ഭവനത്തിന് ആവശ്യമായ സാമ്പത്തിക സഹായവും നൽകും. പക്ഷേ, പണം ചെലവാക്കുന്നതു സംബന്ധിച്ച വിശദമായ കണക്കു നൽകിക്കൊണ്ടിരിക്കണമെന്നു സംഘടനയുടെ ഭാരവാഹികൾ ആവശ്യപ്പെട്ടു. കണക്കു തരാൻ തനിക്കോ തന്റെ സിസ്റ്റർമാർക്കോ തീരെ സമയമില്ലെന്നും എന്നാൽ, മരണാസന്നർക്കുള്ള ഭവനത്തിനുവേണ്ടി അയയ്ക്കുന്ന ഓരോ ചില്ലിത്തുട്ടും അതിനുതന്നെ ഉപയോഗിക്കുമെന്നു താൻ ഉറപ്പുതരുന്നുവെന്നുമായിരുന്നു മദറിന്റെ മറുപടി. മറ്റൊരു പ്രസ്‌ഥാനത്തിനും മിസറിയോർ കൊടുത്തിട്ടില്ലാത്ത ആ ആനുകൂല്യം മിഷനറീസ് ഓഫ് ചാരിറ്റിക്കു ലഭിച്ചു.

ജർമനിയിൽനിന്നു സ്വിറ്റ്സർലൻഡിലേക്കും അവിടെനിന്നു റോമിലേക്കും മദർ പോയി. മിഷനറീസ് ഓഫ് ചാരിറ്റിയെ പൊന്തിഫിക്കൽ അവകാശമുള്ള സംഘടനയായി പ്രഖ്യാപിക്കണമെന്നു ജോൺ 23–ാം മാർപാപ്പയ്ക്കു മദർ അപേക്ഷ നൽകിയിരുന്നു. വിദേശങ്ങളിൽ പ്രവർത്തനം നടത്തുന്നതിന് ആ പദവി ആവശ്യമായിരുന്നു. അതിനുവേണ്ടി വിശ്വാസ തിരുസംഘത്തിന്റെ ഭാരവാഹികളുമായി മദർ ചർച്ച നടത്തി. എന്നാൽ, സന്ന്യാസസഭകൾ സ്‌ഥാപിച്ചു കാൽനൂറ്റാണ്ടെങ്കിലും കഴിയാതെ പൊന്തിഫിക്കൽ പദവി നൽകാറില്ല. ഇറ്റലിയിൽ മറ്റാരെയുംകാൾ ആകാംക്ഷയോടെ ഒരാൾ മദർ തെരേസയെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇറ്റലിയിലെ പാലർമോയിൽ ഒരു മരുന്നു നിർമാണകമ്പനിയുടെ റെപ്രസെന്റേറ്റീവായ അൻപത്തിമൂന്നുകാരൻ. അയാളുടെ ഭാര്യ മരിയ ഇറ്റലിക്കാരിയാണെങ്കിലും അയാൾ പണ്ട് അൽബേനിയക്കാരനായിരുന്നു. അൽബേനിയൻ സൈന്യത്തിൽ ലഫ്റ്റനന്റ് ആയിരുന്നു. പേരുപറഞ്ഞാൽ അൽബേനിയക്കാരും ഇറ്റലിക്കാരുമൊക്കെ അറിയും: ലാസർ ബൊയാജിയു.

മദർ തെരേസയുടെ സഹോദരൻ ഇറ്റലിയിൽ എത്തിയിട്ട് അപ്പോൾ ഇരുപതുവർഷം കഴിഞ്ഞിരുന്നു. ലാസർ എങ്ങനെ ഇറ്റലിക്കാരനായെന്നത് ഒരു കഥയാക്കാവുന്നതാണ്. രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കത്തിൽത്തന്നെ ഇറ്റലി അൽബേനിയ പിടിച്ചെടുത്തതിനെത്തുടർന്ന് അൽബേനിയൻ സൈനികരിൽ പലരും ഇറ്റാലിയൻ സൈന്യത്തിൽ ചേരുകയും സഖ്യകക്ഷികൾക്കെതിരേ യുദ്ധംചെയ്യുകയും ചെയ്തു. ലോകയുദ്ധത്തിനുശേഷം അൽബേനിയയിലെ സൈനിക കോടതി, ഇറ്റലിയിലുള്ള ലാസറിനു വധശിക്ഷ വിധിച്ചു. അതോടെ ലാസറിന് അൽബേനിയയിൽ മടങ്ങിയെത്താൻ വയ്യാതായി. യുദ്ധാനന്തരം പട്ടാളത്തിൽനിന്നു പിരിഞ്ഞ ലാസർ മെഡിക്കൽറെപ് ആയി ജോലിചെയ്ത്, ഇറ്റലിക്കാരിയെ വിവാഹംചെയ്ത് അവിടെത്തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. മദർ തെരേസ ഇറ്റലിയിൽ എത്തുമ്പോൾ ഈ ദമ്പതികൾക്ക് പത്തുവയസുള്ള ഒരു മകളുണ്ട്.
ലാസറിനെപ്പോലെ നല്ല അവസ്‌ഥയിലായിരുന്നില്ല അൽബേനിയയിൽ കഴിഞ്ഞിരുന്ന അമ്മ ഡ്രാനയും പെങ്ങൾ ആഗേയും. ആഗ്നസ് മഠത്തിൽ ചേരാൻ നാടുവിട്ടു നാലുവർഷത്തിനുശേഷം ഡ്രാന ജോലിക്കുവേണ്ടി സ്കോപ്യേ വിട്ടുപോയി. ടിരാനയിൽ ഒരു പരിഭാഷകയായാണ് ആദ്യം ജോലിചെയ്തത്. പിന്നീട് റേഡിയോ അനൗൺസറായി. രണ്ടുവർഷം സ്കോപ്യേയിൽ തനിയെ ജീവിച്ച ഡ്രാന, വയ്യാതായപ്പോൾ ആഗേയുടെ ജോലിസ്‌ഥലമായ ടിരാനയിൽ ചെന്നു താമസംതുടങ്ങി.

കമ്യൂണിസ്റ്റ് രാജ്യമായിക്കഴിഞ്ഞിരുന്ന അൽബേനിയയിലെ സാമ്പത്തികസ്‌ഥിതി വളരെ മോശമായിരുന്നു. യൂറോപ്പിലെ ദരിദ്രരാജ്യം എന്ന പേര് അൽബേനിയയ്ക്കു ചാർത്തപ്പെടുകയും ചെയ്തു. അയൽരാജ്യങ്ങളെ സംശയത്തോടെ നോക്കിയിരുന്ന കമ്യൂണിസ്റ്റ് അൽബേനിയ ആ രാജ്യങ്ങളുമായി അകൽച്ച പുലർത്തി. സോഷ്യലിസ്റ്റ് രാഷ്ട്രമായിരുന്ന യുഗോസ്ലാവ്യയോടുപോലും അടുപ്പംകാട്ടിയില്ല. വിദേശികൾ സന്ദർശനത്തിനായിപ്പോലും വരുന്നതിനെയും അൽബേനിയക്കാർ മറ്റു രാജ്യങ്ങളിലേക്കു യാത്രചെയ്യുന്നതിനെയും അധികൃതർ നിരുത്സാഹപ്പെടുത്തി.

മദർ തെരേസയും ആങ്ങളയും തമ്മിലുള്ള കൂടിക്കാഴ്ച സവിശേഷമായിരുന്നു. കണ്ണീരിനെ നിയന്ത്രിക്കാൻ മദർ തെരേസ എന്നേ പഠിച്ചുകഴിഞ്ഞിരുന്നു. ഏതു സന്ദർഭത്തിലും ഏതു പ്രതിസന്ധിയിലും പുലർത്താറുള്ള പ്രശാന്തതയായിരുന്നു മദറിന്റെ മുഖത്ത്. എന്നാൽ, ലാസർ വികാരാധീനനായി. മുപ്പത്തിരണ്ടു വർഷത്തിനുശേഷം കൊച്ചുപെങ്ങളെ കാണുകയാണ്. മഠത്തിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച ഗൊൺജയെ പിന്തിരിപ്പിക്കാൻ ശ്രമിച്ച താൻ. അൽബേനിയൻ സൈന്യത്തിലെ ലഫ്റ്റനന്റായിരുന്ന തന്റെ രാജാവിനെക്കാൾ വളരെ വലിയ രാജാവിനെ സേവിക്കാനാണു താൻ പോകുന്നതെന്നു പറഞ്ഞു തന്നെ പരാജയപ്പെടുത്തിയ കൊച്ചുപെങ്ങൾ. ഗൊൺജ പറഞ്ഞത് എത്രയോ ശരി! അൽബേനിയയിലെ രാജാവ് ഇന്നില്ല. അന്നത്തെ അൽബേനിയപോലും ഇന്നില്ല എന്നു പറയാം. താനിന്ന് ഒരു സൈന്യത്തിലെയും ഉദ്യോഗസ്‌ഥനുമല്ല. ഇന്ത്യയിലെ ഏതോ കന്യാമഠത്തിന്റെ കോണിൽ എന്നേക്കുമായി മറയുന്നുവെന്നു താൻ ഹൃദയവേദനയോടെ കരുതിയ പെങ്ങൾ ലോകം മുഴുവൻ അറിയപ്പെടുന്നവളായി, ലോകം ആദരിക്കുന്നവളായി, തന്റെ മുന്നിൽ നിൽക്കുന്നു.

പരസ്പരം ആശ്ലേഷിച്ചു നിന്ന ആ ആങ്ങളുടെയും പെങ്ങളുടെയും മനസിൽ ആ നിമിഷങ്ങളിൽ എത്ര ചിത്രങ്ങൾ പുസ്തകത്താളുകൾപോലെ മറിഞ്ഞിട്ടുണ്ടാവും! ഒരേ പാത്രത്തിൽനിന്നു പകരുന്ന പാൽപോലെ ഓർമകൾ. അമ്മയെയും ചേച്ചിയെയും കാണാനുള്ള ആഗ്രഹം ഇരുവരിലും കരിന്തിരി കത്തുകയായിരുന്നു. അൽബേനിയയിലെ കമ്യൂണിസ്റ്റ് ഭരണകൂടം അവിടെ മദർ തെരേസയെ പ്രവേശിപ്പിക്കില്ല. മദറിന്റെ സഹോദരനായ ലാസറിനും പ്രവേശനമില്ല. പഴയ സൈനിക കോടതിയുടെ വിധി റദ്ദാക്കിയിട്ടില്ലാത്തതിനാൽ ലാസർ അവിടെ മടങ്ങിച്ചെല്ലുന്നത് അപകടകരമാകുകയും ചെയ്യും. അതിനാൽ അൽബേനിയൻ സന്ദർശനം, വൃദ്ധയായ അമ്മയുമായും കൂടപ്പിറപ്പുമായുള്ള കൂടിക്കാഴ്ച, അസാധ്യമായ ആഗ്രഹമായി ഇരുവരുടെയും മനസിൽ മങ്ങി.
സ്കോപ്യേയിൽനിന്നു ടിരാനയിലേക്കു പറിച്ചുനടപ്പെട്ട അമ്മയുടെയും ആഗെയുടെയും ജീവിതം ഏകാന്തതയിലും ദാരിദ്ര്യത്തിലുമാണെന്നു ഖേദിച്ച ലാസറിനെ പെങ്ങൾ ആശ്വസിപ്പിച്ചു: “‘‘അവരെയോർത്തു വിഷമിക്കേണ്ട. ദൈവപരിപാലനയിൽ വിശ്വസിക്കുക. ദൈവപരിപാലനയിൽ ഉറച്ചു വിശ്വസിക്കാമെന്നതിന്റെ തെളിവാണു ഞാൻ’’.
(തുടരും)
ജോൺ ആന്റണി