പൊളിച്ചുനീക്കേണ്ട മതിലുകൾ
അജിത് ഡിഗ്രിക്കാരനാണ്. ഒന്നുരണ്ടു വർഷം ഒരു ബിസിനസ് സ്‌ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അയാൾ ഇപ്പോൾ ഒരു മുഴുസമയ കർഷകനാണ്. പരമ്പരാഗത കർഷക കുടുംബമാണ് അജിത്തിന്റേത്. അപ്പൻ ജോർജുകുട്ടി മരിച്ചത് അഞ്ചു വർഷം മുമ്പാണ്. അജിത് മക്കളിൽ അഞ്ചാമനാണ്. അവർ മക്കൾ ആറു പേരാണ്. അജിത്തിന്റെ ഭാര്യ ആലീസ് ആയാംകുടിക്കാരിയാണ്. അജിത്തിന്റെയും ആലീസിന്റെയും മൂത്ത കുട്ടി മൂന്നാം ക്ലാസിലും ഇളയ കുട്ടി ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. അജിത്തും കുടുംബവും വീടുവെച്ച് താമസിക്കുന്നത് തറവാട്ടുവീടിനോട് ചേർന്നുള്ള സ്‌ഥലത്താണ്. അവിടെ അയാൾക്ക് കുടുംബവിഹിതമായി കിട്ടിയ പതിനഞ്ചു സെന്റ് സ്‌ഥലമുണ്ട്. ഈ സ്‌ഥലം കൂടാതെ കൃഷിയോഗ്യമായ രണ്ടേക്കർ ഭൂമികൂടി അജിത്തിനുണ്ട്.

അപ്പൻ ജോർജുകുട്ടി ജീവിച്ചിരുന്ന കാലത്ത് അജിത്തിന്റെ ശ്രമഫലമായിക്കൂടി വാങ്ങിയ സ്‌ഥലമാണിത്. തറവാട്ടുവീടും വീടിരിക്കുന്ന മുപ്പത്തിരണ്ട് സെന്റ് സ്‌ഥലവും അജിത്തിന്റെ ഏറ്റവും ഇളയ സഹോദരൻ കുഞ്ഞെന്ന് വിളിക്കുന്ന ജോണിക്ക് ലഭിച്ച കുടുംബസ്വത്താണ്. ജോണിയും ഭാര്യ ഷീലയും അവരുടെ ഏക സന്താനമായ അരുണും കുവൈറ്റിലാണ്. ജോണി ഷെഫും ഷീല നഴ്സുമാണ്. ജോണിയുടെ വീടിന്റെയും സ്‌ഥലത്തിന്റെയും മേൽനോട്ടം നടത്തുന്നത് അയാളുടെ മൂത്ത സഹോദരി ശോശാമ്മയുടെ ഭർത്താവ് കുര്യാച്ചനാണ്. അജിത് അക്കാര്യത്തിൽ താൽപര്യം പ്രകടിപ്പിക്കാഞ്ഞതിനാലാണ് പത്ത് കിലോമീറ്റർ അകലെ താമസിക്കുന്ന സഹോദരീ ഭർത്താവിനെ ജോണി ആ ഉത്തരവാദിത്വം ഏൽപ്പിച്ചത്. ആ സ്‌ഥലത്ത് കൃഷി ചെയ്യുന്നതും വീടിനോട് ബന്ധപ്പെട്ട അറ്റകുറ്റപ്പണികളൊക്കെ ചെയ്യുന്നതും കുര്യാച്ചന്റെ ഉത്തരവാദിത്വത്തിലാണ്. ജോണിയും കുടുംബവും ഒരു മാസമായി നാട്ടിലുണ്ട്.

ഒരാഴ്ചയ്ക്കുശേഷം അവർ കുവൈറ്റിലേക്ക് തിരിച്ചുപോകും. തൊട്ടടുത്ത് താമസിക്കുന്ന അജിത് ജോണിയും കുടുംബാംഗങ്ങളും അവധിക്ക് നാട്ടിൽ എത്തിയശേഷം ഒരു തവണ മാത്രമാണ് അവരെ കാണാൻ പോയത്. തനിക്കാരോടും പിണക്കവും പരിഭവങ്ങളും ഇല്ലെന്ന് പറയുന്ന അയാൾ അധ്വാനിക്കുന്ന കാര്യത്തിൽ മുന്നിലാണെങ്കിലും കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള ആളുകളോട് സൗഹൃദം പാലിക്കുന്നതിൽ വളരെ പിന്നിലാണ്. ഇക്കാര്യത്തെച്ചൊല്ലി ആലീസും അജിത്തും തമ്മിൽ ഇടയ്ക്കൊക്കെ വഴക്കുണ്ടാകാറുമുണ്ട്. അയൽപക്ക സൗഹൃദത്തെ സംബന്ധിച്ച് മാത്രമല്ല, ബന്ധുകുടുംബങ്ങളിൽ മരണം ഉൾപ്പടെയുള്ള അപ്രതീക്ഷിത സന്ദർഭങ്ങൾ ഉണ്ടാകുമ്പോഴും അജിത് വെറുതേക്കാരനായി നിൽക്കാറാണ് പതിവ്. അത്തരം അവസരങ്ങളിൽ ഉത്തരവാദിത്വങ്ങൾ ഏൽക്കാതെ തെന്നിമാറുന്ന സ്വഭാവമാണ് അയാളുടേത്. ഈയിടയ്ക്ക് ആലീസിന്റെ അമ്മായി മരണമടഞ്ഞപ്പോൾ ആ ചടങ്ങിൽ പങ്കെടുക്കാതെ മുട്ടാത്തർക്കം പറഞ്ഞ് അജിത് ഒഴിഞ്ഞുമാറിയത് എന്തുകൊണ്ടാണെന്ന് ആലീസിന് മനസിലാകുന്നില്ല.

ഏതായാലും ഈയൊരു കാര്യത്തെ സംബന്ധിച്ച് പിന്നീട് ആലീസും അജിത്തും തമ്മിൽ അത്ര ചെറുതല്ലാത്തൊരു വഴക്കുമുണ്ടായി. മനുഷ്യപ്പറ്റില്ലാത്ത തന്റെ ഭർത്താവിന്റെ കൂടെ ജീവിച്ചു താൻ മടുത്തു എന്നും തന്നെപ്പോലെ ദുരിതം അനുഭവിക്കുന്ന ഭാര്യമാർ ഈ ഭൂമിയിൽ വേറെ ഉണ്ടാകുകയില്ലെന്നുമാണ് ആലീസ് പറയുന്നത്. തനിക്കും മക്കൾക്കുമൊപ്പം ഒരു സ്‌ഥലത്തേക്കും അജിത് യാത്ര ചെയ്യാറില്ലെന്നും തങ്ങളോട് ഒന്ന് തുറന്നു സംസാരിക്കാൻപോലും തന്റെ ഭർത്താവിനു മടിയാണെന്നുമുള്ള ആക്ഷേപമാണ് അജിത്തിനെക്കുറിച്ച് ആലീസിനുള്ളത്. അജിത്തിനെക്കുറിച്ചുള്ള അയാളുടെ ഭാര്യയുടെയും ബന്ധപ്പെട്ട മറ്റാളുകളുടെയും മേൽപ്പറഞ്ഞ ആക്ഷേപങ്ങൾ അയാളുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ തനിക്കിങ്ങനെയൊക്കെ പെരുമാറാനേ അറിയൂ എന്നും തന്നെ നന്നാക്കാൻ ആരും ശ്രമിക്കേണ്ട എന്നുമാണ് അയാൾ പറയുന്നത്.

കുടുംബം പ്രഥമ സമൂഹമായതിനാലും, മക്കളെ സാമൂഹ്യ ജീവിതത്തിന്റെ പാഠങ്ങൾ പരിശീലിപ്പിക്കേണ്ട ഗുരുകുലമായതിനാലും അപ്പനമ്മമാർ അക്കാര്യത്തിൽ അവർക്ക് മാതൃക നൽകാൻ കടപ്പെട്ടവരായതിനാലും അവർ ബോധപൂർവം സ്വന്തം ഭവനം വിട്ട് പുറത്തേക്കുകൂടി വന്നേ മതിയാകൂ. ഭാര്യാഭർതൃബന്ധത്തിൽ അന്യോന്യം അഭിമാനം തോന്നാൻ മുഖ്യമാണ് ഇരുവരുടെയും പ്രതീക്ഷപോലെ ഇരുവരും ന്യായമായ വിധത്തിൽ സാമൂഹ്യ ജീവിതത്തിൽ ഉൾച്ചേരുക എന്നത്. കുടുംബജീവിതം നയിക്കുന്നവർ തങ്ങളുടെ മനസുകൾക്ക് വീടിന് ചുറ്റും മതിലുകെട്ടും പോലെ അതിർവരമ്പുകൾ നിർമിക്കുന്നത് ആരോഗ്യകരമല്ല. പരസ്പര സന്ദർശനങ്ങളും അത്യാവശ്യ സന്ദർഭങ്ങളിൽ അന്യർക്ക് പിന്തുണ നൽകിക്കൊണ്ടുള്ള ഇടപെടലുകളും അയൽപക്ക ബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും അവശ്യാവശ്യംതന്നെയാണ്. ജോലി, തൊഴിൽ എന്നിവയെ സംബന്ധിച്ചൊക്കെ സംതൃപ്തിയുണ്ടാകുക എന്നതുപോലെതന്നെ പ്രധാനപ്പെട്ടതല്ലേ ജീവിതത്തെ സംബന്ധിച്ചുണ്ടാവേണ്ട സംതൃപ്തിയും. അതിന് മുഖ്യമാണ് സാമൂഹ്യബന്ധങ്ങളും കരുതലോടെയുള്ള കുടുംബബന്ധങ്ങളും. ഇറങ്ങിച്ചെല്ലാനും ഇഴയടുപ്പം കാട്ടാനും സഹോദരങ്ങൾക്കാവണം.

പ്രകടമാക്കാത്ത സഹോദരബന്ധം കലങ്ങിമറിഞ്ഞ ജലംപോലെയാണ്. ബന്ധം തെളിമയും ഉറപ്പും ഉള്ളതാകാൻ അവസരോചിതമായ ഇടപഴകലുകൾ അന്യോന്യം കൂടിയേ തീരൂ. ഫലവൃക്ഷത്തൈകളുടെ ചുവട് കിളച്ച് അവയെ കൂടുതൽ ഫലം ഉളവാക്കാൻ ഒരുക്കുംപോലെ മാതാപിതാക്കളും മക്കളുമായുളള തുറവിയോടെയും പരസ്പര സ്നേഹത്തോടെയുമുള്ള ഇടപഴകലുകൾ കുടുംബജീവിത സാക്ഷാത്കാരത്തിനും സന്തോഷത്തിനും തികച്ചും അത്യന്താപേക്ഷിതം തന്നെയാണ്.

സിറിയക് കോട്ടയിൽ