കാവുണരാൻ കാലമായി
തെയ്യം ഒരു അനുഷ്ഠാന നർത്തന കലയാണ്. ദൈവം എന്ന പദത്തിന്റെ ഗ്രാമരൂപമത്രെ തെയ്യം എന്നത്. തുലാം പത്തുമുതൽ ഇടവപ്പാതി വരെയാണ് പൊതുവെ തെയ്യാട്ടക്കാലം. ദേവതാരൂപങ്ങളെ കോലമായി കെട്ടിയാടിച്ച് ആരാധിക്കുകയാണ് തെയ്യാട്ടത്തിലൂടെ ചെയ്യുന്നത്. തെയ്യം കെട്ടിയാടുന്ന ഇടങ്ങളെ കാവുകൾ എന്നാണ് പറയുന്നത്. ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ നിർമാണ രീതിയാണ് കാവുകളുടേത്. കാവിനുള്ളിലെ പള്ളിയറയിൽ സദാകത്തുന്ന ദീപവും അതിനരികിൽ പള്ളിപീഠവും പീഠത്തിൽ വിരിച്ചിട്ടുള്ള കോലാര്യൻ പട്ടിൻമേൽ ഓരോ ദൈവത്തിന്റെയും സങ്കൽപ്പത്തിലുള്ള തിരുവായുധങ്ങളും വച്ചിട്ടുണ്ടാകും. അറ, മുണ്ട്യ, കഴകം, കോട്ടം, കളരി, കൂലകം, മതിലകം, ഇടം, മാടം, ഗോപുരം, വാതിൽമാടം തുടങ്ങിയ പല പേരുകൾ തെയ്യാട്ടക്കാവുകൾക്കുണ്ട്.

പുതിയ കാലത്ത് 400ൽ അധികം തെയ്യങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. പണ്ടുകാലത്ത് തോറ്റം പാട്ടുസൂചന പ്രകാരം ഒന്നൂറെ നാൽപ്പത് ആണ് തെയ്യങ്ങളുടെ എണ്ണം. അതായത് ഒന്നു കുറവ് നാൽപ്പത് എന്നർഥം –39 തെയ്യങ്ങൾ. എന്നാൽ കാലം മുന്നോട്ടു കുതിക്കവെ പുതിയ തെയ്യങ്ങളെ കെട്ടിയാടിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. ഭഗവതി, കാളി, ചാമുണ്ഡി, ശിവ–വൈഷ്ണവാദി മൂർത്തികളുടെ അംശഭൂതങ്ങളായ ദേവതകൾ, ഭൂതങ്ങൾ, മൃഗദേവതകൾ, നാഗദേവതകൾ, പുരേണേതിഹാസ കഥാപാത്രങ്ങളായ ദേവതകൾ, യക്ഷഗന്ധർവാദികൾ, പരേതർ, പൂർവികർ, മൺമറഞ്ഞ വീരപരാക്രമികൾ തുടങ്ങി നിരവധി സങ്കൽപ്പങ്ങളിലുള്ള തെയ്യങ്ങൾ കെട്ടിയാടാറുണ്ട്. ഓരോ തെയ്യത്തിനും വേഷവിധാനവും മുഖത്തെഴുത്തും നർത്തന രീതകളും വാദ്യമേളങ്ങളും ഒന്നിനോടൊന്ന് വ്യത്യസ്തമാണ്. ഓരോ തെയ്യത്തിനും തോറ്റം പാട്ടുകളായി അവയുടെ പുരാവൃത്തവുമുണ്ട്. കോലക്കാരൻ അനുഷ്ഠാനങ്ങൾ പഠിക്കുന്നതോടൊപ്പം പുരാവൃത്തങ്ങളും ഹൃദിസ്‌ഥമാക്കേണ്ടതുണ്ട്. ഇങ്ങനെ തെയ്യം കെട്ടിയാടുന്ന കോലക്കാരൻ ഭക്‌തർക്ക് ദൈവമാണ്. അതുകൊണ്ട് തന്നെ മറ്റ് അനുഷ്ഠാന കലാരൂപങ്ങളിൽ നിന്നു വ്യത്യസ്തമായി തെയ്യത്തെ കുറിച്ച് പറയുമ്പോഴുള്ള പ്രധാന സവിശേഷതയാണ് ദൈവം തെയ്യക്കോലമണിഞ്ഞ് ഭക്‌തർക്കുമുന്നിൽ പ്രത്യക്ഷപ്പെടുക എന്നത്.

തെയ്യങ്ങൾ പൊതുവെ സംസാരിക്കുന്ന ദൈവങ്ങളായാണ് അറിയപ്പെടുന്നത്. ഭക്‌തർ തങ്ങളുടെ വേദനകളും വിഷമതകളും തെയ്യത്തിനോട് നേരിട്ട് പറയുന്നു. എല്ലാം കേട്ടുകഴിയുന്ന തെയ്യം കുറി കൊടുത്ത് ഉരിയാട്ടു കേൾപ്പിക്കും. തെയ്യങ്ങൾ സംസാരിക്കുന്നതിനെ ഉരിയാട്ടു കേൾപ്പിക്കൽ എന്നാണ് പറയുക. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഭക്‌തർക്ക് തെയ്യത്തിൽ നിന്നും പരിഹാരനിർദേശങ്ങൾ ലഭിക്കും. മലയൻ, വണ്ണാൻ, മുന്നൂറ്റാൻ, അഞ്ഞൂറ്റാൻ, മാവിലൻ, കോപ്പാളൻ, വേലൻ, ചിങ്കത്താൻ, കളനാടി, പരവൻ തുടങ്ങിയ ജാതിസമൂഹങ്ങളാണ് തെയ്യം കെട്ടിയാടുന്നത്. പണ്ടുകാലത്ത് അയിത്താചാരത്തിന്റെ പേരിൽ അകറ്റിനിർത്തപ്പെട്ട ഇത്തരക്കാർ തെയ്യം കെട്ടിയാടുമ്പോൾ ഉന്നതജാതിക്കാർ ഭക്‌തിപൂർവം തൊഴുതു നിൽക്കാറുണ്ടായിരുന്നു എന്നത് തെയ്യങ്ങളുടെ നവോത്ഥാന കാഴ്ചപ്പാട് കൂടിയാണ്.

കാവുകളിൽ തെയ്യങ്ങൾ കെട്ടിയാടുന്നതിന് നിശ്ചിത തീയതികളുണ്ട്. എല്ലാ വർഷവും അതേ തീയതി കണക്കിൽ അവിടെ തെയ്യം കെട്ടിയാടുന്ന കളിയാട്ടവുമുണ്ടാകും. എന്നാൽ, ചില കാവുകളിൽ രണ്ടു വർഷം കൂടുമ്പോഴോ മൂന്നു വർഷം കൂടുമ്പോഴോ തെയ്യം കെട്ടിയാടിക്കും. പത്തോ പന്ത്രണ്ടോ വർഷത്തെ ഇടവേളയിൽ തെയ്യം കെട്ടിയാടുന്നതിനെ പെരുങ്കളിയാട്ടം എന്നുപറയുന്നു. പെരുങ്കളിയാട്ടം കേവലം കാവുകളിലൊതുങ്ങുന്ന തെയ്യാട്ടമല്ല. അത് ആ ദേശത്തിന്റെ തന്നെ ആഘോഷമാണ്. ജാതി–മത ഭേദമെന്യേ എല്ലാവരും പെരുങ്കളിയാട്ടത്തിൽ അണിചേരും.

നിശ്ചിത കാലയളവ് മാത്രമല്ല തെയ്യംകെട്ടിനാധാരം. ചില വീടുകളിൽ പ്രാർഥന നടത്തിയും തെയ്യം കെട്ടിയാടിക്കും. ചില തെയ്യങ്ങളെ പ്രത്യേക കാലങ്ങളിൽ കെട്ടിയാടിക്കും. പണ്ടുകാലത്ത് വസൂരി തുടങ്ങിയ സാംക്രമിക രോഗങ്ങളുണ്ടായാൽ പുതിയഭഗവതി, വസൂരിമാല, ഘണ്ഠാകർണൻ തുടങ്ങിയ തെയ്യങ്ങളെ കെട്ടിയാടിക്കാറുണ്ട്. സന്താനലാഭത്തിനായ് മാക്കഭഗവതിയെ കെട്ടിയാടിക്കുന്നതും പതിവാണ്. ഗർഭിണിയുടെ സുഖപ്രസവത്തിന് കഴിവുള്ള ദേവതയാണ് ഉച്ചിട്ട എന്ന വിശ്വാസവുമുണ്ട്. ഉദ്ദിഷ്‌ടകാര്യത്തിനും ജീവിത വിജയത്തിനും മുത്തപ്പൻ, പൊട്ടൻതെയ്യം, കതിവനൂർ വീരൻ തുടങ്ങിയ തെയ്യങ്ങളെ കെട്ടിയാടിക്കാറുണ്ട്.

ഇങ്ങനെ ഏറെ വൈവിധ്യമുള്ള ഒട്ടനവധി വിശേഷണങ്ങളുള്ള അനുഷ്ഠാന കലയാണ് തെയ്യം. തെയ്യത്തിന്റെ മുഖത്തെഴുത്തിനെ അധികരിച്ച് മാത്രം നിരവധി പുസ്തകങ്ങൾ ഇന്ന് വിപണിയിലുണ്ട്. ഒരാൾ കോലക്കാരനാകുന്നത് പാരമ്പര്യമായി കൈമാറി കിട്ടിയ നർത്തന പ്രാവീണ്യത്തെ മുൻനിർത്തിയാണ്. കോലക്കാരൻ കുട്ടിക്കാലം മുതൽ കണ്ടും കേട്ടുമാണ് തെയ്യം കെട്ടാൻ പഠിക്കുന്നത്. ഔപചാരിക പഠനങ്ങളില്ലാത്തതിനാൽ അനുഭവമാണ് തെയ്യക്കാരന്റെ യഥാർഥ ഗുരു.

ഷിജു ചെറുതാഴം
ഫോട്ടോ : ജയദീപ് ചന്ദ്രൻ