പരാതികൾക്കും പരിധിയുണ്ട്
വളരെ നാളുകളായി അയൽക്കാരായിരുന്നു റോസിയും ലെസ്ലിയും. നഗരവാസികളായിരുന്നതുകൊണ്ട് അവർ തമ്മിൽ അത്രവലിയ പരിചയമോ പരസ്പരബന്ധമോ ഉണ്ടായിരുന്നില്ല. മധ്യവയസ്കയായ റോസി തനിയെ ആയിരുന്നു താമസിച്ചിരുന്നത്. വിവാഹിതയായ ലെസ്ലിയാകട്ടെ ഭർത്താവിനോടും മക്കളോടുമൊപ്പമായിരുന്നു താമസം.

ഒരുദിവസം റോസിയെ സന്ദർശിക്കാൻ ലെസ്ലി എത്തി. തനിയെ കഴിയുന്ന റോസിയോടുള്ള അനുകമ്പയായിരുന്നു ആ സന്ദർശനത്തിന്റെ കാരണം. റോസിയെ സന്ദർശിക്കാൻ എത്തിയപ്പോൾ കുറേ മധുരപലഹാരവും ലെസ്ലി കൂടെ കൊണ്ടുപോയിരുന്നു. ലെസ്ലിതന്നെ ബേക്ക് ചെയ്ത ആ മധുരപലഹാരം റോസിക്ക് വളരെ ഇഷ്ടപ്പെട്ടു.
റോസി ലെസ്ലിയോടു പറഞ്ഞു, ‘ലെസ്ലി, തനിയെ താമസിക്കുന്ന എന്നെ സന്ദർശിക്കാൻ വന്നതിനു പ്രത്യേകം നന്ദി. നീ ഉണ്ടാക്കിയ മധുരപലഹാരം അതിവിശേഷമായിരിക്കുന്നു. മോളെ ദൈവം അനുഗ്രഹിക്കട്ടെ.‘

ഒരു നല്ലകാര്യം ചെയ്ത സന്തോഷത്തോടെയായിരുന്നു ലെസ്ലി അന്ന് വീട്ടിലേക്കു മടങ്ങിയത്. താൻ ഉണ്ടാക്കിയ മധുരപലഹാരം റോസിക്ക് ഇഷ്ടപ്പെട്ടു എന്ന് ഓർത്തപ്പോൾ ലെസ്ലിക്ക് അഭിമാനം തോന്നി. അടുത്തയാഴ്ച ലെസ്ലി വീണ്ടും കുറേ മധുരപലഹാരവുമായി റോസിയെ സന്ദർശിക്കാൻ എത്തി. ലെസ്ലി വീണ്ടും മധുരപലഹാരവുമായി ഉടനെ എത്തുമെന്നു റോസി പ്രതീക്ഷിച്ചിരുന്നില്ല. തന്മൂലം, റോസി വീണ്ടും വീണ്ടും ലെസ്ലിക്ക് നന്ദി പറഞ്ഞു. അതോടൊപ്പം ലെസ്ലിക്ക് ദൈവാനുഗ്രഹവും റോസി ആശംസിച്ചു.

അയൽക്കാരിക്ക് ഒരു സഹായം എന്ന രീതിയിൽ അടുത്തയാഴ്ചയിലും ലെസ്ലി പലഹാരവുമായി പോയി. പക്ഷേ ഇത്തവണ ലെസ്ലിയുടെ സന്ദർശനം റോസി പ്രതീക്ഷിച്ചിരുന്നതുപോലെ തോന്നി. തന്മൂലമാകാം റോസിയുടെ നന്ദിപ്രകടനം വളരെ ഹ്രസ്വമായിരുന്നു. നന്ദി എന്ന വാക്കിൽ അത് ഒതുങ്ങി. അടുത്തയാഴ്ചയിലും മധുരപലഹാരവുമായി ലെസ്ലി റോസിയുടെ ഭവനത്തിലെത്തി.
അപ്പോൾ റോസി പറഞ്ഞു, ‘ഒരുദിവസം വൈകിയാണു കേട്ടോ നീ ഇത്തവണ വന്നത്. റോസി സൂചിപ്പിച്ചതുപോലെ ഒരുദിവസം വൈകിയായിരുന്നു ഇത്തവണ ലെസ്ലി മധുരപലഹാരവുമായി പോയത്. എങ്കിലും അതേക്കുറിച്ച് റോസി പരാതി പറഞ്ഞതു വെറും തമാശയാകാം എന്നു ലെസ്ലി കരുതി.

അടുത്തയാഴ്ചയിലും മധുരപലഹാരവുമായി ലെസ്ലി റോസിയെ സന്ദർശിച്ചു. അപ്പോൾ നന്ദിപോലും പ്രകടിപ്പിക്കാതെ റോസി പറഞ്ഞു, ‘ലെസ്ലി ഉണ്ടാക്കുന്ന പലഹാരം നല്ലതുതന്നെ. എങ്കിലും അൽപംകൂടി മധുരംചേർത്താൽ അത് ഏറെ മെച്ചപ്പെടും. ഇനി ഉണ്ടാക്കുമ്പോൾ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.‘

റോസിയുടെ പ്രതികരണം ലെസ്ലിയെ അദ്ഭുതപ്പെടുത്തി. റോസി നന്ദിപോലും പറഞ്ഞില്ലല്ലോ എന്ന് ഓർത്തപ്പോൾ ലെസ്ലിയുടെ ഹൃദയം നൊമ്പരപ്പെടുന്നതുപോലെ തോന്നി. പിറ്റേ ആഴ്ചയിൽ ലെസ്ലിക്ക് വലിയ തിരക്കായിരുന്നു. തന്മൂലം മധുരപലഹാരം ഉണ്ടാക്കുന്ന കാര്യം ലെസ്ലി ഓർമിച്ചതുപോലുമില്ല.

അടുത്തദിവസം ലെസ്ലി വഴിയിലൂടെ നടന്നുപോകുമ്പോൾ റോസി ജനാല തുറന്നു വിളിച്ചു ചോദിച്ചു, ‘എവിടെ എനിക്കുള്ള മധുരപലഹാരം?‘
ഈ കഥ കേൾക്കുമ്പോൾ ഇതുപോലുള്ള മനുഷ്യരുണ്ടോ എന്നു നാം ചോദിച്ചേക്കാം. സംശയിക്കേണ്ട. ഇതൊരു സംഭവകഥയല്ല. പ്രത്യുത ആരുടെയോ ഭാവന മെനഞ്ഞെടുത്ത ഒരു ഹാസ്യകഥയാണിത്. എന്നാൽ ഈ ഹാസ്യകഥയിൽ ഒട്ടേറെ യാഥാർഥ്യം അടങ്ങിയിട്ടുണ്ട് എന്നതു നാം വിസ്മരിക്കേണ്ട.

റോസിക്ക് ആദ്യം മധുരപലഹാരം ലഭിച്ചപ്പോൾ എന്തു സന്തോഷമായിരുന്നു. എത്രയോ തവണയാണ് അപ്പോൾ ലെസ്ലിക്ക് നന്ദി പറഞ്ഞത്. അടുത്തതവണ മധുരപലഹാരം ലഭിച്ചപ്പോഴും റോസിക്ക് സന്തോഷമായിരുന്നു. നന്ദിപറയുന്ന കാര്യത്തിലും അപ്പോൾ റോസി പിന്നിൽപ്പോയില്ല.
എന്നാൽ പിന്നീടങ്ങോട്ട് റോസിയിൽ വ്യത്യാസം ഉണ്ടാകുന്നതായിട്ടല്ലേ നാം കാണുന്നത്? നന്ദിപ്രകടനത്തിന്റെ കാര്യത്തിൽ പിന്നിലായി. അതേത്തുടർന്നു മധുരപലഹാരത്തിന്റെ മേന്മയെക്കുറിച്ചു പരാതിയായി. പിന്നീട്, മധുരപലഹാരം ആഴ്ചതോറും ലഭിക്കുക എന്നത് റോസിയുടെ അവകാശമായി മാറി!

ഒരുപക്ഷേ നാമാരും റോസിയെപ്പോലെയായിരിക്കില്ല. എങ്കിലും പരാതി പറയാൻ അവകാശമില്ലാത്തപ്പോഴും പരാതി പറയുന്ന സ്വഭാവമല്ലേ നമ്മുടേത്? ഓരോ ദിവസവും എന്തെല്ലാം കാര്യങ്ങളെക്കുറിച്ചാണ് നാം പരാതി പറയാറുള്ളത്. കാലാവസ്‌ഥ മോശം, ഭക്ഷണം ശരിയായിട്ടില്ല, എടുത്താൽ തീരാത്തത്ര ജോലി,വിശ്രമിക്കാൻ നേരമില്ല, എപ്പോഴും ഓരോരോ അസുഖങ്ങൾ എന്ന്, അങ്ങനെ എന്തെല്ലാം കാര്യങ്ങളെക്കുറിച്ചാണ് നമുക്ക് നിരന്തരം പരാതിയുള്ളത്?
നാം ആരോട് എപ്പോൾ സംസാരിച്ചാലും എന്തെങ്കിലും തരത്തിലുള്ള പരാതി നമ്മുടെ സംഭാഷണത്തിൽ നാം അറിയാതെയാണെങ്കിലും കടന്നുവരാറില്ലേ? നമ്മുടെ പരാതി പലപ്പോഴും വ്യക്‌തിപരമായ കാര്യങ്ങളെക്കുറിച്ചായിരിക്കാം. അല്ലെങ്കിൽ ലോകത്തിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചായിരിക്കാം. എന്നാൽ എപ്പോഴും പരാതി പറയാൻ നമുക്ക് അർഹതയുണ്ടോ എന്ന് നാം ഇടയ്ക്കിടെ ആലോചിക്കുന്നത് നല്ലതാണ്.

ശരിയാണ്, നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഒട്ടേറെ ബുദ്ധിമുട്ടുകളും അസ്വസ്‌ഥതകളുമുണ്ട്. എന്നാൽ അതോടൊപ്പം എത്രമാത്രം നന്മകളാണ് നാം നമ്മുടെ ജീവിതത്തിൽ അനുഭവിക്കുന്നത്. ദൈവത്തിൽനിന്നു ലഭിക്കുന്ന ആ നന്മകൾക്ക് നാം കൃത്യമായി നന്ദി പറയാറുണ്ടോ? അതുപോലെ, ദൈവം മറ്റുള്ളവർ വഴിയായി പല നന്മകളും നമുക്ക് നൽകുമ്പോൾ അവരോടു നാം നന്ദി പ്രകാശിപ്പിക്കാറുണ്ടോ? നമുക്ക് ലഭിക്കുന്ന ആ നന്മകളെല്ലാം നമ്മുടെ അവകാശമായിട്ടല്ലേ നാം കണക്കാക്കുന്നത്? എന്നാൽ, യാഥാർഥ്യം അങ്ങനെയല്ലല്ലോ.

നമുക്ക് പലകാര്യങ്ങളിലും അവകാശമുണ്ട് എന്നു നാം കരുതുന്നതുകൊണ്ടല്ലേ അവയുടെ അഭാവത്തിൽ നാം പരാതിപ്പെടുന്നത്? എന്നാൽ നമുക്ക് അവകാശമുണ്ട് എന്നു നാം കരുതുന്ന കാര്യങ്ങൾ ലഭിക്കാൻ നമുക്കർഹതയുണ്ടോ എന്നു നാം ചിന്തിക്കാറുണ്ടോ? മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ റോസിയുടെ കാര്യംതന്നെ എടുക്കാം. ലെസ്ലിയിൽനിന്ന് ആഴ്ചതോറും മധുരപലഹാരം ലഭിക്കാൻ റോസിക്ക് എന്തെങ്കിലും അവകാശമുണ്ടായിരുന്നോ? ലെസ്ലിയുടെ നന്മകൊണ്ടു മാത്രമല്ലേ റോസിക്ക് മധുരപലഹാരം ലഭിച്ചത്?
പരാതി പറയുന്ന സ്വഭാവമാണ് നമ്മുടേതെങ്കിൽ അങ്ങനെ ചെയ്യാൻ നമുക്ക് അവകാശമുണ്ടോ എന്ന് ആദ്യം സ്വയം ചോദിക്കാം. അങ്ങനെയൊരു ചോ ദ്യം സ്വയം ചോദിക്കാൻ സാധിച്ചാൽ പരാതി പറയുന്ന സ്വഭാവം നമ്മിൽനിന്ന് അതിവേഗം അപ്രത്യക്ഷമായിക്കൊള്ളും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ