മത്സ്യങ്ങളുടെ വിചിത്രലോകം
ഓസ്ട്രേലിയൻ സമുദ്രങ്ങളിൽ കണ്ടുവരുന്ന ചില വിചിത്ര മത്സ്യങ്ങളുണ്ട്. അവയിൽ പലതും നമ്മുടെ രാജ്യത്തെ സമുദ്രങ്ങളിൽ അപൂർവമാണ്. ഒക്ടോപ്പസ് അഥവാ നീരാളി എന്ന പേരിൽ അറിയപ്പെടുന്ന മത്സ്യവർഗത്തിൽപ്പെടുന്ന മറ്റൊരു ജീവിയാണ് ’കിനാവള്ളി’. ശത്രുക്കളെ കണ്ടു വിരണ്ടാൽ ഇതിനു ചുറ്റും പെട്ടെന്നു കറുത്ത മഷിപോലുള്ള ഒരു പുകപടലം ബാധിക്കും. എതിരാളിയിൽനിന്നും തന്ത്രപൂർവം രക്ഷപ്പെടാൻ കിനാവള്ളിതന്നെ സൃഷ്‌ടിക്കുന്ന ഒരു പുകമറയാണത്. സുരക്ഷിതമായ ഗുഹാമുഖങ്ങൾ സമുദ്രാന്തർഭാഗത്ത് കണ്ടാലുടൻ ശരവേഗതയിൽ ഇത് അവിടേക്കു പാഞ്ഞുകയറുന്നു. പെട്ടെന്നുതന്നെ അതിന്റെ നിറം മാറി പാറക്കെട്ടിന്റെ നിറമായി രൂപാന്തരപ്പെടുന്നു. ഇരയെ കൈയിൽ കിട്ടിയാൽ ചുറ്റിവരിഞ്ഞു കൊല്ലുവാനും അതിനു കഴിയാറുണ്ട്.

ആയിരത്തിയൊരുനൂറു നദികൾ വന്നുചേരുന്ന വമ്പൻ നദിയായ ആമസോണിൽ വിചിത്രങ്ങളായ ചില മത്സ്യങ്ങളുണ്ട്. രക്‌തവും മാംസവും ഭക്ഷിക്കുന്ന ’പിരിഞ്ഞാ’ മത്സ്യമാണ് അവയിൽ പ്രധാനപ്പെട്ടവ. 28 പല്ലുകളുള്ള പിരിഞ്ഞാ മത്സ്യം കൂട്ടത്തോടെയായിരിക്കും ഇരയെ ആക്രമിക്കുക. മിനിട്ടുകൾകൊണ്ട് എത്ര വലിയ മൃഗത്തിന്റെയും മാംസവും രക്‌തവും ഭക്ഷിച്ച് അസ്‌ഥിപഞ്ജരം ശേഷിപ്പിക്കുവാൻ ഇവയ്ക്കുള്ള കഴിവ് അപാരമത്രെ.

അമ്പെയ്തും ചൂണ്ടയിട്ടുമാണ് രുചികരമായ ഭക്ഷണവസ്തുകൂടിയായ ഇവറ്റകളെ ആദിവാസികൾ പിടിക്കുന്നത്. മനുഷ്യക്കുട്ടികളെ തിന്നുകയും മനുഷ്യർ തിന്നുകയും ചെയ്യുന്ന മറ്റൊരു തരം വിചിത്ര മത്സ്യവും ആമസോൺ നദിയിൽ ധാരാളമുണ്ട്. ’പിരരാര’ എന്നാണ് അതിന്റെ പേര്. പൂർണവളർച്ചയെത്തിയ ഒരു പിരരാര മത്സ്യത്തിന് 300 കിലോഗ്രാം ഭാരം വരും. രുചികരമായ ഈ മത്സ്യത്തിന്റെ മാംസവും അവിടെയുള്ളവർ ഭക്ഷിച്ചുവരുന്നു.

വടക്കൻ ഓസ്ട്രേലിയയിലും ഇന്തോനേഷ്യയിലും ന്യൂസിലൻഡിലും കണ്ടുവരുന്ന ’ആർക്കർ’ മത്സ്യത്തിന്റെ വായുടെ ഘടന വിചിത്ര രീതിയിലുള്ളതാ ണ്. വെള്ളത്തിൽ വളരുന്ന ചെടിയുടെ ഇലകളിൽ വസിക്കുന്ന ചെറുജീവികളെ വായിൽ വെള്ളംനിറച്ചു ചീറ്റിയിട്ട് പിടിച്ചുതിന്നുവാൻ ഇതിനു കഴിയുന്നു. മൂന്നടി ഉയരത്തിൽ കഴിയുന്ന ജീവികൾപോ ലും ഇതിന്റെ ശക്‌തിയേറിയ ചീറ്റലിൽ താഴെവീഴും. ’വീനസ്’ എന്ന പേരിൽ അറിയപ്പെടുന്നതും കടലിൽ വളരുന്നതുമായ ഒരുതരം ചെറിയ മത്സ്യം ഇരപിടിക്കുന്ന രീതി വളരെ രസകരമാണ്. ജലത്തിനു മുകൾപരപ്പിൽ, പശയുള്ളതായ അതിന്റെ വിടർന്ന ചിറകുകൾ നിവർത്തിപ്പിടിച്ച് അനങ്ങാതെ നിൽക്കും. ചെറുപ്രാണികൾ, ഇലകളാണെന്നു തെറ്റിദ്ധരിച്ച് ചിറകുകളിൽ വന്നിരിക്കുമ്പോൾ ചിറകുകൾ തമ്മിൽ ഒട്ടിച്ച് ഇതു പ്രാണിയെ ഭക്ഷണമാക്കി മാറ്റുന്നു. ചിരിക്കുന്ന മത്സ്യങ്ങൾ, പറക്കും മീനുകൾ, മുള്ളൻ പന്നി മത്സ്യം, ചാടുന്ന മീനുകൾ, കാഞ്ചിമത്സ്യങ്ങൾ എന്നിങ്ങനെ എത്രയെത്ര പേരുകളിൽ നമ്മെ അദ്ഭുതപ്പെടുത്തുന്ന എത്രയോ തരം മത്സ്യങ്ങൾ സമുദ്രത്തിന്റെ അന്തർഭാഗങ്ങളിൽ ജലവിസ്മയ ജീവികളായി കഴിഞ്ഞുവരുന്നു.

ജോർജ് മാത്യു പുതുപ്പള്ളി