ദൈവത്തിനായി സുന്ദരമായ ഒന്ന്
ഡോക്യുമെന്ററിക്കുവേണ്ടി നൽകാൻ സമയമില്ലാത്തതിനാൽ മദർ തെരേസ അതിൽ താത്പര്യം കാട്ടിയില്ല. എന്നാൽ, വെസ്റ്റ്മിൻസ്റ്റർ ആർച്ച്ബിഷപ് കർദിനാൾ ഹീനൻ പ്രേരിപ്പിച്ചതനുസരിച്ച്, കൂടുതൽ നന്നായി സ്നേഹിക്കാൻ ഈ സിനിമ ആളുകളെ സഹായിക്കുമെങ്കിൽ,” മദർ സമ്മതിച്ചു.
കൽക്കട്ടയിലെത്തി ബിബിസി സംഘം ചിത്രീകരണത്തിന് ഒരുങ്ങുമ്പോൾ മഗറിജിനോടു മദർ പറഞ്ഞു: ‘‘നമുക്കു പ്രാർഥനയോടെ തുടങ്ങാം.’’

മഗറിജ് മദറിനൊപ്പം ചാപ്പലിൽ കയറി. മദറിനൊപ്പം മുട്ടുകുത്തിനിന്നു മൗനമായി പ്രാർഥിച്ചു. പിന്നെയാണ് അദ്ഭുതം നടന്നത്. അൻപതു മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി ചിത്രീകരിക്കുന്നതിനു രണ്ടോ മൂന്നോ മാസം വേണ്ടിവരുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, അഞ്ചുദിവസംകൊണ്ടു ചിത്രീകരണം പൂർത്തിയായി. പിന്നീടുള്ള പ്രോസസിംഗ് പതിവുള്ള തട്ടും തടസങ്ങളൊന്നുമില്ലാതെ അതിവേഗം നടന്നു. അനേകം ടിവി സിനിമകളും ഡോക്യുമെന്ററികളും നിർമിച്ച് അനുഭവസമ്പത്തുള്ള ബിബിസി ടീമിനെ സംബന്ധിച്ചിടത്തോളം ഇത്രയും ദൈർഘ്യമുള്ള ഒരു ഡോക്യുമെന്ററിയുടെ നിർമാണഘട്ടങ്ങൾ ഇത്രവേഗം പൂർത്തിയായതു വിശ്വസിക്കാൻ വിഷമമായിരുന്നു.

മരണാസന്നർക്കുവേണ്ടിയുള്ള ഭവനത്തിൽ ചിത്രീകരിച്ച ഭാഗങ്ങളുടെ റഷസ് കണ്ടപ്പോൾ അവർ അദ്ഭുതസ്തബ്ധരായി. കാരണം ആ ഭവനത്തിൽ വെളിച്ചം തീരെ കുറവായതിനാൽ അവിടെ ചിത്രീകരണം അസാധ്യമായിരുന്നു. ഭിത്തികളുടെ മുകളറ്റത്തുള്ള ചെറിയ ജനാലകളിലൂടെ എത്തുന്ന നേർത്ത വെളിച്ചം മാത്രമേ മുറികളിലുണ്ടായിരുന്നുള്ളൂ. മരണം കാത്തുകഴിയുന്നവരുടെമേൽ കാമറസംഘത്തിന്റെ ലൈറ്റുകൾ ഉപയോഗിക്കുക വയ്യായിരുന്നു.

അവിടത്തെ ഷൂട്ട് വേണ്ടെന്നുവയ്ക്കണമെന്നായിരുന്നു കാമറമാൻ മാക്മില്ലന്റെ അഭിപ്രായം. എന്നാൽ, കൽക്കട്ടവരെ വന്നു ചിത്രീകരണം നടത്തിയിട്ട് ഏറ്റവും പ്രധാനപ്പെട്ട ഭവനത്തിനുള്ളിൽ ചിത്രീകരണം നടത്താതിരുന്നാൽ അതു വലിയൊരു കുറവായിരിക്കും. ലഭ്യമായ പ്രകാശത്തിൽ ഷൂട്ട് ചെയ്യാൻതന്നെ തീരുമാനിക്കുകയായിരുന്നു. ബ്രിട്ടനിൽ മടങ്ങിയെത്തിയശേഷം എന്തെങ്കിലും രാസപ്രക്രിയയിലൂടെ സീനുകൾക്ക് അല്പം വ്യക്‌തത നൽകാമോയെന്നു നോക്കാം. – അതായിരുന്നു പ്ലാൻ.
എന്നാൽ, റഷസ് പരിശോധിച്ചപ്പോൾ മാക്മില്ലനും മഗറിജും സംഘത്തിലുള്ള മറ്റുള്ളവരും വിസ്മയാധീനരായി. മരണാസന്നർക്കുള്ള ഭവനത്തിലെ എല്ലാ രംഗങ്ങളും വളരെ വ്യക്‌തം. എല്ലാ വിശദാംശങ്ങളും വ്യക്‌തമായി കാണാം.

മഗറിജിനു മാത്രമല്ല, ടീമിനു മുഴുവൻ അതു വലിയൊരദ്ഭുതമായേ കാണാൻ കഴിഞ്ഞുള്ളൂ. മദർ തെരേസയുടെ പ്രവർത്തനങ്ങളിൽ ദൈവത്തിന്റെ ഇടപെടൽ ഉണ്ടെന്നതിനു തെളിവായി മഗറിജ് ഇതു സ്വീകരിച്ചു. ചിത്രത്തിന് എഡിറ്റിംഗൊന്നും വേണ്ടിവന്നില്ലെന്നതു മറ്റൊരു അസാധാരണത.
ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയ മഗറിജിനു മദറിന്റെ ഒരു കത്ത് കിട്ടി: ‘‘അന്നു സിനിമയ്ക്കു സമ്മതം തരാൻ എനിക്കു തീരെ താത്പര്യമില്ലായിരുന്നു. എന്നാൽ, ഇപ്പോൾ സന്തോഷം തോന്നുന്നു. കാരണം അതു നമ്മെയെല്ലാം ദൈവത്തോടു കൂടുതൽ അടുപ്പിച്ചു. ദൈവത്തിനുവേണ്ടി സുന്ദരമായതൊന്നു നൽകാൻ ഇനിയും സമയം കഴിഞ്ഞിട്ടില്ലെന്നു താങ്കളുടേതായ രീതിയിൽ ലോകത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമല്ലോ.’’

ദൈവത്തിനുവേണ്ടി സുന്ദരമായതൊന്ന്. ആ വാക്യശകലം മഗറിജിനെ ഹഠാദാകർഷിച്ചു. അദ്ദേഹം തന്റെ ഡോക്യുമെന്ററിക്ക് അതുതന്നെ പേരായി നൽകി: ‘സംതിംഗ് ബ്യൂട്ടിഫുൾ ഫോർ ഗോഡ്.’
ഡോക്യുമെന്ററി 1969 ഡിസംബറിൽ ബിബിസി സംപ്രേഷണം ചെയ്തപ്പോൾ ഉണ്ടായ പ്രതികരണം മഗറിജും കൂട്ടരും പ്രതീക്ഷിച്ചതിനേക്കാൾ എത്രയോ കൂടുതലായിരുന്നു. മിഷനറീസ് ഓഫ് ചാരിറ്റിയിൽ ചേരാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു യുവതികൾ മുന്നോട്ടുവന്നു. യുഗോസ്ലാവ്യ, ജർമനി, ഫ്രാൻസ്, മാൾട്ട, അയർലൻഡ്, മൗറിട്ടാനിയ, വെനിസ്വേല, പാക്കിസ്‌ഥാൻ, നേപ്പാൾ, സിലോൺ, മലേഷ്യ എന്നിവിടങ്ങളിൽനിന്നായി ഇതിനകം 585 സിസ്റ്റർമാരുണ്ടായിരുന്ന സഭയിൽ 1970ൽ വന്നുചേർന്നത് 139 പേരാണ്.

മദറും കന്യാസ്ത്രീകളും ഏതു പദ്ധതിയുമായി ഇറങ്ങിയാലും അത് അസാധാരണമാംവിധം വിജയിക്കുന്നുവെന്നുള്ളതു സഭാംഗങ്ങളുടെ വിശ്വാസം ഒന്നിനൊന്നു വർധിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ദൈവവിശ്വാസികളല്ലാത്തവരെ ആ വിജയങ്ങൾ അമ്പരപ്പിച്ചു. സാധാരണഗതിയിൽ വളരെയേറെ തടസങ്ങളുണ്ടാകാനിടയുള്ള പദ്ധതികൾ ഒരു പ്രശ്നവുമുണ്ടാകാതെ മുന്നോട്ടുപോകുന്നതു കണ്ടപ്പോൾ അവിടെ ദൈവത്തിന്റെ കരം നേരിട്ടു പ്രവർത്തിക്കുന്നതായി ദൈവവിശ്വാസികൾക്കു തോന്നിയതു സ്വാഭാവികം. അവിശ്വാസികളിൽ ചിലരിലെങ്കിലും വിശ്വാസം അങ്കുരിപ്പിക്കാനും അത് ഇടയാക്കിയിട്ടുണ്ടാവും.

1970ൽ മഗറിജ് ഭ‘സംതിംഗ് ബ്യൂട്ടിഫുൾ ഫോർ ഗോഡ്’ എന്ന പേരിൽത്തന്നെ മദറിനെക്കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. കത്തോലിക്കാ വിശ്വാസത്തിലേക്കു മടങ്ങിയെത്തുന്ന മഗറിജിനെയും അതിൽ കാണാം. ആ പുസ്തകത്തിന്റെ വില്പനയും ചരിത്രമായി. ഓരോ വർഷവും വിവിധ രാജ്യങ്ങളിലായി അതിന്റെ ലക്ഷക്കണക്കിനു കോപ്പികളാണു വിറ്റത്.

1971. പാക്കിസ്‌ഥാനും കിഴക്കൻ പാക്കിസ്‌ഥാനും തമ്മിൽ അത്യന്തം വികൃതമായ യുദ്ധം നടക്കുന്ന വേള. പാക് പട്ടാളക്കാർ പിശാചുക്കളായി കിഴക്കൻ പാക്കിസ്‌ഥാനിലെ ജനങ്ങളെ കൊന്നൊടുക്കുകയും അവിടത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തുകൊണ്ടിരുന്ന നാളുകളിൽ ലക്ഷക്കണക്കിന് ആളുകളാണു കിഴക്കൻ പാക്കിസ്‌ഥാനിൽനിന്ന് ഇന്ത്യയിലേക്ക് അഭയം തേടി എത്തിക്കൊണ്ടിരുന്നത്. 1970ൽ ചുഴലിക്കാറ്റും കരയിലേക്കു കയറിയ കടലുംകൂടി കിഴക്കൻ പാക്കിസ്‌ഥാൻകാരെ വിഴുങ്ങിക്കഴിഞ്ഞ് ആ രാജ്യം പട്ടിണിയിലും രോഗങ്ങളിലും വലഞ്ഞിരിക്കുമ്പോഴായിരുന്നു പാക് പിശാചുക്കളുടെ ക്രൂരത.

അഭയാർഥികൾ ഏറ്റവും കൂടുതൽ എത്തിയത് ബംഗാളിലാണ്. കൽക്കട്ടയുടെ പരിസരങ്ങളിലും ബംഗാളിന്റെ വിവിധ ഭാഗങ്ങളിലുമായി അവർ അടിഞ്ഞുകൂടിക്കൊണ്ടിരുന്നു. നരകത്തിന്റെ ഭൗമപ്രാതിനിധ്യങ്ങളായിരുന്നു കൽക്കട്ടയുടെ പ്രാന്തത്തിലുള്ള ചതുപ്പു പ്രദേശമായ സോൾട്ട് ലെയ്ക്കിലെയും മറ്റും അഭയാർഥി ക്യാമ്പുകൾ. കോളറ, വയറുകടി, വസൂരി തുടങ്ങിയ രോഗങ്ങളും പട്ടിണിയും ആ ക്യാമ്പുകളിൽ പാക് പട്ടാളക്കാരെപ്പോലെ മനുഷ്യരെ പീഡിപ്പിച്ചു. സംസ്‌ഥാന സർക്കാരിനെന്നല്ല, കേന്ദ്രസർക്കാരിനുപോലും വഹിക്കാൻ കഴിയാത്ത ഭാരമായിരുന്നു അനുദിനം പെരുകിക്കൊണ്ടിരുന്ന പട്ടിണിക്കാരായ അഭയാർഥികൾ. കാരിത്താസ് ഇന്ത്യ പോലുള്ള പ്രസ്‌ഥാനങ്ങളും വിദേശസംഘടനകളും അഭയാർഥികൾക്കു സഹായങ്ങൾ എത്തിച്ചുകൊണ്ടിരുന്നു.
മിഷനറീസ് ഓഫ് ചാരിറ്റിക്ക് ഊണും ഉറക്കവുമില്ലാതായ കാലമായിരുന്നു അത്. സാധാരണ ആരോഗ്യപ്രവർത്തകർ കയറിച്ചെല്ലാൻ അറയ്ക്കുന്ന ഇടങ്ങളിൽ മദർ തെരേസയുടെ കന്യാസ്ത്രീകൾ കടന്നുചെന്നു ശുചീകരണപ്രവർത്തനങ്ങൾ നടത്തുകയും രോഗികളെ പരിചരിക്കുകയും ചെയ്തുപോന്നു. ബന്ധുക്കൾക്കുപോലും പരിഗണിക്കാൻ കഴിയാതായ അവസ്‌ഥയിലുള്ള പലരും ആ കന്യാസ്ത്രീകളുടെ മടിയിൽ കിടന്നു മരിച്ചു.

അഭയാർഥികൾക്കുവേണ്ടിയുള്ള അമേരിക്കൻ സെനറ്റ് കമ്മിറ്റിയുടെ ചെയർമാനായിരുന്ന സെനറ്റർ എഡ്വേർഡ് കെന്നഡി ആയിടയ്ക്കു കൽക്കട്ടയിലെ അഭയാർഥികേന്ദ്രങ്ങൾ സന്ദർശിക്കാനെത്തി. സോൾട്ട് ലെയ്ക്ക് കാണണമെന്ന് അദ്ദേഹത്തിനു നിർബന്ധം.

എവിടെയും ഉദ്യോഗസ്‌ഥരും ആളുകളും അദ്ദേഹത്തിനു ചുറ്റും കൂടിയതിനാൽ ക്യാമ്പുകളിലെ രംഗങ്ങൾ അദ്ദേഹത്തിനു നന്നായി കാണാൻ കഴിഞ്ഞില്ല. ഒരുവിധത്തിൽ ആളുകളുടെ വലയം ഭേദിച്ചു ക്യാമ്പിനുള്ളിലേക്കു കയറി വേഗത്തിൽ അവിടെയൊരു നിരീക്ഷണം നടത്തിയ കെന്നഡി ഒരുരംഗം കണ്ടു. കോളറ രോഗികളുടെ വൃത്തികെട്ട വസ്ത്രങ്ങൾ മിഷനറീസ് ഓഫ് ചാരിറ്റിയിലെ ഒരു കന്യാസ്ത്രീ കഴുകിക്കൊണ്ടിരിക്കുന്നു.

സെനറ്റർ അവിടേക്ക് ഓടിയെത്തി ആ കന്യാസ്ത്രീയുടെ നേരേ കൈ നീട്ടി. എന്നാൽ, സെനറ്റർക്കു കൈ കൊടുക്കാൻ ആ കന്യാസ്ത്രീ മടിച്ചു. തന്റെ കൈയാകെ വൃത്തികേടായിരിക്കുകയാണെന്ന് അവർ അറിയിച്ചു. ‘‘ആ കൈയിൽ എത്ര വൃത്തികേടുണ്ടോ അത്രയേറെ ഞാൻ ബഹുമാനിതനാവുകയാണ്. മഹത്തായ ജോലിയാണു നിങ്ങളിവിടെ ചെയ്യുന്നത്’’ എന്നു പറഞ്ഞുകൊണ്ടു സെനറ്റർ കെന്നഡി കന്യാസ്ത്രീയുടെ കൈപിടിച്ചു കുലുക്കി.
കഴിയുന്നത്ര ക്രൂരമായി ബലാത്സംഗം ചെയ്യുക എന്നതായിരുന്നു കിഴക്കൻ പാക്കിസ്‌ഥാനിൽ പാക് പട്ടാളക്കാരുടെ ഉല്ലാസം. രണ്ടുലക്ഷം സ്ത്രീകൾ മാനഭംഗത്തിനിരയായെന്ന കണക്ക് അനൗദ്യോഗികമാണ്. പതിനായിരക്കണക്കിന് എന്നു കരുതാം. ഇന്ത്യ പാക്കിസ്‌ഥാനെ തറപറ്റിച്ചു കിഴക്കൻ പാക്കിസ്‌ഥാനെ മോചിപ്പിച്ചു ബംഗ്ലാദേശിന്റെ പിറവിക്കു വഴിയൊരുക്കിയത് 1971 ഡിസംബറിലാണ്. ധാക്ക പിടിച്ച ഇന്ത്യൻ സൈന്യം അവിടെ കണ്ട ദയനീയമായ കാഴ്ചകളിലൊന്ന് ഒരു പാക് സൈനിക ബങ്കറിൽ മൂവായിരം സ്ത്രീകളെ നഗ്നരായി തടവിലിട്ടിരിക്കുന്നതാണ്. തൂങ്ങിമരിക്കാതിരിക്കുന്നതിനുവേണ്ടിയാണ് അവരെ ഉടുതുണിയില്ലാതെ പാർപ്പിച്ചിരുന്നത്.
പാക്കിസ്‌ഥാൻ കീഴടങ്ങി രണ്ടുദിവസത്തിനു ശേഷം മദർ തെരേസ പത്തു കന്യാസ്ത്രീകളുമായി ബംഗ്ലാദേശിലേക്കു പോയി. ധാക്ക കൂടാതെ ഖുൽന, പാബ്ന, രാജ്ഷാഹി എന്നിവിടങ്ങളിലും മദർ തെരേസ സന്ദർശനം നടത്തി. ബലാത്സംഗം ചെയ്യപ്പെട്ട ആയിരക്കണക്കിനോ പതിനായിരക്കണക്കിനോ ആയ സ്ത്രീകളിൽ പലരും ഗർഭിണികളായി കഴിയുകയായിരുന്നു. ഗർഭഛിദ്രം നടത്തരുതെന്നും ജനിക്കുന്ന കുഞ്ഞുങ്ങളെ തങ്ങൾ ഏറ്റെടുത്തു വളർത്തിക്കൊള്ളാമെന്നുമാണു മദറിന് അവരോടു പറയാനുണ്ടായിരുന്നത്. ഗർഭഛിദ്രത്തിനെതിരേയുള്ള മദറിന്റെ ഈ നിലപാടു വളരെയേറെ വിമർശനത്തിനു വിഷയമായി. എന്നാൽ, മദർ അതൊന്നും കാര്യമാക്കിയതേയില്ല.
ബംഗ്ലാദേശിൽ പുതിയ സർക്കാർ സ്‌ഥാപിതമായതോടെ, അവിടെയുള്ള അനാഥശിശുക്കളെ വിദേശങ്ങളിലേക്കു കൊണ്ടുപോകുന്നതു നിരോധിക്കപ്പെട്ടു. എന്നാൽ, മദർ തെരേസയ്ക്കു മാത്രം തടസമുണ്ടായില്ല. മദർ ധാരാളം കുഞ്ഞുങ്ങളെ ഏറ്റെടുക്കുകയും അവരെ ഇന്ത്യയിലും വിദേശങ്ങളിലുമുള്ള കുടുംബങ്ങളെ ഏൽപ്പിക്കുകയും ചെയ്തു.

ഇന്ത്യയിലെത്തിയ ലക്ഷക്കണക്കായ അഭയാർഥികളെ തിരിച്ചയയ്ക്കില്ലെന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചതു മദർ തെരേസയെ വളരെ സന്തോഷിപ്പിച്ചു. യേശുക്രിസ്തുവിന്റേതുപോലുള്ള പ്രവൃത്തിയാണതെന്നാണു മദർ വിശേഷിപ്പിച്ചത്. (തുടരും)

ജോൺ ആന്റണി