നെല്ലിക്കുന്നിന്റെ ക്വയർ മാസ്റ്റർ
പള്ളി ക്വയറിന്റെ മാഹാത്മ്യവുമായി ചുരുക്കം ചിലരേ സിനിമാ വല്ലഭന്മാരായിട്ടുള്ളൂ. അതിൽ പ്രഥമഗണ്യനാണ് ജോൺസൺ മാസ്റ്റർ.
വാ വാ യേശുനാഥാ, വാവാ സ്നേഹതാതാ...
ഒരിക്കലെങ്കിലും മൂളിപ്പാടാത്തവരില്ല. ആ ഗാനത്തിന്റെ വരികളോടും ശ്രുതിയോടും അതിരുകവിഞ്ഞ ഉൾജീവനോടെ നെല്ലിക്കുന്ന് നിവാസികളെ പാടിസുഖിപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു. ജോൺസൺ എന്ന യുവതാരത്തിന്റെ ക്വയർ ആധിപത്യനാളുകൾ! സംഗീതസമ്രാട്ടാവാൻ ഗുരുകുലം വേണ്ടെന്നദ്ദേഹം തെളിയിച്ചു. അനശ്വരരോട് ആരാധനയെന്ന കമ്പം മാത്രം മതി.

വാക്സ്ഫുടതയുടെ മേന്മ അസാധാരണമായിരുന്നു. ഉച്ചാരണസുഖം വാക്കുകളിൽ തട്ടുമ്പോൾ സംഗീതസാഗരം സൃഷ്‌ടിക്കാമെന്നദ്ദേഹം എളുപ്പം ചൂണ്ടിക്കാട്ടി.

അൾത്താരബാല സംഘത്തിനൊപ്പം അച്ചൻ സല്ലപിക്കുക പതിവാണ്. പാട്ടും പദവും ചുരുക്കിയും നീട്ടിയും പാടുകയും ചൊല്ലുകയും ചെയ്യണം. ചാലിശേരിയച്ചന്റെ സ്പെഷൽ തത്ത്വങ്ങളാണ്. അമർഷഹീനരായി കേട്ടുനിൽക്കവേ ശ്രീമാൻ രംഗപ്രവേശം ചെയ്തു. ജോൺസൺ തക്ക സമയത്തു വന്നു.

നമുക്കീ ക്വയറൊന്നു വിപുലമായി തട്ടിക്കൂട്ടണം. ചുമലിൽ ഗിത്താറുള്ള താടിക്കാരൻ നാലുവട്ടം നോക്കി. ആൾട്ടർ ബോയ്സ് ലീഡു ചെയ്യുന്നതൊന്നും ഗുണം പിടിക്കില്ലെന്ന പക്ഷക്കാരനല്ല. ശിക്ഷാ നടപടിക്ക് വിരോധമുന്നയിക്കാത്ത ക്രിമികൾ. സമയവും സന്ദർഭവും നോക്കാതെ ചെവിപിടിച്ചു പൂരം കാട്ടാം. കണ്ണട കണ്ണോടെ കൂട്ടിവിളിക്കുന്ന ശീലം. പുത്തൻതലമുറയെ ഗാനസാമ്രാട്ടുകളായി വാർത്തെടുക്കാനുള്ള മനോഭാവമായിരുന്നത്.

അച്ചന്റെ നിർദേശങ്ങൾ അപ്പടി കേട്ടശേഷം അദ്ദേഹം തീരുമാനമിട്ടു. ൈവെകിട്ട് നമുക്കൊരു ക്വയർ ചർച്ചാ ക്ലാസ് വയ്ക്കാം. ഏവരും സന്നദ്ധരായി. ഹാർമോണിയവും വയലിനും ജോൺസേട്ടന്റെ ഇഷ്‌ടസംഗീതമിത്രങ്ങളായിരുന്നു. വായിച്ചും അരംകൊടുത്തും മാതാവിന്റെ സ്തുതിസ്തോത്രമായ നന്മനേരും അമ്മ വിണ്ണിൻ ലോക കന്യാ...... .............. പാടിച്ച് എല്ലാവരേയും പഠിപ്പിച്ചു. അതോടെ ക്വയർ പുനഃസംഘടിപ്പിക്കപ്പെട്ട പോലായി ഉന്മേഷം. പഴയ ചതുരംഗ കളിക്കാർ അപ്രത്യക്ഷമായി. ജോൺസൺ ക്വയർ മാസ്റ്ററായി അവരോധിക്കപ്പെട്ടു.

ജനുവരിമാസത്തിലെ സെബസ്ത്യാനോസിന്റെ പള്ളിപ്പെരുന്നാൾ മാത്രമല്ല പാട്ടുകളോടെ ആർഭാടമാക്കുക. തോമസ് സ്ലീഹായുടെ തോറാനാ. മാതാവിന്റെ സ്വർഗാരോപണത്തിരുനാൾ. സമീപവാസികൾ പോലും മാതൃകകണ്ട് ചെവി ചേർക്കാൻ തുടങ്ങി, അക്ഷരപ്പിശാശില്ലാത്ത ആസ്വാദനം. അരങ്ങ് മുറുകി. സായംസന്ധ്യക്ക് ജോൺസേട്ടന്റെ പ്രത്യേക സ്റ്റഡി ക്ലാസ് വേറെയും. ലോകത്തുള്ള എല്ലാ ശബ്ദസിഡികളും നാവിൻതുമ്പിന് അനായാസേന വഴങ്ങും. പൂവിരിയുക, മഴപെയ്യുക, ഇടിമിന്നൽ, മൃഗങ്ങളുടെ ഞൊണ്ടൊലിക്കുന്ന ചേഷ്‌ടസ്വരങ്ങൾ, പക്ഷിയുടെയും പനിനീരരുവികളുടേയും കുണുക്കം. സംഗീതലോകത്തെക്കുറിച്ച് വലിയ അറിവുകളായിരുന്നത്. ആ മായാപ്രപഞ്ചത്തിലൂടെ ജോൺസേട്ടൻ വലിയൊരു ജനാവലിയെ ആകർഷിച്ചാനയിക്കയായിരുന്നു. പലർക്കും പലതും പുറപ്പെടുവിക്കാൻ നാവുചേരുമെന്ന അവസ്‌ഥവന്നു. നെല്ലിക്കുന്നിന്റെ സംഗീതസുവർണകാലം. ജനഹൃദയങ്ങൾ സംഗീത പുളകിതമായി.

പള്ളിക്കപ്പുറം ജോൺസേട്ടൻ തന്റെ സാമ്രാജ്യം വികസിപ്പിച്ചിരുന്നു. വോയ്സ് ഓഫ് ട്രിച്ചൂർ സംഗീത കലാതാവളവുമായി അംഗീകരിച്ചു. നിരവധി ട്രൂപ്പുകൾ, വിവിധതരം ഓർക്കസ്ട്രാകൾ നയിച്ചു. വിജയശ്രീലാളിതനായി. അദ്ദേഹത്തിനപ്പഴും മനോമോഹമായിരുന്നത് ഗാനഗന്ധർവനായിരുന്നു. യേശുദാസിൽ കവിഞ്ഞൊരു സ്വരമാധുരി സങ്കല്പിക്കാൻ പ്രയാസം. യേശുദാസിലെത്താനുള്ള ഉപാസനകളൊത്തരി വിദ്വാൻ ചെയ്തുകൂട്ടി. അതു പരമാവധി വിജയിക്കുകയും ചെയ്തു. യേശുദാസിന്റെ സ്വരമഹിമയെ ആവോളം ജനമധ്യത്തിലെത്തിച്ച സംഗീതസംവിധായകരിലൊരാൾ. സിനിമാരംഗം ഒരുകാലഘട്ടത്തിൽ തൂത്തുവാരി. കണ്ണുനീർപൂവിന്റെ കവിളിൽതലോടി.
ആടിവാകാറ്റേ.... കൈതപ്രവും ഒ.എൻ.വിയുമായിരുന്നു മറുപക്ഷ ഹിറ്റ് ദായകർ. അവരുടെ കവിഭാവനകൾക്കദ്ദേഹം അനുയോജ്യം ചിറകൊപ്പിച്ചെടുത്തു. സംഗീതാശേഷനെങ്കിലും സിനിമാ സിരാകേന്ദ്രം കയ്യടക്കിഭരിച്ചു. മനശുദ്ധിയോളം മാതൃകാഭാഷണം കൂടെനിന്നു.

അകാലത്തിലുണ്ടായ വിയോഗം! സിനിമക്കാരോടൊപ്പം പള്ളിക്കാരും അനുശോചിച്ചു. അഞ്ചു നീണ്ടവർഷങ്ങൾ കടന്നിരിക്കുന്നു. ആ സ്നേഹവാത്സ്യ ഇല്ലായ്മയെ നികത്താൻ ആർക്കുവാമില്ല. അതുപോലെ ലളിതമായി സ്വരം പറഞ്ഞുകൊടുക്കാനുള്ള പാഠമിന്നാർക്കുണ്ട്?
സംഗീതം സ്വരം മാത്രമല്ല, സ്നേഹമാണ്, വിദ്യയാണ്, സരസ്വതിയാണെന്നദ്ദേഹം ഹിറ്റുകളിലൂടെ തെളിയിച്ചു. വേറിട്ട ആലാപനശൈലിക്കു മുഖമുദ്രയാണാശ്രുതികൾ.

നെല്ലിക്കുന്ന് നിവാസികളെ സ്നേഹിച്ച് പഠിപ്പിച്ച് കൊതിതീരാതെ സെമിത്തേരിയിലെന്നും സന്നിഹിതനാണ്. വളരെപ്പെട്ടെന്ന് മകനും വാഹനാപകടത്തിൽപ്പെട്ട് ഒത്തുകൂടി. മകളും മരണത്തോടെ അരികിലെത്തി. കുടുംബസമേതം ജോൺസേട്ടൻ മഴയത്തും വെയിലത്തും മഞ്ഞത്തും പാടുകയാണ്. ആർക്കുമാസ്വരവീചികൾ മറക്കാനാവില്ല. നെല്ലിക്കുന്നിന്റെ സ്നേഹ നക്ഷത്രത്തിന് അനുദിനം തിളക്കമേറുന്നതല്ലാതെ. അനുസ്മരണമല്ലിത് ജനാവേശമാണ്. സംഗീതം രക്‌തത്തിൽ കലർന്നാലുള്ള കോരിച്ചൊരിയൽ.

ചേറൂക്കാരൻ ജോയി