മരണം കൊതിക്കുന്ന മാതൃത്വം
മക്കൾ നാലുപേർ ചേർന്നാണ് എന്നെ കാണാൻ വന്നത്. അവർ എട്ടുമക്കളിൽ ആറുപേരും വിദേശത്താണ്. വിദേശത്തുള്ള മക്കളിൽ നാലുപേരാണ് വലിയൊരു വേദനയും ഉള്ളിൽപേറി എന്നെ കാണാൻ വന്നത്. മൂത്തവൻ ജോർജുകുട്ടിയും ജോർജുകുട്ടിയുടെ നേരെ ഇളയ സഹോദരിമാരായ ജയിനമ്മയും, സോളിയും, സോഫിയും സംസാരിച്ചതുമുഴുവൻ വാർദ്ധക്യത്തിലെത്തിയ അമ്മയെക്കുറിച്ചും എൺപത്തി നാലാമത്തെ വയസിൽ അമ്മ അനുഭവിക്കുന്ന യാതനകളെക്കുറിച്ചുമാണ്. അമ്മയെക്കുറിച്ച് സംസാരിക്കുമ്പോൾ മക്കൾ നാലുപേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. അടുത്ത ആഴ്ചയിൽ അവർക്ക് നാലുപേർക്കും സകുടുംബം വിദേശത്തേക്ക് തിരിച്ചുപോകണം. അതിനുമുമ്പ് എന്നോട് ആലോചിച്ച് അമ്മയുടെ കാര്യത്തിൽ ഒരു തീരുമാനം കൈക്കൊള്ളുന്നതിനാണ് മുഖ്യമായും അവരെന്നെ കാണാൻ വന്നത്. നാലാമത്തവൻ ചാക്കോച്ചനും കുടുംബവുമാണ് അമ്മയെ ഇപ്പോൾ നോക്കുന്നത്.

ചാക്കോച്ചന്റെ നേരെ ഇളയ സഹോദരി കുഞ്ഞമ്മയും കുടുംബവും നാട്ടിലുണ്ട്. കുറെനാൾ അമ്മ കുഞ്ഞമ്മക്കൊപ്പമായിരുന്നു. കുഞ്ഞമ്മയുടെ അമ്മായിയപ്പൻ വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ആശുപത്രിയിൽ ആയ സമയത്താണ് ചാക്കോച്ചൻ അമ്മയെ തനിക്കൊപ്പം താമസിപ്പിക്കാൻ കൊണ്ടുപോന്നത്. ചാക്കോച്ചൻ വിദ്യാസമ്പന്നനാണെങ്കിലും പറയത്തക്ക ജോലിയൊന്നുമില്ല. വലിയ കൃഷിക്കാരനെന്നും അയാളെക്കുറിച്ച് പറയാനാവില്ല. ആറേക്കർ വരുന്ന കുടുംബസ്വത്ത് വീതം വെച്ചിട്ടില്ലാത്തതിനാൽ അയാളാണ് അത് നോക്കി നടത്തുന്നതും ആദായം എടുക്കുന്നതും. അക്കാര്യത്തെ സംബന്ധിച്ച് ജോർജുകുട്ടിക്കോ അയാളുടെ മറ്റ് സഹോദരങ്ങൾക്കോ പരിഭവമൊന്നുമില്ല, അവരുടെ പരിഭവം മുഴുവൻ തങ്ങളുടെ അമ്മയെ വേണ്ടവിധം പരിചരിക്കാത്തതിനെ സംബന്ധിച്ചു മാത്രമാണ്.

ചാക്കോച്ചന്റെ ഭാര്യ വയനാട്ടുകാരിയാണ്, വലിയതുരുത്തിൽ ദേവസ്യാച്ചന്റെ ഏക മകൾ ജ്യോതി. ജ്യോതിക്ക് താൽപര്യമുണ്ടെങ്കിൽ അമ്മയെ നോക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ലെന്നും തങ്ങളുടെ അമ്മയോട് ചാക്കോച്ചനും അവന്റെ ഭാര്യയും ഇത്തരത്തിൽ അവഗണന തുടർന്നാൽ വിദേശത്തേക്ക് തങ്ങൾ പോകുന്നതിന് മുമ്പ് അമ്മയുടെ ശിഷ്ടകാലം സന്തോഷകരമായി ചെലവഴിക്കുന്നതിന് ഉതകുന്ന വിധത്തിലുള്ള തീരുമാനം തങ്ങൾക്ക് കൈക്കൊള്ളേണ്ടിവരുമെന്നും അവർ പറയുന്നു. അമ്മ തന്റെ മാത്രം സ്വന്തമല്ലെന്നും തന്നെപ്പോലെതന്നെ അമ്മയെ നോക്കാൻ ബാക്കി ഏഴ് മക്കൾക്കും കടപ്പാടുണ്ടെന്നും പ്രതികരിക്കുന്ന ചാക്കോച്ചനോട് അമ്മയെ നോക്കാൻ തയ്യാറായതിന്റെ പേരിൽ ആളാം വീതം തങ്ങൾ ഓരോരുത്തരും ചാക്കോച്ചനും കുടുംബത്തിനും കണക്കെടുക്കാൻ പറ്റാത്തത്ര സാമ്പത്തിക സഹായങ്ങൾ നൽകിയിട്ടുണ്ടെന്ന് ജോർജുകുട്ടിയും അയാളുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന കൂടപ്പിറപ്പുകളും പറയുന്നു. മക്കളുടെ ഇവ്വിധമുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കിടയിൽ വീർപ്പുമുട്ടി കഴിയുന്ന അമ്മയുടെ ഇപ്പോഴത്തെ ആഗ്രഹവും പ്രാർഥനയും ഒന്നേയുള്ളൂ, എത്രയും വേഗം മരിക്കണം.

മക്കൾ സന്തോഷത്തോടെ ജീവിക്കാൻ സ്വന്തം സുഖസൗകര്യങ്ങളെ ജീവിതകാലം മുഴുവൻ വേണ്ടെന്നുവച്ച് ദുരിതം അനുഭവിക്കുന്ന ഇതുപോലുള്ള അമ്മമാർ ഇന്ന് നമ്മുടെ കുടുംബങ്ങളിൽ ഏറെയാണ്. കുട്ടിക്കാലത്ത് മക്കൾ ഓരോരുത്തരും എന്റെ അമ്മ, എന്നു പറഞ്ഞ് അവകാശവാദം നടത്തിയിരുന്നത് ഏതൊരമ്മയെപ്പറ്റിയാണോ ആ അമ്മയ്ക്ക് കരുതലും സംരക്ഷണവും കൊടുക്കേണ്ട കാലം വന്നപ്പോൾ അമ്മ എന്റെ മാത്രമല്ല നിന്റെയുമാണെന്നു പറഞ്ഞ് മാതൃത്വത്തെ അന്യോന്യം തട്ടിക്കളിക്കുന്ന ദുരവസ്‌ഥ. കുടുംബതലത്തിൽ വന്നുഭവിച്ച മാറ്റങ്ങളുടെ പരിഹരിക്കാനാവാത്ത പരിണിതഫലങ്ങളിൽ ഒന്നുമാത്രമാണിത് എന്നു പറഞ്ഞ് തടിതപ്പുന്ന മക്കളോടും ഇത്തരം അവസ്‌ഥകളെ അത്തരത്തിൽ തന്നെ വിലയിരുത്തുന്ന ഇതര വ്യക്‌തികളോടും എനിക്ക് ചോദിക്കാനുളളത് സ്വന്തം ജീവിത പങ്കാളിക്കോ മക്കളിൽ ആർക്കെങ്കിലുമോ ഇതുപോലൊരു നിസഹായാവസ്‌ഥ വന്നാൽ നിങ്ങളുടെ പ്രതികരണം ഇവ്വിധത്തിൽ തന്നെ ആയിരിക്കുമോ എന്നാണ്. അല്ല, എന്നല്ലേ മറുപടി. അപ്പോൾ ഏത് പ്രശ്നത്തിനും ഉചിതമായ പരിഹാരം നാം കണ്ടെത്തണമെന്നുണ്ടെങ്കിൽ അത് എന്റെ പ്രശ്നമെന്നും എന്റെ ഇടപെടലും താൽപര്യവും ഒന്നുകൊണ്ടുമാത്രം പരിഹരിക്കപ്പെടേണ്ടതെന്നും ചിന്തിക്കണം,അല്ലേ? അപ്പോൾ അടിസ്‌ഥാനപരമായി മാറ്റമുണ്ടാകേണ്ടത് മനോഭാവത്തിൽ തന്നെയാണ്.

മക്കളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ അപ്പനമ്മമാർക്ക് മറ്റെന്തിനെയുംകാൾ മുഖ്യമായിരുന്നില്ലേ തങ്ങളുടെ മക്കളും അവരുടെ വളർച്ചയും. അത്തരം അവസരങ്ങളിൽ നേട്ടമാക്കാമായിരുന്ന പലതും അവർ നഷ്ടമാക്കിയില്ലേ? വർഷങ്ങളായി വിദേശത്ത് ജോലി ചെയ്യുന്ന ജോർജുകുട്ടിക്കും സഹോദരങ്ങൾക്കും നാട്ടിലേക്ക് തിരിച്ചുപോരാൻ സമയമായില്ലേ? എല്ലാവരും ഒരുമിച്ച് പോന്നില്ലെങ്കിലും മക്കളിൽ ചിലർക്കെങ്കിലും അത്തരമൊരു തീരുമാനം കൈക്കൊണ്ടുകൂടെ? അധ്വാനിക്കലും സമ്പാദിക്കലുമൊക്കെ കഴിഞ്ഞ് എന്നാണിനി നിങ്ങൾക്കൊരു ജീവിതമുണ്ടാകുക? എന്നാണ് ജന്മം നൽകി വളർത്തിയ മാതാപിതാക്കളോടുള്ള കടപ്പാട് നിറവേറ്റാനാവൂക? ജീവിക്കാനുള്ളതും അതിൽ കൂടുതലും നേടിക്കഴിഞ്ഞിട്ട് ജീവിക്കാനും കടപ്പാടുകൾ തീർക്കാനും പിന്നീട് സമയം കിട്ടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?.

സിറിയക് കോട്ടയിൽ