സ്പ്ലാഷിംഗ് സുനിൽ!
മധ്യേന്ത്യയിലെ ഏതോ വരണ്ട ഇടങ്ങളിലൂടെ ഒരു തീവണ്ടി പാഞ്ഞുപോകുന്നു. പതിവുപോലെ, തനിക്കു പാകമല്ലാത്ത ഉടുപ്പിട്ട ഒരു മെലിഞ്ഞ പെൺകുട്ടി പാതിയുറക്കത്തിലുള്ള ഒരു കുരുന്നിനെ ചുമലിലിട്ട്, വലിയ താളബോധമൊന്നുമില്ലാതെ ഡോലക്കിൽ കൈതട്ടി പാട്ടുപാടി നീങ്ങുന്നുണ്ട്. ഇടതുകൈയിൽ ചില്ലറത്തുട്ടുകൾ വല്ലപ്പോഴും വന്നുവീഴുന്നു. ഈ കാഴ്ചകണ്ട്, അവളുടെ പാട്ടുകേട്ട് പെർക്കഷനിസ്റ്റായ (താളവാദ്യകാരൻ) ഒരു യുവാവ് തീവണ്ടിയിലുണ്ട്. പെട്ടെന്നയാൾ പെൺകുട്ടിയിൽനിന്ന് ആ ഡോലക് വാങ്ങി താളമിട്ട് ഒപ്പംനടന്നുതുടങ്ങി. ട്രെയിനിൽ സഹാനുഭൂതിയുടെ, സ്നേഹത്തിന്റെ പുതിയ താളമുണർന്നു. അയാൾ ആ കമ്പാർട്ട്മെന്റിൽ ഉടനീളം ഡോലക് വായിച്ചുനടന്ന് നാണയത്തുട്ടുകൾ ശേഖരിച്ച് പെൺകുട്ടിക്കു കൈമാറി... അവൾ അല്പനേരത്തേക്കൊന്നു ചിരിച്ചു...

പഴയ ഡൽഹി യാത്ര ഓർമിച്ച് ആ പെർക്കഷനിസ്റ്റ് മേശയിൽ പതിയെ താളംപിടിച്ചു. അത് സുനിൽകുമാറാണ്– ശ്വാസംമുതൽ വിരലറ്റംവരെ താളം നിറച്ചുവയ്ക്കുന്ന വാദ്യവല്ലഭൻ.., നൂറിലേറെ തരം വാദ്യോപകരണങ്ങൾ വായിക്കുന്ന അത്ഭുതം... സുഹൃത്തുക്കളുടെ സ്വന്തം സുനി. കൊറിയയിലും ഫ്രാൻസിലും ആഫ്രിക്കയിലും കിടിലൻ പ്രകടനങ്ങൾ നടത്തി പിറ്റേന്ന് തൃശൂർ റൗണ്ടിലൂടെ മൊബൈലിൽ പാട്ടുകേട്ട് നടക്കുന്ന തനി നാടൻ.

നൂറിലേറെ വ്യത്യസ്ത ഉപകരണങ്ങൾ എന്നുമാത്രം പറഞ്ഞാൽ പോര. ഏറെയും അപൂർവം. പല രാജ്യങ്ങളിൽനിന്നുള്ള പലതരം ഉപകരണങ്ങൾ. അവയുടെ മൊത്തം എണ്ണം അഞ്ഞൂറുകവിഞ്ഞു. തൃശൂർ അയ്യന്തോളിലെ വീട്ടിൽ സൂക്ഷിക്കാനിടമില്ലാഞ്ഞ് മറ്റൊരിടത്താണ് ഇപ്പോൾ അവയെല്ലാം ഭദ്രമായി വച്ചിരിക്കുന്നത്. എല്ലാറ്റിനും നടുവിലിരുന്നാണ് നിത്യേനയുള്ള പരിശീലനം. മൂന്നുവർഷംമുമ്പ് നൂറു സംഗീതോപകരണങ്ങൾ ചേർത്തുവച്ച് സുനിൽ തൃശൂരിൽ ഒരു പരിപാടിയൊരുക്കി. അപൂർവവും അത്യസാധാരണവുമായ ഒരു പ്രകടനം. ആത്മാവിഷ്കാരം എന്നുതന്നെ പറയണം. ഒരുപകരണത്തിൽനിന്ന് അടുത്തതിലേക്ക്.. പിന്നെ അതിനടുത്തതിലേക്ക്... ഇടതടവില്ലാതെ ഒരു യാത്ര. കൂട്ടിന് കവിതയും നാടൻപാട്ടും നാടകവും മിമിക്രിയും വായ്ത്താരികളും പ്രത്യേകിച്ച് അർഥമൊന്നുമില്ലാത്ത ശബ്ദങ്ങളും അക്രോബാറ്റിക്സും ചേർത്ത വിസ്മയം.

എങ്ങനെയായിരുന്നിരിക്കും അത്?! ഒരുവേള സുനിൽ ബെരിമ്പാവോ എന്ന ബ്രസീലിയൻ ഉപകരണം വായിക്കുന്നു. വില്ലുപോലുള്ള ഒറ്റക്കമ്പിവാദ്യമാണത്. വില്ലുകുലയ്ക്കുന്ന സൂക്ഷ്മതയോടെവേണം വായിക്കാൻ. സുനിലിന്റെ മൊഴിയഴകിൽ ‘ടെങ്ക് ചിങ്ക ടെങ്ക് ചെം’ എന്നാണ് അതിന്റെ താളം. അതൊന്നു സാവധാനത്തിലായതും കൊക്കരക്കോ എന്നു കോഴികൂവുന്നു– ഒന്നാന്തരം മിമിക്രിയാണ്. ബെരിമ്പാവോയുടെ താളം ഒപ്പംകൂട്ടി പിന്നെ കേൾക്കുന്നത് സുനിലിന്റെ നാടൻപാട്ടാണ്–
എട്ടെട്ടു ചില്ല കേറി
പതിനാറു കൊമ്പുകേറി
ആടിപ്പാടി കൂവണ ചാത്തൻ
പൂവൻ ചാത്തൻ..!
കേൾവിക്കാർ സ്വയംമറന്നു കൈയടികളിൽ മുങ്ങുമ്പോൾ സുനിലിന്റെ കൈകൾ തൊട്ടടുത്ത നിമിഷം മിഴാവിൽ ചെന്നു പതിക്കും. സുന്ദരമായൊരു ശ്ലോകം ആ യാത്രയ്ക്കു കൂട്ടാവും. പശ്ചാത്തലത്തിൽ ഒരുപക്ഷേ ഒരു ഗ്രിഗോറിയൻ മന്ത്രോച്ചാരണമുണ്ടാവും. പിന്നാലെ പഞ്ചാബി ഡോലിന്റെ ദ്രുതതാളം ഉയരും...

കുട്ടിക്കുറുമ്പുകാലത്തേ ശബ്ദങ്ങളെയും താളത്തെയും കൂട്ടാക്കി രസിച്ചവനാണ് സുനിൽ. പാത്രങ്ങൾ, റബർബാൻഡ്, പൊട്ടിയ ബലൂൺ, എണ്ണപുരട്ടി ഉണക്കിയെടുത്ത കടലാസ് ഇവയിലൊക്കെയായിരുന്നു ശബ്ദപരീക്ഷണങ്ങൾ. തൃശൂരിൽ ജവഹർ ബാലഭവൻ തുടങ്ങിയപ്പോൾ വീട്ടുകാർ ആദ്യ ബാച്ചിൽത്തന്നെ അവിടെ തബല പഠിക്കാൻ ചേർത്തു. തന്നിഷ്‌ടപ്രകാരം നാടകവും പടംവരയും ശില്പനിർമാണവും മാജിക്കും അവിടെനിന്നു പഠിച്ചെടുത്തു. അന്ന് അഞ്ചാം ക്ലാസിലാണ്. പിന്നെ സ്കൂൾ കലോത്സവങ്ങളിലെ താരമായി. പന്ത്രണ്ടോളം ഇനങ്ങളിലാണ് മത്സരം. സമ്മാനങ്ങൾ ചിറകടിച്ചെത്തി. തുടർച്ചയായി കലാപ്രതിഭാ പട്ടം. കോഴിക്കോട്ട് ഒരിക്കൽ നടന്ന യുവജനോത്സവത്തിൽ ഇഞ്ചോടിഞ്ചിനാണ് സ്വർണക്കപ്പ് തീരുമാനമായത്. സുനിലിന്റെ ബലത്തിൽ തൃശൂരിന് കപ്പ്. ആനപ്പുറത്തിരുത്തിയാണ് അന്ന് തൃശൂർക്കാർ സുനിലിനെ റൗണ്ടിലേക്ക് സ്വീകരിച്ചത്. സ്കൂൾകാലത്തുതന്നെ ഗാനമേള ട്രൂപ്പുകളിൽ സജീവമായി. ഇടവേളകളിൽ മിമിക്രിയുടെ പൂരവും. രാഷ്ര്‌ടപതിയിൽനിന്ന് ബാലശ്രീ അവാർഡ്, സംഗീത നാടക അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.

തൃശൂർ കേരളവർമ കോളജിലെ പഠനകാലത്തും ഇന്റർസോൺ കലാപ്രതിഭ, മികച്ച നടൻ എന്നിവയൊക്കെയായി കലാജീവിതം മുന്നേറി. പിന്നെയെത്തിയത് ആലപ്പുഴ മെഡിക്കൽ കോളജിലാണ്. അവിടെയും ഇന്റർമെഡിക്കോസിലെ കലാപ്രതിഭ മറ്റാരുമായിരുന്നില്ല. പഠനത്തിരക്കുകൾ സംഗീതപരിപാടികളെ ബാധിച്ചുതുടങ്ങിയപ്പോൾ വേറൊന്നും ആലോചിക്കാനില്ലായിരുന്നു– മെഡിക്കൽ പഠനം മതിയാക്കി. സംഗീതം മാത്രം മതിയെന്നുറപ്പിച്ചു. അച്ഛൻ കണ്ടൻകുട്ടിയും (ഇപ്പോൾ ജീവിച്ചിരിപ്പില്ല) അമ്മ അമ്മിണിയും എതിരൊന്നും പറഞ്ഞില്ല.
അന്നു മനസിൽ കുറിച്ചിട്ട താളം ഇന്ന് സുനിലിനെ ലോകമെമ്പാടുമെത്തിക്കുന്നു. അവിടെനിന്നെല്ലാം പുതിയ വാദ്യോപകരണങ്ങൾ കണ്ടെത്തിപ്പിടിക്കുന്നു. പണംകൊടുത്തു വാങ്ങാൻ കിട്ടാത്തത് ചോദിച്ചുവാങ്ങുന്നു. ചിലർ സമ്മാനമായി കൊടുക്കുന്നു. ചിലതു രൂപമാറ്റം വരുത്തിയും സുനിൽ ഉപയോഗിക്കുന്നുണ്ട്. സ്വന്തം ആശയത്തിനനുസരിച്ച് ഉപകരണങ്ങൾ നിർമിക്കാനും മടിയില്ല.

തബല, ചെണ്ട (ഇതുരണ്ടും അമ്പതിലേറെയുണ്ട്), തിമില, മദ്ദളം, തകിൽ, ഇലത്താളം, ശംഖ്, മൃദംഗം, ഘടം, കൊമ്പ്, കുഴൽ, ഗഞ്ചിറ, നന്തുണി, ഡോലക്, പഖ്വാജ്, ഡോൽ, നകാരം, മിഴാവ്, ഗിറ്റാർ, വയലിൻ, അറേബ്യൻ വാദ്യങ്ങളായ ദർബൂക, ദഫ്, ആഫ്രിക്കയിൽനിന്നുള്ള ജിമ്പേ, കോംഗ, ബോംഗോസ്, നൈജീരിയൻ ഉദു, കശീരി, ഗുയിരോ, ബൊളീവിയൻ പാൻ ഫ്ളൂട്ട്, ഷെക്കീരെ, കലിമ്പ, ഓസ്ട്രേലിയൻ ഡിജിരിഡു, പാറ്റിക്ക, കബ്ബാസ, കസു, തണ്ടർ ഡ്രംസ്, കഹോൺ ബോക്സ്, മൗത്ത് ഓർഗനുകൾ, ബെല്ലുകൾ, ഷേക്കേഴ്സ്, റെയിൻ സ്റ്റിക്സ്... ഇങ്ങനെപോകുന്നു ഉപകരണങ്ങളുടെ ശേഖരം. സഹായത്തിന് ഇലകട്രോണിക് ഉപകരണങ്ങളായ വേവ് ഡ്രംസ്, ഹാൻഡ് സോണിക്, പ്രോസസറുകൾ, ലൂപ്പറുകൾ തുടങ്ങിയവയുമുണ്ട്.

പരിചിതമല്ലാത്ത ഉപകരണങ്ങൾ യുട്യൂബ് നോക്കിയാണ് ഈ മുപ്പത്തഞ്ചുകാരൻ പഠിക്കുന്നത്. പരിശീലനം മണിക്കൂറുകൾ നീളും. ചിലിയിൽനിന്നുള്ള ഉദുവിനോടാണ് ഏറ്റവുമിഷ്‌ടം. കളിമണ്ണിൽ കൈകൊണ്ടുണ്ടാക്കുന്നതാണ് ഉദു. സുനിലിന്റെ കൈവശമുള്ള ഉപകരണത്തിന്റെ ടോൺ അതിനുമാത്രമേയുണ്ടാകൂ. അത് അനന്യമാണ്. സംഗീത സംവിധായകരുടെ പ്രിയ താരമാണ് സുനിൽ ഇന്ന്. പലരും വിളിച്ചുപറയുക ‘സുനിലേ നിന്റെ ഫുൾ സെറ്റുമായി വരണം’ എന്നാണ്. പാട്ടുകൾക്കും പശ്ചാത്തല സംഗീതത്തിനും ഉപകരണങ്ങളുമായി സുനിൽ റെഡി. സംസാരത്തിനിടയ്ക്ക് ഒരു ഫോൺ കോൾ എത്തി. വിളിച്ചയാൾക്ക് ഒരു പ്രത്യേക ശബ്ദം വേണം. (പാട്ടുപാടിക്കൊണ്ട്–) പമ്പാനദിയിൽ പൊന്നിനുപോകും പോലെയല്ലേ.. അതു നമുക്ക് ഗഞ്ചിറയിൽ അലക്കാം.. ഹാൻഡ് സോണിക്കുമുണ്ടല്ലോ.., നോക്കട്ടെ, കാശുകൂടും– പതിവു തൃശൂർ ശൈലിയിൽ കുസൃതിയോടെ സുനിലിന്റെ മറുപടി.

സോളോ പ്രകടനങ്ങളും ഫ്യൂഷനുകളുമായി ലോകത്ത് മിക്കയിടത്തും സുനിൽ എത്തിയിട്ടുണ്ട്. യാത്രകൾ ആഘോഷമാക്കുകയാണ് പതിവ്. വൻ നഗരങ്ങളിലെ തെരുവുകളിലിരുന്നുപോലും ഉപകരണങ്ങൾ വായിച്ചു. കണ്ടുമുട്ടുന്നവരെക്കുറിച്ച് അർഥമില്ലാത്ത വാക്കുകൾകൊണ്ടുള്ള ജിബ്രിഷ് രീതിയിൽ പാട്ടുണ്ടാക്കി പാടി. ചാനൽ പരിപാടികളിലും സ്റ്റേജ് ഷോകളിലും പതിവു സാന്നിധ്യം. പ്രിയനന്ദന്റെ ഞാൻ നിന്നോടുകൂടെയുണ്ട് എന്ന ചിത്രത്തിൽ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചു. ‘പെയ്യുന്നുണ്ടേ മിന്നുന്നുണ്ടേ’ എന്ന പാട്ട് സിതാരയാണ് പാടിയത്. ഓർക്കസ്ട്രയിലെ എല്ലാ ഉപകരണങ്ങളും സുനിൽ ഒറ്റയ്ക്കു വായിച്ചുചേർത്തു. ട്രാക്കു പാടിയതും സ്വയം. ഇപ്പോൾ സോളോ ആൽബം പുറത്തിറക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വല്ലാതെ കച്ചവടം ചെയ്യേണ്ട എന്ന ചിന്ത പലപ്പോഴും പിന്നിലേക്കു വലിക്കുമെന്നുമാത്രം. വാദ്യവിദഗ്ധനാണെങ്കിലും ഒരുപകരണവുമില്ലാതെ അക്കാപ്പെല്ല ശൈലിയിൽ പ്രകടനങ്ങൾ നടത്താനും ആലോചനയുണ്ട്.

അമ്മയ്ക്കും, സൗണ്ട് എൻജിനിയറായ സഹോദരി സുകന്യക്കുമൊപ്പം അയ്യന്തോളിലാണ് സുനിലിന്റെ താമസം. ഇടയ്ക്ക് അമ്മ കളിയായി ചോദിക്കും– നിന്നെ തബല കൊട്ടാൻ ആരും വിളിക്കാതായാൽ എന്തുചെയ്യും എന്ന്. വേണ്ടിവന്നാൽ കൂലിപ്പണി ചെയ്യാനും തയാർ എന്നാണ് സുനിലിന്റെ മറുപടി. അല്ലെങ്കിൽ സർക്കസ് കളിക്കും. നൂലുപോലുള്ള കമ്പി വലിച്ചുകെട്ടി അതിലൂടെ നടക്കുന്നത് പ്രാക്ടീസ് ചെയ്യണമെന്നല്ലേയുള്ളൂ! ഡോക്ടറാകാനുള്ള പഠനം തുടർന്നിരുന്നെങ്കിൽ എന്താകുമായിരുന്നു? ‘ഞാൻ സ്കിൻ സ്പെഷലിസ്റ്റ് ആകുമായിരുന്നു. ഇന്നേവരെ ലോകത്ത് ആരും മാന്തിമരിച്ചിട്ടില്ലല്ലോ’! ആ ചിരിയിലും ഒരു താളം മുറുകുന്നുണ്ട്., പഴയ മിമിക്രിക്കാരൻ കണ്ണിറുക്കുന്നുണ്ട്. അപ്പോഴേക്കും ഒരു പരിചയക്കാരൻ കൈവീശി വിളിച്ചു– ഡാ, സുന്യേ!!... കേരളവർമക്കാരൻതന്നെയാവണം.

ഹരിപ്രസാദ്