നായ്ക്കൾക്കും ഉറുമ്പുകൾക്കും മുന്നേ കന്യാസ്ത്രീകൾ
കൽക്കട്ടയിലെ തെരുവുകളിൽ അനാഥശിശുക്കളുടെ കരച്ചിൽ വാഹനങ്ങളുടെ ഒച്ചയോ ആളുകളുടെ കലപിലയോപോലെ ആരും ശ്രദ്ധിക്കാത്ത ശബ്ദങ്ങളുടെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. ചവറുകൂനകളിലേക്ക് അമ്മമാരോ മറ്റാരെങ്കിലുമോ എറിഞ്ഞുകളഞ്ഞ നവജാതശിശുക്കളിലേക്കു കണ്ണയയ്ക്കാൻ മാത്രം തിരക്കു കുറഞ്ഞവർ നഗരത്തിൽ തീരെ ചുരുക്കമായിരുന്നു. അത്തരം കുഞ്ഞുങ്ങളെ തേടിനടക്കാൻ മൂന്നു കൂട്ടരാണ് ഉണ്ടായിരുന്നത് – തെരുവുനായ്ക്കളും എറുമ്പുകളും മദർ തെരേസയുടെ കന്യാസ്ത്രീകളും. നായ്ക്കളും എറുമ്പുകളും കണ്ടെത്തുംമുൻപേ കുഞ്ഞുങ്ങളെ കണ്ടെത്തി രക്ഷപ്പെടുത്തേണ്ടിയിരുന്നതിനാൽ കന്യാസ്ത്രീകൾ എപ്പോഴും തിരക്കിട്ട് ഓട്ടമായിരുന്നു. ശിശുക്കളുടെ നനഞ്ഞ ശരീരത്തിൽനിന്ന് എച്ചിലും മാലിന്യങ്ങളും തുടച്ചുകളഞ്ഞു കന്യാസ്ത്രീകൾ അവരെ ശിശുഭവനിൽ എത്തിച്ചു ശുശ്രൂഷിച്ചു. വളരെ വിലപ്പെട്ട നിധികളായാണു മദറും കന്യാസ്ത്രീകളും ആ കുഞ്ഞുങ്ങളെ കണ്ടത്. കാരണം ഭൂമിക്ക് ദൈവത്തിന്റെ സമ്മാനമാണ് ഓരോ കുഞ്ഞും.

1972 നവംബറിൽ ഇന്ത്യാ ഗവൺമെന്റ് മദർ തെരേസയ്ക്ക് അന്തർദേശീയ ധാരണയ്ക്കുള്ള നെഹ്റു അവാർഡ് സമ്മാനിച്ചു. അന്താരാഷ്ട്ര തലത്തിൽ മദറിനുള്ള പ്രാധാന്യത്തിന് അംഗീകാരമായിരുന്നു അത്. മതങ്ങളുടെ പുരോഗതിക്കുവേണ്ടിയുള്ള ടെംപിൾട്ടൺ അവാർഡിന് 1973ൽ ലോകത്തിലെ പ്രധാന മതങ്ങളുടെ ഒൻപതു പ്രതിനിധികൾ ചേർന്നു മദറിനെ തെരഞ്ഞെടുത്തു. 34,000 പൗണ്ടിന്റെ ആ പുരസ്കാരം ലണ്ടനിലെത്തി മദർ സ്വീകരിച്ചു. വിവിധ മതങ്ങൾ ചേർന്നുള്ള പുരസ്കാരമായതിനാൽ മദറിന്റെ അവാർഡ് പ്രസംഗം എക്യുമെനിക്കൽ സ്വഭാവമുള്ളതായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ, ലണ്ടനിലെ ഗിൽഡ് ഹാളിൽ മദർ നടത്തിയ പ്രസംഗം യേശുവിലുള്ള തന്റെ വിശ്വാസത്തെക്കുറിച്ചായിരുന്നു. തനിക്ക് അവാർഡ് നൽകിയ എല്ലാവരെയും സുഖിപ്പിക്കുന്ന തരത്തിലൊരു പ്രസംഗത്തെക്കുറിച്ചു മദർ ആലോചിച്ചതേയില്ല. മദറിന്റെ പ്രസംഗത്തിൽ പല അക്രൈസ്തവർക്കും ഈർഷ്യ തോന്നിയിരിക്കാം. കത്തോലിക്കരിൽത്തന്നെ പലരും ‘ഇതിവിടെ വേണ്ടായിരുന്നു’ എന്നു മുറുമുറുത്തിട്ടുണ്ടാവും.

പ്രതികരണം ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് ഊഹിക്കാനുള്ള ബുദ്ധി മദറിന് ഇല്ലായിരുന്നുവെന്ന് ആരും പറയില്ല. പക്ഷേ, മറച്ചുവച്ചും ഒളിച്ചുപിടിച്ചും സൂചനകൾ മാത്രം നൽകിയും സംസാരിക്കുന്ന രീതി മദറിന് ഇല്ലായിരുന്നു. ആ ഹൃദയത്തിലുള്ളവ മാത്രമായിരുന്നു ആ ബുദ്ധിയിലും. ആ ബുദ്ധിയിലുള്ളവ മാത്രം പ്രവൃത്തിയിലും നാവിലും. 1974–ൽ ഭമാത്തർ എത് മജിസ്ത്ര അവാർഡ് സ്വീകരിക്കാനും 1975ൽ ഐക്യരാഷ്ട്രസംഘടനയുടെ ഭക്ഷ്യ–കൃഷി സംഘടന (എഫ്എഒ) ഇറക്കുന്ന സിയറീസ് മെഡൽ പ്രകാശിപ്പിക്കാനും മദർ അമേരിക്കയിലേക്കു പോയി. വിശക്കുന്നവരോടും പാവങ്ങളിലെ പാവങ്ങളോടും മദർ കാട്ടുന്ന മാതൃകാപരമായ സ്നേഹത്തിനും താത്പര്യത്തിനുമുള്ള അംഗീകാരമായും മദറിനെ ഭൂമിമാതാവിനോടു (സിയറീസ്) താദാത്മ്യപ്പെടുത്തിക്കൊണ്ടുമാണ് മദറിന്റെ ചിത്രം ലേഖനം ചെയ്ത സിയറീസ് മെഡലുകൾ എഫ്എഒ ഇറക്കിയത്. ഈ മെഡലുകൾ വിൽക്കുന്നതിൽനിന്നുള്ള വരുമാനം മൂന്നാംലോക രാജ്യങ്ങളിലെ എഫ്എഒ പ്രവർത്തനങ്ങൾക്കുവേണ്ടിയായിരുന്നു.

1975ൽ കൽക്കട്ടയിലെ ഇംപീരിയൽ കെമിക്കൽ ഇൻഡസ്ട്രീസ് തിൽജൂലയിലെ തങ്ങളുടെ പഴയൊരു വമ്പൻ കെട്ടിടം മദർ തെരേസയ്ക്കു സംഭാവനചെയ്തു. പ്രേംദാൻ എന്നു മദർ പേരുനൽകിയ ആ കെട്ടിടം മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗപ്പെട്ടു. അപ്പോഴേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മിഷനറീസ് ഓഫ് ചാരിറ്റിക്കു മരണാസന്നർക്കായുള്ള 32 ഭവനങ്ങളും കുഷ്ഠരോഗികൾക്കായുള്ള 67 ഭവനങ്ങളും 28 ശിശുഭവനുകളും ഉണ്ടായിക്കഴിഞ്ഞിരുന്നു. മദർ എങ്ങനെയാണ് ഓരോ സ്‌ഥാപനവും തുടങ്ങി വിജയിപ്പിക്കുന്നത് എന്നു വലിയ കമ്പനി എക്സിക്യൂട്ടീവുകൾ അസൂയയോടെയാവും വീക്ഷിച്ചത്. ദരിദ്രമായ സാഹചര്യങ്ങളിൽ ദരിദ്രമായ ഭക്ഷണം കഴിച്ചും ലളിതമായ വസ്ത്രങ്ങൾ ധരിച്ചും കുഷ്ഠരോഗികളെ പരിചരിച്ചും മറ്റും കഴിയുന്ന ഒരു കന്യാസ്ത്രീക്ക് എങ്ങനെ രാഷ്ട്രത്തലവന്മാരുടെയും വിഖ്യാത കലാകാരന്മാരുടെയും പ്രഖ്യാതരായ പത്രാധിപന്മാരുടെയുമൊക്കെ സുഹൃത്തും ആരാധനാപാത്രവുമാകാൻ കഴിയുന്നുവെന്ന് അദ്ഭുതപ്പെട്ടവർ ഏറെ.

1975ൽ അമേരിക്കയിലെ ടൈം വാരിക മദറിനെക്കുറിച്ചൊരു മുഖലേഖനം പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചു. വാരികയുടെ മുഖചിത്രമായി കൊടുക്കാനും മറ്റും മദറിന്റെ കുറേയേറെ ഫോട്ടോകൾ വേണം. ഇത്രയേറെ ഫോട്ടോകൾക്ക് ഇരുന്നുകൊടുക്കണോയെന്നു മദർ രാവിലെ ദിവ്യബലിയുടെ സമയത്തു യേശുവിനോടു ചോദിച്ചു. കൊടുക്കൂ എന്നാണു മദറിന്റെ മനസിലെത്തിയ മറുപടി. ‘‘സമ്മതിച്ചു, കൊടുക്കാം, പക്ഷേ ഒരുകാര്യം’’ എന്നു മദർ.
‘‘എന്താണു കാര്യം?’’
‘‘എടുക്കുന്ന ഓരോ ഫോട്ടോയ്ക്കും പകരമായി ശുദ്ധീകരണസ്‌ഥലത്തുനിന്ന് ഓരോ ആത്മാവിനെ വിട്ടയയ്ക്കണം. എന്താ, സമ്മതമാണോ?’’
‘‘അങ്ങനെയെങ്കിൽ അങ്ങനെ’’ – യേശുവിനു സമ്മതിക്കാതെ തരമില്ലായിരുന്നു.
അങ്ങനെ ടൈം ഫോട്ടോഗ്രഫർ ആവശ്യമുള്ളത്ര ഫോട്ടോകൾ എടുത്തു. അവയിൽ ഒന്നിന്റെ അടിസ്‌ഥാനത്തിൽ പെയിന്റ് ചെയ്ത ഛായാചിത്രമാണ് 1975 ഡിസംബറിലെ ഒരു ലക്കത്തിന് ടൈം മുഖചിത്രമാക്കിയത്.
1972 മുതൽ പല പ്രമുഖരും ആധികാരികതയുള്ളവരും മദർ തെരേസയെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനുവേണ്ടി നോർവേയിലെ നൊബേൽ കമ്മിറ്റിക്കു മുൻപാകെ നാമനിർദേശം ചെയ്യുന്നുണ്ടായിരുന്നു.

കാനഡയുടെ മുൻ പ്രധാനമന്ത്രിയും നൊബേൽ ജേതാവുമായ ലെസ്റ്റർ പിയേർസൺ, ലോകബാങ്ക് പ്രസിഡന്റായിരുന്ന റോബർട്ട് മക്നമാറ, മാൽകം മഗറിജ്, ബ്രിട്ടീഷ് ഗവൺമെന്റിൽ അംഗമായിരുന്ന ഷേർളി വില്യംസ്, എഴുത്തുകാരിയായ ബാർബറ വാർഡ്, ഐക്യരാഷ്ട്ര പരിസ്‌ഥിതി പരിപാടി തലവൻ മോറിസ് സ്ട്രോംഗ്, അമേരിക്കൻ സെനറ്റർമാരായ എഡ്വേർഡ് കെന്നഡി, മാർക് ഹാറ്റ്ഫീൽഡ്, ഹ്യൂബർട്ട് ഹംഫ്രി, പീറ്റ് ഡൊമിനിച്ചി എന്നിവർ പലവർഷങ്ങളിൽ മദറിനെ നാമനിർദേശം ചെയ്തവരിൽപ്പെടുന്നു. പല പ്രമുഖ ജീവകാരുണ്യ പ്രസ്‌ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളും അതുതന്നെ ചെയ്തു.

നൊബേൽസമ്മാനം ലഭിച്ചാൽ ആ പണം ഉപയോഗിച്ചു വിവിധ രാജ്യങ്ങളിൽ കുഷ്ഠരോഗികൾക്കായി ഇരുന്നൂറു ഭവനങ്ങൾ നിർമിക്കാൻ മിഷണറീസ് ഓഫ് ചാരിറ്റി പദ്ധതിയിടുകയും ചെയ്തു. എന്നാൽ, സമ്മാനം ഒഴിഞ്ഞുമാറി പൊയ്ക്കൊണ്ടിരുന്നു. ‘‘സമയമായെന്നു യേശു വിചാരിക്കുമ്പോൾ മാത്രമേ സമ്മാനം കിട്ടൂ.’’ എന്നായിരുന്നു മദറിന്റെ പ്രതികരണം. അതിനുവേണ്ടി മിഷനറീസ് ഓഫ് ചാരിറ്റി പ്രാർഥിച്ചുകൊണ്ടിരുന്നു.

മദറിനെ തുടർച്ചയായി നാമനിർദേശം ചെയ്തുകൊണ്ടിരുന്ന ഒരാൾ റോബർട്ട് മക്നമാറയാണ്. മൂന്നാംലോക രാജ്യങ്ങളിലെ ദരിദ്രർക്കു സമ്പന്നരാജ്യങ്ങളിൽനിന്നു പോഷകാഹാരങ്ങൾ എത്തിച്ചുകൊടുക്കുന്ന പദ്ധതിക്കുവേണ്ടി ലോകബാങ്ക് പ്രസിഡന്റായിരിക്കുമ്പോൾ മക്നമാറ മിഷനറീസ് ഓഫ് ചാരിറ്റിയെ വളരെയേറെ ആശ്രയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട രാജ്യങ്ങളിലെ സർക്കാരുകൾവഴി വിതരണം നടത്തിയിരുന്നപ്പോഴത്തേതിനേക്കാൾ പതിന്മടങ്ങു കാര്യക്ഷമതയോടെയും കൃത്യതയോടെയുമാണു മിഷനറീസ് ഓഫ് ചാരിറ്റി ഭക്ഷ്യവസ്തുക്കളുടെ വിതരണം നടത്തിക്കൊടുത്തിരുന്നത്.

നൊബേൽ സമാധാന സമ്മാനത്തിനു മദർ തെരേസയെ നാമനിർദേശം ചെയ്തുകൊണ്ടുള്ള 1975ലെ കത്തിൽ മക്നമാറ പറഞ്ഞു, “‘‘അവരുടെ ജോലിയുടെ സംഘടനാപരമായ ഘടനയെക്കാൾ പ്രധാനം അതു നൽകുന്ന സന്ദേശമാണ്. കേവലം ശത്രുതയുടെ അഭാവമല്ല യഥാർഥ സമാധാനമെന്നും വ്യക്‌തികൾ തമ്മിൽത്തമ്മിൽ നീതിയോടെയും കാരുണ്യത്തോടെയും പെരുമാറുന്ന സാമൂഹികക്രമത്തിൽനിന്ന് ഉദ്ഭൂതമാകുന്ന പ്രശാന്തതയാണു യഥാർഥത്തിലുള്ള സമാധാനമെന്നുമാണ് ആ സന്ദേശം. ആ വസ്തുതയ്ക്കു കൂടുതൽ അംഗീകാരമുണ്ടാകുന്നില്ലെങ്കിൽ ലോകസമാധാനത്തിനുള്ള സാധ്യത അപകടകരമാംവിധം ദുർബലമായിരിക്കുമെന്നാണു മനുഷ്യസംഘർഷങ്ങളുടെ നീണ്ട ചരിത്രം കാട്ടിത്തരുന്നത്. പൂർണ ദരിദ്രരെക്കുറിച്ചുള്ള മദർ തെരേസയുടെ കരുതൽ വ്യക്‌തമായി കാട്ടിത്തരുന്ന വസ്തുതയും അതാണ്.’’

അവസാനം ആ പ്രഖ്യാപനം വന്നു. 1979 ഒക്ടോബർ 16ന്. ആ വർഷം സമാധാനത്തിനുള്ള നൊബേൽ സമ്മാനം മദർ തെരേസയ്ക്കു നിശ്ചയിച്ചുകൊണ്ടുള്ള നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ പ്രഖ്യാപനത്തിനു മറ്റ് ഏതൊരു നൊബേൽ സമാധാന സമ്മാന പ്രഖ്യാപനത്തേയുംകാൾ ഹാർദമായ സ്വാഗതം ലഭിച്ചു. (തുടരും)

ജോൺ ആന്റണി