പണവും അധികാരവും ദൈവമല്ല
റഷ്യയിലെ യഹൂദമതവിശ്വാസികളുടെയിടയിൽ ജന്മമെടുത്ത ലുബാവിച്ച് ചസിഡിക് പ്രസ്‌ഥാനത്തിന്റെ ആറാമത്തെ ആധ്യാത്മിക നേതാവായിരുന്നു റബ്ബി യോസഫ് ഇസഹാക്ക് ഷ്നീർസോൺ (1880–1950). 1920–ൽ ഷ്നീർസോണിന്റെ പിതാവായ ഷോളോം മരണമടഞ്ഞപ്പോഴായിരുന്നു ചസിഡിക് പ്രസ്‌ഥാനത്തിന്റെ നേതൃത്വം അദ്ദേഹം ഏറ്റെടുത്തത്. റഷ്യയിൽ കമ്യൂണിസ്റ്റുകൾ അധികാരത്തിൽ വന്ന സമയമായിരുന്നു അത്.

റഷ്യയിൽനിന്നു മതവിശ്വാസം നിർമാർജനം ചെയ്യുന്നതിനു കമ്യൂണിസ്റ്റുകൾ ശ്രമിച്ചപ്പോൾ അതിനെതിരായി പോരാടാൻ ഷ്നീർസോൺ ഉണ്ടായിരുന്നു. അങ്ങനെയാണ് 1927–ൽ അദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടത്. കമ്യൂണിസ്റ്റ് ഗവൺമെന്റിനെ മറിച്ചിടാനുള്ള ശ്രമങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു എന്നായിരുന്നു അദ്ദേഹത്തിനെതിരേ അധികാരികൾ ഉന്നയിച്ച ആരോപണം. അതേത്തുടർന്ന് വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്തു.

എന്നാൽ വിവിധ പാശ്ചാത്യരാജ്യങ്ങളിൽനിന്നും ഇന്റർനാഷണൽ റെഡ്ക്രോസിൽനിന്നും ഉണ്ടായ സമ്മർദത്തെത്തുടർന്നു വധശിക്ഷ മൂന്നുവർഷത്തെ തടവായി ചുരുക്കി. അതിനെതിരേയും പ്രതിഷേധം ഉണ്ടായപ്പോൾ റഷ്യയിൽനിന്നു ലാറ്റ്വിയയിലേക്കു രക്ഷപ്പെടാൻ അധികാരികൾ അദ്ദേഹത്തെ അനുവദിച്ചു. ലാറ്റ്വിയയിലെത്തിയ അദ്ദേഹം ഇസ്രയേലും അമേരിക്കയും സന്ദർശിച്ചു. അമേരിക്കയിൽ സ്‌ഥിരമായി താമസിക്കാൻ അനുയായികൾ അദ്ദേഹത്തെ നിർബന്ധിച്ചു. പക്ഷേ അവരുടെ നിർബന്ധത്തിനു വഴങ്ങാതെ അദ്ദേഹം യൂറോപ്പിലേക്കു മടങ്ങി. യൂറോപ്പിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ പോളണ്ടിലെ വാഴ്സോയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. 1939–ൽ പോളണ്ടിനെ ആക്രമിച്ച ജർമനി അവിടത്തെ യഹൂദരെ വേട്ടയാടാൻ തുടങ്ങി. അപ്പോൾ ഓടിരക്ഷപ്പെടാൻ അദ്ദേഹത്തെ പലരും ഉപദേശിച്ചെങ്കിലും അദ്ദേഹം അതിനു വഴങ്ങിയില്ല.

വാഴ്സോ കീഴടങ്ങിയപ്പോൾ ഷ്നീർസോൺ നാസികളുടെ പിടിയിലായി. എന്നാൽ അമേരിക്കയുടെ ശക്‌തമായ സമ്മർദത്തെത്തുടർന്ന് നാസികൾ അമേരിക്കയിലേക്കു കുടിയേറാൻ അദ്ദേഹത്തെ അനുവദിച്ചു. അക്കാലത്ത് അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കാളിയായിരുന്നില്ല. 1941 ഡിസംബർ 7–ന് അമേരിക്കയുടെ ഭാഗമായ ഹാവായിയിലെ പേൾ ഹാർബറിൽ ജപ്പാൻ ബോംബിട്ടപ്പോഴായിരുന്നല്ലോ അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിൽ പ്രവേശിച്ചത്. വാഴ്സോയിൽ നിന്ന് 1940–ൽ അമേരിക്കയിലെത്തിയ ഷ്നീർസോൺ 1949–ൽ അമേരിക്കൻ പൗരനായി. പതിവിനു വിപരീതമായി ഒരു ഫെഡറൽ ജഡ്ജി ഷ്നീർസോണിന്റെ ആസ്‌ഥാനത്തെത്തി അദ്ദേഹത്തിനു പൗരത്വം നൽകിയത് അദ്ദേഹത്തിനും അദ്ദേഹം നേതൃത്വം വഹിച്ചിരുന്ന ആധ്യാത്മിക പ്രസ്‌ഥാനത്തിനും അക്കാലത്ത് അമേരിക്കയിലുണ്ടായിരുന്ന സ്വാധീനമാണ് സൂചിപ്പിക്കുന്നത്. ന്യൂയോർക്കിലെ ബ്രൂക്ക്ലിനിൽ താമസിച്ചിരുന്ന അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി യഹൂദരുടെയിടയിലെ ഓർത്തഡോക്സ് വിഭാഗത്തിനു വലിയ വളർച്ച ഉണ്ടാവുകയുണ്ടായി.

ഷ്നീർസോണിന്റെ പ്രവർത്തനങ്ങളുടെ വിജയത്തിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ ഉറച്ച ദൈവവിശ്വാസമായിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ആഴം വ്യക്‌തമാക്കുന്ന ഒരു സംഭവം അദ്ദേഹത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1927–ൽ റഷ്യയിലെ ലെനിൻഗ്രാഡിലുള്ള ഒരു സിനഗോഗിൽ അദ്ദേഹവും അനുയായികളും പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് പോലീസ് അവിടെയെത്തി അദ്ദേഹത്തെ അറസ്റ്റുചെയ്ത് പോലീസ്സ്റ്റേഷനിൽ കൊണ്ടുപോയത്. അദ്ദേഹം മതവിശ്വാസവും മതപരമായ പ്രവർത്തനങ്ങളും ഉടനെ അവസാനിപ്പിക്കണമെന്നായിരുന്നു പോലീസിന്റെ ഡിമാൻഡ്. എന്നാൽ അദ്ദേഹം അതിനു തയാറായില്ല. ഉടനെ ഒരു തോക്ക് അദ്ദേഹത്തിന്റെ നേരേ ചൂണ്ടിക്കൊണ്ട് ഒരു പോലീസ് ഓഫീസർ പറഞ്ഞു, ‘ഈ കളിപ്പാട്ടം മറ്റു പലരുടെയും മനസ് മാറ്റിയിട്ടുണ്ട്.‘

അപ്പോൾ പ്രശാന്തത അൽപംപോലും കൈവിടാതെ അദ്ദേഹം പറഞ്ഞു, ‘പല ദൈവങ്ങളും ഒരു ലോകവും ഉള്ളവർക്ക് ഈ കളിപ്പാട്ടം കണ്ടാൽ മനസ് മാറിയേക്കാം. എന്നാൽ എനിക്ക് ഒരേയൊരു ദൈവം മാത്രവും അതോടൊപ്പം രണ്ടു ലോകവും ഉള്ളതുകൊണ്ട് നിങ്ങളുടെ കളിപ്പാട്ടതിന് എന്റെ മനസ് മാറ്റാൻ കഴിയില്ല.‘ ഷ്നീർസോൺ പറഞ്ഞതു പരമാർഥമായിരുന്നു. അദ്ദേഹത്തെ അറസ്റ്റുചെയ്ത പോലീസ് അധികാരികൾക്ക് ഈ ലോകത്തിനപ്പുറം മറ്റൊരു ലോകം കാണാൻ കഴിഞ്ഞില്ല. അതുപോലെ, സകലത്തിന്റെയും നാഥനായ ഏകദൈവത്തെ കാണുന്നതിനും അംഗീകരിക്കുന്നതിനും അവർക്കു സാധിച്ചില്ല. അതിനുപകരം അവർ കണ്ടത് ഈ ലോകം മാത്രമായിരുന്നു. അതുപോലെ അവർ കണ്ടതും അംഗീകരിച്ചതും ഈ ഭൂമിയിലെ അധികാരികളായ ദൈവങ്ങളെയായിരുന്നു.

എന്നാൽ ഷ്നീർസോണിന്റെ സ്‌ഥിതി അതായിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരേയൊരു ദൈവം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാവരെയും സൃഷ്ടിക്കുന്നവനും പരിപാലിക്കുന്നവനും രക്ഷിക്കുന്നവനുമായ ദൈവം. അതുപോലെ, അദ്ദേഹത്തിന് നാം ജീവിക്കുന്ന ഈ ലോകത്തിൽ മാത്രമല്ല പ്രതീക്ഷ ഉണ്ടായിരുന്നത്. മരണാനന്തര ജീവിതത്തിലും അദ്ദേഹത്തിന് ഉറച്ച പ്രതീക്ഷ ഉണ്ടായിരുന്നു. തന്മൂലമാണ് തോക്കിന്റെ മുൻപിലും തന്റെ വിശ്വാസം ഏറ്റുപറയാൻ അദ്ദേഹത്തിനു സാധിച്ചത്. നാമെല്ലാവരും ഈ ലോകത്തിൽ മാത്രമല്ല വരാനിരിക്കുന്ന ലോകത്തിലും വിശ്വസിക്കുന്നവരാണ്. അതുപോലെ ഒരേയൊരു ദൈവത്തിൽ മാത്രമേ നാം വിശ്വസിക്കുന്നുള്ളു എന്നും നാം ഏറ്റുപറയാറുണ്ട്. എന്നാൽ, നമ്മുടെ ജീവിതരീതിയും പ്രവർത്തനശൈലിയും കണ്ടാൽ നമുക്ക് ഈ ജീവിതത്തിൽ മാത്രമാണു പ്രത്യാശയെന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാൽ അതു തെറ്റാകുമോ? അതുപോലെ പണം, അധികാരം, പ്രൗഢി എന്നിങ്ങനെയുള്ള ദൈവങ്ങളുടെ പിന്നാലെ നാം പോകുമ്പോൾ നമുക്ക് ഏകദൈവം മാത്രമേയുള്ളൂ എന്ന് എങ്ങനെ പറയാൻ സാധിക്കും?

ഈ ലോകത്തിൽ മാത്രമല്ല മരണാനന്തര ജീവിതത്തിലും നമുക്ക് വിശ്വാസമുണ്ട് എന്നു വ്യക്‌തമാക്കുന്ന രീതിയിലായിരിക്കട്ടെ നമ്മുടെ ജീവിതം. അതുപോലെ, നാം വിശ്വസിക്കുന്ന ഏകദൈവം മാത്രമായിരിക്കട്ടെ നമ്മുടെ ജീവിതത്തിലെ ദൈവം. പണം, അധികാരം, സ്‌ഥാനമാനങ്ങൾ എന്നിവയൊന്നും നമ്മുടെ ദൈവങ്ങളാകാൻ നാം അനുവദിക്കരുത്.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ