നീയില്ലാതെ.., ശ്വാസം നിലച്ചതുപോലെ...
നിന്റെ ഹൃദയത്തിൽ എന്തോ ഒരപേക്ഷ മൂടിവച്ചതുപോലെ
നീ കണ്ണുകൾകൊണ്ട് എന്തോ പറഞ്ഞതുപോലെ...
കണ്ണുതുറന്നിരുന്നിട്ടും ഒരു ജന്മം അവസാനിച്ചതുപോലെ
ജീവൻ ബാക്കിയുണ്ടായിട്ടും ശ്വാസം നിലച്ചുപോയതുപോലെ...

കോയി ഫരിയാദ് തേരേ ദിൽ മേ ദബീ ഹോ ജേസേ...– ജഗ്ജീത് സിംഗിന്റെ ശബ്ദത്തിലാണ് നിങ്ങളീ ഗസൽ കേൾക്കുന്നത്. പതിനഞ്ചു വർഷത്തിനുശേഷം ഇതു കേൾക്കുമ്പോഴേക്കും ആ ഗായകൻ ഓർമയായിട്ട് വർഷം അഞ്ചുകഴിഞ്ഞിരിക്കുന്നു. 2001ൽ പുറത്തിറങ്ങിയ തും ബിൻ എന്ന ചിത്രത്തിലേതാണ് ഹൃദയത്തിൽ ഉമ്മവയ്ക്കുന്ന ഈ ഗസൽ. ഫായിസ് അൻവർ എഴുതി നിഖിൽ–വിനയ് ഈണമിട്ട ഇത് ‘ഗസൽജീത് സിംഗ’് അത്രമേൽ ഉള്ളിൽത്തട്ടിയാണ് പാടിയിരിക്കുന്നത് (അല്ലെങ്കിൽ ഏതാണ് അങ്ങനെയല്ലാത്തത് എന്ന ചോദ്യമില്ല..). ഈ ഗസലിനെയും ഗായകനെയും ഓർക്കാൻ നൂറു കാരണങ്ങൾക്കൊപ്പം ഇപ്പോൾ ഒന്നുകൂടിയുണ്ട്. തും ബിൻ 2 എന്ന പേരിൽ പുറത്തിറങ്ങുന്ന ഒരു ചിത്രത്തിൽ ആ ഗാനം പുനർജനിക്കുന്നു.

ഗായകനും സംഗീതസംവിധായകനുമായ അങ്കിത് തിവാരിയാണ് കോയി ഫരിയാദ് വീണ്ടും ഒരുക്കിയിരിക്കുന്നത്. പതിനഞ്ചുകൊല്ലം മുമ്പ് ഒറിജിനൽ പാട്ടുണ്ടായപ്പോൾ ജനിച്ചിട്ടില്ലാത്ത തലമുറകൂടി ഇന്ന് അതിനു കാതോർക്കുന്നു. ഉറുദു കവി ഷക്കീൽ ആസ്മി എഴുതിയ ഗാനത്തിനിടയ്ക്കാണ് പഴയ ഗസൽ വിടർന്നുവരുന്നത്. പഴയതിന്റെ തനിമ സൂക്ഷിച്ചുകൊണ്ടുതന്നെ പുതിയ ഈണങ്ങൾക്കിടയ്ക്കു കൂട്ടിയിണക്കുന്നത് ശ്രമകരമായ ജോലിയായിരുന്നെന്ന് അങ്കിത് പറയുന്നു. ആദ്യം മടിച്ചെങ്കിലും സംവിധായകൻ അനുഭവ് സിൻഹയുടെ നിർബന്ധത്തിനു വഴങ്ങി ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ജഗ്ജീത് സിംഗിന്റെ ശബ്ദത്തിനൊപ്പം രേഖാ ഭരദ്വാജ് ആണ് പുതിയ പതിപ്പിൽ പാടിയിരിക്കുന്നത്.

സ്നേഹഗായകന്റെ റെക്കോഡിംഗുകളുടെ ശേഖരത്തിൽ ഏറെ പരതിയാണ് തേരി ഫരിയാദിന്റെ ഒറിജിനൽ കണ്ടെത്തിയത്. രണ്ടിഞ്ച് മാഗ്നെറ്റിക് ടേപ്പിൽനിന്ന് ഡിജിറ്റൽ രൂപത്തിലേക്കു മാറ്റാൻ ഏതാണ്ട് ആറു മാസമെടുത്തു. ഗാനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

എങ്ങനെയാണ് ഗസൽ ചക്രവർത്തിയായ ജഗ്ജീത് സിംഗ് ഇടയ്ക്കിടെ വന്നു തൊട്ടുവിളിക്കുന്നത്? അദ്ദേഹത്തിന്റെ ഓർമകൾക്ക് മരണമില്ലാത്തതെന്തുകൊണ്ടാവാം? സാധാരണക്കാരന് ആസ്വദിക്കാവുന്ന വിധത്തിൽ ഗസലുകളുണ്ടാക്കിയതാണ് ജഗ്ജീത് സിംഗിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയാറുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ തൊണ്ടയിൽനിന്നു വന്നതെല്ലാം ക്ലാസിക്കുകളായി. മകനെ ഐഎഎസുകാരനാക്കണമെന്നായിരുന്നു ജഗ്ജീത് സിംഗിന്റെ പിതാവിനു മോഹം. ചിമ്മിനിവെട്ടത്തിലിരുന്നായിരുന്നു പഠനം– വീട്ടിൽ അന്നു വൈമൂടൽമഞ്ഞ്, തുള്ളികളായി, കണ്ണീരായി ഒഴുകി. കേൾവിക്കാരുടെ കണ്ണുകളെയും അതു നനയ്ക്കാറുണ്ട്– ഇന്നും.

ഗസലിനെ ജയിച്ചവൻ എന്ന അർഥത്തിലാണ് പ്രിയ സുഹൃത്തും കവിയുമായ ഗുൽസാർ ജഗ്ജീത് സിംഗിനെ (യഥാർഥ നാമം ജഗ്മോഹൻ സിംഗ് എന്നായിരുന്നു) ഗസൽജീസ് സിംഗ് എന്ന പേരുവിളിച്ചത്. അതദ്ദേഹത്തിന് ഏറ്റവും അനുയോജ്യമായ പേരായിരുന്നു. ഇപ്പോഴും അങ്ങനെയാണ്. മരാസിം എന്നപേരിൽ ഇറങ്ങിയ ആൽബം ഓർക്കാം. ഗുൽസാറിന്റെ വരികളാണ് അതിൽ. ബന്ധങ്ങളെയും കാലങ്ങളെയും കുറിച്ച് ഗുൽസാർ പരുക്കൻ ശബ്ദത്തിൽ സംസാരിക്കുകയും ജഗ്ജീത് മൃദുവായി പാടുകയും ചെയ്യുന്നു. സൗഹൃദത്തിന്റെ ഗാനങ്ങളാണവ. പിരിഞ്ഞുപോയവരെക്കുറിച്ചുള്ള ഓർമകളും. കേൾക്കാത്തവർ തേടിപ്പിടിക്കേണ്ട ആൽബം.
പഴയ ഈണങ്ങൾ മഞ്ഞുപുതപ്പിക്കുമ്പോൾ ഓർമകളുടെ തണുപ്പാണ്. അദ്ദേഹത്തെ മരണം പാടിയുറക്കിയിട്ട് അഞ്ചുവർഷം കഴിഞ്ഞിരിക്കുന്നു. 2011ൽ ബ്രിട്ടനിൽ കച്ചേരിക്കുശേഷം ഗുലാം അലിയുമൊത്ത് മുംബൈയിൽ പാടാനൊരുങ്ങിയതാണ്. സെപ്റ്റംബർ 23ന് അദ്ദേഹത്തിന് മസ്തിഷ്കാഘാതമുണ്ടായി. രണ്ടാഴ്ചയിലേറെ ബോധംനഷ്‌ടപ്പെട്ട നിലയിൽ അദ്ദേഹം ആശുപത്രിയിൽ കഴിഞ്ഞു. ഒക്ടോബർ പത്തിനായിരുന്നു അന്ത്യം. മുംബൈയിലെ മറൈൻ ലൈൻസ് ചന്ദൻവാടിയിൽ അദ്ദേഹം ഉറങ്ങുന്നുണ്ട്. ഒരുപാടീണങ്ങൾ ഉണർന്നിരിക്കുന്നുണ്ട്.

ഹരിപ്രസാദ്