കരുണയ്ക്കു താങ്ങായി നൊബേൽ
കൽക്കട്ടയിലെ മദർ ഹൗസിൽ മാധ്യമപ്രതിനിധികളും ഫോട്ടോഗ്രഫർമാരും തിങ്ങിക്കൂടി. വിശ്വപുരസ്കാര ലബ്ധിയിൽ മദറിന്റെ പ്രതികരണം എന്തെന്ന് അവർ ആരാഞ്ഞു. ‘‘പാവങ്ങളുടെ പേരിൽ ഞാൻ സമ്മാനം സ്വീകരിക്കുന്നു. പാവങ്ങളുടെ ലോകത്തിനുള്ള അംഗീകാരമാണീ സമ്മാനം. പാവങ്ങളെ സേവിക്കുന്നതിലൂടെ ഞാൻ യേശുവിനെയാണു സേവിക്കുന്നത്,’’ മദർ പറഞ്ഞു.

രാഷ്ട്രത്തലവന്മാരുടെയും പ്രസ്‌ഥാന നായകരുടെയും അഭിനന്ദനസന്ദേശങ്ങൾ മദറിനെ മൂടി. ഇന്ത്യൻ പത്രങ്ങളിലെല്ലാം മദറിന്റെ വാർത്ത നെടുങ്കൻ തലക്കെട്ടായപ്പോൾ കൽക്കട്ടയിലെ പത്രങ്ങൾ അതൊരു ഉത്സവമാക്കി. ടാഗോറിനു ശേഷം ആദ്യമായി കൽക്കട്ടയിൽ ഒരു നൊബേൽ ജേതാവ് ഉണ്ടാകുകയായിരുന്നല്ലോ. പശ്ചിമബംഗാൾ സർക്കാർ നൽകിയ സ്വീകരണച്ചടങ്ങിൽ മുഖ്യമന്ത്രി ജ്യോതിബസു മദറിനോടു പറഞ്ഞു, ‘‘അങ്ങ് ഇതുവരെ ബംഗാളിന്റെ അമ്മയായിരുന്നു. ഇപ്പോൾ ലോകത്തിന്റെ അമ്മയായിരിക്കുന്നു.’’

നൊബേൽ സമ്മാനം സ്വീകരിക്കാൻ 1979 ഡിസംബറിൽ മദർ നോർവേയിലെ ഓസ്ലോയിൽ എത്തി. ആ വർഷം ലോകത്തു നടന്ന അക്രമങ്ങളിലേക്കും യുദ്ധങ്ങളിലേക്കും മതഭ്രാന്തിന്റെയും മനുഷ്യജീവനോടുള്ള അവജ്‌ഞയുടെയും പ്രകടനങ്ങളിലേക്കും വിരൽചൂണ്ടിക്കൊണ്ടാണ് നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ അധ്യക്ഷൻ പ്രഫ.ജോൺ സാൻസ് പ്രസംഗിച്ചത്. ‘‘ഈവർഷംതന്നെ മദർ തെരേസയെ സമ്മാനത്തിനായി തെരഞ്ഞെടുത്തതു യുക്‌തവും ഉചിതവുമെന്നു നൊബേൽ കമ്മിറ്റി കരുതുന്നു. അയൽക്കാരനെ സ്നേഹിക്കുക എന്നതാണ് യാഥാർഥ്യബോധമുള്ള നയമെന്ന ഫ്രിജോഫ് നാൻസന്റെ വാക്കുകൾ ലോകത്തെ ഓർമപ്പെടുത്താൻ മദർ തെരേസയുടെ തെരഞ്ഞെടുപ്പ് ഉതകും,’’ അദ്ദേഹം പറഞ്ഞു.

പ്രാർഥനയോടെയാണു മദർ തന്റെ നൊബേൽ പ്രസംഗം തുടങ്ങിയത്. ‘‘ഇന്നു സമാധാനത്തിന്റെ ഏറ്റവും വലിയ ഭീഷണി ഗർഭഛിദ്രമാണ്. കാരണം അതു നേരിട്ടുള്ള യുദ്ധമാണ്, നേരിട്ടുള്ള കൊലപാതകമാണ്,’’ അമ്മതന്നെ നടത്തുന്ന നേരിട്ടുള്ള കൊലയാണ്. കുഞ്ഞുങ്ങളെ കൊല്ലരുതെന്നും തങ്ങൾ വളർത്തിക്കൊള്ളാമെന്നും മിഷനറീസ് ഓഫ് ചാരിറ്റി ആശുപത്രികളെയും പോലീസ്സ്റ്റേഷനുകളെയും അറിയിച്ചതുവഴി ആയിരക്കണക്കിനു ജീവനുകളാണു രക്ഷപ്പെട്ടിട്ടുള്ളതെന്നു മദർ പറഞ്ഞു. യാചകരെയും കുഷ്ഠരോഗികളെയും ചേരിനിവാസികളെയും തെരുവിന്റെ മക്കളെയും തങ്ങൾ കൃത്രിമമാർഗങ്ങളിലൂടെയല്ലാത്ത കുടുംബാസൂത്രണം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആറുമാസത്തിനുള്ളിൽ ഇതിന്റെ വളരെ നല്ല ഫലം കാണാനുണ്ടെന്നും മദർ കൂട്ടിച്ചേർത്തു.

‘‘പാവങ്ങൾ വളരെ നല്ലവരാണ്. മനോഹരമായ പല കാര്യങ്ങളും നമ്മെ പഠിപ്പിക്കാൻ അവർക്കു കഴിയും. കഴിഞ്ഞദിവസം അവരിലൊരാൾ വന്നു ഞങ്ങളോടു നന്ദിയോടെ പറഞ്ഞു, കന്യാവ്രതം അനുഷ്ഠിക്കുന്ന നിങ്ങളാണ് കുടുംബാസൂത്രണം പഠിപ്പിക്കാൻ ഏറ്റവും യോഗ്യർ, കാരണം പരസ്പരസ്നേഹത്താലുള്ള ആത്മനിയന്ത്രണമാണല്ലോ കുടുംബാസൂത്രണം. അവർ പറഞ്ഞതു വളരെ മനോഹരമായൊരു വാചകമല്ലേ?’’ മദർ സദസിനോടു പറഞ്ഞു. ഗർഭഛിദ്രത്തിനെതിരേയുള്ള മദറിന്റെ കടുത്ത നിലപാട് ഏറെ വിവാദങ്ങൾക്കു വഴിതെളിച്ചു. പക്ഷേ, മദറിന്റെ നിലപാട് എന്നെങ്കിലും മാറാനുള്ളതായിരുന്നില്ല, മയപ്പെടാനുള്ളതുമായിരുന്നില്ല.
നൊബേൽസമ്മാന ലബ്ധിയോടെ മദർ തെരേസയുടെ പ്രശസ്തി സൂര്യരശ്മികൾപോലെ ഭൂമിയിൽ ഏതാണ്ട് എല്ലായിടത്തുംതന്നെ പരന്നു. വാസ്തവത്തിൽ മദറിനു പ്രസിദ്ധി വലിയൊരു സഹനമായിരുന്നു. നൊബേൽ ജേതാവായപ്പോൾ കിട്ടിയ സ്വീകരണങ്ങളെയും മാധ്യമശ്രദ്ധയെയുംകുറിച്ചു മദർ പറഞ്ഞത്, ആ പബ്ലിസിറ്റിയുടെ പേരിൽത്തന്നെ ഞാൻ നേരേ സ്വർഗത്തിലേക്കു പോകണം എന്നാണ്.

പക്ഷേ, ആ പ്രസിദ്ധി മിഷണറീസ് ഓഫ് ചാരിറ്റിക്കു ചെയ്ത പ്രയോജനം കുറച്ചൊന്നുമല്ല. അതുതന്നെയാണു മദർ പ്രതീക്ഷിച്ചതും. നൊബേൽ സമ്മാനത്തുകതന്നെ 90,000 പൗണ്ട് ഉണ്ടായിരുന്നു. അതുകൂടാതെ നോർവേയിലെ യുവാക്കളുടെ സംഭാവനയായി 36,000 പൗണ്ടും ലഭിച്ചു. സമ്മാനദാനത്തോടനുബന്ധിച്ചു പതിവുള്ള വിരുന്നുസത്കാരം ഒഴിവാക്കി അതിനു ചെലവാക്കേണ്ടിയിരുന്ന മൂവായിരം പൗണ്ടും മദർ വാങ്ങിയെടുത്തു. ഒരുനേരത്തെ ഭക്ഷണം കിട്ടിയെങ്കിലെന്ന് ആഗ്രഹിച്ചിരിക്കുന്ന പാവങ്ങൾക്കു വലിയൊരു വിരുന്നു നൽകാൻ അത് ഉതകുമല്ലോ എന്നായിരുന്നു മദറിന്റെ വിശദീകരണം. പിന്നീടു ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നു മിഷണറീസ് ഓഫ് ചാരിറ്റിക്കു സഹായങ്ങൾ പ്രവഹിക്കുകയായിരുന്നു. ഈ സഭയോടു സഹകരിച്ചു പ്രവർത്തിക്കാൻ പല പ്രസ്‌ഥാനങ്ങളും മുന്നോട്ടുവന്നു. പണം മദർതെരേസയുടെ സഭയ്ക്ക് ഒരു പ്രശ്നമേ ആയില്ല. എവിടെനിന്നെങ്കിലും എപ്പോഴും പണവും മരുന്നുകളും സ്‌ഥലവും കെട്ടിടങ്ങളുമൊക്കെ വന്നുചേർന്നുകൊണ്ടിരുന്നു.

മദറിനു വിശ്രമിക്കാൻ സമയമുണ്ടായിരുന്നില്ല എന്നു മാത്രം. പല രാജ്യങ്ങളിലേക്കും പല ചടങ്ങുകളിലേക്കും ക്ഷണം വന്നുകൊണ്ടിരുന്നു. പുതിയ ഭവനങ്ങൾ സ്‌ഥാപിക്കാൻ അവസരം കിട്ടാവുന്ന ഒരു യാത്രയും മദർ ഒഴിവാക്കിയില്ല. ലോകത്തിന്റെ ഏതു ഭാഗത്തെങ്കിലും തന്റെ സഭയ്ക്കു സഹായിക്കാൻ കഴിഞ്ഞേക്കാവുന്ന ഒരു പ്രതിസന്ധിയുണ്ടായാൽ മദർ അവിടെ ഉണ്ടാവും. എത്യോപ്യയിൽ കടുത്ത ക്ഷാമം ഉണ്ടായപ്പോൾ അവിടെ, ചെർണോബിൽ ആണവദുരന്തം ഉണ്ടായപ്പോൾ സോവ്യറ്റ് യൂണിയനിൽ, ഭോപ്പാലിൽ വാതകദുരന്തമുണ്ടായപ്പോൾ അവിടെ, ബെയ്റൂട്ടിൽ യുദ്ധമുണ്ടായപ്പോൾ അവിടെ...വാർധക്യത്തിൽ മദറിന്റെ ഊർജം വർധിച്ചതുപോലെയായിരുന്നു. സ്വന്തം ആരോഗ്യത്തെക്കുറിച്ചു മദർ ചിന്തിച്ചതേയില്ല. ദൈവപരിപാലനയിൽ ഉറച്ച വിശ്വാസമുള്ളയാൾക്ക് എന്തിന് അങ്ങനെയൊരു വേവലാതി.

1985ൽ ആഫ്രിക്കയിലെ എത്യോപ്യയിൽ കടുത്ത ക്ഷാമം ഉണ്ടായപ്പോൾ മിഷണറീസ് ഓഫ് ചാരിറ്റി അവിടെ ചെയ്ത സേവനങ്ങൾ വിപുലമാണ്. മദർ നേരിട്ട് അവിടെയെത്തി, എത്യോപ്യയിൽ ഉടനീളം യാത്രചെയ്തു. ആ സമയം അവിടെ ലോകപ്രശസ്ത പോപ് ഗായകനായ ബോബ് ഗെൽഡോഫ് സംഗീതപര്യടനം നടത്തുന്നുണ്ടായിരുന്നു. സംഗീതപരിപാടികളിൽനിന്നുള്ള വരുമാനം എത്യോപ്യയിലെ പട്ടിണിപ്പാവങ്ങൾക്കു നൽകുകയായിരുന്നു കത്തോലിക്കനായി ജനിച്ചെങ്കിലും പിന്നീട് സഭാവിരുദ്ധനായി മാറിയ ഗെൽഡോഫിന്റെ ഉദ്ദേശ്യം.

എത്യോപ്യൻ തലസ്‌ഥാനത്തെ വിമാനത്താവളത്തിലെ ലൗഞ്ചിൽ ഇരിക്കുമ്പോഴാണ് ഗെൽഡോഫ് ആദ്യമായി മദർ തെരേസയെ കാണുന്നത്. ഗായകൻ പറയുന്നു, ‘‘തീരെ കൃശഗാത്രയായിരുന്നു അവർ. എന്നേക്കാൾ രണ്ടടിയോളം ഉയരം കുറവ്. ആശംസ നൽകാനായി ഞാനങ്ങോട്ടു ചെന്നു. വാർധക്യബാധിതയും ക്ഷീണിതയുമായിരുന്നു അവർ. വളരെ വൃത്തിയുള്ള, ഭംഗിയായി സൂക്ഷിക്കുന്ന വസ്ത്രം. ആ പാദങ്ങളിലാണ് എന്റെ ശ്രദ്ധ ഉടക്കിയത്. തേഞ്ഞുതീരാറായ ചെരിപ്പുകൾ. അവയ്ക്കുള്ളിൽനിന്നു പാദങ്ങൾ പുറത്തേക്ക് എഴുന്നുനിന്നിരുന്നു, പഴക്കമേറിയ വൃക്ഷത്തിന്റെ വേരുകൾപോലെ.’’ പെട്ടെന്നു തോന്നിയ സ്നേഹബഹുമാനങ്ങൾകൊണ്ടു ഗെൽഡോഫ് മദറിനെ ഉമ്മ വയ്ക്കാനായി കുനിഞ്ഞു. പക്ഷേ, മദർ മുഖം താഴ്ത്തിക്കളഞ്ഞു. ഉമ്മ വീണതു മദറിന്റെ ശിരസിൽ. ‘‘എനിക്കു വിഷമം തോന്നി,’’ ഗെൽഡോഫ് പറയുന്നു. ‘‘പിന്നീടാണു ഞാനറിഞ്ഞത്, തന്റെ മുഖത്ത് ഉമ്മവയ്ക്കാൻ മദർ കുഷ്ഠരോഗികളെ മാത്രമേ അനുവദിക്കാറുള്ളൂ എന്ന്.’’ ആഫ്രിക്കയിൽ മിഷണറീസ് ഓഫ് ചാരിറ്റി ചെയ്തുവരുന്ന പ്രവർത്തനങ്ങളെക്കുറിച്ചു മദർ ഗെൽഡോഫിനോടു വിവരിച്ചു. താൻ ഇന്ത്യയിൽ വന്നിട്ടുണ്ടെന്നും അടുത്തപ്രാവശ്യം വരുമ്പോൾ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ധനശേഖരണാർഥം സംഗീതപരിപാടികൾ നടത്താമെന്നും ഗെൽഡോഫ് പറഞ്ഞു. ‘‘ഞങ്ങൾക്കു പരിപാടികൾ നടത്തി ഫണ്ട് ഉണ്ടാക്കേണ്ട കാര്യമില്ല. ഞങ്ങൾക്കു വേണ്ടതു ദൈവം തരും.’’ എന്നായിരുന്നു മദറിന്റെ മറുപടി.

അതു ശരിയാണെന്നു ഗെൽഡോഫിന് അവിടെവച്ചുതന്നെ ബോധ്യപ്പെട്ടു. മദറിനെ കാണാനും സംഭാഷണം നടത്താനുമായി പല ടിവി ചാനലുകാരും അവിടെ എത്തിയിരുന്നു. ഒരു മന്ത്രിയെയും ചാനലുകാർ ഒപ്പം കൂട്ടി. മദറും മന്ത്രിയും തമ്മിലുള്ള സംഭാഷണം കവർ ചെയ്യുകയായിരുന്നു ഉദ്ദേശ്യം. സംഭാഷണത്തിനിടെ മദർ മന്ത്രിയോടു പറഞ്ഞു: ‘‘എയർപോർട്ടിലേക്കു വരുന്ന വഴി കുറേ നല്ല കെട്ടിടങ്ങൾ ഒഴിഞ്ഞുകിടക്കുന്നതു ഞാൻ കണ്ടു. അനാഥാലയങ്ങൾ തുടങ്ങാൻ ഞങ്ങൾക്കു കുറച്ചു കെട്ടിടങ്ങൾ വേണമായിരുന്നു.’’ അവയൊക്കെ ഉപയോഗത്തിലുള്ളവയാണെന്നു മന്ത്രി പറഞ്ഞു. അപ്പോൾ മദർ താൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങൾ ഏവയെന്നു വളരെ കൃത്യമായി പറഞ്ഞുകൊടുക്കുകയും അവ ഒഴിഞ്ഞുകിടക്കുകയാണെന്നു മനസിലാക്കിക്കൊടുക്കുകയും ചെയ്തു. ആ കെട്ടിടങ്ങളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം വ്യക്‌തമായി അറിഞ്ഞശേഷമാണു മദർ വന്നിരിക്കുന്നതെന്നു മന്ത്രിക്കു മനസിലായി. ചാനലുകളുടെ മുന്നിൽവച്ച് ഇനി ഒഴികഴിവുകൾ പറയുക സാധ്യമല്ല. ‘‘ശരി, മിഷനറീസ് ഓഫ് ചാരിറ്റിക്ക് അനാഥാലയം തുടങ്ങാൻ ഒരു കെട്ടിടം ഞാൻ വാഗ്ദാനം ചെയ്യുന്നു’’ മന്ത്രി പറഞ്ഞു.

‘‘ഒന്നു പോരാ. രണ്ട്...രണ്ട് അനാഥാലയങ്ങൾക്കു രണ്ടു കെട്ടിടം,’’ മദർ പറഞ്ഞു. രണ്ടു കെട്ടിടങ്ങൾ വിട്ടുകൊടുക്കുകയേ മന്ത്രിക്കു നിർവാഹമുണ്ടായിരുന്നുള്ളൂ. ഗെൽഡോഫ് അദ്ഭുതപ്പെട്ടുപോയി. താൻ പത്തോ പന്ത്രണ്ടോ സംഗീതപരിപാടികൾ നടത്തിയാൽപോലും രണ്ടു കെട്ടിടങ്ങൾ വാങ്ങാനുള്ള ഫണ്ട് ഉണ്ടാവുകയില്ല. മദറാകട്ടെ നിമിഷങ്ങൾകൊണ്ടു കാര്യം സാധിച്ചിരിക്കുന്നു! മദറിന്റെ ഊർജസ്വലതപോലെതന്നെ അദ്ഭുതകരമായിരുന്നു കാര്യശേഷിയും നയതന്ത്രജ്‌ഞതയും. തേഞ്ഞ ചെരിപ്പു ധരിച്ചാവാം മദർ പല രാഷ്ട്രത്തലവന്മാരെയും ആഗോള പ്രസ്‌ഥാനങ്ങളുടെ തലവന്മാരെയും കണ്ടിട്ടുള്ളത്. എന്നാൽ, തന്റെ ആവശ്യം അവരിൽനിന്നു സാധിച്ചെടുക്കാനുള്ള ശേഷി ആ വയോധികയ്ക്കുണ്ടായിരുന്നു.

നൊബേൽസമ്മാനം നേടിയതിന്റെ പിറ്റേവർഷം മദർ തെരേസയ്ക്ക് ഇന്ത്യാ ഗവൺമെന്റ് രാജ്യത്തിന്റെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡായ ഭാരതരത്നം സമ്മാനിച്ചു. (തുടരും)

ജോൺ ആന്റണി