വീൽചെയറിൽ വിശാലലോകം
കണ്ണൂർ ജില്ലയിലെ കുടിയേറ്റ മലയോര ഗ്രാമമായ ചരൾ എന്ന സ്‌ഥലത്ത് വാഴക്കാലായിൽ സ്കറിയ–മേരി ദമ്പതികളുടെ മൂന്നുമക്കളിൽ മൂത്തവളായി ജനനം. നാലാംക്ലാസ് വരെ ചരൾ സ്കൂളിലും പിന്നീട് അങ്ങാടിക്കടവ് സ്കൂളിലും തുടർന്ന് കൂത്തുപറമ്പ് നിർമലഗിരി കോളജിലും വിദ്യാഭ്യാസം. ചുറുചുറുക്കുള്ള ബാല്യവും പിന്നീട് വർണമുഖരിതമായ കൗമാരവും അവളെ തളർത്താതെ മുന്നോട്ടു നീക്കി.

1997 ജൂലൈ ഏഴിനായിരുന്നു ജീവിതത്തെ തളർച്ചയിലേക്കു തള്ളിയിട്ട ആ സംഭവം. ഡിഗ്രിപഠനം. മഴ പതിവില്ലാത്തവിധം കരുത്തുകാട്ടിയ അന്ന് ടാങ്ക് വൃത്തിയാക്കാൻ വീടിന്റെ മുകളിൽ കയറി. ഒരു സെക്കൻഡ്, കാലൊന്നു വഴുതി. പിന്നീടുള്ള ഓർമ ആശുപത്രിക്കിടക്കയുടെ നിസഹായ അവസ്‌ഥയിലാണ്. സുഷുമ്ന നാഡിക്ക് ക്ഷതമേറ്റ് അരയ്ക്കു താഴേക്കു തളർന്നു. ആശുപത്രി മുറിയുടെ ഏകാന്തതയും വീടിനകത്തെ നാലു ചുമരുകൾ തീർത്ത മടുപ്പിക്കുന്ന ഓർമകളും. അങ്ങനെ ജീവിതത്തിലെ അതികഠിനമായ ആ നാലുവർഷം ദുഃഖിച്ചകന്നു.

വിൽചെയറിലേറിയ ശരീരത്തിൽ ഒരു മുഴുജീവിതമുണ്ട് എന്ന തിരിച്ചറിവ് നൽകിയത് ന്യൂറോ സർജൻ ഡോ. ഗ്ലോറിയ ആണ്. ഇറ്റലിയിൽനിന്നും വന്ന അവൾ ഒരു ദേവദൂത തന്നെയായിരുന്നു. സാമൂഹ്യ സേവനത്തിനായി ഇറങ്ങിത്തിരിച്ച ഡോ. ഗ്ലോറിയ ഇറ്റലിയിലുള്ള അങ്കിൾ ഫാ. സെബാസ്റ്റ്യൻ വാഴക്കാലായുടെ നിർദേശപ്രകാരമാണ് ചരളിലുള്ള വീട്ടിലെത്തിയത്. തുടർചികിത്സയായിരുന്നില്ല ഡോ. ഗ്ലോറിയയുടെ ലക്ഷ്യം. മറിച്ചു എന്നെ ജീവിത സാഹചര്യവുമായി രൂപപ്പെടുത്തുകയായിരുന്നു. അവർ എന്നും രാവിലെ ഗ്രാമ സൗന്ദര്യം കാണാൻ ഇറങ്ങും. വൈകിയെത്തി യാത്രാ വിവരണം നടത്തും. അത്രമാത്രം. അന്നൊന്നും രോഗവിവരങ്ങൾ സംസാരിച്ചിട്ടില്ല.

ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ തുടങ്ങിയപ്പോൾ ഗ്ലോറിയ ഇറ്റാലിയൻ ന്യൂസ് പേപ്പറിൽ വന്ന ഒരു ഇന്ത്യൻ പട്ടാളക്കാരന്റെ ജീവിതം വായിച്ചു വിവരിച്ചുകൊടുത്തു. പഞ്ചാബുകാരനായ മേജർ എച്ച്. എസ.് അലുവാലിയയുടെ ജീവിതകഥയായിരുന്നു അത്. ഇന്തോ–പാക് യുദ്ധത്തിൽ പരിക്കേറ്റ് ശരീരം തളർന്നു വീൽചെയറിൽ ജീവിക്കുന്ന മേജറിന്റെ ത്രസിപ്പിക്കുന്ന ജീവിതമായിരുന്നു സാരാംശം. കൈയും കാലും അനക്കാൻ കഴിയാതെ വീൽചെയറിൽ സന്തോഷവാനായിരിക്കുന്ന അദ്ദേഹം ഡൽഹിയിൽ സുഷുമ്ന നാഡിക്ക് ക്ഷതം ഏറ്റവർക്കു മാത്രമാത്രമായുള്ള ഒരു ഇന്റർനാഷണൽ ഹോസ്പിറ്റലിന്റെ ചെയർമാനായിരുന്നു. അദ്ദേഹത്തിന് ഇത്രയൊക്കെ ചെയ്യാൻ സാധിക്കുമെങ്കിൽ തനിക്കും എന്തെങ്കിലുമൊക്കെയാകാം. എവിടെയും പോകാൻ ആഗ്രഹമില്ലാതിരുന്ന മിനിയിൽനിന്ന് പെട്ടെന്ന് ഒരു ഉത്തരം പുറത്തിറങ്ങി. ‘ ഡോക്ടർ എനിക്കു മേജറിനെ കാണണം.’ അങ്ങനെ മിനിയും ഡോ. ഗ്ലോറിയയും ഡൽഹിയിലേക്കു യാത്രതിരിച്ചു.

അദ്ദേഹം പറഞ്ഞു ‘ഈ ആശുപത്രിക്കെട്ടിടത്തിന്റെ എല്ലാ കോണിലും എന്റെ സാന്നിധ്യമുണ്ട്. വീൽചെയറിലെ ജീവിതം എന്നെയൊരിക്കലും എവിടെയും തളച്ചിട്ടിട്ടില്ല.‘ ആ വാക്കുകൾ മിനിയെ സ്പർശിച്ചു. അങ്ങനെ മിനിയും ഡോ. ഗ്ലോറിയയും ആശുപത്രിയിൽ അന്തേവാസിയായി. നാലുമാസത്തെ കഠിനപ്രയത്നത്തിലുടെ പരസഹായമില്ലാതെ സ്വന്തമായി ഇരിക്കാനും വീൽചെയറിൽ സഞ്ചരിക്കാനും ഉടുപ്പു ധരിക്കാനും ടോയ്ലറ്റിൽ പോകാനും ഷോപ്പിംഗിനു പോകാനുമെല്ലാം അതിവേഗത്തിൽ പഠിച്ചു. അന്നൊന്നും സ്വന്തമായി ജോലിചെയ്തു പണം സമ്പാദിക്കണമെന്നും ആശ്രയമില്ലാതെ ജീവിക്കണമെന്നുമുള്ള മോഹമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷെ പുതിയ സാഹചര്യവും ഗ്ലോറിയയുടെ ഇടപെടലും എന്നെ കൂടുതൽ കഠിനാധ്വാനിയാക്കിമാറ്റി.

ചികിത്സിച്ച ആശുപത്രിയിൽ ജോലി

2002 മുതൽ ചികിത്സ തേടിയ അതേ ആശുപത്രിയിൽ രണ്ടുവർഷക്കാലം ജോലി ചെയ്തു. ഒരു ക്ലിനിക്കൽ മോട്ടിവേഷൻകാരിയുടെ വേഷത്തിൽ. ആശുപത്രിയിൽ തന്നെപ്പോലെ വീൽചെയറിലായവരുടെ ജീവിതങ്ങൾക്ക് പ്രചോദനമാകുകയായിരുന്നു ലക്ഷ്യം. അവർക്കൊപ്പം സിനിമയ്ക്കു പോകാനും യാത്രചെയ്യാനും ഷോപ്പിംഗിനു പോകാനും എല്ലാം മുൻപന്തിയിൽ തന്നെ നിന്നു.

അങ്ങനെയിരിക്കെ നിഴലായി കൂടെ നടന്ന ഗ്ലോറിയയ്ക്ക് ഇറ്റലിയിലേക്കു തിരിച്ചുപോകേണ്ടതായിവന്നു. ഗ്ലോറിയ പോയിക്കഴിഞ്ഞാൽ പിന്നെ ഡൽഹിയിൽ തങ്ങുക ദുഷ്കരമായതുകൊണ്ട് കണ്ണൂരിലെ വീട്ടിലേക്കു തിരിച്ചുപോവുക മാത്രമായിരുന്നു ഏക പോംവഴി. പക്ഷേ ചരളിലെ വീട്ടിൽ പോയാൽ വീണ്ടും കട്ടിലിൽ ഒതുങ്ങുമെന്ന ഭയം ഗ്ലോറിയയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് മിനിയെയും കൊണ്ട് ഇറ്റലിയിലേക്കു പോകാനായിരുന്നു ഗ്ലോറിയയുടെ തീരുമാനം. പക്ഷെ ഞാൻ വഴങ്ങിയില്ല. വീൽ ചെയറിൽ ജീവിക്കുന്ന എനിക്കു വേറൊരു രാജ്യത്തേക്കുള്ള യാത്ര ഓർക്കാൻപോലും ആകുമായിരുന്നില്ല. അപ്പോഴാണ് ഇതിനിടെ വീണ്ടും ജീവിതതാളം തെറ്റിച്ചുകൊണ്ട്് മറ്റൊരു വീഴ്ച്ചകൂടി എന്റെ ജീവിതത്തിൽ കടന്നുവന്നത്. ഡൽഹിയിൽ അങ്കിൾ അച്ചന്റെ ആശ്രമത്തിൽ കുർബാനയെല്ലാം കഴിഞ്ഞ് ഇറ്റാലിയൻ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയിൽ ആശ്രമത്തിലെ മാനസിക വൈകല്യമുള്ള കുട്ടി എന്നെ മറിച്ചിട്ടു. ആദ്യത്തെ വീഴ്ചയിൽ തകർന്ന നട്ടെല്ല് നേരെയാക്കാൻ ഘടിപ്പിച്ചിരുന്ന കമ്പി നടുവെ ഒടിഞ്ഞു. മരണത്തിന്റെ നടുക്കടലിൽ വീണ്ടും അകപ്പെട്ട അവസ്‌ഥ. പക്ഷെ ഇത്തവണ ആത്മധൈര്യം കൂടെയുണ്ടായിരുന്നു. വീണ്ടും ഒരു മേജർ ഓപ്പറേഷൻ കൂടി വേണ്ടിവന്നു. വേദന വർധിക്കുന്തോറും സന്തോഷവതിയാകാൻ ശ്രമിച്ച് എല്ലാത്തിനെയും തരണം ചെയ്തു.

ആശുപത്രിയിൽ മൂന്നുമാസമായിരുന്നു ചികിത്സ. അതിനുശേഷം ഇറ്റലിയിലേക്ക്. അവിടെയുള്ള റീഹാബിലിറ്റേഷൻ സെന്ററിൽ കുറച്ചുകാലം വിശ്രമം. വീസയുടെ നൂലാമാലകൾ കാരണം വീട്ടിൽനിന്ന് ആർക്കും വരാൻ കഴിഞ്ഞിരുന്നില്ല. വല്ലപ്പോഴും എത്തുന്ന ഗ്ലോറിയായുടെ സാമീപ്യമായിരുന്നു ഏക ആശ്വാസം. ദിവസങ്ങൾ ഓരോന്നായി കടന്നുപോയി. നേരംപോക്കിനായി ഓൺ ചെയ്തു വച്ചിരുന്ന ടിവി പ്രോഗ്രാമിലൂടെ ഇറ്റാലിയൻ ഭാഷ പതിയെ പഠിച്ചു. നേരെയിരിക്കാൻ തുടങ്ങിയപ്പോൾ ഒരു തൊഴിൽ ചെയ്യണമെന്ന ആഗ്രഹം ഉണ്ടാവുകയും ആറുമാസത്തെ കോഴ്സ് പഠിക്കുകയും ചെയ്തു. കോഴ്സെല്ലാം പൂർത്തിയായി വിശ്രമിക്കുമ്പോഴാണ് ഒരിക്കൽ അങ്കിൾ അച്ചന്റെ കൂടെ ഇറ്റലിയിലെ ഒരു വീട് സന്ദർശിക്കാൻ പോയത്. അവരുടെ സോഫ്റ്റ്വേർ കമ്പനിയിൽ വെബ് അഡ്മിനായി ജോലിയിൽ പ്രവേശിച്ചതോടെ നിറംമങ്ങിയെന്നു കരുതിയ ജീവിതചിത്രം വീണ്ടും പ്രകാശിക്കാൻ തുടങ്ങി. 10 വർഷമായി തുടരുന്ന ജോലി ഇന്നും ഉത്തരവാദിത്വബോധത്തോടെ തുടരുന്നു. വീൽചെയറിലാണെങ്കിലും ഇറ്റലിയിലെ ഒരു പ്രമുഖ സ്വകാര്യ സോഫ്റ്റ്വേർ കമ്പനിയിൽ കോ–ഓർഡിനേറ്റർ അഡ്മിനായി ജോലിചെയ്യുന്നു എന്നുള്ളതാണ് ബലവും ശക്‌തിയും അഭിമാനവും.

പ്രതീക്ഷയുടെ മുഖം

പുതിയ ആളുകളെ പരിചയപ്പെടുക, പുതിയ കാഴ്ചകൾ കാണുക, പുതിയ സംസ്കാര രീതികൾ ശീലിക്കുക, ഇതൊക്കെയാണ് മിനിയുടെ സ്വപ്നം. അതിനുള്ള യാത്രകളാണിപ്പോൾ. വീൽചെയറിന്റെ വിശാലതയിൽ നിലയ്ക്കാതെ അത് തുടരുന്നു. ജർമനി, ഫ്രാൻസ്, അൽബേനിയ, ഓസ്ട്രിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെല്ലാം സന്ദർശിച്ചുകഴിഞ്ഞു. ഇനി അമേരിക്കയിലുള്ള ഹവായ് ദ്വീപിലേക്കുള്ള യാത്രയാണ് ലക്ഷ്യം. ഇറ്റലിയിലെ സോഫ്റ്റ്വേർ കമ്പനിയിലെ ജോലിത്തിരക്കുകൾക്കിടയിലും ഒഴിവു സമയങ്ങളിൽ ഔട്ടിംഗിന് പോകാനാണ് താത്പര്യം. കൂടുതലും ഒറ്റയ്ക്കാണു യാത്രചെയ്യുന്നത്.

വിജയമന്ത്രം

പരാജയങ്ങളിൽ പോരാട്ടവീര്യത്തോടെ മുന്നേറിയാൽ വിജയം സുനിശ്ചിതമാണെന്നു മിനി സാക്ഷ്യപ്പെടുത്തുന്നു. അപകടം പറ്റിയതിനുശേഷം കൂടുംബമായിരുന്നു ഏറ്റവും വലിയ ശക്‌തി. അവർ നൽകിയ മാനസിക പിന്തുണ ജീവിതത്തിൽ വലിയ കരുത്തായി. ഒപ്പം ഡോ. ഗ്ലോറിയ, അങ്കിൾ അച്ചൻ, മേജർ അൽവാലിയ ഇവരൊക്കെ നിറം മങ്ങിയ ജീവിതത്തെ നിറപ്പകിട്ടേറ്റാൻ കൂടെനിന്നവരാണ്. 20 വർഷംമുമ്പ് ബാല്യ–കൗമാരങ്ങൾ ഓടിത്തീർത്തതുപോലെ യൗവനത്തിലും ഓടുകയാണ്. വീൽ ചെയറിൽ ഉരുണ്ടുനീങ്ങുന്ന ചക്രവേഗത്തിലാണെങ്കിലും ഞാൻ പറക്കുകയാണിന്ന്. ഇനി ഒരിക്കൽക്കൂടി തളരാതിരിക്കാൻ... തളർച്ചയെക്കുറിച്ച് ഓർക്കാതിരിക്കാൻ...

ജോജോ കൊച്ചെടാട്ട്