പ്രശ്നങ്ങളിൽ നമ്മുടെ പങ്ക്
കവി, നോവലിസ്റ്റ്, നാടകകൃത്ത്, കോളമിസ്റ്റ്, പത്രപ്രവർത്തകൻ, റേഡിയോ പ്രഭാഷകൻ, ദൈവശാസ്ത്രജ്‌ഞൻ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ തിളങ്ങിയ അസാധാരണ പ്രതിഭാശാലിയായിരുന്നു ജി.കെ. ചെസ്റ്റർട്ടൺ (1874–1936). എൺപതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം നാലായിരത്തിലേറെ ലേഖനങ്ങളും ഇരുന്നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. ലണ്ടനിൽ ജനിച്ച അദ്ദേഹം കോളജ് വിദ്യാഭ്യാസത്തിനു ശേഷം പത്രപ്രവർത്തനരംഗത്തേക്കു കടന്നു.

പത്രപ്രവർത്തനരംഗത്തെത്തിയ അദ്ദേഹം അധികം താമസിയാതെ സാഹിത്യ വിമർശനരംഗത്തേക്കു തിരിഞ്ഞു. അതോടൊപ്പം ഒരു പത്രത്തിന്റെ പ്രതിവാരപംക്‌തിയും ആരംഭിച്ചു. ഇതിനിടെ അദ്ദേഹം കവിതയും ചെറുകഥയും കുറ്റാന്വേഷണ കഥകളും എഴുതാൻ ആരംഭിച്ചിരുന്നു. ഫാ. ബ്രൗൺ എന്ന പേരിൽ ഒരു പുരോഹിതനെ ഡിറ്റക്റ്റീവ് ആയി അവതരിപ്പിച്ച കുറ്റാന്വേഷണ കഥകൾ വേഗം പ്രസിദ്ധമായിത്തീർന്നു. എന്നാൽ, അദ്ദേഹത്തിന്റെ മൗലികത്വം കൂടുതൽ പ്രത്യക്ഷമാകുന്നതു ഓർത്തത്തോക്സി, ദി എവർ ലാസ്റ്റിംഗ് മാൻ എന്നിങ്ങനെ അദ്ദേഹം പ്രസിദ്ധീകരിച്ച ദൈവശാസ്ത്രപരമായ ഗ്രന്ഥങ്ങളിലാണ്.

ആംഗ്ലിക്കൻ സഭാംഗമായിരുന്ന ചെസ്റ്റർട്ടൺ ദീർഘകാലത്തെ പഠനത്തിനും പരിചിന്തനത്തിനും ശേഷം 1922ൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. പതിനൊന്നാം പീയൂസ് മാർപാപ്പയാൽ ആദരിക്കപ്പെട്ട അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്കുയർത്തുന്നതിനുള്ള പരിശ്രമങ്ങൾ 2013ൽ ആരംഭിക്കുകയുണ്ടായി. ചെസ്റ്റർട്ടൺ എഴുതിയിട്ടുള്ള പുസ്തകങ്ങളിൽ ഏറെ പ്രസിദ്ധമായിട്ടുള്ള ഒരെണ്ണമാണു വാട്ടീസ് റോങ് വിത്ത് ദ വേൾഡ്. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിലെ ലോകത്തിന്റെ പ്രശ്നങ്ങൾ അവതരിപ്പിച്ചിട്ടുള്ള ആ പുസ്തകം ഇന്നും ഏറെ വായനക്കാരെ ആകർഷിക്കുന്നുണ്ട്. ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ഏതാനും വാക്കുകളിൽ അദ്ദേഹം ഒതുക്കിയ ഒരു സംഭവം അദ്ദേഹത്തെ സംബന്ധിച്ചുള്ള ലേഖനങ്ങളിൽ പലപ്പോഴും പരാമർശിച്ചു കാണാറുണ്ട്. അതിന്റെ പശ്ചാത്തലം ഇപ്രകാരമാണ്.

ലണ്ടനിലെ ദി ടൈംസ് എന്ന പത്രം വാട്ടീസ് റോങ് വിത്ത ദി വേൾഡ് ടുഡെ എന്ന പേരിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതോടൊപ്പം വായനക്കാരുടെ പ്രതികരണവും ക്ഷണിക്കുകയുണ്ടായി. അപ്പോൾ ചെസ്റ്റർട്ടൺ പത്രത്തിന് ഒരു കത്തെഴുതി. ലോകത്തിലെ കുഴപ്പങ്ങൾക്ക് കാരണം താൻ ആണ് എന്നു വ്യക്‌തമാക്കുന്ന ഒരു മറുപടിയായിരുന്നു അത്. ഡിയർ സർ, ഐ ആം സിൻസിയർലി യുവേഴ്സ്, ജി.കെ. ചെസ്റ്റർട്ടൺ എന്നെഴുതി അവസാനിപ്പിക്കുകയും ചെയ്തു. എന്തുകൊണ്ടാണു ചെസ്റ്റർട്ടൺ ഇപ്രകാരം ഒരു പ്രതികരണം എഴുതി അയച്ചത്? സാധാരണഗതിയിൽ എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാർ മറ്റുള്ളവർ ആണല്ലോ. രാഷ്്ട്രീയക്കാരാണെങ്കിലും മറ്റ് ഏതു രംഗത്തുള്ള നേതാക്കന്മാരാണെങ്കിലും സമൂഹത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരായി ചൂണ്ടിക്കാണിക്കുന്നതു മറ്റുള്ളവരെയാണല്ലോ. അവർ ആരെങ്കിലും എപ്പോഴെങ്കിലും ഏതെങ്കിലും പ്രശ്നത്തിനു തങ്ങളാണു കുറ്റക്കാർ എന്നു സമ്മതിക്കാറുണ്ടോ?

വെറുതെയെന്തിനു നേതാക്കന്മാരെ കുറ്റം പറയുന്നു? നമ്മുടെ അനുദിനജീവിതത്തിൽ പലപ്പോഴും നാം ചെയ്യുന്നതും ഇതുതന്നെയല്ലേ? നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങളുടെയും കാരണക്കാരായി നാം കണ്ടെത്തുന്നത് എപ്പോഴും തന്നെ മറ്റുള്ളവരെയാണല്ലോ? കുറ്റം നമ്മുടേതാണെന്നു പകൽപോലെ വ്യക്‌തമാണെങ്കിലും ഏതെങ്കിലും രീതിയിൽ അതു മറ്റുള്ളവരുടെ തലയിൽ വച്ചുകൊടുക്കാനല്ലേ പലപ്പോഴും നാം ശ്രമിക്കുന്നത്. അതായത്, നമ്മൾ ചെയ്യുന്ന കുറ്റങ്ങളുടെ പോലും ഉത്തരവാദിത്വം ഏറ്റെടുക്കാൻ നാം തയാറല്ലെന്നു വ്യക്‌തം.

എന്നാൽ, സത്യമെന്താണ്? നമ്മുടെ ജീവിതത്തിലെയും സമൂഹത്തിലെയുമൊക്കെ പല പ്രശ്നങ്ങളുടെയും കാരണക്കാർ നമ്മൾതന്നെയാണല്ലോ? ഉദാഹരണമായി നമ്മുടെ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്ന കാര്യമെടുക്കാം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിൽ നമുക്കു താത്പര്യം കാണും. എന്നാൽ, നമ്മുടെ വീടിനപ്പുറം എല്ലായിടവും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിൽ നമുക്ക് എത്രമാത്രം താത്പര്യമുണ്ട്? അക്കാര്യം മറ്റുള്ളവരുടെ കടമയായിട്ടല്ലേ നാം കാണുന്നത്. അതുകൊണ്ടല്ലേ പരിസര മലിനീകരണത്തിന്റെ കാര്യത്തിൽ മറ്റുള്ളവരെ നാം കുറ്റം വിധിക്കുന്നത്.

ശരിയാണ്, നമ്മുടെ സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളുടെയും കാരണക്കാർ നമ്മളല്ല. അവയിൽ പലതിന്റെയും കാരണക്കാർ മറ്റുള്ളവരാണ്. എന്നാൽ, അതിന്റെ പേരിൽ എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്വം മറ്റുള്ളവരിൽ ആക്ഷേപിക്കുന്നതു ശരിയല്ല. അതിനു പകരം സമൂഹത്തിലെ പ്രശ്നങ്ങളിൽ നമുക്കുള്ള പങ്കും നാം അനേഷിക്കണം. ഇക്കാര്യം വ്യക്‌തമാക്കാൻ വേണ്ടിയായിരുന്നു ലോകത്തിലെ പ്രശ്നങ്ങൾക്കു കാരണം ഞാൻ ആണ് എന്നു ചെസ്റ്റർട്ടൺ താത്വികമായി അവതരിപ്പിച്ചത്. അറിയാതെയാണെങ്കിലും നാം ഓരോരുത്തരും ഓരോരോ രീതിയിൽ മറ്റുള്ളവർക്കു ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കാറുണ്ട്. നമ്മിൽ ചുരുക്കം ചിലരെങ്കിലും അറിഞ്ഞുകൊണ്ടുതന്നെയും മറ്റുള്ളവർക്കു വലിയ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും സൃഷ്‌ടിക്കാറുണ്ട്. മറ്റുള്ളവരെ കൊള്ളയടിക്കുന്നവരും അഴിമതി പ്രവർത്തിക്കുന്നവരുമൊക്കെ അക്കൂട്ടത്തിൽപ്പെടും. എന്നാൽ, അവരാണല്ലോ ഏറ്റവും സത്യസന്ധരായി മറ്റുള്ളവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുക.

ചെസ്റ്റർട്ടൺ ജീവിച്ചിരുന്ന കാലഘട്ടത്തിലെന്നപോലെ നാം ജീവിക്കുന്ന ഈ കാലഘട്ടത്തിലും ലോകത്തിൽ ധാരാളം പ്രശ്നങ്ങളുണ്ട്. അവയിൽ പലതിന്റെയും ഉത്തരവാദിത്വം മറ്റുള്ളവർക്കാണെങ്കിലും നമ്മുടെയും ഉത്തരവാദിത്വം ചെറുതല്ല എന്നതു നാം മറന്നുപോകരുത്. അതോടൊപ്പം മറ്റുള്ളവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്നതിൽ നമുക്കുള്ള പങ്ക് നാം അവസാനിപ്പിക്കുകയും ചെയ്യണം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ