അപരിചിതനായ സ്നേഹിതാ, വരൂ...
ഒരൊറ്റ സിനിമയിലെ പാട്ടുകൾ സൂപ്പർഹിറ്റുകളായതോടെ ഒരാഴ്ചയ്ക്കിടയിൽ പത്തൊമ്പതു സിനിമകൾക്ക് ഈണങ്ങളൊരുക്കാൻ കരാറൊപ്പിട്ട സംഗീതസംവിധായകനുണ്ട് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ. വേറാരുമല്ല, മഹാനായ സലിൽ ചൗധരിതന്നെ!. ആ സിനിമ സംഭവിച്ചത് 58 വർഷം മുമ്പാണ്– മധുമതി. ഒരുപക്ഷേ പകരക്കാരന്റെ പകരക്കാരനായാവും സലിൽ ചൗധരി മധുമതിയിൽ എത്തിയത്. വെല്ലുവിളി ഏറ്റെടുത്ത് സൃഷ്‌ടിച്ച മധുരഗാനങ്ങൾ– പ്രത്യേകിച്ച് ആജാരേ പർദേശീ എന്ന അദ്ഭുതം– അദ്ദേഹത്തെ സൂപ്പർതാരമാക്കി. സിനിമയിറങ്ങി ഒരാഴ്ചയ്ക്കുള്ളിലാണ് നേരത്തേ പറഞ്ഞ 19 ചിത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തിയത്.

ദിലീപ് കുമാറും വൈജയന്തിമാലയും മുഖ്യകഥാപാത്രങ്ങളായെത്തിയ മധുമതി ബിമൽ റോയ് സംവിധാനംചെയ്ത ചിത്രമാണ്. ആലോചനാവേളയിൽ ദിലീപ് കുമാറും ബിമൽ റോയിയും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന് പഴയ കഥകൾ സൂചിപ്പിക്കുന്നു. മറ്റൊന്നുമല്ല, ചിത്രത്തിലെ പാട്ടുകൾ ആരെഴുതണം, ഈണങ്ങൾ ഒരുക്കാൻ ആരെ ചുമതലപ്പെടുത്തണം എന്ന കാര്യത്തിലായിരുന്നു രണ്ടഭിപ്രായങ്ങൾ. വരികൾ ഷക്കീലിനെയും സംഗീതം നൗഷാദിനെയും ഏല്പിക്കണമെന്നായിരുന്നു ദിലീപ് കുമാറിന്റെ പക്ഷം. സലിൽ ചൗധരിയും ശൈലേന്ദ്രയും മതിയെന്ന് ബിമൽ റോയി.
സലിൽ ചൗധരിയിലേക്ക് ബിമൽ റോയി എത്തിയത് വേറൊരു പടിയിലൂടെയാണെന്നത് പിന്നാമ്പുറക്കഥ. അദ്ദേഹം ആദ്യം സമീപിച്ചത് എസ്.ഡി. ബർമനെയാണ്. ദാദാ ബർമന് അന്ന് നല്ല തിരക്കാണ്. അദ്ദേഹം സലിൽ ചൗധരിയെ നിർദേശിക്കുകയായിരുന്നു. ‘‘അല്പം സങ്കീർണമായ കഥയാണ്, പാട്ടുകൾ ഒരുക്കാൻ കഠിനാധ്വാനം വേണ’’മെന്ന ഉപദേശത്തോടെയാണ് സലിൽ ചൗധരിയെ എസ്.ഡി. ബർമൻ നിർദേശിച്ചതത്രേ. പുതുമകളുടെ ഉടയോനായ സലിൽ ആ ഉപദേശം തള്ളിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പാട്ടുകളും അതു പറയുന്നുണ്ട്.

അങ്ങനെ, ദിലീപ് കുമാറുമായുള്ള തർക്കത്തിനൊടുവിൽ ബിമൽ റോയി പറഞ്ഞു– ‘‘എന്തായാലും സലിൽ ചൗധരിക്കും ശൈലേന്ദ്രയ്ക്കും ഒരവസരം കൊടുക്കാം. അവരുണ്ടാക്കുന്നത് നമുക്ക് ഇഷ്‌ടമായാൽ അവരെത്തന്നെ ഏല്പിക്കാം. അല്ലെങ്കിൽ മാറ്റാം’’.

ഫോക്ക് പശ്ചാത്തലത്തിൽ അവർ ഒരുക്കിയ പാട്ടുകൾ ബിമലിനും ദിലീപ് കുമാറിനും മാത്രമല്ല, ലോകത്തിനു മുഴുവനും ഇഷ്‌ടമായി! ആജാ രേ പർദേശി മികച്ച പിന്നണി ഗായികയ്ക്കുള്ള പ്രഥമ ഫിലിംഫെയർ പുരസ്കാരം ലതാ മങ്കേഷ്കർക്കു നേടിക്കൊടുക്കുകയും ചെയ്തു. മധുമതിയിലെ തീം ട്യൂണായ ഇത് ചിത്രത്തിൽ നിർണായക ഘട്ടങ്ങളിലെല്ലാം കേൾക്കാം. ലളിതസുന്ദരമായ നാടൻ താളവും നോട്ട് സ്ട്രക്ചറുമാണ് പാട്ടിന്. തുടക്കത്തിലെ ഇംഗ്ലീഷ് ഫ്ളൂട്ട് അടക്കം കേൾപ്പിക്കുന്നത് താഴ്വരയുടെ ഈണമാണ്. പെർക്കഷൻ വിഭാഗത്തിൽ ഡോൽ മുഴുനീള സാന്നിധ്യം. പശ്ചാത്തലത്തിൽ സലിൽദായുടെതന്നെ ചില പാട്ടുകളുടെ ഛായ കടന്നുവരുന്നുണ്ട്. വയലിന്റെ സമർഥമായ പ്രയോഗങ്ങൾ അനന്യം. ബാഗേശ്രീ രാഗത്തിൽ അധിഷ്ഠിതമായാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത് (മലയാളത്തിൽ ഇതേ രാഗത്തിലുള്ള പാട്ടുകളാണ് ചന്ദനം മണക്കുന്ന പൂന്തോട്ടം, കൈക്കുടന്ന നിറയേ തിരുമധുരം തരും, അജ്‌ഞാതസഖീ ആത്മസഖീ തുടങ്ങിയവ).

ലതാ മങ്കേഷ്കർ എങ്ങനെയാണ് പാട്ടുംപാടി ജനമനസ്സുകളിൽ കയറിയതെന്നറിയാൻ ഒരുപാടൊന്നും കേൾക്കേണ്ടതില്ല, ഈയൊരെണ്ണം മതിയാകും. പ്രശസ്ത സംഗീതജ്‌ഞനായ സി. രാമചന്ദ്രപോലും പറഞ്ഞു– ഒരു പതിനാറുകാരി പെൺകുട്ടി അതിമധുരമായി പാടുന്ന അനുഭവമാണ് എനിക്കീ പാട്ടുനൽകിയത്. സലിൽ ചൗധരി ഒരഭിമുഖത്തിൽ എടുത്തു പറഞ്ഞതാണിത്. അദ്ദേഹം മറ്റൊരു കാര്യംകൂടി വെളിപ്പെടുത്തിയിട്ടുണ്ട്– ‘‘സാധാരണയായി ഞാൻ ഈണമിട്ടാൽ അതിൽ ഒരു സ്വരം പോലും മാറ്റാൻ ലത ഒരിക്കലും ആവശ്യപ്പെടാറില്ല. എന്നാൽ ഈ പാട്ടിന്റെ അനുപല്ലവി പഞ്ചമത്തിൽ തുടങ്ങാമെന്നു ലത പറഞ്ഞു’’. അതൊരു മികച്ച നിർദേശമായിരുന്നു. അതൊരുപക്ഷേ പാട്ടിന്റെ മാധുര്യം കൂട്ടാൻ കാരണമായിരുന്നിരിക്കാം.

ആജാ രേ എന്ന തുടക്കത്തിന് മറ്റൊരു പാട്ടിന്റെ തുടക്കത്തിലെ സ്വരങ്ങളുമായി വളരെ സൂക്ഷ്മമായ സാമ്യമുണ്ടെന്ന് സംഗീത നിരൂപകർ കണ്ടെത്തിയിട്ടുണ്ട്. ഹിമാൻശു ദത്തയുടെ 1940കളിലെ ഛിലേ ചാന്ദ് മേഘേരോ പാരേ എന്ന ബംഗാളി ഗാനവുമായാണ് ആ സാമ്യം. ഇതേ പാട്ടുതന്നെയാണ് എസ്.ഡി. ബർമന് സോച് കേ യേ ഗഗൻ ജൂമേ (ജ്യോതി– 1969, പാടിയത് ലതാ മങ്കേഷ്കറും മന്നാ ഡേയും) എന്ന പ്രശസ്തമായ ഈണമൊരുക്കാനും പ്രചോദനമായത്. അപ്പോൾ ഈ രണ്ടു പാട്ടുകൾക്കുമിടയ്ക്ക് ആജാ രേ നിന്നു. രണ്ടിനേക്കാളും പ്രശസ്തമായി. 1971ൽ പുറത്തിറങ്ങിയ ഹൃഷികേശ് മുഖർജി ചിത്രമായ ഗുഡ്ഡിയിൽ ആജാ രേ പർദേശി ഉപയോഗിച്ചിരുന്നു. ജയ ഭാദുരിക്കുവേണ്ടി വാണി ജയറാമിന്റെ ശബ്ദത്തിലാണ് പാട്ട് ആദ്യം റെക്കോർഡ് ചെയ്തതെങ്കിലും സിനിമ റിലീസ് ചെയ്തശേഷം ലതയുടെ ശബ്ദത്തിലേക്കു മാറ്റുകയായിരുന്നു. വസന്ത് ദേശായിയായിരുന്നു ഗുഡ്ഡിയുടെ സംഗീതസംവിധായകൻ.

ഒരു ശബ്ദമാറ്റത്തിന്റെ കഥകൂടി കേട്ട് അവസാനിപ്പിക്കാം. 1977ൽ സലിൽ ചൗധരിയുടെ സംഗീതസംവിധാന രംഗത്തെ രജതജൂബിലി ബോംബെയിൽ ആഘോഷിച്ചു. ജൂബിലി നൈറ്റിൽ ആജാ രേ പർദേശി പാടാൻ എത്തിയത് ലതാ മങ്കേഷ്കർ ആയിരുന്നില്ല. അന്ന് അതു പാടിയത് ആഷാ ഭോസ്ലേ ആയിരുന്നു. പിന്നണിഗാന രംഗത്ത് തന്നെ ഉയർത്തിക്കൊണ്ടുവരാൻ സലിൽ ചൗധരി കാര്യമായി പരിശ്രമിച്ചില്ല എന്നത് ജീവിതദുഃഖമായി കരുതുന്ന അതേ ആഷാ ഭോസ്ലേ!

ഹരിപ്രസാദ്